thank you

മിഴിയില്‍ വറ്റാത്ത കണ്ണുനീരിനും ഉയിരുണങ്ങാത്തൊരലിവിനും നന്ദി

പോയ വർഷം സ്നേഹിച്ച പലരും നമ്മെ വിട്ടു പിരിഞ്ഞു പോയി. എല്ലാവർക്കും പ്രണാമം. പോയ വർഷത്തിലെ അവസാന യാത്രമൊഴി ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോയുടെതായിരുന്നു.

ഫിഡൽ കാസ്ട്രോ ഒരിയ്ക്കൽ പറഞ്ഞു. അനീതിയ്ക്കും, സ്വാർഥതയ്ക്കുമെതിരെ എന്റെ ശബ്ദം ചിലപ്പോൾ ഉയർന്നേക്കാം. അത് അഹങ്കാരമെന്ന് നിങ്ങൾ ദുർവ്യാഖാനം ചെയ്തേക്കാം.. നോക്കൂ അനീതിയ്ക്കും, സ്വാർഥതയ്ക്കുമെതിരെ ഉയരുന്ന എന്റെ ശബ്ദം അഹങ്കാരമെങ്കിൽ ആ അഹങ്കാരം എനിയ്ക്ക് പ്രിയപ്പെട്ടതാണ്.

സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും എന്നെഴുതിയ കവിയോട് ബഹുമാനമുള്ളത് കൊണ്ട്, പവിഴമല്ലിപ്പൂവിതളുകളുടെ പരവതാനി വിരിച്ചു തരും പ്രകൃതിയുടെ സ്നേഹമോർത്ത്, കടലിന്റെ മനോഹരമായ സംഗീതമാസ്വദിക്കാനാവുന്നു. വൃക്ഷങ്ങളും, ഭൂമിയും, കാറ്റും, മഴയും, നിസ്വാർഥതയുടെ ഋതുക്കളാകുമ്പോൾ ജീവിതത്തിൽ നിന്ന് ഞാനെന്റെ പരാതിപ്പെട്ടിയെ ഉപേക്ഷിക്കുന്നു. എത്രയോ നന്മ നിറഞ്ഞ മനുഷ്യരുടെ സ്നേഹവും, വാൽസല്യവും, കരുതലും അരികിലുള്ളപ്പോൾ കവിത മനസ്സിൽ നിറയുമ്പോൾ ദൈവമേ നന്ദി പറയുന്നു. ദുരന്തവും, ദു:ഖവുമുണ്ടാകുമ്പോഴും അതിനരികിൽ കരുതലിന്റെ ക്ഷീരസാഗരം..

സുഗതകുമാരി ടീച്ചറിന്റെ ഒരു കവിത ഓർമ്മ വരുന്നു.

നന്ദി
സുഗതകുമാരി

എന്‍റെ വഴിയിലെ വെയിലിനും നന്ദി,
എന്‍റെ ചുമലിലെ ചുമടിനും നന്ദി.
എന്‍റെ വഴിയിലെ തണലിനും,മര-
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി.
വഴിയിലെ കൂര്‍ത്ത നോവിനും നന്ദി,
മിഴി ചുവപ്പിച്ച സൂര്യനും നന്ദി.
നീളുമീ വഴിച്ചുമടുതാങ്ങിതന്‍
തോളിനും വഴിക്കിണറിനും നന്ദി.
നീട്ടിയോരു കൈക്കുമ്പിളില്‍ ജലം
വാര്‍ത്തുതന്ന നിന്‍ കനവിനും നന്ദി.
ഇരുളിലെ ചതിക്കുണ്ടിനും പോയൊ-
രിരവിലെ നിലാക്കുളിരിനും നന്ദി.
വഴിയിലെ കൊച്ചു കാട്ടുപൂവിനും
മുകളിലെ കിളിപ്പാട്ടിനും നന്ദി.
മിഴിയില്‍ വറ്റാത്ത കണ്ണുനീരിനും
ഉയിരുണങ്ങാത്തൊരലിവിനും നന്ദി.

* * * * *
ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെയേകയായ്
കാത്തുവെയ്ക്കുവാനൊന്നുമില്ലാതെ
തീര്‍ത്തുചൊല്ലുവാനറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആര്‍ദ്രമേതോ വിളിക്കുപിന്നിലായ്
പാട്ടുമൂളി ഞാന്‍ പോകവേ,നിങ്ങള്‍
കേട്ടുനിന്നുവോ! തോഴരേ,നന്ദി,നന്ദി

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account