നാട്ടിലെത്തിയതിന്റെ സന്തോഷം മുഴുവനായ് പെയ്‌തിറങ്ങിയത് സന്ധ്യക്കെത്തിയ മഴയോടെയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ഒളിച്ചോടി നാട്ടിൽ എത്തി.

എത്തിയപാടെ സൂസനെയും, ജയയെയെയും ഒക്കെ വിളിച്ചു. എല്ലാവർക്കും സുഖം…! ബേക്കർ സ്‌കൂൾ അലൂമിനിയുടെ കൂടിച്ചേരൽ ആയിരുന്നു മനസ്സു നിറയെ! ആർക്കും ഒരു ചെറിയ സമ്മാനപ്പൊതിയെങ്കിലും കരുതാതെ എത്താറെയില്ലെ. എന്നാൽ ഇക്കുറി ആരെയും എന്തിനെയും ഓർത്തില്ല. ഇങ്ങേയറ്റം വന്ന് എന്റെ മക്കളുടെ മാമോദീസ പോലും…

വന്നപാടെ മാറി മാറി വിളിച്ചു എല്ലാവരെയും.

‘നീ വന്നില്ലല്ലോ എന്നാലോചിച്ചിരിക്കയായിരുന്നു.’ ജയയുടെ മറുപടിയിൽ സന്തോഷം കലർന്നിരുന്നു.

മനസ്സിൽ എന്നോ മറന്ന ഒരു കഥ. വീണ്ടും വീണ്ടും മനസ്സിന്റെ കിളിവാതിലിൽ എത്തി നോക്കി. വേണ്ട…. ഞാൻ വിചാരിക്കുന്ന അതേ അളവിൽ, എന്റെ പ്രതീക്ഷകൾക്ക് വിപരീധമായ പെരുമാറ്റം ഉണ്ടാകും എന്നു ബോദ്ധ്യം ഉപബോധമനസ്സിനുണ്ടായിരുന്നിരിക്കാം.

ഗൾഫിൽ നിന്നെത്തിയ ജെറ്റ്ലാഗ്. വന്ന ക്ഷീണം തീർന്നപാടെ എല്ലാവരെയും  വിളിതുടങ്ങി. കൂട്ടത്തിൽ ഞാൻ വിചാരിക്കുന്നയാളിന്റെ നമ്പർ എങ്ങിനെ കിട്ടും? ചിന്തകൾ കാടുകയറി.

സ്‌കൂൾ വിശേഷങ്ങളും മറ്റും പങ്കിടുന്നതിനൊടുവിൽ എല്ലാവർക്കുമൊപ്പം ഞാൻ ആ പേരിലേക്കു തന്നെ തിരിച്ചു പോയി. എന്നും മനസ്സിൽ തിരയടിച്ചു കൊണ്ടിരുന്ന, എന്നും തികട്ടി തികട്ടി മനസ്സിന്റെ വാതിലിൽ ഒന്നു  മുട്ടിയിട്ട് തിരിച്ചു പൊയ്ക്കൊണ്ടിരുന്ന ഒരു  മുഖം!

ഒടുവിൽ ഓർമ്മകളീൽ പരതി… എന്താവാം കാര്യം?

സ്‌കൂൾ എന്ന മഹാസാഗരത്തിൽ മനസ്സിൽതട്ടിയ ധാരാളം ഓർമ്മകൾക്കിടയിൽ നടയിറങ്ങി തനിയെ നടന്നുപോകുന്ന എന്റെ പുറകെ എത്തിയ മുഖം! ഇന്നും ഓർക്കുന്നു.. കാടുപടലങ്ങൾ പിടിച്ചു കിടക്കുന്ന കുഞ്ഞു ക്ലാസ്സിന്റെ നടവഴിയിറങ്ങിപ്പോകണം. ആരും ഇല്ലാതെ നടന്നെത്തി എനിക്കു കൂട്ടുവന്ന കൂട്ടുകാരൻ! ചെറിയ ഒരു ഓർമ്മമാത്രം. ഇന്നും ആ മുഖം ആരുടേതെന്ന് ഓർക്കാൻ പേരുപോലും ഇല്ല, എന്നാൽ മനസ്സിൽ ഇന്നും മായതെ കിടക്കുന്നു.

ഒരിക്കലും മായാതെ കിടന്നിരുന്നു ആ മുഖം, എന്നാൽ ഒട്ടും തന്നെ ആരെന്നറിയാത്ത പരിചയമില്ലാത്ത ഏതോ മുഖം!!

മറക്കില്ല എന്ന് എന്റെ മനസ്സിനും, മായാതെ  കിടക്കാൻ  ആ മുഖത്തിനു സമ്മതമാണെന്നും എനിക്കെന്നും അറിയാമായിരുന്നു.

