അന്നു പതിവിലും നേരത്തെ അരുന്ധതി ഉണര്‍ന്നു. ഇന്നദ്ദേഹം വരികയാണ് തന്‍റെ പ്രിയതമന്‍. ഏകാന്തതയുടെ വീര്‍പ്പുമുട്ടല്‍ അവസാനിക്കുകയാണ്. അടുത്തില്ലെങ്കിലും അരികിലുണ്ടെന്നുള്ള തോന്നലിലായിരുന്നു ജീവിതം. ഒറ്റയ്ക്ക് ഈ തുരുത്തില്‍ ഓര്‍മ്മകളുമായി കഴിയുകയായിരുന്നു അരുന്ധതിയുടെ മനസ്സ്.

വസന്തത്തിന്‍റെ, സുഖ നിമിഷങ്ങളുടെ തോരാമഴയാണിനിയുള്ള നാളുകള്‍. അടുത്തൊന്നും ഇനി അദ്ദേഹത്തെ വിടില്ല.

അരുന്ധതി ഉത്സാഹത്തോടെയാണ് അന്ന് എഴുന്നേറ്റത് തന്നെ . അദ്ദേഹത്തിനെ സ്വീകരിക്കാനായി അവളുടെ മനസ്സ് ഒരുങ്ങുകയായിരുന്നു. അദ്ദേഹത്തിനു ഇഷ്ടപ്പെട്ട, രുചിയേറിയ കറികളുണ്ടാക്കാനായി അവള്‍ പാടുപെടുന്നുണ്ടായിരുന്നു. തിരക്കിട്ട് ജോലികളൊക്കെ തീര്‍ത്ത് അവള്‍ കുളിച്ചു വന്നു. അലമാരിയില്‍ നിന്നും മനോഹരമായ ആ നീലപ്പട്ടുസാരി തന്നെ തെരഞ്ഞെടുത്തുടുത്തു. പണ്ടൊരിക്കല്‍ തൃക്കാര്‍ത്തിക വിളക്കിന് ഭര്‍ത്താവ് നല്‍കിയ സ്നേഹസമ്മാനമായിരുന്നു ആ നീലപ്പട്ടുസാരി. അതിനിണങ്ങുന്ന ഒരു ജോഡി കമ്മലും കാതിലണിഞ്ഞു, നീലക്കല്ലു പതിച്ച മാലയുമിട്ട് കണ്ണാടിയുടെ മുന്നില്‍ നിന്ന് കണ്ണെഴുതി. നെറ്റിയില്‍ വട്ടത്തിലൊരു ചാന്തുപൊട്ടും. അപ്പോളവളുടെ ചുണ്ടിലൊരു മൂളിപ്പാട്ടുണ്ടായിരുന്നു.

ചില്ലുജാലകത്തില്‍ മഴപെയ്ത് നനവ്‌ പടര്‍ന്നിരുന്നു. മരച്ചില്ലകളില്‍ തട്ടി ഒരു കാറ്റ് അവളെ തഴുകിയുണര്‍ത്തി കടന്നുപോയി. അരുന്ധതി കാത്തിരിക്കുകയാണ്.. എത്ര കാലമായി നേരിട്ട് ഒന്നു കണ്ടിട്ട്, അവളോര്‍ത്തു. കാണുമ്പോള്‍ എത്ര രാവുകളുടെ കഥകള്‍ പറയാനുണ്ടാകും . വന്നാലുടനെ സംഭവിക്കാവുന്ന കാര്യങ്ങള്‍ അവള്‍ വെറുതെയോര്‍ത്തു.അവളെ ചേര്‍ത്തുനിര്‍ത്തി മന്ത്രിക്കും –

‘’ഈ നീലപ്പട്ടുസാരിയില്‍ നീ എത്ര സുന്ദരിയായിരിക്കുന്നു…’’ അപ്പോള്‍ മുഖം നാണത്താല്‍ ചുവക്കും. കൂമ്പിപോയ കണ്ണുകളിലപ്പോള്‍ അദ്ദേഹത്തിന്‍റെ… ഓര്‍ക്കുമ്പോള്‍ മനസ്സിലാകെയൊരു കുളിര് …

അരുന്ധതി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് കണ്ടിട്ടാണ് ഗിരിജേട്ടത്തി അപ്പോള്‍ കടന്നു വന്നത്. അവരുടെ മുഖത്ത് പരിഭ്രാന്തി നിഴല്‍ വീശിയിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന അവര്‍ക്ക് അരുന്ധതിയോട് സ്വന്തം അനുജത്തിയോടുള്ള വാത്സല്യമായിരുന്നു ഉണ്ടായിരുന്നത്.

‘ എന്താ.. അരുന്ധതി.. പതിവില്ലാതെ പട്ടുസാരിയുമുടുത്ത്…’’

‘’ചേച്ചി .. ഇന്നദ്ദേഹം വരുന്നു..’’

അതുപറയുമ്പോള്‍ അവളുടെ മുഖം വല്ലാതെ തുടുത്തിരുന്നത് ഗിരിജേട്ടത്തി ശ്രദ്ധിച്ചു .

‘’ ആര്…’’

‘’എന്‍റെ ഭര്‍ത്താവ്..’’ അവള്‍ വല്ലാതെ പൊട്ടിച്ചിരിച്ചു. ആ ചിരി ഗിരിജയെ നൊമ്പരപ്പെടുത്തി. മനസ്സിനകത്തൊരു ചുട്ടുപൊള്ളലുണ്ടായി. അവര്‍ വേഗം അരുന്ധതിയുടെ അരികിലെത്തി . അരുന്ധതിയുടെ മനസ്സ് മറ്റൊരു ലോകത്തായിരുന്നു. അവര്‍ അരുന്ധതിയെ വേദനയോടെ നോക്കി. അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി. അവളുടെ ഈറന്‍മുടിയില്‍ നിന്നും അപ്പോഴും വെള്ളത്തുള്ളികള്‍ ഇറ്റിറ്റു വീണിരുന്നു. അവര്‍ അയയില്‍ നിന്നും തോര്‍ത്തെടുത്ത് അരുന്ധതിയുടെ തല തുവര്‍ത്തി. അവളുടെ കവിളില്‍ മെല്ലെ തലോടി. ചുമരില്‍ ഫ്രെയിം ചെയ്തുവച്ച അരുന്ധതിയുടെ ഭര്‍ത്താവിന്‍റെ മാല ചാര്‍ത്തിയ ഫോട്ടോയിലായിരുന്നു അപ്പോള്‍ ഗിരിജയുടെ കണ്ണുകള്‍. വിധിയുടെ ക്രൂരതയാല്‍ ഹോമിക്കപ്പെട്ട അയാളുടെ ചരമ വാര്‍ഷികമായിരുന്നു അന്നെന്ന് അവരപ്പോഴാണ് ഓര്‍ത്തത്.

 

4 Comments
 1. Krishna 3 years ago

  Nice..

  • Author
   Krishnakumar Mapranam 3 years ago

   വായനയ്ക്കും അഭിപ്രായത്തിനും നന്ദി

 2. Haridasan 3 years ago

  എഴുത്തു നന്നായിട്ടുണ്ട്.. feels the pain..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account