— അജിത ടി ജി  —

എന്റെ ഓർമയിലെ ഓണത്തിന് പൂക്കളുടെ മണമാണ്. പൂക്കളത്തിൽ നിരത്തുന്ന പൂക്കൾ മാത്രമല്ല. മുറ്റത്തും തൊടിയിലും വേലിയിലും വഴിയരികിലും കുന്നിൻപുറത്തും കുളക്കടവിലും വിരിഞ്ഞു നിന്നിരുന്ന അസംഖ്യം പൂക്കൾ. കളിക്കാനിറങ്ങുമ്പോഴും കുളിക്കാൻ പോകുമ്പോഴും ഞങ്ങൾ തൊട്ടു തലോടി കടന്നുപോയിരുന്ന പൂക്കൾ. പാവലിന്റെ തടത്തിലും പയറു വള്ളികൾക്കുള്ളിലും ഒളിച്ചിരുന്ന പൂക്കൾ .ചിങ്ങം പിറന്നുവെന്നു കലണ്ടറിനു മുൻപേ പ്രവചിച്ച പൂക്കൾ. അതായിരുന്നു എന്റെ പ്രിയപ്പെട്ട ഓണം.

മഴപെയ്‌തു തുടങ്ങുമ്പോഴേ മുറ്റത്തിന്റെ അറ്റത്തു പല നിറത്തിലുള്ള കാശിത്തുമ്പകളും ചെണ്ടുമല്ലികളും നട്ടുവളർത്താൻ തുടങ്ങും. ചിങ്ങമെത്തുമ്പോൾ പൂ തരാൻ അവരോട് പറയാതെ പറയുംപോലെയാണത്. അത്തത്തിന് മുൻപുതന്നെ അച്ഛമ്മ പനമ്പട്ട കൊണ്ട് പൂക്കൂട ഉണ്ടാക്കി വെക്കും.അത്തത്തിനുത്തലേന്നു നൂറുകൂട്ടം പണികളുള്ള അമ്മക്ക് സ്വൈര്യം കൊടുക്കാതെ ഞങ്ങൾ പിന്നാലെ കൂടും. പൂവിടാനുള്ള തറ ഉണ്ടാക്കിത്തരാനാണ് ഈ പരക്കംപാച്ചിൽ. മുറ്റത്തിന് അൽപ്പം ഉയരത്തിൽ മണ്ണുകൊണ്ട് കെട്ടിയുണ്ടാക്കുന്നതാണ് പൂത്തറ. എങ്ങാനും മഴപെയ്താൽ പൂക്കളം ഒലിച്ചുപോകാതിരിക്കാനാണ് ഈ മുൻകരുതൽ. പിന്നെ പുലരാനുള്ള കാത്തിരിപ്പാണ്.

പതിവിനും നേരത്തെ ഉണർന്നു കാത്തിരിപ്പായിരിക്കും. എവിടെയെങ്കിലും പൂവിളി കേൾക്കുന്നുണ്ടോ എന്ന് കാതോർത്തിരിക്കും. ആ നേരം കൊണ്ട് വീട്ടുമുറ്റത്തെ കാശിത്തുമ്പയും പാമ്പിൻകാവിലെ നന്ദ്യാർവട്ടവും ശംഖുപുഷ്പവും പൊട്ടിച്ചുവെക്കാം. പൂപ്പറിക്കാൻ പോകുന്നത് കുന്നിന്റെ മുകളിലേക്കാണ്.അതിന് മുതിർന്നവർ ആരെങ്കിലും ഉണ്ടെങ്കിലേ കുട്ടികളെ അനുവദിക്കൂ..ഇടവഴികയറിവരുന്ന പൂവിളിക്ക് അകമ്പടിയായി ഓരോ വീട്ടിൽ നിന്നും കുട്ടികൾ ചേരും. പോകുന്ന വഴിക്കുള്ള വേലിയിലെ ചെമ്പരത്തികൾ ഉയരമുള്ളവർ പൊട്ടിച്ചെടുക്കും. തുമ്പപ്പൂക്കളും മുക്കുറ്റിയും അടർത്തിയെടുക്കുന്നത് കുട്ടികളാണ്. ചിരിച്ചു നിൽക്കുന്ന കൊങ്ങിണിപ്പൂക്കളും കണ്ണെഴുതിയ കാക്കപ്പൂക്കളും മുതിർന്ന പെൺകുട്ടികൾ പറിക്കും . കുന്നിൻ ചെരുവിൽ വെള്ളിലം പൂത്തു നിൽക്കുന്നത് അഭ്യാസികളായ ആൺകുട്ടികൾ അതിസാഹസികമായി പൊട്ടിച്ചു തന്നു ധീരന്മാരാകും. തട്ടുതട്ടായി തലയുയർത്തിനിൽക്കുന്ന ചുവന്ന പൂക്കളുണ്ട്.അത് ഓണത്തപ്പന്റെ തിരുമുടിയിൽ വെക്കാനുള്ളതാണ്.അത് പറിച്ചെടുക്കില്ല. പടർന്നു കിടന്നിരുന്ന വള്ളിയിൽ ഇളംപച്ചയും ക്രീമും വയലറ്റും കലർന്ന ഒരുതരം പൂവുണ്ട്. അതി സുന്ദരിയായ ആ പൂവിനേക്കാൾ ഞങ്ങൾ കുട്ടികൾക്കിഷ്ടം മഞ്ഞ നിറമുള്ള അതിന്റെ പഴങ്ങളായിരുന്നു. കുന്നിറങ്ങിക്കഴിഞ്ഞാൽ കുളത്തിലേക്കൊരു ഓട്ടമാണ്. മഞ്ഞ കോളാമ്പികൾ കാത്തു നിൽക്കുന്നുണ്ടാകും. വെള്ളത്തിൽ നീന്തി ചെന്ന് മുതിർന്ന ആൺകുട്ടികൾ പൊട്ടിച്ചെടുത്തുവരുന്നവരെ ഞങ്ങൾ അക്ഷമരായി കാത്തു നിൽക്കും. പിന്നീടാണ് പൂക്കൾ പങ്കുവെക്കുന്നത്.എല്ലാവരും പൊട്ടിച്ചെടുത്ത പൂവുകളൊക്കെ നിലത്തു ചൊരിഞ്ഞു, എല്ലാവർക്കുമായി പങ്കുവെച്ചു വീട്ടിലെത്തുമ്പോൾ ചാണകം മെഴുകിയ പൂത്തറയിൽ നാടുവിലൊരു മത്തപ്പൂ കാത്തിരിക്കുന്നുണ്ടാകും. പൂക്കളമിടുന്നത് പൂവിളിച്ചുകൊണ്ട് തന്നെയായിരുന്നു.ഇതിനിടയിൽ അച്ഛമ്മയുടെ കണ്ണ് വെട്ടിച്ചു പയറിന്റെ വയലറ്റ് പൂക്കൾ പൊട്ടിച്ചെടുക്കും,ചീത്തയും കേൾക്കും.അന്നൊക്കെ സ്കൂളിൽ ഇത്ര നേരത്തെയൊന്നും പോകേണ്ടാത്ത കാലമായിരുന്നു .അതുകൊണ്ടു തന്നെ സ്വന്തം മുറ്റത്തെ പൂക്കളം ഇട്ടു കഴിഞ്ഞാൽ ഞങ്ങൾ കൂട്ടുകാരുടെ പൂക്കളങ്ങളൊക്കെ കണ്ടതിന് ശേഷമാണ് സ്കൂളിൽ പോയിരുന്നത്.

