കല  എന്ന  വാക്ക്  ഓരോ  മനുഷ്യന്റെ  ഉള്ളിലും  സൃഷ്ടിക്കുന്ന  ചലനങ്ങൾ  വ്യത്യസ്തമാണ്. കലയെക്കുറിച്ചുള്ള  നമ്മുടെ  കേവല ചിന്താഗതികൾ  പാടെ  മാറ്റി വെച്ച് വേണം  ബിനാലെയുടെ പടികൾ  കയറുവാൻ.

ഇത്  ഉൾക്കാഴ്ചകളുരുകുന്നിടമാണ്. പഞ്ചഭൂതങ്ങളുടെ  ഓരോ അണുവിലും  കലയുടെ  വിത്ത് ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് തിരിച്ചറിയുന്ന  ഇടം കൂടിയാണ്  ഇവിടം. ഒരുക്കിവെക്കൽ മാത്രമല്ല  കാണൽ  എന്ന പ്രക്രിയ കൂടി  കലയായി  മാറുന്ന  കാഴ്ചയാണ് ബിനാലെ  നമുക്ക് സമ്മാനിക്കുന്നത്. 36 രാഷ്ട്രങ്ങളിൽ  നിന്നുള്ള 97 കലാകാരന്മാർ  12 വേദികളിലായി  ഒരുക്കുന്ന   108 ദിവസത്തെ ലോക കലാ സമ്മേളനം മാർച്ച് 29 ന്  അവസാനിക്കും.

ബിനാലെക്കാഴ്ച്ചകൾ …

ആസ്പിൻവാൾ  ഹൗസിൽ സിറൂസ് നമാസി  ഒരുക്കിയ  ഓർമ്മകളെ  പിടിച്ചെടുത്ത്  അവയെ വർത്തമാനകാലത്ത് തളച്ചിടാനുള്ള കലാ ഉദ്യമത്തിലൂടെയാണ് ഉൾക്കാഴ്ച്ചകൾ ഉരുകുവാൻ തുടങ്ങുന്നത്. ചിലർക്കെങ്കിലും തന്റെ പഴയ കാലത്തെ ഇരിപ്പു മുറിയുടെ ഗന്ധവും കാലം മങ്ങലേൽപ്പിച്ച  ചുമരിന്റെ നിറവും തിരികെ പിടിക്കാൻ കലയുടെ ഈ വേറിട്ട കാഴ്ച്ച വഴിയൊരുക്കും.

കല്ലു പൊടിച്ച് വർണ്ണങ്ങൾ ചാലിച്ച്  PK  സദാനന്ദൻ ഒക്ടോബറിൽ ആരംഭിച്ച പന്തിരുകുലത്തിന്റെ  മ്യൂറൽ കഥാചിത്രരചന  മാർച്ചിൽ മാത്രമേ പൂർണ്ണമാവുകയുള്ളൂ എന്നറിയുമ്പോഴാണ് ഒരു കലാകാരന് തന്റെ  സൃഷ്ടിയുമായി എത്രത്തോളം ഇഴുകിച്ചേർന്ന് ജീവിക്കാം എന്ന് നമ്മൾ തിരിച്ചറിയുന്നത്. ദിയ മെഹ്ത ഭൂപാൽ ഒരുക്കിയ ബാത്ത് റൂം സെറ്റ് ക്ഷമയില്ലാത്ത ലോകത്തിനോട് പലതും വിളിച്ച് പറയുന്നുണ്ട്. കടലാസു തുണ്ടുകൾ ചുരുട്ടി വെട്ടി ഒട്ടിച്ചുണ്ടാക്കിയ ഒരു ലക്ഷ്വറി ബാത്ത് റൂം പുതിയ കാഴ്ചയാണ്. ലക്ഷക്കണക്കിന്ന് കടലാസ് ചുരുളുകൾ വെട്ടി ഒട്ടിച്ച് ഒരു കലാസൃഷ്ടി ഒരുക്കാൻ ഭൂപാൽ എത്ര ക്ഷമയോടെയുള്ള പരിശ്രമം നടത്തിയിരിക്കും എന്ന  ചിന്ത തന്നെയാണ് ഈ  സൃഷ്ടിയുടെ വിജയം.

