“ബഷീർ തന്റെ ദേശമായ തലയോലപ്പറമ്പിലെ സാധാരണക്കാരുടെ കാരിക്കേച്ചറുകൾ തീർത്തപ്പോൾ ഉറൂബ് പൊന്നാനിയുടെ ദേശത്തനിമകൾ പ്രകടമായിത്തന്നെ തന്റെ കൃതികളിൽ ചേർത്തു വെച്ചതായി കാണാം. ദേശത്തെ എഴുത്തിൽ നിന്ന് വേർപെടുത്താൻ കഴിയാത്ത എഴുത്തുകാരനായിരുന്നല്ലോ എസ്.കെ പൊറ്റക്കാട്. അദ്ദേഹത്തിന് ജ്ഞാനപീഠം അവാർഡ് നേടിക്കൊടുത്ത കൃതിയുടെ പേര് തന്നെ ‘ഒരു ദേശത്തിന്റെ കഥ’ എന്നാണല്ലോ.”

ദേശമാണ് ഒരു എഴുത്തുകാരനെ രൂപപ്പെടുത്തുന്നത് എന്നാണ് എന്റെ പക്ഷം. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നായാലും ഈ പ്രസ്താവന ശരിയാണ് എന്ന് സുക്ഷ്മനിരീക്ഷണത്തിൽ നമുക്ക് ബോധ്യമാവും. ഓരോ വ്യക്തിയെയും അയാൾ ജീവിക്കുന്ന ചുറ്റുപാടുകളും സാമൂഹ്യവ്യവസ്ഥയും പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്നുണ്ട്. താൻ കണ്ടും അനുഭവിച്ചും വളർന്ന ചുറ്റുപാടുകളുടെ നിറവും മണവും ചോരാതെ അത് വിവിധങ്ങളായ ആവിഷ്കാര പ്രകടിത രൂപങ്ങളായി വിനിമയം ചെയ്യാനുള്ള കഴിവാണ് അയാളെ എഴുത്തുകാരനോ കലാകാരനോ ആക്കിത്തീർക്കുന്നത്. അങ്ങനെ വരുമ്പോൾ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ദേശം ഒരിക്കലും എണ്ണ വറ്റാത്ത വിളക്കാണ് എന്നു പറയാം.

