തമിഴകം സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന ഒരേയൊരു നടനാണ് രജനികാന്ത്! തമിഴ്‌നാടിന്റെ അതിരുകളെ ഭേദിച്ച്‌ ദേശീയ-അന്തർ  ദേശീയ മാർക്കറ്റുകൾ സ്വന്തമാക്കിയ സൂപ്പർ താരം! ആ സൂപ്പർ താരത്തിൻ്റെ വിപണിസാധ്യതകൾ മുന്നിൽ കണ്ട് നിർമ്മിച്ച  ഏറ്റവും ചെലവേറിയ ചിത്രത്തിൽ, അയാളുടെ  മൂന്ന് ഗെറ്റപ്പുകളെ നിഷ്‌പ്രഭമാക്കി അക്ഷയ് കുമാറിൻ്റെ പക്ഷിരാജൻ നിറഞ്ഞാടുന്ന കാഴ്ച്ചയാണ് 2.O സമ്മാനിച്ച വിസ്‌മയം! സിനിമ കണ്ടിറങ്ങുമ്പോൾ കൂടെ പോരുന്നതും പക്ഷിരാജനും സിട്ടുകുരുവികളുടെ കിളിക്കൊഞ്ചലുകളും സമ്മാനിച്ച നൊമ്പരം  മാത്രം!

നാലു തിയേറ്ററുകളിലെ ആറ്  സ്‌ക്രീനുകളിലായി പുലരും മുതൽ പാതിരാ വരെ പത്തിരുപത്തഞ്ച് പ്രദർശനങ്ങളാണ് ശങ്കറിന്റെ ഏറ്റവും ചെലവേറിയ ചിത്രത്തിന് ആദ്യ ദിവസം കോഴിക്കോടുണ്ടായിരുന്നത്.  കോഴിക്കോട് ക്രൗൺ തിയേറ്ററിലെ ത്രീഡിയും ഡോൾബി അറ്റ് മോസുമൊക്കെ കിടുകിടിലൻ ആണെന്നറിയാവുന്നതുകൊണ്ട് ഇങ്ങനെയൊരു പടം അവിടെത്തന്നെ കാണാൻ തീരുമാനിച്ചു. ഇതുവരെ കാണാത്ത തരത്തിലുള്ള അതിമനോഹരമായ ടൈറ്റിൽ ദൃശ്യങ്ങൾ കണ്ടപ്പോൾ തന്നെ ടിക്കറ്റിന്റെ കാശ് മുതലായി. സ്‌ക്രീനിൽ നിന്നിറങ്ങി നമുക്ക് ചുറ്റും പറന്നു നടക്കുന്ന കുരുവികളും ആ കിളികളിൽ നിന്നെന്ന പോലെത്തന്നെ നമുക്ക് ചുറ്റും  കേൾക്കുന്ന അവയുടെ ശബ്‌ദങ്ങളും അതുല്യമായ അനുഭവമായിരുന്നു. ഒരു കുട്ടിയുടെ കൗതുകത്തോടെ സിനിമ കാണാൻ ആ തുടക്കം നമ്മളെ സജ്ജരാക്കുന്നുണ്ട്. അങ്ങനെ സജ്ജരായില്ലെങ്കിൽ ഈ സിനിമ ആസ്വദിക്കാൻ  നമുക്കൊരിക്കലും സാധിക്കുകയുമില്ല.