എ ഇ എസ് +  എഫ്  എന്ന പേരിൽ  നാല് കലാകാരൻമാരുടെ കൂട്ടായ്മയിൽ  ഒരുക്കിയ  ഛായാചിത്രകലാരൂപമാണ്  ഡെഫീലെ. മൃതദേഹങ്ങളുടെ  ഫാഷൻ ഷോ!  മനുഷ്യന്റെ കടിഞ്ഞാണില്ലാത്ത  ഫാഷൻ  ഭ്രമത്തിനെ  പരിഹസിക്കുന്ന  കലാസൃഷ്ടി. അടുത്തിടെ മരിച്ച  7 പേരുടെ  മൃതദേഹങ്ങൾ  നവീന  ഫാഷൻ  വസ്ത്രങ്ങൾ  ധരിപ്പിച്ച്  ഒരുക്കിയ  ഈ  കലാസൃഷ്ടി  ആരിലും  ഒരു നടുക്കം  സൃഷ്ടിക്കും.  ചൈനക്കാരനായ ലിയു വെയിന്റെ  ബിഗ്ഡോഗ്  എന്ന ആർട്ട് കാളത്തോൽ  ഉപയോഗിച്ച്  തുന്നിച്ചേർത്ത്  നിർമിച്ച  കെട്ടിട സമാന  ശിൽപങ്ങൾ  നയന മനോഹരമാണ്.

ഫോട്ടോഗ്രാഫിയുടെയും   ഹ്രസ്വചിത്രങ്ങളുടെയും  കലാവൈഭവം  വെളിവാക്കുന്ന  സൃഷ്ടികൾ  ബിനാലേക്ക്  മാറ്റേകുന്നുണ്ട്.

ആരുടെയും ഉളളിലൊരു  കനൽ  കോരിയിടുന്ന  രീതിയിലാണ്  റൗൾ   സുറീത  “The Sea   of pain ”  ഒരുക്കിയിരിക്കുന്നത്.  കടൽ തീരത്തടിഞ്ഞ  അലൻ കുർദിയുടെ   മൃതദേഹത്തിന്റെ  ഫോട്ടോഗ്രാഫ്  ലോക ജനതയുടെ  മനസ്സിൽ  ഒരു കണ്ണുനീർത്തുള്ളിയായ് മാറിയപ്പോൾ  അവന്റെ  മാതാവിനൊപ്പം കടലിന്റെ  ആഴത്തിലേക്ക്  മരണം  കൈ പിടിച്ച് കൊണ്ടുപോയ 5 വയസ്സുകാരൻ ഗാലിപ്  കുർദി ഒരു ഓർമ്മച്ചിത്രം പോലുമില്ലാതെ  മാഞ്ഞു പോയതിന്റെ  മുഴുവൻ വേദനയും  ഒന്നര അടി ആഴത്തിൽ  ഹാളിൽ കടൽ  നിർമ്മിച്ച്      റൗൾ സുറീത്  നമ്മെ  അനുഭവിപ്പിക്കുന്നു…

ഇരുട്ടിന്റെ  വന്യതയിൽ  കടലിലൂടെ  ഒഴുകി നീങ്ങുന്ന  മുറിയും  അൽപ നേരം ചൂടേറ്റാൽ  ഉരുകിത്തീരാവുന്ന മെഴുകു മനുഷ്യനും  കാഴ്ചാചാനുഭവം  നൽകുന്നു.   ഈജിപ്തിലെ  പിരമിഡ് വിഖ്യാത കവികളുടെ  സൃഷ്ടിയുമായി  സമന്വയിപ്പിച്ച്  നിർമ്മിച്ച  കൂറ്റൻ  പിരമിഡ്  “The pyramid of exiled  poets”  ഗംഭീരം തന്നെ !

മണ്ണിലൂടെ  അരിച്ചിറങ്ങുന്ന  കവിത,  ചിന്തകളേപ്പോലെ  അനന്തമായി നീണ്ട കടലാസിൽ  പതിഞ്ഞ  ചൈനീസ് കവിത… ഭാഷകളുടെ  വൈവിധ്യവും  ബിനാലേയിൽ  കാണാവുന്നതാണ്.

ബോസ് കൃഷ്ണമാചാരി, നാരായൺ ഷെട്ടി,  റിയാസ് കോമു  എന്നിവരാണ്  ഈ കലാ മാമാങ്കത്തിന്  അരങ്ങൊരുക്കുന്നത് .ഫോർട്ട് കൊച്ചിയിലെത്തി  ആസ്പിൻവാൾ  ഹൗസിൽ  ചെന്ന് 100  രൂപ ടിക്കറ്റ്  എടുത്താൽ  12 വേദികളിലായി നടക്കുന്ന  ബിനാലെക്കാഴ്ചകൾ  ആസ്വദിക്കാം…

1 Comment
  1. Ranji 3 years ago

    Awesome & Innovative…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account