കേവല നൊസ്റ്റാൾജിയ എന്നും എളുപ്പം വിറ്റു തീർക്കാവുന്ന ഒരു ചരക്കാണ്. പഴയ പ്രണയകഥ, പുതിയ ഗെറ്റ് ടുഗതർ വേളയിൽ ചികഞ്ഞു വെളിയിലേയ്ക്കെടുക്കുന്നതാവട്ടെ ഉപയോഗിച്ച് തേഞ്ഞ സംഗതിയുമാണ്. ഓട്ടോഗ്രാഫ് മുതൽ ക്ലാസ്സ്‌മേറ്റ്സ് വരെ പല ഭാവത്തിൽ അത് ഹിറ്റായിക്കഴിഞ്ഞതാണ്.

എന്നാൽ ഇതിൽ നിന്നുമൊക്കെ ’96 ‘  വ്യത്യസ്‌തമാവുന്നത് അത് ചില അധോമനസ്സുകളിൽ ചെന്ന് തൊടുവാൻ പാകത്തിൽ കരുത്ത് കാട്ടുന്നു എന്നതിലാണ്. സിനിമയുടെ വ്യാകരണത്തിലേക്കോ സാങ്കേതികതകളിലേക്കോ, മേക്കിങ്ങിൽ ചിലേടത്ത് അനുഭവപ്പെടുന്ന ലാഗിങ്ങിലേക്കോ ഒന്നും കടക്കുന്നില്ല. അത് സിനിമാവായനയാവും. ഇവിടെയേതായാലും ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന സിനിമാതീത ചിന്തകൾക്കാണ് ഊന്നൽ നൽകുന്നത്. എന്തെന്നാൽ കെ.രാമചന്ദ്രൻ, 10 സി ആണല്ലോ വിഷയം.

അന്തർമുഖൻ എന്ന് ഇതിലെ നായകനായ കെ.രാമചന്ദ്രനെ പറയാൻ പറ്റില്ല. അയാൾ ജാനകിയെ പ്രണയിച്ചു തുടങ്ങിയ സമയം തൊട്ടാണ് മാറ്റം കണ്ടുതുടങ്ങുന്നത്. അതും ജാനകിയോട് മാത്രം. മറ്റുള്ളവരോട് പെരുമാറുമ്പോൾ രാമചന്ദ്രൻ സ്വാഭാവിക രാമചന്ദ്രനാണ്.

വർഷങ്ങൾ കഴിഞ്ഞ് ഫോട്ടോഗ്രാഫറായി ജീവിക്കുന്ന സാധാരണ രാമചന്ദ്രനെയാണ് നമ്മളും ആദ്യം പരിചയപ്പെടുന്നത്. ശിഷ്യർക്ക് ഫോട്ടോഗ്രാഫി പാഠങ്ങൾ പറഞ്ഞു കൊടുക്കുന്ന, യാത്ര ചെയ്യുന്ന, പഴയ സ്‌കൂളിലെ പഴയ അതേ വാച്ച്‌മാനോട് തമാശ കളിക്കുന്ന, സഹപാഠികളെ വാട്‌സ്ആപ്പിലൂടെ ഒരുമിപ്പിച്ച് ചാറ്റ് ചെയ്യുന്ന, സ്വാഭാവിക രാമചന്ദ്രൻ.

എന്നാൽ, ജാനകിയെക്കുറിച്ചുള്ള ചർച്ചതൊട്ട് രാമചന്ദ്രന്റെ സ്വാഭാവികത പൊയ്‌പ്പോവുന്നു. ഹൃദയമിടിപ്പ് കൂടുന്നു. സ്വസ്ഥത നശിക്കുന്നു.

രാമചന്ദ്രന് പ്രണയം ഒരു പീഢാനുഭവമാണ്. അവൻ കാമുകിയോട് ഒരു കാര്യവും മുഖത്ത് നോക്കി പറയാൻ അശക്‌തനാണ്. പിറന്നാൾ ആശംസിക്കാൻ, ഇഷ്‌ട ഗാനം പാടുമോ എന്ന് അഭ്യർത്ഥിക്കാൻ ഒന്നും അവന് ധൈര്യം ഇല്ല.

