ബ്രഹ്മാണ്ഡചിത്രങ്ങൾ എന്നൊക്കെ കെട്ടിപ്പൊക്കി എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ഉഡായിപ്പ് പടങ്ങൾ ഒരൊറ്റ നഗരത്തിൽ മാത്രം ഇരുപത്തഞ്ചോ മുപ്പതോ ഷോ കളിക്കുമ്പോൾ കൈരളിയിലോ, ശ്രീയിലോ ദിവസത്തിൽ ഒറ്റ ഷോ മാത്രം (അതും ആളെത്തിപ്പെടാത്ത പതിനൊന്നു മണിക്ക്) അനുവദിച്ചു കിട്ടുന്ന ചില സിനിമകളുണ്ട്. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകൾ പലതും അങ്ങനെ വന്നു പോയിട്ടുണ്ട്. കുറച്ചു കാണികൾ മാത്രം വരും. വർഷത്തിൽ ഒന്നോ രണ്ടോ പടങ്ങൾ അക്കൂട്ടത്തിൽ രണ്ടാം വാരത്തിലേക്ക് കടക്കും. ആ രണ്ടാം വാരത്തിന്റെ പോസ്റ്ററൊട്ടിക്കാനുള്ള പണം പോലും മൊത്തം കളക്ഷനാനായി കിട്ടിയെന്നു വരില്ല മിക്കപ്പോഴും.
പടം നന്നായാൽ മതി ആള് കയറുമെന്ന് പതിവായി പലരും പറയാറുണ്ട്. എന്നാൽ പടമെത്ര നന്നായാലും നൂറാള് തികച്ചു കാണാതെ തിയേറ്റർ വിടേണ്ടി വരുന്ന അവസ്ഥ പലപ്പോഴും കണ്ടിട്ടുണ്ട്. വേറിട്ട സിനിമകളെ അവാർഡ് പടങ്ങൾ എന്ന് തള്ളിക്കളയുന്നവ മാത്രമല്ല, വാണിജ്യസിനിമ എന്ന നിലയിൽത്തന്നെ വന്ന ഭേദപ്പെട്ട പടങ്ങളും നിലം തൊടാതെ പോകാറുണ്ട്.
കഴിഞ്ഞയാഴ്ചയിലെ വലിയ റിലീസായിരുന്നു എന്തിരൻ്റെ രണ്ടാം ഭാഗമായ 2.O. രജനി-ഷങ്കർ കൂട്ടുകെട്ടിൽ വന്ന ഏറ്റവും വലിയ പണംമുടക്കിപ്പടം. അഞ്ഞൂറിൽപ്പരം കോടികളാണത്രേ മുടക്കു മുതൽ! കേരളത്തിലൊട്ടാകെ നാനൂറിലധികം തിയേറ്ററുകളിലായി ദിവസേന ആയിരക്കണക്കിന് പ്രദർശനങ്ങളാണ് ആദ്യവാരത്തിൽ!! ഗംഭീര പരസ്യ പ്രചരണങ്ങളും നായകന്മാരുടെയും സംവിധായകൻ്റെയും താരമൂല്യവുമൊക്ക അതുല്യമായതു കൊണ്ട് ആദ്യ ദിവസം റെക്കോർഡ് കളക്ഷനും കിട്ടിയിട്ടുണ്ടാവും. എന്നാൽ ഗ്രാഫിക്സ് അഭ്യാസങ്ങൾ കാണിക്കാൻ മാത്രമുള്ള പടമാണെന്ന് ഒന്നാം ദിവസത്തെ സാധാരണക്കാരായ പ്രേക്ഷകർ ഉത്തരവാദിത്തത്തോടെ വെളിപ്പെടുത്തിയതോടുകൂടി മിക്ക തിയേറ്ററുകളിലും തിരക്കൊഴിഞ്ഞു. ഒരാഴ്ച ഒപ്പിച്ച് പലരും പടം മാറ്റി. രണ്ടാഴ്ചയെങ്കിലും ഓടുമെന്ന ഉത്തമ വിശ്വാസത്തിൽ മറ്റു പടങ്ങളൊന്നും ചാർട്ട് ചെയ്യാതിരുന്നത് ചില തിയേറ്ററുകൾക്കു വിനയായി.
ഈ ബഹളങ്ങൾക്കിടയിലാണ് കോഴിക്കോട് കൈരളിയിൽ രാവിലെ പതിനൊന്നുമണിക്കുള്ള നൂൺഷോ ആയി പാപ്പാസ് എന്ന മലയാള സിനിമ റിലീസാകുന്നത്. ഒരു പുതുമുഖ സംവിധായകൻ, പുതുമുഖങ്ങളെ വച്ച് താരതമ്യേന കുറഞ്ഞ ചെലവിൽ ലളിതമായി ഒരുക്കിയ സിനിമ. ഇന്നിപ്പോൾ രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ കുടുംബ പ്രേക്ഷകർക്ക് സൗകര്യപ്രദമായ വിധത്തിൽ ആറു മണിക്കുള്ള ഫസ്റ്റ് ഷോ അനുവദിച്ചു കൊടുത്തിരിക്കുന്നു തിയേറ്ററുകാർ.