ലോക സാഹിത്യത്തിലെ നിരവധി എഴുത്തുകാരെ ദേശത്തിന്റെ എഴുത്തുകാരായി നമുക്ക് തിരിച്ചറിയാൻ കഴിയും. അവർ കാലാകാലങ്ങളിലായി എഴുതിവെച്ചത് വെറും വായനാവിഭവം മാത്രമായി പരിമിതപ്പെട്ടു പോവാത്തത് അതുകൊണ്ട് കൂടിയാണ്. വെറും കഥകളും നോവലുകളും മാത്രമല്ല അവർ എഴുതി വെച്ചത്. അതാതു കാലഘട്ടത്തിലെ ദേശ ജീവിതത്തിന്റെ ചരിത്ര പുസ്തകങ്ങളായിക്കൂടി നമുക്ക് അത്തരം കൃതികളെ വായിക്കാനാവും. വില്യം ഷേക്സ്പിയർ, ലിയോ ടോൾസ്റ്റോയ്, ഫെയദോർ ദസ്തേവ്സ്കി, വിക്ടർ യൂഗോ, മാർക്ക് ട്വയിൻ, ചാൾസ് ഡിക്കൻസ് തുടങ്ങിയ, ലോകസാഹിത്യത്തിലെ അതികായന്മാരായ അനേകം സാഹിത്യകാരന്മാരുടെ രചനകൾ വായിച്ചാൽ നമുക്കത് വ്യക്തമാവും. രാമായണം, മഹാഭാരതം തുടങ്ങിയ ഭാരതീയ പുരാണേതിഹാസങ്ങളും കാളിദാസന്റെയും ഭാസന്റെയും മറ്റും കാവ്യ – നാടക കൃതികളും നിശ്ചിത ദേശത്തിന്റെ പ്രതലത്തിൽ ഉറച്ചു നിന്നല്ലേ നമ്മളോട് സംവദിക്കുന്നത്? രബീന്ദ്രനാഥ ടാഗോർ, ബിബൂതിഭൂഷൺ ബാന്ദോപാദ്ധ്യായ, താരാശങ്കർ ബാനർജി, മഹാശ്വേതദേവി തുടങ്ങിയ ബംഗാളി സാഹിത്യകാരന്മാരുടെ കൃതികൾ ഒന്ന് പരിശോധിച്ചു നോക്കൂ… അവരുടെ ദേശം അതിലെ മുഖ്യ കഥാപാത്രം തന്നെയാണെന്നു കാണാം. സംഘകാല ജീവിതാവസ്ഥയുടെ നിരവധി മുഹൂർത്തങ്ങൾ സാക്ഷ്യപ്പെടുത്തിയ തിരുവള്ളുവരുടെ ‘തിരുക്കുറൾ ‘ സാത്തനാരുടെ ‘മണിമേഖല ‘ എന്നീ ആദി തമിഴ് ഗ്രന്ഥങ്ങൾ കാവ്യ കൃതികളാണ് എന്നതിനോടൊപ്പം തന്നെ തമിഴ് ദേശത്തിന്റെ ഒരു നിയത കാലത്തിന്റെ ദേശസാക്ഷൃങ്ങൾ കൂടിയാണ്. പിൽക്കാലത്ത് വണ്ണദാസൻ, സുന്ദരരാമസ്വാമി, ജയകാന്തൻ, അഖിലൻ, ജയമോഹൻ, തോപ്പിൽ മുഹമ്മദ് മീരാൻ, സൽമ, പെരുമാൾ മുരുകൻ, പാമ തുടങ്ങിയ എഴുത്തുകാർ തമിഴ് ദേശപ്പൊലിമയെ തങ്ങളുടെ കൃതികളിൽ എത്ര മാത്രം ബോധപൂർവ്വമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത് എന്ന് അവരുടെ കൃതികളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാവും. ഈ രണ്ടു ദേശത്തെയും എഴുത്തുകാരെയും ഇങ്ങനെ രണ്ടു ഉദാഹരണങ്ങൾ എന്ന നിലയ്ക്ക് എടുത്തു എന്നേയുള്ളു. ഭാരതത്തിന്റെ മറ്റേതൊരു സംസ്ഥാനത്തേയും ഭാഷയേയും എടുത്താലും ഇത്തരത്തിൽ ദേശപ്പൊലിവുകൾ നിറഞ്ഞ സാഹിത്യ കൃതികൾ ഉദാഹരിക്കാനുണ്ട്. അവരവരുടെ ദേശങ്ങളുടെ മജ്ജയും മാംസവും അക്ഷരത്തിൽ ചാലിച്ചാണ് ഓരോ എഴുത്തുകാരനും സാഹിത്യ സൃഷ്ടി നടത്തുന്നത്.

മലയാള സാഹിത്യത്തിലും ഇതിന് ഭിന്നമായ നിലപാടല്ല നമുക്ക് കാണാൻ കഴിയുക. സ്വന്തം മണ്ണിന്റെ നിലപാടു തറയിൽ ഉറച്ചു നിന്നു കൊണ്ടു തന്നെയാണ് ഓരോ മലയാളി എഴുത്തുകാരനും എഴുതിത്തുടങ്ങിയതും ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നതും.

