ഒരു പാലക്കാടൻ ഗ്രാമത്തിൽ നിന്നുമായിരുന്നു ചന്ദ്രിക വന്നത്. സാമാന്യം സുന്ദരിയായിരുന്ന ചന്ദ്രികയെ കണ്ടാൽ ഇരുപതും പതിനെട്ടും വയസ്സുള്ള രണ്ടു പെൺകുട്ടികളുടെ അമ്മയാണെന്ന് ആരും പറയുകയില്ല. വയസ്സ് നാൽപ്പത്തിരണ്ട്‌ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഭർത്താവും ഇളയ മകളുമൊത്തായിരുന്നു ചന്ദ്രിക എന്നെ കാണുവാനെത്തിയത്.

ചില രാത്രികളിൽ ആദ്യഭർത്താവിന്റെ പ്രേതം ചന്ദ്രികയെ തേടിയെത്തുന്നു. അയാൾ ചന്ദ്രികയെ കഴുത്തിന് കുത്തിപ്പിടിച്ചു കൊല്ലുവാനും ശ്രമിക്കുന്നു. അത്‌ഭുതകരമായിട്ടായിരുന്നു ചന്ദ്രിക ഇയാളിൽ നിന്നും ഓരോ പ്രാവശ്യവും രക്ഷപെട്ടത്. ചന്ദ്രികയുടെ ശബ്‌ദ വ്യത്യാസം കേട്ട് ഭർത്താവുണരുമ്പോൾ പ്രേതം ഓടിയൊളിക്കുകയാണ് പതിവ്. ജീവിച്ചിരിക്കുമ്പോൾത്തന്നെ തികഞ്ഞ മദ്യപാനിയും തെമ്മാടിയുമായിരുന്നു അയാൾ. അയാൾ നിരന്തരമായി അവളെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ മരിച്ചതിനു ശേഷവും ഉപദ്രവം തുടരുന്നു.

പല മാന്ത്രികരും അയാളെ തളയ്ക്കുവാൻ ശ്രമിച്ചു പരാജയമടഞ്ഞതാണ്. ജീവിച്ചിരുന്നപ്പോൾ ഒരു തെമ്മാടി അല്ലായിരുന്നെങ്കിൽ നോക്കാമായിരുന്നു എന്നാണ് അവസാനമായി കണ്ട മന്ത്രവാദി പറഞ്ഞത്. അത്തരക്കാർക്ക് മരിച്ചാലും ശക്‌തി കൂടുമത്രേ. യാതൊരു വിധ മാർഗ്ഗവുമില്ലാതെ വിഷമിക്കുമ്പോഴാണ്, ചന്ദ്രിക മുൻപ് ജോലിചെയ്‌തിരുന്ന വീട്ടിലെ ഒരു സ്‌ത്രീ എന്നെക്കുറിച്ചു പറഞ്ഞത്. അവർക്കെന്നെ പരിചയമുണ്ടായിരുന്നു. പ്രേതത്തെ പിടിക്കുന്നതിൽ മിടുക്കനായ ഒരു ഡോക്റ്റർ എന്നാണ് അവരെന്നേക്കുറിച്ചു പറഞ്ഞത്. അങ്ങനെയാണ് പ്രേതബന്ധനത്തിനായി അവരെന്നെ സമീപിക്കുന്നത്.

പ്രേതത്തെ പിടിക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ലെന്നും, ഇതൊക്കെ ഞാൻ ധാരാളം ചെയ്‌തിട്ടുണ്ടെന്നുമൊക്കെ അവരോടു പറയുവാൻ ഇതുമൊരു കാരണമായി. പോരാത്തതിന് എന്റെ പരിചയക്കാരിയുടെ അന്തസ്സും ഉയർത്തണമല്ലോ. ഇതിന്റെ ശാസ്‌ത്രീയ വശങ്ങൾ പറഞ്ഞുകൊടുത്താൽത്തന്നെ അതുൾക്കൊള്ളുവാൻ തക്ക വിദ്യാഭ്യാസമൊന്നും ചന്ദ്രികക്കോ മറ്റുള്ളവർക്കോ ഇല്ലായിരുന്നുതാനും. പ്രേതത്തെ പിടിക്കണമെങ്കിൽ അവരുടെ കഥകൾ കേൾക്കണമെന്നും പ്രേതത്തെക്കുറിച്ചു വ്യക്‌തമായ ധാരണകൾ ഉണ്ടെങ്കിൽ മാത്രമേ ബന്ധനം സാധ്യമാകൂ എന്നും അവരെ അറിയിച്ചു. അങ്ങനെ ചന്ദ്രിക അവളുടെ കഥപറയുവാൻ തുടങ്ങി.

