വിരിഞ്ഞിരിക്കുന്ന വീട്ടുമുറ്റത്തു നിന്നും ഓണക്കാലത്ത് മാത്രം പൂക്കളെയോർത്ത് ആവലാതിപ്പെടുന്ന ഇന്നത്തെ മലയാളിയിലേക്കുള്ള മാറ്റത്തിന് അത്രമേൽ കാലപ്പഴക്കമില്ല. എന്നാലും പൂവും പൂക്കാലവും വിദൂര സ്വപ്നമായി മാറിയ കേരളീയ യാഥാർഥ്യത്തിലേക്ക് ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ വിരുന്നെത്തുകയും വിലകൊടുത്ത് പൂക്കളമിടുന്ന പുതിയ സംസ്കാരം പൊടുന്നനെ സൃഷ്ടിച്ചെടുക്കുകയും ചെയ്തത് നിസ്സാര കാര്യമല്ല. മഴവിൽനിറമുള്ള ഓണക്കാലങ്ങൾ തിരികെ വരാത്തവിധം പൊയ്പ്പോയതോടെ മലയാളിയുടെ കാല്പനിക മനസ്സ് അൽപ്പമെങ്കിലും സന്തോഷം കണ്ടെത്തുന്നത് കൊഴിഞ്ഞുവീണ പൂവോർമ്മയിലൂടെയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 14 ന് കർണ്ണാടകയിലേക്ക് നടത്തിയ കുടുംബത്തോടെയുള്ള യാത്ര ഹൃദയത്തോട് ചേർന്നുനിൽക്കുന്നതിന്റെ കാരണം ഇതൊക്കെത്തന്നെയാണ്.
മലപ്പുറത്തിന്റെ നേർത്ത തണുപ്പിലൂടെ പുറപ്പെട്ട യാത്ര സുൽത്താൻ ബത്തേരി വഴി ഗുണ്ടൽപേട്ടിലെത്തിയപ്പോഴേക്കും നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ മുത്തങ്ങ,ബന്ദിപ്പൂർ തുടങ്ങിയ വനമേഖലകൾ ഞങ്ങൾ പിന്നിട്ടിരുന്നു. റോഡിനിരുവശത്തുമുള്ള പച്ചയണിഞ്ഞ കാടുകൾ നൽകിയ കൺകുളിർമ ഇപ്പോഴും മനസ്സിൽ വറ്റാതെ ബാക്കികിടക്കുന്നുണ്ട്. കാടിന്റെ നെഞ്ചുകീറിയുണ്ടാക്കിയ വഴിയിലൂടെയുള്ള യാത്രയാണിതെന്ന ഓർമ്മപ്പെടുത്തൽ ഇടയ്ക്ക് മുന്നിൽപെട്ട വന്യമൃഗങ്ങളുടെ തുറിച്ചുനോട്ടങ്ങളിലൊക്കെ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു.
ആദ്യം കണ്ട ചെണ്ടുമല്ലിപ്പാടം ക്യാമറയിൽ ഒപ്പിയെടുക്കുമ്പോഴാണ് ആട്ടിടയനായ ഒരു വൃദ്ധൻ മറ്റുചില പാടങ്ങളെക്കുറിച്ച് പറഞ്ഞുതന്നത്. ചെണ്ടുമല്ലി കൂടാതെ വാടാമല്ലി, സൂര്യകാന്തി തുടങ്ങിയ പൂക്കളാണ് അവിടെയെല്ലാം കൂടുതലായി കൃഷിചെയ്തിരുന്നത്. പറിക്കാൻ പാകത്തിലായി നിറഞ്ഞുനിൽക്കുന്ന പൂപ്പാടങ്ങൾ കാണുമ്പോൾ പറിച്ചെടുക്കാനേ തോന്നില്ലായെന്നതാണ് വാസ്തവം. പൂക്കൾക്കിടയിൽ നിന്ന് സെൽഫിയെടുക്കുന്ന ടൂറിസ്റ്റുകളെ തൊഴിലാളികൾ അവരവരുടെ പാടത്തേക്ക് ക്ഷണിക്കുന്നത് കാണാമായിരുന്നു..
