മരം കാറ്റിനോടു പറഞ്ഞു, ഒരു കഥ പറയൂ..

ഏതു കഥ?

നിനക്കറിയാവുന്ന മനോഹരമായ ഒരു കഥ.

കാറ്റ് മരത്തിൻ്റെ ചെവിയിൽ കഥ പറഞ്ഞു. പിറ്റേന്ന് ആ മരം അടിമുടി പൂവിട്ടത്രേ!

രാമകൃഷ്‌ണൻ കുമരനല്ലൂർ പറഞ്ഞത് എത്രയോ ശരിയാണ്. ഇതിലെ കഥകളമ്പത്തിയഞ്ചും പൂവിട്ടിരിക്കുന്നു. സി പ്പിയുടെ മഴവിൽ നിറമുള്ള പൂമ്പാറ്ററാണിയുടെ വർണസഞ്ചാരം പോലെ… എവിടെ എളിമയുണ്ടോ, ഐക്യമുണ്ടോ അവിടെ വിജയമുണ്ട് എന്ന് ഈ ബാല കഥാസമാഹാരം അടിവരയിടുന്നു.

ഒന്നാക്കിത്തീർക്കുകയുമാണ് പുഷ്‍കല സുനിൽ എന്ന എഡിറ്റർ ചെയ്‍തത്. ഈ ഭൂമിയിൽ നിന്നും മാഞ്ഞു പോകും മുൻപായി അവർ കുട്ടികൾക്കായി കഥകളുടെ ഒരു ചില്ല നീട്ടി പടർത്തി. ആ ചില്ലയിൽ നിറയെ കഥയുടെ മൊട്ടുകൾ എന്ന് കൃതി പുസ്‌തകോത്‌സവം തെളിയിച്ചു. 55 കഥകളും വായിച്ച കാക്കക്കൂട്ടത്തെയും അവിടെ കണ്ടു. കഥാ മൊട്ടുകൾ വിരിഞ്ഞ് പൂക്കളാവാൻ തുടങ്ങിയിരിക്കുന്നു. ഇവ വിത്തുകളാകും അവ മുളയ്ക്കും. ഈ ജൈവ ചക്രം അടുത്ത തലമുറ പൂർത്തിയാക്കും. ഉറപ്പ്.

കുട്ടിക്കാലം സമ്പുഷ്‌ടമായി രൂപപ്പെടുത്തിയ ഈ പുതു കാലത്ത് അതിന് പ്രതികൂലമോ അനുകൂലമോ ആയ നിലപാടെടുക്കാതെ ഒരധ്യാപകനും കടന്നു പോവാനാവില്ല. കഥകൾക്ക് കുട്ടിജീവിതത്തിൽ അത്ര വലിയ സ്ഥാനം ഉണ്ട്.

മഴവെള്ളത്തിൽ തുള്ളിച്ചാടാൻ സ്വാതന്ത്ര്യമില്ലാതെ പോയവർക്ക് സമാന്തരമായ ഒറ്റയടിപ്പാതയാണ് ഇതിലെ കഥകൾ നിർമ്മിച്ചത്. അത് ഒരു കൂട്ടായ്‌മയിൽ ഉണ്ടായ പുതുവഴിയാണ്. നിർബന്ധമായും നടക്കേണ്ട ഒരു കുട്ടി വഴിത്താര തന്നെയാണത്. അതോടൊപ്പം വായനക്കാരായ കുട്ടികളുമായി സൗഹൃദത്തിലാവുകയെന്ന പൊതു ബാല കഥാധർമ്മം പാലിക്കുകയും ചെയ്‌തുകൊണ്ടാണ് ഈ നടപ്പാതയുടെ നിർമ്മാണം. പുഷ്‍കല എന്ന എൻഞ്ചിനീയർ വരച്ച പ്ലാൻ അതിൻ്റെ നിർമാണ ചാതുരിയ്ക്ക് ആക്കം കൂട്ടി.

ആത്യന്തികമായി കഥകളെ വായിക്കുകയെന്നത് മലയാളിയെ സംബന്ധിച്ച് ഒട്ടും പ്രയാസമില്ലാത്ത കർമമായി തന്നെ അനുഭവപ്പെട്ടതാണ്. ഇവിടെയാണ് ബാലസാഹിത്യത്തിൻ്റെ കേദാര ഭൂമി. മാലി, നരേന്ദ്ര നാഥ്, നിര നീളുകയാണ്…

കഥാഭൂമി എന്നും വായനയുടെ മരണത്തിന് എതിരായിരുന്നു. കഥ കേട്ട് കേട്ട് മരം പൂവിടുമെന്ന് പ്രവചിച്ചതുപോലെ ഇതിലെ കാഥികർ സ്വയമേവ വളർന്ന് കഥയും, കഥയുടെ പൂവും പുഞ്ചിരിയും പരാഗവും വിത്തും മുള്ളും ചേർന്ന പിറവിയുടെ രാഷ്‌ട്രീയവുമായി മാറുന്ന ഒരു പതാക കൂടി ഈ കൃതിയിൽ വാക്കും വിചാരവും കൂടി കലർന്ന് മടക്കി വെച്ചിട്ടുണ്ട്.