മലയാളിയുടെ സാഹിത്യ ചരിത്രത്തിൽ ദേശം നന്നായി അടയാളപ്പെട്ടത് നോവലുകളിലാണെന്ന് തോന്നുന്നു. ഏറ്റവും കുറച്ച് ഒരു പക്ഷെ, കവിതകളിലും. ഇടശ്ശേരിയും പി.കുഞ്ഞിരാമൻ നായരും, വൈലോപ്പിള്ളിയുമടക്കമുള്ള ആദ്യ കാല കവികൾ ദേശത്തെ അറിഞ്ഞു കൊണ്ട് എഴുതിയവരാണെന്ന വസ്തുത മറന്നു കൊണ്ടല്ല ഇതു പറയുന്നത്. എന്നാൽ പുതു കവിതകളിൽ വളരെ കുറച്ചു മാത്രമേ ദേശം പ്രത്യക്ഷ രൂപത്തിൽ വരുന്നുള്ളു. എന്നാൽ നോവലിലാണെങ്കിൽ അത് പൂർവ്വകാലത്തെപ്പോലെ പുതിയ കാലത്തും സജീവമാണ് എന്നു തന്നെ പറയണം.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ എന്ന് ഖ്യാതിയുള്ള ‘ഇന്ദുലേഖ’യിൽ ചന്തുമേനോൻ ഒരു നൂറ്റാണ്ടു മുമ്പുള്ള മലയാള ദേശത്തിന്റെ ചരിത്രം കൂടിയല്ലേ പറയുന്നത്? മലയാളത്തിന്റെ ആദ്യ ചരിത്ര നോവൽ ത്രയങ്ങളായ മാർത്താണ്ഡവർമ്മ, ധർമ്മരാജ, രാമരാജബഹദൂർ എന്നീ കൃതികളിൽ സി.വി.രാമൻപിള്ള കോറിയിടുന്നത് അന്നത്തെ തിരുവിതാംകൂറിനെക്കുറിച്ചുള്ള ദേശപ്രകീർത്തനങ്ങളല്ലേ? നവോത്ഥാന കഥാകൃത്തുക്കളായ വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, എസ്.കെ പൊറ്റക്കാട്, ഉറൂബ് തുടങ്ങിയവരുടെ കാലം വന്നതോടെ ദേശം അവരുടെ കൃതികളിൽ തേജസ്സോടെ ജ്വലിച്ചു നിൽക്കാൻ തുടങ്ങി. കുട്ടനാട്ടിലെ സാധാരണ കർഷകരുടെ ജീവിതത്തെ ആ ദേശത്തിന്റെ പ്രകൃതിയുമായി ചേർത്തുവെച്ച് വിശകലനം ചെയ്യുന്ന തകഴിയടെ കൃതികൾ എങ്ങനെ മറക്കാനാണ്? ബഷീർ തന്റെ ദേശമായ തലയോലപ്പറമ്പിലെ സാധാരണക്കാരുടെ കാരിക്കേച്ചറുകൾ തീർത്തപ്പോൾ ഉറൂബ് പൊന്നാനിയുടെ ദേശത്തനിമകൾ പ്രകടമായിത്തന്നെ തന്റെ കൃതികളിൽ ചേർത്തു വെച്ചതായി കാണാം. ദേശത്തെ എഴുത്തിൽ നിന്ന് വേർപെടുത്താൻ കഴിയാത്ത എഴുത്തുകാരനായിരുന്നല്ലോ എസ്.കെ പൊറ്റക്കാട്. അദ്ദേഹത്തിന് ജ്ഞാനപീഠം അവാർഡ് നേടിക്കൊടുത്ത കൃതിയുടെ പേര് തന്നെ ‘ഒരു ദേശത്തിന്റെ കഥ’ എന്നാണല്ലോ.