ശങ്കറിന്റെ മുൻചിത്രമായ ‘ഐ’  മേക്കപ്പിന്റെ അനന്ത സാദ്ധ്യതകൾ അവതരിപ്പിച്ച്‌ രസിപ്പിക്കുകയും എന്നാൽ മേക്കപ്പിനു വേണ്ടി മാത്രമെടുത്ത പടമെന്നു പഴികേൾക്കുകയും ചെയ്‌തു. ഈ സിനിമയിലും പഴി ഉറപ്പാണ്. ഡിജിറ്റൽ വിഷ്വൽ എഫക്‌ട്‌സിന്റെ ആഘോഷമാണ് 2.O. അതിനിടയിൽ അക്ഷയ്‌കുമാറിൻ്റെ കഥാപാത്രവും മനുഷ്യനെയും പറവകളെയും മൊബൈൽ  ടവറുകളുടെ റേഡിയേഷനെയും കുറിച്ച് അയാൾ പറയുന്ന വർത്തമാനങ്ങളും (ജയമോഹനാണ് സംഭാഷണമെഴുത്ത്) മനസ്സിനെ സ്‌പർശിക്കുന്നു. ചിന്തിപ്പിക്കുന്നു. യഥാർത്ഥത്തിലുള്ള നായകൻ അയാളായിരിക്കെ, സത്യവും ന്യായവും അയാളുടേതായിരിക്കെ രജനിയുടെ നായകന്മാർക്ക് അയാളുടെ പ്രിയപ്പെട്ടവരെ മുൻനിർത്തി വില്ലൻ കളിക്കേണ്ടി വരുന്നു. അങ്ങനെയങ്ങനെ  രജനിപ്പടങ്ങളിലെ നായകസങ്കൽപ്പത്തെ ശങ്കർ എന്ന സംവിധായകൻ പൊളിച്ചടുക്കുന്ന കാഴ്‌ച കൗതുകകരമാണ്. പാട്ട്, ആട്ടം, കോമാളിക്കോമഡിട്രാക്ക്  തുടങ്ങിയ പതിവ്  ഉഡായിപ്പുകളെയൊക്കെ പടിക്കു പുറത്ത് നിർത്തിയതിനു കൊടുക്കണം പ്രത്യേക കയ്യടി.

ഈ പറഞ്ഞതിലപ്പുറം സിനിമയിലുള്ളത് മുഴുവൻ ഗ്രാഫിക്‌സ്  അഭ്യാസങ്ങളാണ്.  വിഷ്വൽ/സൗണ്ട് എഫക്റ്റുകളും എ.ആർ. റഹ്‍മാനും ചേർന്നൊരുക്കുന്ന മായാലോകം. സ്‌ക്രീനിലങ്ങനെ കണ്ണെടുക്കാതെ നോക്കിയിരിക്കാം. ഇതെന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ഇടക്കൊക്കെ ആലോചിക്കാം. കാഴ്ച്ചകളിൽ നിന്ന് കണ്ണെടുക്കാതെ തന്നെ ചിലപ്പോഴൊക്കെ ബോറടിക്കാം.  പക്ഷിരാജനെ മനുഷ്യനായി നിലനിർത്തികൊണ്ടുള്ള (രജനി തന്നെ ആയിക്കോട്ടെ പക്ഷിരാജൻ) ഒരു സിനിമയായിരുന്നെങ്കിൽ ഈ സിനിമ പകരുന്ന സന്ദേശം ഇതിലും നൂറിരട്ടി തീവ്രമായി പ്രേക്ഷകരിലെത്തിക്കാൻ കഴിയുമായിരുന്നില്ലേ എന്നു തോന്നാം. വലിയ വലിയ ശാസ്‌ത്രീയ സംഗതികളൊക്കെ പറഞ്ഞ് പറഞ്ഞ് വന്ന് അവസാനമായപ്പോൾ വേനൽക്കാലത്ത് പക്ഷികൾക്ക് കുടിക്കാൻ കുറച്ചു വെള്ളമെങ്കിലും ഒഴിച്ചു വെച്ചാൽ നന്ന്  എന്ന് പറഞ്ഞവസാനിപ്പിക്കേണ്ടി വരുന്നത് കാണുമ്പോൾ തീർച്ചയായും ആഗ്രഹിച്ചു പോകും, ഗ്രാഫിക്‌സ് അഭ്യാസങ്ങൾക്കപ്പുറം ഇതൊരു ഗംഭീര സിനിമയായിരുന്നെങ്കിലെന്ന്!

ടെയിൽ എൻഡ്: നമ്മുടെ കലാഭവൻ ഷാജോൺ, ഇന്ത്യ മുഴുവനോടുന്ന വമ്പൻ വാണിജ്യ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ടൊരു കഥാപാത്രമായി മികച്ച പ്രകടനം നടത്തുന്നത് ഈ സിനിമ നൽകുന്ന വലിയ സന്തോഷമാണ്.  ആ സന്തോഷം പങ്കുവെക്കാതെ ഈ കുറിപ്പ് പൂർത്തിയാകില്ല.

– ഉമേഷ് വള്ളിക്കുന്ന്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account