തന്റെ കഥാ ജീവിതത്തിനിടയിലെ നിർണായക സന്ധിയിൽ വച്ച് താൻ ബാലസാഹിത്യ രചയിതാവാണ് എന്ന് സമ്മതിച്ചുകൊണ്ടാണ് ഇതിലെ എഴുത്തുകാർ തന്റെ തൂലികാ പൗരത്വത്തെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. കുരങ്ങൻമാരുടെ വ്രതവും കരടിക്കുട്ടൻ്റെ സ്‌കൂൾ യാത്രയും, കൊക്കു പഠിച്ച പാഠവും, മാനം തൊടുന്ന മരവും അതു തന്നെ പറയുന്നു.

കെ.ടി.യുടെ കുഞ്ഞിപ്പാറു ആള് കേമിയാണ്. എം.ടിയുടെ കുട്ട്യേടത്തിയുടെ ഇളം തലമുറക്കാരി. അവളെ കുഞ്ഞി മാലാഖയെ കൊണ്ടാണ് കഥാകൃത്ത് ഒതുക്കാൻ നോക്കുന്നത്. അവളുണ്ടോ വിടുന്നു? സത്യം എന്നല്ല അവൾ പറഞ്ഞത്. ആദ്യം അകാരം ഉച്ചരിച്ച് കുഞ്ഞു മാലാഖയെ പറ്റിച്ച വമ്പത്തിയാണ് കുഞ്ഞിപ്പാറു.

ചിലത് സൂചിപ്പിച്ചതാണ്. ഇതിലും മികച്ചതാണ് ഇതിനുള്ളിലുള്ള മറ്റു രചനകൾ. മന്ദാകിനി മുത്തശ്ശി, മിടുക്കൻ ബാലു, കടുവയുടെ സ്വന്തം പൂച്ച, വിചിത്രമായ സമ്മാനങ്ങൾ, ചോദ്യം തെറ്റി, കിളിയുടെ കാത്തിരിപ്പ്, തുടങ്ങി എത്രയോ മികച്ച കഥകൾ. സരസു, സമാസമം, പങ്കൻ്റെ ഉല്ലാസയാത്ര, കുഞ്ഞിപ്പാത്തുവിൻ്റെ കൈരേഖ, ചങ്ങാത്തം തുടങ്ങി അതിങ്ങനെ കൊതിപ്പിച്ച് മുന്നേറുകയാണ്. ഒരാവർത്തികൂടി വായിക്കാൻ തോന്നുന്ന കഥകൾ. ജീവരക്ഷകൻ / നല്ല കൂട്ടുകാരൻ / കാക ജന്മം, ഈ പേരു പോലെ തന്നെ വ്യത്യസ്‌തവും നേരും നെറിയുമുള്ള കുട്ടിക്കഥകൾ വേറെ എവിടെ കിട്ടും?

താരങ്ങൾ മാത്രം അടങ്ങുന്ന ലോകത്തിന്റെ രാഷ്‌ട്രീയമല്ല ഇത്. കഥാകേന്ദ്രിതം എന്ന് സാമാന്യമായി വിളിക്കാവുന്ന ഒന്ന്. നമ്മളറിയാതെ നമ്മെക്കടന്നുപോകുന്ന കഥാ വഴികളെയടക്കം ഉൾക്കൊള്ളുന്നതും മണൽത്തരികളുടെ ഇടത്തെപ്പറ്റി പ്രതിപാദിക്കുന്നതുമായ കഥയുടെ രാഷ്‌ട്രീയമായിരുന്നു കല ഉയർത്തി പിടിച്ചത്. അത് ഓരോ അക്ഷരങ്ങളിലൂടെയും കണ്ണോടിച്ചു കൊണ്ടായിരുന്നു. എല്ലാ വസ്‌തുക്കൾക്കുമൊപ്പം അത്രയും സ്വാഭാവികമായാണ് മനുഷ്യനും കഥകളും ഭൂമിയോട് ചേർന്നുനിൽക്കുന്നതെന്ന് ഈ കൂട്ടു സംരംഭം നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കട്ടെ… കുഴിയാനയുടെ കുഴിയിൽ നിന്നും തുമ്പിയായി പറന്ന് സദൃശമായ കുട്ടിത്തത്തിൽ നിന്ന് മനുഷ്യപരിണാമത്തിലേയ്ക്ക് കുതിക്കാൻ കുഞ്ഞുങ്ങൾക്ക് ഈ കഥകൾ വഴികാട്ടിയാവട്ടെ. വായനയുടെ കുഴി എത്രത്തോളം ആഴമുള്ളതാണോ അത്രത്തോളം നീരോട്ടവും വായു സഞ്ചാരവും കഥാ മരവും സമ്മാനിക്കും. ജീവൻ്റെ ഉപ്പു പേറുന്ന കഥകളുണ്ട്. പതറാതെ പൊരുതുന്ന ആശയങ്ങളുണ്ട്. നനയാതെ നനയുന്ന കുഞ്ഞു മിഴികളുണ്ട്. വലിയ ലക്ഷ്യത്തിലേയ്ക്കുള്ള ഒരു നിവേദ്യമാണിത്. വായനാലോകം നെഞ്ചേറ്റുക തന്നെ ചെയ്യും.

55 എഴുത്തുകാരുടെ 55 ബാലകഥകൾ
പുബ്ലിഷേർസ്: പ്രിന്റ് ഹൗസ് പുബ്ലിക്കേഷൻസ്
വില: Rs .210

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account