— രവി ശങ്കര്‍ —

അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന വലിയ പരമ്പരയില്‍ ‘ഓനം വാറ്റീസ് ഓനം?’ എന്ന് ചോദിക്കുന്ന ഒരു പ്രവാസിയുണ്ട്. ഓണം എത്തുമ്പോള്‍ ഇപ്പോഴും ഇത് മനസ്സില്‍ വരും.

പലയിടങ്ങളിലായി പലപ്പോഴും ജീവിച്ചിട്ടുള്ള ഒരാള്‍ക്ക്‌ ഓണം പല മട്ടിലാണ് കാണപ്പെടുക. അത് കേരള ടൂറിസത്തിന്റെ പ്‌ളോട്ടും, ചുണ്ടന്‍ വള്ളവും, സെറ്റും മുണ്ടും മാത്രമല്ല. എന്റെ പല കുട്ടിക്കാലങ്ങളിലും ഓണം തീരെ ഇല്ലായിരുന്നു എന്ന് പറയാം. ഓണം അത്ര വലിയ ഒരാഘോഷമല്ലാത്ത ഇടങ്ങളില്‍ വിഷുവും ദീപാവലിയുമാണ് പ്രധാനം. പടക്കം പൊട്ടിക്കുന്നത് ദീപാവലിക്കും കൈനീട്ടം വിഷുവിനുമാണല്ലോ. എന്റെ നാട്ടില്‍ വിഷുവാണ് പ്രധാനം. വിഷു രാജ്യമെങ്ങും കൊണ്ടാടപ്പെടുന്നു, ഒരു കാര്‍ഷിക ആഘോഷമെന്ന നിലയില്‍. ദീപാവലി കച്ചവടക്കാരുടെ ആഘോഷമാണ്. വടക്കേ ഇന്ത്യയില്‍ ഇപ്പോഴും സാമ്പത്തിക വര്ഷം തുടങ്ങുന്നത് ദീപാവലിക്കാണ്. ചുരുക്കത്തില്‍, ഓണം മാത്രമാകുന്നു മലയാളികളുടെതായ ഒരാഘോഷം. പ്രത്യേകിച്ച് മലയാളി മധ്യവര്‍ഗത്തിന്റെ, മലയാളി പ്രവാസികളുടെ.

ആധുനിക വിപണികേന്ദ്രിത ഉത്സവമെന്ന നിലയില്‍ ഓണം ഒരു ഒന്നാന്തരം ഗ്ലോബല്‍ ഉത്സവമാണ്. അതിന്റെ അത്തം തൊട്ട് പത്തു ദിവസങ്ങളായുള്ള ക്രമീകരണം തന്നെ വിപണിയ്ക്ക് ചേര്‍ന്ന ഒന്നാകുന്നു. ശരിക്ക് പറഞ്ഞാല്‍, ടെലിവിഷന് മുമ്പും പിമ്പുമായി ഓണത്തെ വിഭജിക്കാമെന്ന് തോന്നുന്നു. സര്‍ക്കാരും കൈയ്യയച്ചു ഇപ്പോള്‍ ഓണത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്പന്നതയുടെ ഉത്സവമാണ് ഓണം.

പക്ഷെ, ഓണം അതിന്റെ ഇല്ലായ്‌മയിലാണ് ഞാന്‍ പലപ്പോഴും ആഘോഷിച്ചിട്ടുള്ളത്. ചില നഗരങ്ങളില്‍ അത് മുമ്പേ ബുക്ക്‌ ചെയ്ത ഒരു ഇലയില്‍ ഒടുങ്ങുന്നു. ചിലതില്‍, അത് ഒരു ദിവസത്തെ പരിമിത അവധിയായി ചുരുങ്ങുന്നു. ചിലയിടത്ത് തണ്ടൂരി റൊട്ടിയും മീറ്റ്‌ കറിയുമായി അത് മാറുന്നു. ചിലപ്പോള്‍ കേരള ഹൌസിന്റെ കാന്റീനിലെ നീണ്ട ക്യൂ ആയി അത് പരിണമിക്കുന്നു. കുടുംബസ്ഥരായ സുഹൃത്തുക്കളുടെ വീട്ടില്‍ അത് മദ്യപാനവും കവിത ചൊല്ലലും ചര്‍ച്ചയും തമ്മില്‍തല്ലലും അവസാനം ഗാനമേളയുമാവുന്നു.

ഏറ്റവും മനോഹരമായ ഒരോണക്കാലം ഞാന്‍ ചിലവഴിച്ചിട്ടുള്ളത് വീട്ടില്‍ നിന്നകലെ എന്റെ സ്‌കൂളിൽ തന്നെയാണ്. സമ്പന്നരുടെ റെസിഡെന്‍ഷ്യല്‍ സ്‌കൂളിൽ ദരിദ്രനായ ഞാന്‍ സ്‌കോളർഷിപ്പില്‍ പഠിക്കയായിരുന്നു. വീട്ടിലേക്ക് പോകാനുള്ള വണ്ടിക്കാശ് ഇല്ലായിരുന്നു എന്നതായിരുന്നു സത്യം. എല്ലാ മലയാളികളും വീട്ടില്‍ പോയി. കുറെ തമിഴരും പഞാബികളും മാത്രം ബാക്കിയായി. പക്ഷെ, എന്റെ ജീവിതത്തിലെ ഏറ്റവും ആഗോളല്‍കൃതഓണമായിരുന്നു അത്. ഏക മലയാളിയായ ഞാന്‍ പാടിയ തമിഴ് പാട്ടുകള്‍ക്ക് കണക്കില്ല. ദിവസങ്ങള്‍ നീളുന്ന ക്രിക്കറ്റ് കളി, കന്യാകുമാരി, ശുചീന്ദ്രം അങ്ങനെ വിനോദയാത്രകള്‍, സുഖഭക്ഷണം, ഒന്നാന്തരം ഓണസ്സദ്യ, ആ വിശാലമായ കാമ്പസിലെ കാട്ടിലേക്കുള്ള യാത്രകള്‍. (പിന്നീടു ദില്ലിയില്‍ ഏറെ നാള്‍ കഴിച്ചു കൂട്ടുമ്പോള്‍ എന്റെ സുഹൃത്തുക്കളില്‍ അധികവും തമിഴരും ബംഗാളികളും പഞ്ചാബികളും ആയതിനു ഒരു കാരണം ഇതായിരിക്കാം.)

പത്ത് ദിവസം കഴിഞ്ഞു കൂട്ടുകാര്‍ തിരിച്ചെത്തി. അപ്പോഴേക്കും ഞാന്‍ കുറെ തമിഴ് പഠിച്ചിരുന്നു. പിന്നീടു തമിഴില്‍ നിന്ന് പുസ്തകങ്ങൾ വിവര്‍ത്തനം ചെയ്യാനുള്ള പരിജ്ഞാനം എനിക്ക് ഉണ്ടായത് ഇല്ലായ്‌മയുടെ ആ ഓണക്കാലത്ത് നിന്നാണ്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account