പുറത്തു നിൽക്കുക
ജനലിലൂടെ എന്റെ വീട്ടിലേക്ക്
എത്തി നോക്കുക
അലസമായി കിടക്കുന്ന
മുറികളിലേക്ക് നോക്കുക
അലക്കാതെ കിടക്കുന്ന
മുഷിഞ്ഞ വസ്‌ത്രങ്ങൾ കാണാം
എഴുതി വലിച്ചെറിഞ്ഞ
അക്ഷരങ്ങൾ കാണാം
അവയ്ക്കിടയിലൂടെ ഉറുമ്പുകൾ
അരിച്ചിറങ്ങുന്നത് കാണാം
കട്ടിലിനടുത്തായി മരുന്നുകൾ
ചിതറികിടക്കുന്നത് കാണാം
അവ ഓരോ മാസത്തേയും
ഭ്രൂണങ്ങളെ കാത്തു കിടന്ന
മടുപ്പിന്റെ പ്രേതങ്ങളാണ്
കാണുന്നുണ്ടോ മൂടിവെക്കാത്ത
കൺമഷിക്കൂട്?
പടിഞ്ഞാറേ മുറിയിലേക്ക് വരിക
അവിടെ നിർവികാരതയോടെ നോക്കുന്ന
എന്റെ ചിലങ്കകൾ കാണാം
വീണു കിടക്കുന്ന
ചായപെൻസിലുകൾ കാണാം
ക്യാൻവാസിൽ പാതി നഗ്നയായ
സ്‌ത്രീയുടെ ചിത്രം കാണാം
ഇനി എന്റെ അടുക്കളയിലേക്കു കടക്കുക
കഴുകാതെ വച്ച പാത്രങ്ങളിൽ
സ്വപ്‌നങ്ങളുടെ എച്ചിലുകൾ കാണാം
പാതി തുറന്ന പൈപ്പിലൂടെ
ഇറ്റു വീഴുന്ന തുള്ളികൾക്കു
എന്ത് താളമെന്നു പറയണം
ഇനി എന്നിലേക്ക്‌ നോക്കുക
അഴിച്ചിട്ട മുടിയിഴകളിലെ
പ്രണയങ്ങളെ എണ്ണുക
കണ്ണിലെ കനലൊന്നു
തൊട്ടറിയുക
ഇനി ആ ജനാല അടക്കുക
തിരിഞ്ഞു നോക്കാതെ പൊയ്ക്കൊള്ളുക
അലറിവിളിച്ചു പറയുക
അതൊരു ഭ്രാന്തിയുടെ
വീടാണെന്ന്…

1 Comment
  1. Anil 1 year ago

    Good lines….

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account