ആദ്യ ഭർത്താവുമൊത്തുള്ള ജീവിതം വളരെ കഷ്‌ടപ്പാടുകൾ നിറഞ്ഞതായിരുന്നു. തികച്ചും മദ്യപാനിയായ അയാൾ ശാരീരിക ഉപദ്രവം നടത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നയാളുമായിരുന്നു. ഒരു സംശയ രോഗി കൂടിയായ അയാൾ ഇടയ്ക്കിടെ അതിന്റെ പേരിലും അവളെ ഉപദ്രവിക്കുമായിരുന്നു. ആരുടെ കൂടെയും സന്തോഷമായിരിക്കുവാൻ നിന്നെ ഞാനനുവദിക്കില്ലെന്ന് അയാൾ ഇപ്പോഴും അവളോട് പറയുമായിരുന്നു. മക്കൾ വളർന്നു വരുന്നതുപോലും അവൾക്കാധിയായിരുന്നു. മറ്റാരും സ്വന്തമായില്ലാതിരുന്ന ചന്ദ്രിക വിവാഹ ബന്ധം വേർപെടുത്തുന്നതിനോ, അയാൾക്കെതിരെ പരാതിപ്പെടുന്നതിനോ അശക്‌തയായിരുന്നു. വീടുകളിൽ ജോലിക്കുപോയി ആയിരുന്നു അവൾ കുട്ടികളെ വളർത്തിയിരുന്നത്.

മദ്യപാനം മൂലമുണ്ടായ കരൾ രോഗമായിരുന്നു ആദ്യ ഭർത്താവിന്റെ മരണഹേതു. അയാളുടെ മരണാനന്തരമായിരുന്നു ചന്ദ്രിക ശരിയായി ഉറങ്ങിയത് പോലും. അയാളുടെ മരണശേഷം നാലഞ്ചു വർഷങ്ങൾ കടന്നുപോയി. ജീവിതത്തിന്റെ കഷ്‌ടപ്പാടുകൾ ഒഴിവാക്കിയാൽ ഭേദപ്പെട്ട ജീവിതമായിരുന്നു അക്കാലങ്ങളിൽ. ആ കാലഘട്ടങ്ങളിൽ പല വിവാഹാലോചനകളും വന്നുവെങ്കിലും, ചന്ദ്രിക അതെല്ലാം കുട്ടികൾക്കായി ഒഴിവാക്കുകയായിരുന്നു. ചന്ദ്രികയുടെ സൗന്ദര്യമായിരിക്കണം പല ആലോചനകൾക്കും പുറകിൽ. ഒരു വർഷം മുൻപായിരുന്നു ഷണ്മുഖനെന്ന പുതിയ ഭർത്താവിന്റെ ആലോചനയുമെത്തിയത്.

