എഴുത്തു ജീവിതത്തെക്കുറിച്ച് ഇന്ദിരാ ബാലൻ

എഴുത്ത് ബോധപൂർവം ചെയ്യുന്ന പ്രവൃത്തിയല്ലല്ലോ. മിക്കപ്പോഴും വന്നു ഭവിക്കുന്നതാണ്. എഴുത്തിലേക്കെത്തിച്ച, എത്തിക്കുന്ന ഘടകങ്ങളെക്കുറിച്ച്?

 • എഴുത്ത് സത്യത്തിൽ ബോധപരമായ ഒരു സമീപനമല്ല. ഇടക്ക് അങ്ങിനെയൊരു മാനസികാവസ്ഥയിൽ വന്നെത്തുമ്പോൾ എഴുതി പോകുന്നു എന്നതാണ് സത്യം. പിന്നെ കുട്ടിക്കാലത്തു തന്നെ എഴുതാനുള്ള ഒരാത്മദാഹം ഉണ്ടായിരുന്നു. അനുഭവങ്ങൾ വ്യക്തിപരമോ സമൂഹ പരമോ ആകാം. കാഴ്ചകൾ സംഭവങ്ങൾ പ്രതിരോധങ്ങൾ ഒക്കെ എഴുത്തു വഴിയിലെ ഘടകങ്ങളായി വർത്തിക്കാറുണ്ട്.

കവിത, കഥ, ലേഖനങ്ങൾ തുടങ്ങി എല്ലാ മേഖലയിലും ശ്രദ്ധേയ സാന്നിധ്യം. കൃഷ്ണ പക്ഷം, വർഷ മുകിൽ എന്നിവയെക്കുറിച്ച്?

 • കവിതയാണ് ആദ്യകാലത്ത് കൂടുതൽ എഴുതിയിരുന്നത് സാഹിത്യം പഠിച്ച് വിവാഹാനന്തരം ബാംഗ്ലൂർ മഹാനഗരത്തിൽ എത്തിപെട്ടപ്പോൾ ആദ്യമൊന്നും ഉൾക്കൊള്ളനായില്ല. ഗ്രാമ-നഗര ജീവിത സംഘർഷങ്ങളും കാലാകാരനായ അച്ഛന്റെ വേദനാ പൂർണ്ണമായ അന്ത്യനാളുകളും മറ്റു പല ജീവിതങ്ങളും കാഴ്ചകളും സ്ത്രീ ദൈന്യതകളും പ്രണയവും കലിക വിഷയങ്ങളുമെല്ലാം കൃഷ്ണപക്ഷത്തിലേയും വർഷ മുകിലുകളിലേയും കവിതകൾക്ക് ആധാരമായിട്ടുണ്ട്.

ആവർത്തനമോ കൃത്രിമത്വമോ ഒട്ടുമില്ലാത്ത ആർജ്ജവമുള്ള സുന്ദരമായ ഭാഷ. അക്കാദമികമല്ലാത്ത എന്താണ് ഈ സൗന്ദര്യത്തിന്റെ അടിസ്ഥാനം?

 • ഭാഷ അങ്ങിനെ വന്നു പോകുന്നു. പ്രത്യേകിച്ച് മുന്നൊരുക്കങ്ങൾ ഇല്ല. പിന്നെ നമ്മുടെ ധനം വായനക്കാരല്ലേ?  വായിക്കാൻ സുഖമുള്ള എല്ലാവർക്കും മനസ്സിലാവുന്ന ഭാഷ അല്ലെ നല്ലത്.

അച്ഛന്റെ അരങ്ങു ജീവിതം കണ്ടിട്ടേയില്ലല്ലോ. പക്ഷേ അച്ഛൻ എപ്പോഴും വലിയ സ്വാധീനമായി കൂടെയുണ്ട് എന്നു തോന്നുന്നു. എഴുത്തിൽ അച്ഛന്റെ സ്വാധീനം ?

 • അച്ഛന്റെ അരങ്ങു ജീവിതം കേട്ടറിവും വായിച്ചറിവും മാത്രം. കുട്ടിക്കാലത്തേ അച്ഛൻ മരിച്ചു. അച്ഛന്റെ സ്നേഹവാൽസ്യങ്ങൾ അനുഭവിക്കാനായില്ല. പക്ഷേ അച്ഛനു ശേഷമുള്ള പ്രഗൽഭരുടെ ധാരാളം അരങ്ങുകൾ കണ്ടു. അതിലൂടെ ഞാൻ അച്ഛനെ സങ്കൽപ്പിച്ചു. അച്ഛന്റെ വേഷങ്ങൾ, എഴുത്ത്, എല്ലാം  ഒരുപാട് സ്വാധീനിച്ചു.  അദൃശ്യപരമായ അച്ഛന്റെ സാന്നിധ്യം ഉള്ളതു പോലെ പലപ്പോഴും അനുഭവപ്പെട്ടു.