1984 ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതിന് മുൻപും ശേഷവുമായുള്ള ഒരു ചെറിയ കാലയളവിൽ അന്ന് കുട്ടിയായിരുന്ന ലോന എന്ന ലോനപ്പന്റെ ജീവിതത്തിലെ ഒരേടാണ് പാപ്പാസ്. മദ്യപാനിയായ അച്ഛനും അതിന്റെ ഭാഗമായുണ്ടാകുന്ന ദാരിദ്ര്യവും കുടുംബത്തിലെ പ്രശ്നങ്ങളുമൊക്കെ നൂറാവർത്തിച്ച കഥകൾ തന്നെയാണ്. എങ്കിലും, അതൊരു കുട്ടിയുടെ കണ്ണിലൂടെ ലളിതമായി കാണുകയും ബോറടിപ്പിക്കാതെ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ സിനിമ ഹൃദ്യമാകുന്നു. കുടുംബത്തിനകത്തും പുറത്തും ഒരു ജോഡി ചെരുപ്പുമായി നടത്തുന്ന ലോനയുടെ യാത്രകൾ രസകരവും ഏറെക്കുറെ ഹൃദയസ്പർശിയുമാണ്. ജ്യോതിസ്സ് എന്ന ബാലൻ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു ലോനയെ.
അഭിനയിച്ച എല്ലാവരും പുതുമുഖങ്ങളായിരുന്നിട്ടും ആരും മോശമാക്കിയില്ല (അവരുടെ പേരറിയാൻ ഒരു വിക്കിപീഡിയ പേജ് പാപ്പാസിനില്ലാത്തത് കഷ്ടമായി). ഒരു ഗിമ്മിക്കും കാട്ടാതെ, ഒരഭ്യാസത്തിനും നിൽക്കാതെ നേർവരയിലൂടെ ലളിതമായി കഥപറഞ്ഞ് സിനിമയൊരുക്കിയിരിക്കുന്നു സംവിധായകൻ സമ്പത്ത്. സംവിധാനസഹായിയായി ഒരുപാട് കാലം സിനിമയുടെ പുറകെ അലഞ്ഞ ഒരാൾ കൂടി സംവിധായകനായി വരുന്നത് സന്തോഷം. സന്തോഷ് കല്ലാട്ടിന്റെതാണ് രചന. റഷീദ് റാഷി ഛായാഗ്രഹണം. രാംലീല പ്രോഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിലെ പാട്ടുകൾ ഡോ. ഗോപാൽ ശങ്കറിൻ്റെ ഈണത്തിൽ റഫീക്ക് അഹമ്മദും കൈതപ്രവും എഴുതിയിരിക്കുന്നു. സാജൻ കെ. റാമിൻ്റെ പശ്ചാത്തല സംഗീതം.
കുട്ടികളുടെ സിനിമ എന്നൊക്കെ പറയാവുന്ന തരത്തിൽ, എന്നാൽ കുട്ടികളുടേത് മാത്രമല്ലാത്ത ഒരു സിനിമയാണ് പാപ്പാസ്. മികച്ച സിനിമയെന്നോ ഗംഭീര പെർഫോമൻസ് എന്നോ പറയാൻ സാധിക്കില്ല. പക്ഷേ ബ്രഹ്മാണ്ഡം, അണ്ഡകടാഹം എന്നൊക്കെ പറഞ്ഞ് ആളെ പറ്റിക്കാൻ വരുന്ന പൊട്ടപ്പടങ്ങൾക്കിടയിൽ ഒരാശ്വാസം തന്നെയാണ് പാപ്പാസ്. ദശകോടികൾ/ശതകോടികൾ മുടക്കിയെന്നും കൊട്ടക്കണക്കിന് കോടികൾ വാരി എന്നും പറയുന്ന കച്ചവട ഉഡായിപ്പുകൾക്കിടയിൽ ഒരു അവകാശവാദവുമില്ലാതെ വന്നു പോകുന്ന ഒരു കൊച്ചു സിനിമ.
അഞ്ഞൂറ് കോടി മുടക്കുമുതലും അന്താരാഷ്ട്ര മാർക്കറ്റുള്ള താരരാജാക്കന്മാരുമുണ്ടായിട്ടും തോറ്റുപോകുന്ന സിനിമകളെക്കാൾ ആകെ കിട്ടിയ ഒറ്റ ഷോ രണ്ടാം വാരത്തിലേക്കു ചേർത്തുപിടിക്കാനായ ‘പാപ്പാസി’നോട് തന്നെയാണ് സ്നേഹം.
– ഉമേഷ് വള്ളിക്കുന്ന്
വളരെ നന്നായി എഴുതി. താര രാജാക്കന്മാരുടെ ഉടായിപ്പു പടങ്ങൾ കൊട്ടിഘോഷിച്ചു കാശ് വലിച്ചെറിഞ്ഞു വിജയിപ്പിച്ചെടുക്കുകയാണല്ലോ പതിവ്. അതിനിടയിൽ ഇതുപോലുള്ള കുഞ്ഞു പടങ്ങൾ വിജയിക്കട്ടെ… എഴുത്തിനു അഭിവാദ്യങ്ങൾ…
സന്തോഷം.THANK YOU VERY MUCH.
മനോഹരമാ റിവ്യൂ. സിനിമാലോകത്തിന്റെ തുറന്നുകാട്ടാൻ.
Thank you❤
സിനിമാ ലോകത്തിന്റെ ദുരവസ്ഥ. പണമുണ്ടെങ്കിൽ എന്തുമാകാം
അതെ. വലിയ കളികളുട ലോകം
നന്നായെഴുതി. പാപ്പാസ് കാണണം
Thank you verymuch