1984. ഞാൻ പാട്യം ഹൈസ്കൂളിൽ പഠിക്കുന്ന കാലം. വേളായിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ വരും. രാവിലെ മൂകാംബിക ബസ്സിൽ കമ്പിയിൽ തൂങ്ങി പിടിച്ചുള്ള സ്കൂൾ യാത്രകൾ! ആടിയും ഉലഞ്ഞും ഒരു വഞ്ചിയെലെന്ന പോലെ…

സ്കൂളിനടുത്തുള്ള ഇളയമ്മയുടെ വീട്ടിലാണ് ഉച്ചയൂണ്. നല്ല എരിവുള്ള മീൻകറിയും ഓരോ തരം തോരനും എന്നും കാണും.

അവർക്ക് വിവാഹിതയായ ഏകമകൾ മാത്രം. ഇളയമ്മയുടെ ഭർത്താവ് പേരും പെരുമയുമുള്ള ഒരു കരാറുകാരനായിരുന്നു. സൗന്ദര്യവും സമ്പത്തും എളിമയും സൗമിനി ഇളയമ്മയിൽ സമ്മേളിച്ചിരുന്നു.

സ്കൂളിൽ, സഹപാഠികളിൽ പലരും മുണ്ടുടുത്തു വരാൻ തുടങ്ങിയിരുന്നു. അമ്മയക്ക് ഒരു മുണ്ടു വാങ്ങിത്തരാൻ എപ്പൊഴാണ് “പാങ്ങുണ്ടാവുക”?.. ഒരു തിരുവോണതലേന്ന് അമ്മ പുതിയതെരുവിൽ നിന്നും രണ്ടു കുഞ്ഞു മുണ്ടുകൾ കൊണ്ടുവന്നു തന്നു.

മുണ്ടുടുത്തു ചെന്ന ആദ്യ ദിവസം തന്നെ സദാനന്ദൻ മാഷ് എന്നെ ബെഞ്ചിൽ കയറ്റി നിർത്തിച്ചു. ഞാൻ വിയർത്ത് വല്ലാതായി. കുട്ടികൾ കൂട്ടത്തോടെ കൈയ്യടിച്ചു. ഈ പതിവ് വലിയ ആളായി എന്ന അംഗീകാരമായിരുന്നു.

ഉച്ചയ്ക്ക് ഇളയമ്മയുടെ വീട്ടിലേക്ക് വല്ല്യ ഗമയോടെ നടന്നു. ഒതുക്കു കല്ലുകൾ കയറി വരുന്ന ആളെ കണ്ട് അവർ അമ്പരന്നു.

“മോനങ്ങ് വലുതായിപ്പോയല്ലോ!”

ഞാൻ മുണ്ട് താഴ്ത്തിയിട്ട് ചിരിച്ചു കൊണ്ട് നിന്നു.

അന്ന് ചോറ് തിന്നു തീരും വരെ കൗതുകത്തോടെ എന്നെ തന്നെ നോക്കി നിന്നു.

“മോനേ, ഒന്നു നിൽക്കൂ “…

ഞാൻ യാത്ര പറഞ്ഞിറങ്ങാൻ നേരം എന്തോ ഓർത്തിട്ടെന്ന പോലെ ഇളയമ്മ വിളിച്ചു. പിന്നെ നടവകത്തേക്ക് നടന്നു. കട്ടിലിനടിയിൽ നിന്നും കാൽപ്പെട്ടി വലിച്ചു പതുക്കെ തുറന്നു.

പുതുവസ്ത്രത്തിന്റെയും പാറ്റഗുളികയുടെയും നറുമണം മുറിയിൽ നിറഞ്ഞു.

പലതരം കരകളോടുകൂടിയ മുണ്ടുകൾ, പൊന്നാടകൾ, വേഷ്ടികൾ …

“നിന്റെ പാപ്പാന് പലരും സമ്മാനിച്ചതാണ് …”

ഒരു മുണ്ടെടുത്ത് എന്റെ കൈയ്യിൽ വെച്ചു കൊണ്ട് ഇളയമ്മ പറഞ്ഞു.

കറുത്ത കരയുള്ള മുണ്ട്! ഞാൻ ഉടുക്കാൻ കൊതിച്ചിരുന്ന മുണ്ട്!

സന്തോഷവും ആശ്ചര്യവും കൊണ്ട് എന്റെ കണ്ണു നിറഞ്ഞു. കണ്ണീരിൽ വിരിഞ്ഞ ചിരിയുമായി സ്കൂളിലേക്ക് പറന്നു.

വർഷങ്ങൾ പലതു കഴിഞ്ഞു. എന്റെ കല്യാണത്തിനായ് തുണിത്തരങ്ങൾ തിരയവെ കറുത്ത കരയുള്ള മുണ്ടിൽ മനസ്സ് തറഞ്ഞു നിന്നു.

പ്രവാസം, കുടുംബം, കുട്ടികൾ, പ്രാരബ്ദങ്ങൾ, നേട്ടങ്ങൾ, കോട്ടങ്ങൾ, കടമകൾ, കടപ്പാടുകൾ, നിയോഗ വിയോഗങ്ങൾ …

വേരറുക്കപ്പെട്ടവരുടെ നൊമ്പരങ്ങൾ….?!

ജീവിത പുസ്തകത്തിലെ താളുകൾ മറിച്ചു കൊണ്ട് വാർദ്ധക്യത്തിലേക്കുള്ള കാൽവെപ്പുകളുമായി കാലം കടന്നു പൊയ്ക്കൊണ്ടിരുന്നു …

2009-ലെ തണുത്തുറഞ്ഞ ഡിസംബറിൽ, ക്രിസ്തുമസ് ദിനത്തിന്റെ തലേന്ന് ഇളയമ്മ ഓർമ്മയായി.

ഒരു നോക്ക് കാണാനോ കോടി പുതപ്പിക്കാനോ എനിക്ക് കഴിഞ്ഞില്ല. അവരുടെ ആത്മാവ് എന്നോടു പൊറുക്കുമോ?

ഒരുനാൾ കുളിച്ച കുളവും, പലനാൾ നടന്ന വഴികളും, ഉണ്ടുറങ്ങിയ വീടും നമുക്ക് മറക്കാൻ കഴിയുമോ…?

ഇളയമ്മയെ കുറിച്ചുള്ള ഓർമ്മകളോടൊപ്പം കോടി മുണ്ടിന്റെ നറുമണം എന്നുമുണ്ടാകും.

1 Comment
  1. Haridasan 3 years ago

    വന്നവഴി മറക്കരുത്. ഓർമപ്പെടുത്തലിനു നന്ദി

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account