പാലക്കാട് ഗ്രാമങ്ങൾ കേന്ദ്രമാക്കി ചിട്ടി, മറ്റു പണമിടപാടുകൾ നടത്തുന്ന ഒരു തമിഴ് വംശജനാണ് ഷണ്മുഖൻ. ചിട്ടിപ്പിരിവുമായി ബന്ധപ്പെട്ട് അയാൾ ഇടയ്ക്കിടെ ചന്ദ്രികയുടെ വീട്ടിലുമെത്താറുണ്ടായിരുന്നു. അങ്ങനെയാണ് അയാൾ ഇങ്ങനെ ഒരു ആലോചന ചന്ദ്രികയുടെ മുന്നിൽ വച്ചത്. അയാളുടെ ഭാര്യ അയാളെ വിട്ടുപോയതാണത്രേ. അയാൾക്ക് അമ്പതിനു മുകളിൽ പ്രായമുണ്ടായിരുന്നു. കല്യാണപ്രായം എത്തിയ പെൺകുട്ടികൾക്കും സുരക്ഷിതത്വം ആവശ്യമായ സമയമായിരുന്നു. മക്കൾക്കും അയാൾ സ്വീകാര്യനായിരുന്നു. അങ്ങനെയാണ് ഒരു ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹിതരാകുന്നത്. ആദ്യ രണ്ടുമൂന്നാഴ്‌ചകൾ കുഴപ്പമില്ലാതെ കടന്നുപോയി. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഭർത്തൃസ്‌നേഹം ചന്ദ്രികയ്ക്കു ലഭിക്കുകയായിരുന്നു. അവളുടെ പെൺമക്കളും അമ്മയ്ക്ക് കിട്ടിയ പുതിയ ജീവിതത്തിൽ സന്തുഷ്‌ടരായിരുന്നു. അവർക്കും ഷണ്മുഖൻ ഒരു നല്ല അച്ഛനായിരുന്നു. അങ്ങനെ ഒരു രാത്രിയിലാണ് മുൻ ഭർത്താവ് ആദ്യമായി ചന്ദ്രികയ്ക്കു മുൻപിൽ പ്രത്യക്ഷപ്പെടുന്നത്. അയാൾ കോപാകുലനായിരുന്നു. രണ്ടാമതൊരു വിവാഹം ചെയ്‌ത ചന്ദ്രികയെ ജീവിക്കാനനുവദിക്കുകയില്ലെന്നും കൊന്നുകളയുമെന്നും അയാൾ ഭീഷണിപ്പെടുത്തി. കഴുത്തിൽ ഞെക്കിക്കൊല്ലുവാൻ ശ്രമിക്കുമ്പോൾ ചന്ദ്രിക കട്ടിലിൽനിന്നും താഴെവീഴുകയായിരുന്നു. ഷണ്മുഖം ഉണർന്നതോടെ പ്രേതം ആ പരിപാടി ഉപേക്ഷിച്ചു പോകുകയായിരുന്നു. അങ്ങനെയായിരുന്നു അന്ന് ചന്ദ്രിക രക്ഷപ്പെട്ടത്. അടുത്തദിവസങ്ങളിൽ  കുട്ടികൾ ചന്ദ്രികയ്ക്കു കാവൽ ഇരുന്നു. അന്നൊന്നും അയാളുടെ പ്രേതം വന്നില്ല. കാവൽ മതിയാക്കി കുട്ടികളുറങ്ങിയ ദിവസം അയാൾ വീണ്ടുമെത്തി. കുട്ടികളോ ഭർത്താവോ ഉറങ്ങുന്ന സമയങ്ങളിൽ മാത്രമായി ഇയാളുടെ വരവുകളും.

ചന്ദ്രികയുടെ വീടും പരിസരങ്ങളും അന്വേഷിച്ചതിൽനിന്നും, ഒരു ചെറിയ വീട്ടിൽ ആണവർ താമസിക്കുന്നതെന്നും, ചന്ദ്രികയുടെയും ഷണ്മുഖന്റെയും ഉറക്കമുറി അടുക്കളയോട് ചേർന്നാണെന്നും,അവിടെ വിറകടുപ്പ് ഉപയോഗിക്കുന്നുണ്ടെന്നും മനസ്സിലായി. ഒപ്പം നാട്ടിലെ ഒളിച്ചുനോട്ടക്കാരെ ഭയന്ന് ജനലുകളെല്ലാം അടച്ചു ഉറങ്ങുന്ന സ്വഭാവമാണ് അവർക്കെന്നും മനസ്സിലായി. അടുക്കളയിൽ നിന്നും കാർബൺ ഡൈ ഓക്‌സൈഡ് ഉറക്കമുറിയിലെത്താൻ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. അടച്ചിട്ട ജനലുകൾ ഈ വാതകത്തിന്റെ അളവ് വർധിപ്പിക്കുവാൻ സാധ്യതയുമുണ്ട്. അന്തരീക്ഷത്തിലെ ഈ വാതകത്തിന്റെ സാന്നിധ്യമായിരിക്കാം കഴുത്തിൽ കുത്തിപ്പിടിക്കുന്ന അനുഭവമായി ചന്ദ്രികയ്ക്കു തോന്നുന്നത്. നല്ലൊരു ജീവിതം തരികയില്ലെന്ന മുൻ ഭർത്താവിന്റെ ഭീഷണിയും, കുറ്റബോധവും ആയിരിക്കണം ചന്ദ്രികയുടെ ഈ പ്രേതബാധയുടെ മൂല കാരണങ്ങൾ.