നവോത്ഥാന കാലഘട്ടത്തിൽ നിന്നും ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കുമൊക്കെ മലയാള സാഹിത്യ ശാഖ ചുവടുവെച്ച് കയറിയപ്പോഴും ദേശത്തിന്റെ പ്രാധാന്യം കുറഞ്ഞു പോയില്ല എന്നു കാണാവുന്നതാണ്. എം.ടി വാസുദേവൻ നായരുടെയും ചെറുകാടിന്റെയും കൃതികളിലെ വള്ളുവനാടൻ ദേശക്കാഴ്ചയും ഒ.വി വിജയന്റെയും മുണ്ടൂർ കൃഷ്ണൻകുട്ടിയുടെയുമൊക്കെ കൃതികളിലെ പാലക്കാടും എം.മുകുന്ദന്റെ മയ്യഴിയും കോവിലന്റെ കണ്ടാണിശ്ശേരിയും ഒക്കെ മലയാള സാഹിത്യത്തിലെ തിളങ്ങുന്ന ദേശ ചിത്രങ്ങളായത് ചരിത്രം. നാദാപുരത്തിന്റെ മുഖഛായയും ഭാഷയും മലയാള കഥയിലേക്ക് ചേർത്തുവെച്ച അക്ബർ കക്കട്ടിലും, കാരക്കാടിന്റെ പുരാതനമായ മീസാൻ കല്ലുകളെ മലയാള സാഹിത്യത്തിന്റെ ‘സ്മാരകശിലകളാ’ക്കിയ പുനത്തിൽ കുഞ്ഞബ്ദുള്ളയും, തൃക്കോട്ടൂർ ദേശത്തെ ചിത്രഭാഷയിൽ പരിചയപ്പെടുത്തിയ യു.എ ഖാദറും, വയനാടിന്റെ ഗോത്ര സംസ്കൃതിയെ തൊട്ടറിഞ്ഞെഴുതിയ പി.വത്സലയുമൊക്കെ പിന്നീട് പിറകെ വരുന്നുണ്ട്. പുതിയ കാലത്ത് സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരിലും ദേശക്കൂറുള്ളവർ നിരവധി. ടി.കെ ശങ്കരനാരായണന് കല്പാത്തിയും അഗ്രഹാരങ്ങളുമാണ് കഥാഭൂമികയെങ്കിൽ (ശവുണ്ഡി) കെ.എ സെബാസ്റ്റ്യന് അത് ചെത്തിക്കടപ്പുറമാണ് (രാജാക്കന്മാരുടെ പുസ്തകം). അബു ഇരിങ്ങാട്ടിരിയും (ദൃഷ്ടാന്തങ്ങൾ) രാജൻ കരുവാരകുണ്ടുമടക്കമുള്ളവർ (വിനിമയം) ഏറനാടിന്റെ ഉറച്ച മണ്ണിൽ ചുവടുറപ്പിച്ച് എഴുതുന്നു. തൃശൂരിനെ എഴുതാൻ സാറാ ജോസഫ് (ആലാഹയുടെ പെൺമക്കൾ) കാസർക്കോടിനെ എഴുതാൻ അംബികാസുതൻ മാങ്ങാട് (എൻമകജെ) കൊച്ചിയെ എഴുതാൻ പി.എഫ് മാത്യൂസ് (ചാവു നിലം),വയനാടിനെ എഴുതാൻ ജോസ്‌പാഴുക്കാൻ (കറുത്ത പുലികൾ ജനിക്കുന്നു). അങ്ങനെ പോകുന്നു എണ്ണമറ്റ എഴുത്തുകാരുടെ നിര. ഈയിടെ വലിയ വിവാദത്തിന് തിരികൊളുത്തിയ എസ്.ഹരീഷിന്റെ ‘മീശ ‘ പോലും ഒരു കറതീർന്ന ദേശ നോവലാണെന്നാണ് എന്റെ വായനാനുഭവം

ദേശത്തെ അടയാളപ്പെടുത്താനായി അതതു ദേശത്തിന്റെ തനതു ഭാഷയെ നോവലിന്റെ ശില്പ ഘടനയുമായി ബന്ധിപ്പിച്ചെടുക്കുകയാണ് മേല്പറഞ്ഞ പല എഴുത്തുകാരും ചെയ്തത് എന്നു കാണാം. ദേശ ഭാഷയുടെ വാമൊഴിവഴക്കത്തിന്റെ സൗന്ദര്യതലം ശ്രദ്ധാപൂർവ്വം സന്നിവേശിപ്പിച്ചെടുത്ത ഇത്തരം കൃതികളിലൂടെ മലയാള സാഹിത്യ ഭൂമികയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചെടുക്കാൻ ഇവരിൽ പലർക്കും കഴിഞ്ഞു എന്നതാണ് ഇതിന്റെ സവിശേഷത. ദേശ ഭാഷയുടെ വൈവിധ്യമാർന്ന രുചികൾ മലയാളിയുടെ വായനാ മേശയിൽ ഒരുക്കുക മാത്രമല്ല ഇവർ ചെയ്തത്. കാമ്പുള്ള രചനകൾ കൊണ്ട് മലയാള സാഹിത്യത്തിൽ ആ ഭാഷയ്ക്ക് അഭിമാനകരമായ ഒരു ഇരിപ്പിടം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

എന്നാൽ, നിയതമായ ഒരു ദേശത്തെ അടയാളപ്പെടുത്താതെ സാഹിത്യ സൃഷ്ടികൾ നടത്തിയ എഴുത്തുകാരുണ്ടാവാം. കാല-ദേശങ്ങൾക്കപ്പുറത്തേക്കു നീളുന്ന മാനങ്ങളുള്ള അവരുടെ എഴുത്തിൽ പോലും സൂക്ഷ്മവായനയിൽ സ്വന്തം ദേശത്തിന്റെ അടയാളങ്ങൾ പ്രച്ഛന്നവേഷത്തിൽ നിലനിൽക്കുന്നുണ്ടാവും. ചുരുക്കത്തിൽ, ദേശത്തെ മറന്ന് എഴുത്തുകാരന് നിലനില്പില്ല എന്നു തന്നെ പറയേണ്ടി വരും. അത് ജന്മദേശമോ കർമദേശമോ എന്നത് മാത്രമാണ് വ്യത്യാസം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account