മിക്കവാറും പൂരാടം വരെ ഓണപ്പരീക്ഷയുണ്ടാകും. ഉത്രാടത്തിന്റെ അന്ന് പൂ പൊട്ടിക്കാൻ ഇറങ്ങുമ്പോൾ മുതിർന്നവർ പറയും. “എല്ലാം പൊട്ടിച്ചെടുത്തു പോരേണ്ട, വൈകീട്ട് ഓണത്തപ്പന് നേദിക്കാനുള്ളത് ബാക്കിവെക്കണം” എന്ന്..ഉത്രാടത്തിനൂണുകഴിഞ്ഞു പൂക്കൂടയുമായി ഇറങ്ങി ചെമ്പരത്തി മൊട്ടുകളും ആറുമാസപൂക്കളും കിരീടപ്പൂക്കളും പറിച്ചെടുത്ത് മടങ്ങുമ്പോൾ എല്ലാ വീട്ടിൽ നിന്നും പൂവട ചുടുന്ന മണം ഉയർന്നു പൊങ്ങും. പൂമുഖത്ത് ‘അമ്മ മണ്ണ് കുഴച്ചുണ്ടാക്കിവെച്ച ഓണത്തപ്പനെ അച്ഛമ്മ അരിമാവുകൊണ്ട് കോലം വരച്ചു സുന്ദരനാക്കുന്നുണ്ടാകും. ചെമ്പരത്തിയും ചെണ്ടുമല്ലിയും ഈർക്കിലിൽ കോർത്ത് ഞങ്ങൾ കുഞ്ഞു തൃക്കാക്കരയപ്പനെ അണിയിക്കും. സന്ധ്യയായാൽ എല്ലാ വീടുകളിൽനിന്നും പൂവിളികൾ ഉയർന്നുപൊങ്ങും. കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും മണം വായുവിൽ പരക്കും .കുഞ്ഞുമുണ്ടുടുത്ത് അനിയൻ മാവേലിവെക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ പ്രിൻസിയും പിന്റോയും ഞങ്ങളോടൊപ്പം ചന്ദനക്കുറിയിട്ട് ചമ്രംപടിഞ്ഞിരിക്കും. നേദിച്ച അപ്പവും അടയും കഴിച്ചു അവരെ അച്ഛൻ തിരിച്ചു വീട്ടിൽ കൊണ്ടു വിടും.

ഒന്ന് കണ്ണടച്ചാൽ എന്റെ ഉള്ളിൽ തെളിയുന്ന ഈ ഓണ മണങ്ങൾ ക്ലാവ് പിടിച്ചിട്ടില്ല. അൻപത് രൂപക്ക് ഒരു പ്ലാസ്റ്റിക് കവറിൽ കൊണ്ടുവരുന്ന പൂക്കൾ നേരം വെളുത്തു മുറ്റത്തെ സിമന്റു തറയിൽ നിർത്തിവെക്കുമ്പോൾ ഞാനിന്നും ആ പഴയ പാവാടക്കാരി പെൺകുട്ടിയാണ്. നേരം വെളുക്കുമ്പോൾ നെറുകയിൽ ഉയർത്തിക്കെട്ടിയ മുടിയും കയ്യിലൊരു പൂക്കൂടയുമായി പൂ പറിക്കാൻ കൂട്ടുകാരെ കാത്തിരിക്കുന്ന ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടി.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account