സിനിമകളിലെ സ്‌ത്രീപക്ഷ നിലപാടുകൾ പോലെത്തന്നെ ഏറെയൊന്നും കൈകാര്യം ചെയ്യപ്പെടാത്തതാണ് ഇത്തരം പുരുഷപക്ഷ നിലപാടുകൾ എന്ന് കാണാം. പിതൃദായക സമൂഹത്തിൽ കർതൃത്വ സ്ഥാനം അടിച്ചേൽപ്പിക്കപ്പെടുന്ന പുരുഷനിൽ ആ അധികാര ദണ്ഡ് അസ്വസ്ഥതയായി വളരുന്ന സാഹചര്യം എത്രയും ഉണ്ട്. എന്നാൽ ഇത്തരം സംഘർഷങ്ങൾ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോവുന്നു.

തീരുമാനം എടുക്കേണ്ട സമയങ്ങളിൽ അതിന്റെ ഭാരം താങ്ങാൻ കഴിയാതെ തളർന്ന് പോവുന്ന ഒരുപാട് രാമചന്ദ്രന്മാരുണ്ട് സമൂഹത്തിൽ.

പെണ്ണുങ്ങൾ എന്ന പോലെ  ആണുങ്ങളും ഒരേപോലെ ഇരകളാവുന്നുണ്ട് ഈ ആണത്ത സമൂഹത്തിൽ. ഇവിടെ കെ.രാമചന്ദ്രൻ ഒരു അന്തർമുഖനായ കാമുകൻ എന്നതിലുപരി പരമ്പരാഗത ആൺ വാർപ്പ് മാതൃകകളിൽ നിന്ന് വെളിയിലാക്കപ്പെട്ട അശക്‌തനാണ്, പ്രണയത്തിന്റെ കാര്യത്തിൽ എങ്കിലും. അവന്റെ കാമുകി അവനോട് അവന്റെ കന്യകാത്വത്തിനെപ്പറ്റിയാണ് മുഖം നോക്കാതെ ചോദിക്കുന്നത്. അവൻ ആ ചോദ്യത്തിൽ പതറിപ്പോവുന്നുമുണ്ട്.

എന്നാൽ ഈ കഥാപാത്രത്തിന്റെ ശക്‌തി അയാൾ കേവലമൊരു മോക്കറി ആവുന്നില്ല എന്നിടത്താണ്. ഒന്നിനുമാവായ്‍ക, ഒന്നിനും കൊള്ളായ്‍ക ഒക്കെ കോമഡിയായി ചിലകഥാപാത്രങ്ങളിൽ ചിത്രീകരിക്കപ്പെടാറുണ്ട്. എന്നാൽ കോമാളിത്തത്തിനും അപ്പുറം വളരാൻ കെ.രാമചന്ദ്രന് കഴിയുന്നുണ്ട്.

അധോമുഖനായ ഒരു കാമുകനെ മനോഹരമായി വരച്ചിടുന്നുണ്ട് വിജയ് സേതുപതി എന്ന നടൻ. ഒരുപക്ഷേ, കർതൃത്വം ആണിൽ നിക്ഷിപ്‌തമാണ് എന്ന പൊതുബോധത്തെ ഈ സിനിമ വല്ലാതങ്ങ് ചവിട്ടിക്കൂട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ കഥാപാത്രത്തെ മണകുണാഞ്ചൻ, കോമാളി, ഊള എന്നൊക്കെ പലരും നിരൂപിച്ച് കാണുന്നുമുണ്ട്.

96 ഒരു ആൺപക്ഷ സിനിമയാണെന്ന് പറയാം. ഒരുവേള, മായാനദിയിലെ ടൊവിനോവിന്റെ കഥാപാത്രത്തിന്റെ മറ്റൊരു പ്യൂരിഫൈഡ് വേർഷൻ ആണ് കെ.രാമചന്ദ്രൻ എന്നും പറയാം.

മഹേന്ദർ

5 Comments
 1. Umesh Vallikkunnu 2 years ago

  ❤❤❤

 2. Vipin 2 years ago

  would like to watch it..

 3. Anil 2 years ago

  Nice note

 4. Mahendar 2 years ago

  Thanks for the comments

 5. James 2 years ago

  Good

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account