എന്നാൽ ഒന്നാം വർഷ ബി എ ക്ക് ചേർന്നു കഴിഞ്ഞ് ക്ലാസ്സ് തുടങ്ങിയ മാസങ്ങൾ. തിരുവനന്തപുരത്തുനിന്നും എന്റെ കൂടെയെത്തിയിരുന്നു സ്‌നേഹത്തിന്റെ തിരിനാമ്പുകൾ, ഞാനും ആരുടെയോ ആരൊക്കെയോ ആണെന്നു തീരുമാനിച്ചുറപ്പിച്ച ദിവസങ്ങൾ! എന്നാൽ ഒരുറപ്പും തീർപ്പും ഇല്ലാതെ, ഒരു കരാറും ഇല്ലാതെ, ജീവിതം എനിക്കു വെച്ചുനീട്ടിയ അനുഗ്രഹം, ദൈവത്തിന്റെ വരദാനമായി ഇന്നും അനർഘളം പ്രവഹിക്കുന്നു.

സജിച്ചാച്ചന്റെ കയ്യും പിടിച്ച് എത്തിയ സി എം എസ്സ്  കോളേജിന്റെ വാതിൽ എന്നെയും പ്രതീക്ഷിച്ച് നിൽപ്പുണ്ടായിരുന്നു ഒരു കൂട്ടം ആൺകുട്ടികൾ! മിക്‌സഡ് കോളേജിൽ എത്തിയതിന്റെ  ഒരു  അങ്കലാപ്പ്  ആകെപ്പാടെ മനസ്സിൽ.

‘വാ.. നീ ഇത്രമാത്രം പേടിക്കാതെ, കുഴപ്പം ഒന്നും ഇല്ല. ഞാനും ഇവിടെ പഠിച്ചതല്ലെ.’ സജിച്ചാച്ചൻ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു, എനിക്കു ധൈര്യം  തരാനായി.

വന്നു കയറിയ ഉടനെ മതിലിലും മരത്തിലും വാതിലുകളിലും എഴുതിപ്പറ്റിച്ചു വച്ചിരിക്കുന്ന പല പേരുകളും പിന്നീട് എവിടെയൊക്കെയൊ വെച്ച് എന്റെ ഉറ്റ സുഹൃത്തുക്കളായിത്തിർന്നിരുന്നു. രാജേഷ്, ഇന്നെത്തെ, എല്ലാവരും ‘ബി’ എന്ന വിളിക്കുന്ന മഹാമഹൻ! ഇന്നും ഈ കൂട്ടുകാരെ ഞാൻ ജീവിതത്തിന്റെ ഓരോ ദിവസങ്ങളിലും ഓർക്കാറുണ്ട്. രാജേഷ്, അനന്ദു, ബംബിൾ… പിന്നീടു വന്നു ബിന്ദുവും, ആ‍ശയും ഗീതയും, രാജ് കുമാർ, വിനിത്തും, വിമലയും, രാജിയും, എബി, ബിജു, സുധീർ, ജീവ്… എന്നും നോക്കുന്ന, വാട്ട്സാപ്പിലും, ഈമെയിലുകളിലും, മെസ്സേജുകളിലും ഈ പേരുകൾ ഇന്നും നിറഞ്ഞു നിൽക്കുന്നു. അവരുടെ സമയത്തെയോ  ഇഷ്‌ടാനിഷ്‌ടങ്ങളെയോ നോക്കാറില്ല, എന്തെങ്കിലും ഒക്കെ മെസ്സേജായും വാട്ട്സ് അപ്പ് ആയും അയച്ചു കൊടുക്കും, ‘ഇവളെക്കാരണം ജീവിക്കാൻ മേല’ എന്നുവരെ എല്ലാവരും ദിവസവും പ്രാകുന്നുണ്ടാവണം!

‘എന്തോ ഉണ്ട് വിശേഷം, ബിസിയാണോ?’ ‘അല്ലടീ… നീ‍ പറ’, എന്നു മാത്രമെ സ്‌നേഹത്തോടെ എല്ലാവരും പറഞ്ഞിട്ടുള്ളു എന്നു തോന്നൂന്നു.

പതിവുപോലെ എത്തി  മിനിയുടെ ഫോൺ. ‘രാവിലെത്തെ ധൃതിയൊക്കെ കഴിഞ്ഞോ?’

‘തീർന്നു, നീ പറയൂ.’

‘ഇന്നു രാവിലെ ബിനുവിന്റെ മെസ്സേജുണ്ടായിരുന്നു, നാട്ടിൽ നമ്മൾ  എത്തുമ്പോൾ ഒരു അലൂമിനി ഗെറ്റ്ടുഗതർ ആസൂത്രണം ചെയ്യണം’.

‘ആ നടക്കട്ടെ… ഞാൻ എന്തായാലും നാട്ടിൽ കാണും…’

മിനി പറഞ്ഞു, ‘നീ എന്നത്തേക്കു വരും സംഗീത?’

‘ഞാൻ ആഗസ്റ്റിൽ കാണും നാട്ടിൽ.’  എന്റെയും മനസ്സമ്മതം അവിടെ തീർന്നു.

വീണ്ടും വീണ്ടും മറക്കാതെ കിടക്കുന്ന  ആരുടെയോ മുഖം. ഓരോരുത്തരോടു ചോദിക്കുന്തോറും ‘നീ എന്തിനാ ഇവനെ മാത്രം തിരക്കുന്നത്?’

