നാലു ചുവരിലും
അവൾ ചിത്രമെഴുതും
ശുചിമുറിയോളം
സാഹിത്യ മേളനങ്ങൾ
നടത്തുന്ന അരങ്ങില്ല
അവൾക്ക്
ഒരു കപ്പ് വെള്ളം
വീഴുന്നിടമത്രയും
സ്വതന്ത്രമാവുന്ന മറ്റൊരിടവുമില്ല
അവളുടെ ഉടലടയാളങ്ങളിൽ
ആകെ അയഞ്ഞ്
തുങ്ങിയവയറിൽ
പിറവി കോറിയിട്ട്
മാഞ്ഞ ജനാനന്തര
വിലാപങ്ങളുടെ
ചുവരെഴുത്ത്…
പച്ചമനുഷ്യത്തിയായി നനഞ്ഞ്
മണക്കും സോപ്പിൽ
അവൾ കൊറോണയെ
മാത്രമല്ല
കൊറെ സങ്കടങ്ങളേയും
തുരത്താറുണ്ട്.
നിറഞ്ഞ് പതഞ്ഞ്
മുടിയെല്ലാം തുവർത്തി
വിടർത്തി പീലി വിരിച്ചടി
കുടഞ്ഞ്..
കഞ്ഞി മുക്കിയുണക്കിയ
കോട്ടൺ സാരിയിൽ
ഒരു റാമ്പിലെ നടത്തം
നടന്ന് അടുക്കളയിലേക്കും
പിന്നെ മുറ്റത്തേക്കും
മൂന്ന് റൗണ്ട് ഉണ്ട്..
ഫാഷൻ ചാനലിലെ
അതേ ചുവടുകൾ
എന്നിട്ട്
തൻ്റെ മാത്രം ചോർച്ചകളെഅറിയാൻ
ഒരു പരതലുണ്ട്.
തലയിലെ നരച്ച മുടി
അടരുമെന്ന് ഭീഷണി
തുടരുന്ന പല്ല്
ഇടുപ്പിലെ വേദന
ഇപ്പോൾ പൊട്ടു
തൊടീയ്ക്കുമെന്ന്
കട്ടായം പറയുന്ന
ഗർഭപാത്രം
അത് എടുത്ത്
മാറ്റിവെക്കാനുള്ള
പങ്കപ്പാടുകൾ
ഉടൽ വിലക്കും
ലോക് ഡൗണും
മാറിയിരിക്കലും
എന്നിട്ടും
ചുവരിലെ
പഴയ ഫോട്ടോയിലേക്കൊരു നോട്ടമെറിഞ്ഞ്
അവൾ
മുറ്റത്തെ മൈനയോട്
സ്വകാര്യമായി
മൊഴിയlറുണ്ടി പ്പഴും.
ഞാനാരാ മോള് …
അതിപ്പോഴും
പഴയപടി
ഒറ്റമൈനയാണ്
അന്നമ്മ ടീച്ചറെ
കൊണ്ട് തല്ലിക്കുന്ന
ഒറ്റമൈന
കാണുംപടി മാത്രം
കാണുന്ന
നക്ഷത്രങ്ങൾ
ചിരിക്കുമ്പോൾ
ഒന്നറിയാം
അവൾക്ക്
പാവം
ഏത് സെലിബ്രിറ്റിയാ –
യാലും അവളുടെ
വിലങ്ങഴിയുന്നില്ല …
അതഴിക്കുന്ന
വിധം അവൾ
ഒരു കാലത്തും
പഠിക്കാൻ തയ്യാറല്ല.
ആരാച്ചാരിലെ
കുടുക്ക് കൂടെ ഉണ്ടായിട്ടും
ഊരാക്കുടക്ക് അഴിക്കാൻ
അവളിപ്പോഴും പഠിച്ചിട്ടില്ല!
– അജിത്രി