അമ്മയെക്കുറിച്ച്‌?

 • അമ്മയുടെ തണലിലായിരുന്നു. അച്ഛൻ അസുഖ ബാധിതനായിരുന്നതിനാൽ അമ്മ തന്നെയായിരുന്നു അച്ഛനായും.  19 വയസ്സിൽ ആ ഭാഗ്യവും നഷ്ടമായി.

കവിതകളുടെ പൊതു ഭാവം വിഷാദമാണ്. ലേഖനങ്ങളിൽ പക്ഷേ ശുഭപ്രതീക്ഷയും.. വിശദീകരിക്കാമോ?

 • കുട്ടിക്കാലത്ത് രോഗബാധിതനായ അച്ഛന്റെ അവസ്ഥ മനസ്സിൽ വിഷാദം നിറച്ചു. സങ്കടങ്ങളിൽ നിന്നാണ്  കൂടുതലും കവിത ജനിക്കാറ്  അതങ്ങിനെ വന്നു പോകുന്നു. പക്ഷേ ലേഖനങ്ങൾ കൂടുതലും മറ്റു കൃതികളെക്കുറിച്ചാകുമ്പോൾ വിഷയ സമീപനത്തിൽ വൈവിധ്യം ഉള്ളതിനാൽ അങ്ങിനെ സംഭവിക്കുന്നു. ലേഖനത്തിൽ ദു:ഖവിഷയമാണെങ്കിലും അന്ത്യത്തിൽ ആ ദു:ഖം കരുത്തായി മാറി ശുഭ പ്രതീക്ഷയാകുന്നു.  ചില രാസമാറ്റങ്ങൾ സംഭവിക്കുന്നെന്ന് മാത്രം.

വെയിൽ പക്ഷികളെ വായിക്കേണ്ടതിന്റെ പ്രസക്തി എന്താണെന്നാണ് കരുതുന്നത്.?

 • വെയിൽ പക്ഷികൾ ആസ്വാദനം, സ്ത്രീപക്ഷം, ജീവിതം എന്ന മൂന്നു ഭാഗമായി തിരിച്ച ലേഖനങ്ങളാണ്. എന്റെ മനസ്സിൽ ഇടം നേടിയ കൃതികളുടെ ആസ്വാദനതലം. സ്ത്രീപക്ഷം വർത്തമാനകാലത്തും പ്രസക്തം. അടിച്ചമർത്തപ്പെടുന്ന സ്ത്രീകൾ എന്നും എന്റെ ദുഃഖമായിരുന്നു. പുരുഷനൊപ്പം സ്ത്രീക്കും സമൂഹത്തിൽ സ്ഥാനമുണ്ടെന്ന സത്യം എന്റെ വാക്കുകളാൽ അടയാളപ്പെടുത്തണമെന്ന് ശക്തമായി തോന്നി. പിന്നെ ജീവിതത്തിലെ അടർത്തിയെടുത്ത ചില നിമിഷങ്ങളും സംഭവങ്ങളും വ്യക്തികളും.. പ്രത്യേകിച്ച് പ്രസക്തിക്കോ ആവശ്യകതക്കോ വേണ്ടിയല്ല, അങ്ങിനെ പലപ്പോഴായി എഴുതി എന്നു മാത്രം.

പത്രവാർത്തകൾ പോലെ കവിതകൾ ഉണ്ടാവുന്നതാണ് കാലം. കാവ്യ ഗുണമോ രസ നിഷ്പത്തിയോ പരിഗണിക്കാത്ത കേവല മുദ്രാവാക്യങ്ങളാവലാണോ എഴുത്തിന്റെ ധർമം?

 •  കവിത ഉള്ളിൽ നിന്നും ഒഴുകി വരുന്നതാണ്.  അത് സർഗ്ഗാത്മകമാണ്. ഒരിക്കലും നിർമ്മിക്കപ്പെടുന്നതല്ല.  യഥാർത്ഥ കവിത വിഷയം ഏതുമാകട്ടെ സ്വാഭാവികമായി വരേണ്ടതാണ്. മുദ്രാവാക്യങ്ങളൊ വസ്തുതാ വിവരണമൊ അല്ല.  എഴുത്ത് സത്യസന്ധമായ ഒരു സാമൂഹ്യ പ്രവർത്തനം കൂടിയാണ്.  വെച്ചു കെട്ടലുകളും  ദുർഗ്രഹതയും അകൃത്രിമതയെ ഇല്ലാതാക്കും.

നൃത്ത ജീവിതത്തെക്കുറിച്ച്‌.?