കാലവസ്ഥാവ്യതിയാനം മൂലം ചിലയിടങ്ങളിലെ സൂര്യകാന്തിപ്പൂക്കൾ കരിഞ്ഞുണങ്ങിയിരുന്നു. അധ്വാനവും ധനവും നഷ്ട്ടപ്പെട്ട കർഷകന്റെ വേദനയോർത്ത് എനിക്കെന്തോ സങ്കടം വന്നു. അത് മായ്ക്കാണെന്ന വണ്ണം ഗോപാൽസ്വാമി ഹിൽസിലേക്ക് കയറുന്നിടത്ത് മഞ്ഞപ്പൂക്കൾ കണ്ണെത്താ ദൂരത്തോളം പടർന്നിരുന്നു. മല കയറാൻ കർണ്ണാടക സർക്കാറിന്റെ ബസ്സാണ് ഏക ആശ്രയം. ഒരുഭാഗം അഗാധമായ ഗർത്തവും മറുഭാഗം വിശാലമായ കുന്നും കണ്ടുകൊണ്ടുള്ള ആ പോക്ക് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിച്ചത്. വിളവെടുത്തതും എടുക്കാത്തതുമായ പാടങ്ങളും പാറക്കൂട്ടങ്ങളെയും നിറഞ്ഞ മലനിരകളെയും പിന്നിലാക്കി ഏറ്റവും മുകളിലെ കോവിലിലാണ് ഞങ്ങളുടെ യാത്ര ചെന്നെത്തിയത്. മുകളിൽ നിന്ന് താഴേക്കുള്ള നോട്ടത്തിലൂടെ വന്നവഴിയുടെ രേഖാചിത്രം കണ്ടപ്പോൾ പേരറിയാത്ത ഉൾക്കിടിലമുണ്ടായിയെന്നതാണ് സത്യം!
പൊതുവെ നമ്മൾ ഓർത്തിരിക്കുന്ന ഓണക്കഥ കൂടാതെ ഓണത്തെക്കുറിച്ച് ഒത്തിരി ഐതിഹ്യങ്ങൾ നിലവിലുണ്ട്. തമിഴ്നാട്ടിൽ വിളവെടുപ്പുത്സവമായി ആഘോഷിച്ചിരുന്ന ഓണം കേരളത്തിലേക്ക് സംക്രമിച്ചതാണെന്നും ആദ്യഘട്ടത്തിൽ ക്ഷേത്രോത്സവമായിരുന്ന ആഘോഷം പിന്നീട് ഗാർഹികോത്സവമായി മാറിയതാണെന്നുമുള്ള പ്രബലമായ അഭിപ്രായം അതിലൊന്നാണ്. ഒമ്പതാം ശതകത്തിൽ ജീവിച്ചിരുന്ന പേറയാഴ്വരുടെ ‘തിരുമൊഴി’യിലും ‘മധുരൈകാഞ്ചി’ എന്ന സംഘകൃതിയിലും തമിഴ്നാട്ടിൽ ഓണമാഘോഷിച്ചതിനുള്ള തെളിവുകൾ കാണാം. ഇത്തരത്തിൽ അയൽസംസ്ഥാനവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഓണത്തിന്റെ അവിഭാജ്യഘടകമായ പൂക്കൾ അവിടെനിന്നും കൊണ്ടുവരേണ്ട സ്ഥിതിയിലേക്ക് എത്തിയത് ചരിത്രത്തിന്റെ മറ്റൊരു നിയോഗമാവാം.
കടുവാസങ്കേതങ്ങളായ കർണ്ണാടകയിലെ ബന്ദിപ്പൂരും തമിഴ്നാട്ടിലെ മുതുമലയും സ്പർശിച്ച്, ഗൂഡല്ലൂരിലൂടെ, നാടുകാണി ചുരമിറങ്ങി, മലപ്പുറത്ത് തിരിച്ചെത്തിയപ്പോഴും മനസ്സിൽ നിറമുള്ള കാഴ്ചകൾ മായാതെ കിടപ്പുണ്ടായിരുന്നു.
ഇന്നിപ്പോൾ നമ്മുടെ ചെറിയ ഓണപ്പൂക്കളങ്ങളെല്ലാം അവരുടെ വലിയ പൂപ്പാടങ്ങളുടെ കഷ്ണങ്ങളായി എനിക്ക് അനുഭവപ്പെടുന്നു. അന്നേരമെല്ലാം എന്റെയോർമ്മകൾ കൊതിപ്പിക്കുന്ന പൂമണമുള്ളതായി മാറുന്നു.