— രശ്‌മി കിട്ടപ്പ —

വയലറ്റ് നിറമുള്ള, “വയനാടൻ” എന്ന് പേരിട്ട് വിളിച്ചിരുന്ന ഒരു പൂവ് എന്നായിരുന്നു അവസാനമായി പൂക്കൂട നിറക്കാൻ എത്തിയത്? കൂടുതൽ പൂവ് ആർക്കെന്നുള്ള മത്സരത്തിനിടയിൽ മുള്ളുകൊള്ളുന്ന വിരലുകൾ ഉടുപ്പിൽ അമർത്തിത്തുടച്ച് പൊന്തയും പടർപ്പും ചവിട്ടിമെതിച്ചിരുന്ന കാലം. പേരറിയുന്നതും അറിയാത്തതുമായ എത്രയെത്ര പൂവുകൾ. അവ നിറഞ്ഞിരുന്ന എത്രയോ പൂക്കളങ്ങൾ. ഇതെല്ലാം എന്നായിരുന്നു? കാട് നാടാകുകയും വികസനം നാട്ടിൻപുറങ്ങളിലേക്ക് വ്യാപരിക്കുകയും ചെയ്‌തപ്പോൾ ഒഴിച്ചുകൂടാനാവാത്ത നഷ്ടപ്പെടലുകളിൽപ്പെട്ടുപോയ തുമ്പയും തുളസിയും മുക്കുറ്റിയും. സൌകര്യപൂർവ്വം നമ്മൾ മറന്നുപോയവയ്ക്ക് പകരം വെക്കാനായി ഇന്ന് അതിർത്തികൾ കടന്നെത്തുന്ന മണമില്ലാത്ത പൂക്കാലങ്ങൾ. ഓർമ്മയിലെ ഓണമെന്നത് ഒരു കാലഘട്ടത്തെത്തന്നെ അടയാളപ്പെടുത്തലാണ്. മനുഷ്യരെപ്പോലെ പ്രകൃതിയും സന്തോഷിച്ചിരുന്ന ഒരു കാലത്തിലേക്ക് കൌതുകത്തോടെയുള്ള തിരിഞ്ഞുനോക്കലാണ്.

ഗൃഹാതുരത്വമെന്നത് ഉപയോഗശൂന്യമായിപ്പോയ ഒരു വാക്കാണ്. പഞ്ഞമില്ലാത്ത ഓർമ്മകളെ ഒട്ടൊരു നീറ്റലോടെ വരച്ചുകാട്ടുന്നു എന്ന് വേണമെങ്കിൽ പറയാം. ഓണം പ്രിയപ്പെട്ട ആഘോഷമായിരുന്നെങ്കിലും, ഓണസദ്യ ഒഴിച്ചുകൂടാനാകാത്ത ഒത്തുചേരലുകൾക്ക് വഴിയൊരുക്കിയിരുന്നെങ്കിലും ഒരിക്കൽപ്പോലും ഓണക്കോടി വാങ്ങിയതായോ ഉടുത്തതായോ ഓർമ്മയില്ല. കൂട്ടുകുടുംബത്തിന്റെ സ്നേഹത്തിനും സന്തോഷത്തിനുമപ്പുറം ഒരു പുതുമക്കും മനുഷ്യരെ സന്തോഷിപ്പിക്കാൻ കഴിയില്ലെന്ന അച്ഛന്റെ ചിന്താധാരയെ ചോദ്യം ചെയ്യാനും ആരും ഒരിക്കലും മിനക്കെട്ടിരുന്നില്ല. അന്നും എന്നും നിറയെ അംഗങ്ങളുണ്ടായിരുന്ന ആ വീടിന്റെ അടിത്തറയിൽ സ്‌നേഹംകൊണ്ടുപാകിയ കല്ലുകളായിരുന്നു. ചുവരുകളിൽ സമാധാനവും സഹിഷ്‌ണുതയും കൊണ്ട് വെള്ളപൂശിയിരുന്നു. നന്മയുടെയും സാഹോദര്യത്തിന്റെയും ആഘോഷമെന്ന് ആവർത്തിച്ചുപറഞ്ഞ് നവീകരിക്കപ്പേടേണ്ട ഒന്നായിരുന്നില്ല ഓർമ്മകളിലെ ഓണം. ജാതിമതചിന്തകൾ ഇത്രത്തോളം വേരുപിടിക്കാത്ത ആ കാലത്ത് ഒരുവിളവെടുപ്പ് ഉത്സവം സന്തോഷത്തോടെയും ലളിതമായും കൊണ്ടാടുകയായിരുന്നു ലോകത്തെമ്പാടുമുള്ള മലയാളികൾ എന്ന് ഉറപ്പിച്ചുപറയാം. ഒന്നോ രണ്ടോ ഐതിഹ്യങ്ങളിൽ ഒതുങ്ങി നിൽക്കുന്നില്ല ഓണത്തിന്റെ ചരിത്രം.

