— നസ്‌റീന തങ്കയത്തിൽ —

ഭൂമിയിലാകെ ചിതറിക്കിടക്കുന്ന പലനിറങ്ങളുടെ കൂടിച്ചേരലിന്റെ ഉത്സവമെന്നായിരുന്നു കുട്ടിക്കാലത്തെ എന്റെ ഓണസങ്കൽപ്പം.അന്നത്തെ ഓണപ്പുലർച്ചയ്ക്ക് തന്നെ വല്ലാത്തൊരു വിശുദ്ധി അനുഭവപ്പെട്ടിരുന്നു.

ഇരുട്ടിലേക്ക് വെളിച്ചത്തിന്റെ ആദ്യതുള്ളി വീഴുമ്പോഴേക്കും ആരും വിളിക്കാതെ ഉണർന്നുപോവും. കണ്ണുതിരുമ്മി മുറ്റത്തേക്ക് എത്തുമ്പോഴേക്കും കൂട്ടുകാർ ടോർച്ചും പൂക്കൂടയുമായി കാത്തുനിൽക്കുന്നുണ്ടാവും. പിന്നെ കുറച്ചപ്പുറത്തുള്ള പാടത്തേക്കൊരു ഓട്ടമാണ്. മഞ്ഞുതുള്ളിയെ ചവിട്ടിമെതിച്ചും പൂമ്പാറ്റയോട് കുശലംപറഞ്ഞുമാണ് മുന്നോട്ടുള്ള വഴിയുടെ ദൂരം കുറച്ചിരുന്നത്. പൂക്കൾ നിറഞ്ഞ പാടത്തെത്തിക്കഴിഞ്ഞാൽ ആകാശത്തോളമുറക്കെ കൂവിവിളിക്കും. അത്രേംകാലം പറിക്കാതെ ബാക്കിവെച്ച പൂക്കളെയൊക്കെ സ്നേഹത്തോടെ നോക്കിനിൽക്കും. ചിരിച്ചോണ്ടിരിക്കുന്ന കൊച്ചുതുമ്പപ്പൂവും കീഴ്‌പ്പോട്ട് എത്തിനോക്കുന്ന ചെമ്പരത്തിയും മാടിവിളിക്കുന്ന മഞ്ഞക്കോളാമ്പിപ്പൂക്കളും ഒളിച്ചിരിക്കുന്ന മുക്കുറ്റിയും കൊതിപ്പിക്കുന്ന നിറങ്ങളുള്ള പേരറിയാത്ത കുഞ്ഞുകുഞ്ഞു പൂക്കളും ഞൊടിയിട കൊണ്ട് മനസ്സും കൂടയും നിറയ്ക്കും.

പാട്ടും പാടി വീട്ടിലെത്തുമ്പോഴേക്കും കട്ടൻചായയുമായി ഉമ്മ മുറ്റത്ത് കാത്തുനിൽക്കുന്നുണ്ടാവും. പാതി ചായ ഗ്ലാസിൽ ബാക്കിയാക്കി റൂമിലേക്ക് ഓടിച്ചെല്ലും. സ്‌കൂളിൽ നിന്ന് തലേന്ന് രഹസ്യമായി കൊണ്ടുവന്ന ചോക്ക് വാഴനാര് ഉണക്കിയെടുത്തുണ്ടാക്കിയ കയറിൽ കെട്ടിയിട്ട് അത്ര വലുതല്ലാത്ത ഒരു വട്ടം വരക്കും. കൂട്ടത്തിലെ കലാകാരനായിരുന്നു പൂക്കളം ഡിസൈൻ ചെയ്യുന്നതിന്റെ ചുമതല. ബാക്കിയുള്ളവരാവട്ടെ, പൂക്കളുടെ അല്ലികൾ അടർത്തി മാറ്റുകയും ചെടികളുടെ ഇലകൾ
അരിഞ്ഞുവെക്കുകയും ചെയ്യുന്നതിന്റെ തിരക്കിലാകും. ഉള്ള പൂക്കൾ കൊണ്ട് വൃത്തിയിൽ പൂക്കളമുണ്ടാക്കിക്കഴിഞ്ഞാൽ വല്ലാത്തൊരു നിർവൃതിയാണ്. ഓരോരുത്തരുടെ നോട്ടത്തിലും അത് അതേപടി പ്രതിഫലിച്ചിരുന്നു.

അടുത്ത വീട്ടിലൊക്കെ പോയി മുതിർന്നവരുണ്ടാക്കിയ പൂക്കളം നോക്കി വിലയിരുത്തുന്നതാണ് പിന്നെയുള്ള പണി. വീടുവീടാന്തരം കയറിയിറങ്ങുന്നതും കൊച്ചുവർത്താനങ്ങൾ പറഞ്ഞ് വല്യ ആളാവാൻ നോക്കുന്നതും കണ്ണുതെറ്റുമ്പോൾ തെച്ചിപ്പൂവും കൃഷ്‌ണകിരീടവും കൈക്കലാക്കി ഓടിമറയുന്നതും ഇന്നും കണ്ണിലുണ്ട്.

പായസം കുടിച്ചും സദ്യ കഴിച്ചും വയറ് നിറക്കുമ്പോൾ എന്നും ഓണമാവണേയെന്ന പ്രാർത്ഥനയിലാകും എല്ലാവരും.

നിഷ്‌കളങ്കമായ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും മണമാണ് ഓർമ്മയിലെ ഓണത്തിന്. ഓണമെന്നാൽ ഹൃദയങ്ങൾ ചേർത്തുണ്ടാക്കിയ പൂക്കളമാണ്. നന്മയുടെ അവസാനിക്കാത്ത പൂക്കാലമാണ്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account