— സൈറ മൊഹമ്മദ് —

വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മാവേലി തന്റെ പ്രജകളുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കാന്‍ വരുന്ന ദിവസമാണ് ഓണം എന്ന് ആദ്യമായി പറഞ്ഞു തന്നത് സത്യവതിട്ടീച്ചറായിരുന്നു. കഥ പറച്ചിലിനിടയില്‍ ഉച്ചക്ക് സദ്യ ഉണ്ണാന്‍ മാവേലി വരുമെന്ന് പറഞ്ഞത് വിശ്വസിച്ചു നേരം വൈകുവോളം ഊണു കഴിക്കാന്‍ കൂട്ടാക്കാതെ കാത്തിരുന്നതിന് വീട്ടിലെല്ലാവരും കളിയാക്കി ചിരിച്ച ഒരു ഓണക്കാലമുണ്ടെനിക്ക്. പിന്നീട് വലുതായപ്പോള്‍ കൂട്ടുകാരുടെ വീട്ടിലായിരുന്നു എന്റെ ഓണഘോഷങ്ങളെല്ലാം.

ചിങ്ങമാസത്തിലെ തിരുവോണത്തിലായിരുന്നു ഞാന്‍ ജനിച്ചത്. എന്റെ വീട്ടില്‍ ജന്മദിനം ആഘോഷിക്കുന്ന പതിവില്ലായിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ പിറന്നാള്‍ കുട്ടികള്‍ ചന്ദനകുറിയും പുത്തനുടുപ്പുമിട്ട് ക്ലാസ്സില്‍ വരുന്നത് കാണുമ്പോള്‍ എന്റെ പിറന്നാളും ആഘോഷിക്കാനായെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു എന്നതാണ് വാസ്തവം.

വീട്ടിലെന്നും വിരുന്നുകാരുടെ തിരക്കായിരുന്നു.ബാപ്പയുള്ള ദിവസമാണെങ്കിഉല്‍ പറയുകയും വേണ്ടാ. പിറന്നാളിഷ്ട്ടക്കാരിയുടെ പിറന്നാളുകല്‍ വന്ന് പോവുന്നതൊന്നും ശ്രദ്ധിക്കാന്‍ ഉമ്മാക്കു സമയവുമുണ്ടായിരുന്നില്ല. കൂട്ടുകാരിയുടെ വീട്ടില്‍ ഓണം ആഘോഷിക്കുമ്പോള്‍ എന്റെ പിറന്നാളും അന്നാണെന്ന് ഞാനാരോടും പറഞ്ഞതുമില്ല.

ഉമ്മയുടെ കൂട്ടുകാരി യശോദാമ്മ ഓണ ദിവസങ്ങളില്‍ പായസവുമായി വരുമ്പോള്‍ തിരുവോണ സദ്യ ഉണ്ണാനയക്കാതെ പന്ത്രണ്ട് മണി നേരം നോക്കി വന്ന എന്റെ മിടുക്കി കുട്ടിക്കുള്ളതാണി പായസം എന്ന് പറഞ്ഞ് ചേര്‍ത്ത് പിടിക്കുന്നതായിരുന്നു എന്റെ ആകെയുള്ള പിറന്നാളാഘോഷം.

പിന്നീട് ഒരു ദിവസം ആരോ വന്ന് ഉമ്മയോട് ഗവണ്മെന്റ് ആശുപത്രിയിലെ മിഡ് വൈഫ് യശോദാമ്മ മരിച്ചു പോയെന്ന് പറയുന്നത് കേട്ട് ആരും കാണാതെ വാതിലിനു പിറകില്‍ പോയി ഒളിച്ചിരുന്ന് കരഞ്ഞത് ഇനി അവരുടെ ആ അണച്ചു പിടിക്കല്‍ തിരിച്ചു വരില്ലെന്ന് ഓര്‍ത്തായിരിക്കണം. മക്കള്‍ വലുതായ ശേഷം ജനന തീയ്യതി നോക്കി എന്റെ ഓരോ ജന്മദിനവും ഓര്‍ത്ത് വെച്ച് ആശംസിക്കുമ്പോഴും കുഞ്ഞു കുഞ്ഞു സമ്മാനങ്ങള്‍ തരുമ്പോഴും സന്തോഷം തോന്നുന്നത് പിറന്നാള്‍ കുട്ടിക്കുള്ളതാണീ പായസം എന്നു പറഞ്ഞു കെട്ടിപിടിക്കുന്ന യശോദാമ്മയെ കാത്തിരുന്ന പത്തുവയസുകാരി മനസില്‍ നിന്ന് ഇറങ്ങി പോകാന്‍ കൂട്ടാക്കാത്തതിനാലാവാം…

1 Comment
  1. Reghu Pillai 3 years ago

    Having a birthday celebrated worldwide is a rare gift from ALMIGHTY to selected ones …. So U r in….. chilavu cheyyanam…..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account