കേരളത്തിൽ ആഘോഷിക്കപ്പെടുന്നതിനേക്കാൾ നിറപ്പകിട്ടോടെ ഇന്ന് മറുനാടൻ മലയാളികൾ ഓണം ആഘോഷിക്കുന്നു. ഒത്തൊരുമയുടെയും പരസ്‌പര സ്‌നേഹത്തിന്റെയും പ്രതീകമെന്ന് മാദ്ധ്യമങ്ങൾ ചിത്രീകരിക്കുമ്പോഴും ഒരു കമ്പോളവ്യവസ്ഥയുടെ വാണിജ്യവത്‌കരണത്തിൽ അറിയാതെയെങ്കിലും പെട്ടുപോകുന്നുണ്ടോ മലയാളദേശത്തിന്റെ ഈ ഉത്സവമെന്ന് സംശയിച്ചുപോകുന്നുണ്ട്. വിഷമയമല്ലാത്ത പച്ചക്കറികളും, വീട്ടുമുറ്റത്തെ പൂക്കളും കൊണ്ട് ഓണമാഘോഷിക്കാനുള്ള സാധ്യത തള്ളിക്കളയേണ്ട ഒന്നല്ല. ഒരു കവിസുഹൃത്ത് എഴുതുകയും, അദ്ദേഹം തന്നെ ചൊല്ലി അയച്ചുതരികയും ചെയ്‌ത കവിതയിലെ വരികൾ ഓണാഘോഷത്തിലേക്കുള്ള വാണിജ്യ വ്യവസ്ഥയുടെ തള്ളിക്കയറ്റത്തെ ഓർമ്മപ്പെടുത്തുത്തുന്നവയാണ്. “പച്ചകൊണ്ടെഴുതണം വയൽ, കിളിയൊച്ചകൊണ്ട് തൊടി, മച്ചകത്തൊരു തിരി, തുമ്പയാലൊരുകളം തുമ്പിക്ക് തുള്ളുവാൻ” എന്ന് തുടങ്ങുന്ന കവിയുടെ ഓർമ്മ ചെന്നെത്തി നിൽക്കുന്നത് “ആയത്തിലൊന്ന് ആടിവാ മനസ്സേ, ഞാനെന്റെ ശുഷ്‌കമീ “ഓണക്കിറ്റ്” പൊട്ടിക്കുന്നതിൻ മുൻപ് ” എന്ന വരിയിലാണ്. ഒരു ഓണക്കിറ്റിൽ നിറങ്ങളെയും ഗന്ധങ്ങളെയും അനുഭവങ്ങളെയും ഒതുക്കി നമ്മളാ ഉത്സവത്തെ വിൽപ്പനച്ചരക്കാക്കാനും പഠിച്ചുകഴിഞ്ഞു.

വർഷങ്ങൾക്ക് മുൻപ് കേരളം വിട്ട് മറുനാട്ടിൽ ജീവിക്കുന്ന ഓരോ മലയാളിയുടെ മനസ്സിലും പഴയ ആ ഓണക്കാലമുണ്ട്. ഓണം ഒരനുഭവമാണ്, ഒരു ശീലമാണ്. ഇരുണ്ട കർക്കിടത്തിൽ പ്രതീക്ഷയോടെ കാത്തിരുന്ന പൊന്നിൻ ചിങ്ങത്തിന്റെ വരവിനെ നമുക്കെവിടെയിരുന്നും മനസ്സിൽ കാണാം. കൊയ്ത്തു കഴിഞ്ഞ പാടങ്ങളെയും ഓണത്തുമ്പികൾ പാറുന്ന വസന്തകാലത്തെയും കാണാൻ ഒന്നു കണ്ണടച്ചാൽ മാത്രം മതി. പൂവട്ടികൾ തിങ്ങിനിറഞ്ഞതും തൂശനിലയിലെ വിഭവങ്ങളെണ്ണിനോക്കിയതും ഇന്നലെയായിരുന്നെന്ന് സംശയമില്ലാതെ പറയാം. കാരണം ഒട്ടും മങ്ങലില്ലാത്ത കാഴ്ച്ചകൾ തന്ന ഒരു കാലം അപ്പുറത്തുണ്ട്. ആ പഴയ ഓണക്കാലം..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account