നല്ലൊരു ദിവസം നോക്കി വേണം പ്രേതബന്ധനം നടത്തേണ്ടതെന്നും, അതിനു എനിക്ക് എല്ലാം നന്നായി പഠിക്കേണ്ടതുണ്ടെന്നും ഞാൻ അവരെ അറിയിച്ചു. അടുത്ത ആഴ്‌ച എന്നെ കാണാൻ വരണമെന്നും, അതിനുള്ളിൽ ഞാൻ വേണ്ടത് ചെയ്‌തിരിക്കുമെന്നും അവർക്കുറപ്പും കൊടുത്തു. കൂടെ ആവശ്യത്തിന് മരുന്നുകളും കൊടുത്തയച്ചു. ഈ മരുന്നുകൾ കഴിക്കുമ്പോൾ പ്രേതങ്ങൾക്കു ഒന്നും ചെയ്യാൻ കഴിയില്ലെന്നും രാത്രിയിൽ ഉറങ്ങുമ്പോൾ ജനലുകൾ തുറന്നിടണമെന്നും പറയാനും മറന്നില്ല.

ഒരാഴ്‌ചക്കുശേഷം കൃത്യമായി ചന്ദ്രികയെത്തി. ഈ ദിവസങ്ങളിലൊന്നും അവളുടെ മുൻ ഭർത്താവ് പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതിൽ അവൾ സന്തോഷവതിയുമായിരുന്നു. ഇനിയൊരിക്കലും അയാൾ അവളെത്തേടി വരികയില്ലെന്നും, കുറച്ചുകാലം ഞാൻ തരുന്ന മരുന്നുകൾ കഴിക്കേണ്ടതുണ്ടെന്നും അവളെ ബോധ്യപ്പെടുത്തി. ഒപ്പം അവളിലെ കുറ്റബോധത്തെയും കൗൺസിലിങ്ങുകളിലൂടെ മാറ്റിയെടുക്കുവാൻ എനിക്ക് കഴിഞ്ഞു.

മറ്റൊരു വിവാഹമായിരുന്നു ചന്ദ്രികയുടെ കുറ്റബോധം. ഷണ്മുഖത്തിനോടൊത്തു സന്തോഷിക്കുമ്പോഴെല്ലാം മുൻ ഭർത്താവിന്റെ വാക്കുകൾ അവളെ വേട്ടയാടുന്നുണ്ടായിരുന്നു. തനിക്കൊരിക്കലും സന്തോഷമായി ജീവിക്കാനാകില്ല എന്നൊരു വിശ്വാസവും അവളിൽ ഉണ്ടായിരുന്നിരിക്കണം. ഇതൊരു രോഗമായിരുന്നുവെന്നും അത് പൂർണ്ണമായി മാറിക്കഴിഞ്ഞെന്നും ഞാൻ ചന്ദ്രികയെ അറിയിച്ചത് ചികിത്‌സക്കൊടുവിൽ മാത്രമായിരുന്നു.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

1 Comment
  1. ഡോ.ബിജു.കെ.പി. 1 year ago

    ഉറക്കത്തിൽ ഓക്സിജന്റെ അളവ് കുറയുമ്പോൾ കഴുത്തിനു കുത്തിപ്പിടിക്കുന്നതുപോലുള്ള തോന്നൽ ഞാനനുഭവിച്ചിട്ടുള്ളതാണ്
    EXCELLENT WORK
    അഭിനന്ദനങ്ങൾ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account