— വിഭീഷ് തിക്കോടി  —

പൂക്കളായി ഓര്‍മ്മകള്‍ നിറമണിഞ്ഞു വിരിയുന്ന വസന്തം….

ഓര്‍മ്മകള്‍ കൊണ്ടൊരു പൂക്കളമൊരുക്കാന്‍, ആ കളങ്ങളില്‍ നിറമേഴും പകരുവാൻ.. ആ നിറങ്ങളില്‍ മനസ്സിനെ കൊരുക്കാന്‍… ഓര്‍മ്മകളില്‍ ഗൃഹാതുരത നിറയ്ക്കുവാൻ.. ഒരു പൊന്നോണം കൂടി….

ഓരോ ചെടിയും പുഷ്‌പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ഹരിതാഭമായ വയലേലകള്‍ നിറയെ പേരറിയുന്നതും അറിയാത്തതുമായ എത്രെത്ര കിളികള്‍….

മണ്ണിലെ പച്ചയും വിണ്ണിലെ നീലയും ചേര്‍ന്ന് പകലില്‍ മനസ്സ് കുളിര്‍കോരുന്നു. ഓണനിലാവിന്‍റെ നിര്‍മ്മലത രാവില്‍ മനസ്സിനെ ആര്‍ദ്രമാക്കുന്നു..

മാനത്ത് മഴവില്ല് വർണ്ണ വിസ്‌മയം ചാർത്തുന്ന നേരം മനസ്സിന്റെ താളുകളിൽ ഒരായിരം ഓർമ്മചെപ്പുകൾ ..

ഒരിക്കല്‍ കൂടി ആ ബാല്യം തിരിച്ചു കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കാത്തവരാരുണ്ട്…

വയലും, തെളിനീരൊഴുകുന്ന തോടുകളും, ചെറിയ ചെറിയ കുളങ്ങളും, തുമ്പയും, തുമ്പിയും, കൊറ്റിയും, പിന്നെ ചിറകടിച്ചുയരുന്ന പ്രാവുകളും ഓര്‍മ്മകളില്‍ കൂടുകൂട്ടുമ്പോള്‍ ആ നഷ്ടങ്ങള്‍ ഇനി തിരിച്ചു കിട്ടുമോ…?

കൂട്ടം കൂടി നടന്ന കൂട്ടുകാരും, കുസൃതിയാല്‍ പരസ്‌പരം ചെളിവാരിയെറിഞ്ഞ നാളുകളും, അതിനു കിട്ടുന്ന തല്ലിന്‍റെ വേദന പങ്കു വച്ച നിമിഷങ്ങളും, ഓര്‍മ്മകളിലിന്നു നിറയുമ്പോള്‍ അറിയാതൊരു ചെറു പുഞ്ചിരി ചുണ്ടില്‍ ഒരു ഓണപൂ പോലെ..

പൂക്കള്‍ പറിക്കാനായി വേലികള്‍ ചാടിക്കടന്ന്, കുറ്റിക്കാടുകള്‍ അരിച്ചുപെറുക്കി, പൂക്കൂടയുമായി ഓടിയ നാളുകള്‍, എനിക്കേറെ, എനിക്കേറെ എന്ന് മത്സരിക്കുമ്പോഴും അവസാനം എല്ലാം കൂടി പങ്കിട്ടതും, ഒരുമിച്ച് പൂക്കളമിട്ടതും, നീയാ നന്നായിടുന്നത് നീയിട്ടാല്‍ മതിയെന്ന് പറഞ്ഞതും… കേട്ടതും… ഒരുമിച്ചിട്ടതും… അതിലെ സ്നേഹവും നിഷ്കളങ്കതയും ഇന്നും മറക്കാനാകുമോ… ഒന്ന് കൂടി തിരിച്ചു കിട്ടിയെങ്കില്‍….

ഓണത്തപ്പനെയും, മാവേലിയും എല്ലാ നന്മകളെയും വരവേൽക്കുന്ന നല്ല കാലം. അഹം ബോധം നീക്കി മഹാബലി തമ്പുരാനെ ശാശ്വതനാക്കി സുതലത്തിലെ രാജാവാക്കിയ വാമനൻ എന്ന ദൈവിക ശക്തി. മിത്തുകൾ അല്ല മറിച്ച് ധർമ്മബോധത്തിന്റെ ചരിത്രം തലമുറകൾക്ക് പകരുന്ന ആത്മീയ ഉണർവിന്റെ ആഘോഷ ദിനം കൂടിയാണ് ഓണം.

തിന്മകളെ ഉച്ചാടനം ചെയ്‌തു പവിത്രമായ ജീവിത ചര്യയിലൂടെ കരുണയുടെയും സ്‌നേഹത്തിന്റെയും പാതയിലൂടെ നന്മയുടെ പൂക്കളം തീർത്ത് നമ്മുക്ക് ഓണം ആഘോഷിക്കാം. ഗ്രാമീണതയും, സാംസ്‌കാരിക പൈതൃകവും, ആചാര അനുഷ്ഠാനങ്ങളും നേഞ്ചോട് ചേർത്ത് കൊണ്ട് ഓർമ്മകളുടെ ബലത്തിൽ ആഘോഷിക്കാം നല്ല നാളുകളെ .

ഓര്‍മകളും മനസ്സും ഒരിക്കലും മുഴുവനായും പങ്കുവയ്ക്കാനാകില്ലെങ്കിലും, ഐശ്വര്യത്തിന്‍റെ, സമൃദ്ധിയുടെ ഓണത്തെ വരവേല്‍ക്കാന്‍, ഏവര്‍ക്കും ഹൃദ്യമായ ഓണം ആശംസകള്‍..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account