 • നൃത്തം പഠിച്ചിട്ടുണ്ട്. പ്രൊഫഷണൽ ആയി പോയില്ല. പക്ഷേ ചില കവിതകളുടെ കോറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. പി.യുടെ കളിയച്ഛൻ,  മുരുകൻ കാട്ടാക്കടയുടെ കണ്ണട, രാജീവ് ആലുങ്കലിന്റെ കണ്ണകി, എന്നിവ.

വിട്ടുവീഴ്ചകളും ഒത്തുതീർപ്പുകളും ആവശ്യപ്പെടുന്ന കാലിക ഘടനയിൽ എഴുത്തിന്റെ ഭാവി, പ്രസക്തി എന്നിവയെക്കുറിച്ച്?

 • പുരോഗമനത്തിന്റെ ഉത്തും ശൃംഗത്തിൽ വർത്തമാനകാലം എത്തി നിൽക്കുമ്പോഴും സ്വത്വത്തിനും ആവിഷ്ക്കാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നത് തികച്ചും വെല്ലുവിളിയുയർത്തുന്ന ഒരവസ്ഥ തന്നെ. പക്ഷേ പറയാനും എഴുതാനും ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാനും  മാന്യമായി വസ്ത്രം ധരിക്കാനും ഉള്ള നിരവധി സ്വാതന്ത്രൃങ്ങൾ നേടിയെടുത്ത വഴികൾ കനത്ത രാവണൻ കോട്ടകൾ മറികടന്നാണ്. ഇന്ന് ഏറ്റവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന മത വർഗ്ഗീയ ചിന്തകളും കക്ഷി രാഷട്രീയ സ്ഥാപിത താൽപ്പര്യങ്ങളും സംരക്ഷിക്കപ്പെടുക എന്ന അതിസങ്കുചിതമായ മനസ്സുകളാണ് ഇത്തരം നിയന്ത്രണങ്ങൾ ഉന്നയിക്കപ്പെടുന്നതെന്ന തിരിച്ചറിവ് എഴുത്തിനും എഴുത്തുകാർക്കും ഉണ്ടായിരിക്കണം. ആത്മസമർപ്പണവും ആത്മദാഹവുമുള്ള എഴുത്തുകാർ സ്ഥൈര്യത്തിന്റെ വഴിയിൽ മുന്നേറുകയും ചെയ്യും. തൂലിക അജീർണ്ണതകൾക്കെതിരെ പടവാളാക്കിയ ഒരു സാഹിത്യ പാരമ്പര്യം നമുക്കുണ്ട്. മനുഷ്യനെ ഇല്ലാതാക്കാൻ കഴിയുമായിരിക്കും, പക്ഷേ അക്ഷരങ്ങളെ, ആശയങ്ങളെ നശിപ്പിക്കാൻ ഒരു വിഘടിത ശക്തികൾക്കും കഴിയില്ല. ഒന്നും പ്രതീക്ഷിക്കാതെ നിസ്വാർത്ഥമായ പ്രവർത്തനം ഏതു മണ്ഡലത്തിലായാലും ശക്തിവരിക്കും അഥവാ വിജയിക്കും എന്നുതന്നെയാണ് പറയാനുള്ളത്.

പ്രവാസ ജീവിതത്തിന് എഴുത്തിലുണ്ടായ സ്വാധീനം ?

 •  പ്രവാസജീവിതമാണ് എഴുത്തിന് കൂടുതൽ കരുത്തേകിയത്.  ഭാഷ, പല മനുഷ്യർ, അനുഭവങ്ങളുടെ വ്യത്യസ്തത, സാംസ്കാരിക പ്രവർത്തനങ്ങൾ, എല്ലാം എഴുത്തിനെ വളരെയധികം സ്വാധീനിക്കുകയും വ്യത്യസ്ത മാനങ്ങൾ നൽകുവാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
6 Comments
 1. sunil 2 months ago

  വളരെ നല്ല അഭിമുഖം..
  ശ്രീമതി ഇന്ദിര ബാലന് എല്ലാ ആശംസകളും… ഇനിയും എഴുതാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ…..

 2. Profile photo of Haridasan
  Haridasan 2 months ago

  Excellent!

 3. Profile photo of Retnakaran
  Retnakaran 2 months ago

  മനോഹരം… ആശംസകൾ!

 4. Sureshkumar Punjhayil 2 months ago

  Ashamsakal …!

 5. Profile photo of Indira Balan
  Indira Balan 2 months ago

  Thanku koottukaare

 6. Profile photo of ബിജു.ജി.നാഥ്

  good one

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

+91 89040 40082

About us | FAQ | Terms of use | Contact us

© Copy right 2017 . All Rights Reserved.

MENU

Log in with your credentials

or    

Forgot your details?

Create Account