‘പ്രത്യേകിച്ചൊന്നും ഇല്ല,.. എന്തോ ഒരോർമ്മ മാത്രം. പേരുപോലും അത്ര കണ്ട്  ഓർമ്മയില്ല!’

………………..

പടികൾ ഇറങ്ങിപ്പോകുന്ന സ്‌കൂളിലെ മൈതാനം. അവിടെക്ക് ഇറങ്ങിപ്പോകുന്ന സംഗീത. എന്നും  ഇരുട്ടിനെയും, തനിയെ കട്ടിലിൽ കിടന്നുറങ്ങുതും  പേടിച്ചിരുന്നു സംഗീത.

അന്നും പതിവുപോലെ കൂട്ടുകാരെല്ലാം  പോയിക്കഴിഞ്ഞ് എങ്ങനെയോ ഒറ്റക്കായിപ്പോയ ഞാൻ ഓടി ഓടി ഓടി പടിയിറങ്ങി. തിരിഞ്ഞു നോക്കിയപ്പോൾ ആരും ഇല്ല എന്നു മനസ്സിലായി. ഇത്തിരി പുറകിലായി എന്നും കാണാറുള്ള ഒരു മുഖം… എന്റെ പേടികളിൽ  ആ മുഖം എന്നെ വിട്ട് പോയിരുന്നില്ല  ഒരിക്കലും. തിരിച്ചു ക്ളാസ്സിലേക്ക്.. നിഴലായി, ഏതോ ക്ലാസ്സിൽ  മറഞ്ഞു.

ഒരിക്കലും ഓർക്കാത്ത പേരിന്റെ ഉടമ, എന്റെ എല്ലാ നടത്തങ്ങളുടെ കൂടെയും ഉണ്ടായിരുന്നു എന്നു മാത്രം ഓർത്തിരുന്നു, എന്നും!.  മുന്നാം ക്ലാസ്സിലെ  കുറച്ചു മാസങ്ങളുടെ ബോർഡിംഗ് ജീവിതത്തിന്റെകൂടെയും എന്നും  ചേർത്തുവെച്ച ഒരു പേര്, ജീന. രാവിലെ എഴുനേറ്റ് തയ്യാറായി, വേഗം ആഹാരം കഴിച്ച് സ്‌കൂളിൽ പോകുന്നതിനേക്കാളേറെ, എല്ലാവരും കൂടെയുള്ള കളിയും ചിരിയും വളരെ സന്തോഷം തന്നു. കുഞ്ഞനിയനെയും കൂട്ടി, ഡാഡിയുടെ ജോലിയുടെ ഭാഗമായി പൂനക്ക് പോയ അമ്മ! എന്നെ വീണ്ടും വീണ്ടും തിരുഞ്ഞു നോക്കി, കരഞ്ഞ് നടന്നകന്നപ്പോൾ, മനസ്സ് എവിടെയോ വേദനിച്ചു. എങ്കിലും കൂട്ടുകാരുടെ, നീട്ടിയുള്ള വിളിയിൽ  ആ സങ്കടം മുങ്ങിപ്പോയോ എന്നു തോന്നിയിരുന്നു. എന്നാൽ രാത്രിയായപ്പോൾ അതും മനസ്സിൽ  കോർത്തു വലിച്ചു, വീണ്ടും! കരഞ്ഞു കരഞ്ഞ് തലയിണ നനഞ്ഞു. അടുത്ത് മെത്തയിൽ കിടന്നിരുന്ന ജീനയുടെ ‘സാരമില്ല, പോട്ടെ’ എന്ന വാക്കുകൾ സങ്കടം തീർത്തില്ലെങ്കിലും, അവളുടെ കയ്യും പിടിച്ചു കിടന്നുറങ്ങി. 8 മണിക്കുള്ള  അത്താഴം കഴിഞ്ഞു, കുളിമുറികളുടെ ഇരുട്ടുള്ള വഴിയിലൂടെ വരുമ്പോൾ ജീനയുടെ കയ്യിലെ പിടുത്തത്തിന്റെ ഇറുക്കം ശക്‌തി കൂടിക്കൂടി വന്നു.

എന്തിനായിരുന്നു ആ ഇറിക്കിയുള്ള പിടുത്തം എന്ന് എന്നും ഒരു  ‘വലച്ചിൽ’ തോന്നിയിരുന്നു, എന്തോ ഒരു  ചേരായ്‌ക!  എന്നാൽ വെറും ഒരു കൂട്ടുകാരിയുടെ സ്‌നേഹത്തിന്റെ മാറ്റൊലിയായി  ഇന്നും അങ്ങിനെതന്നെ കിടക്കുന്നു. ജീനയെ പക്ഷെ ഇന്നും എനിക്ക്  കണ്ടെത്താനയിട്ടില്ല, അല്ലെങ്കിൽ അവൾ ഇന്നും എനിക്ക് ഈ  ഫെയിസ്ബുക്ക്, വാട്ട്സ് ആപ്പ് ലോകത്തിൽ ഇന്നും അന്യയായിത്തന്നെ നിൽക്കുന്നു.

അലൂമിനി മീറ്റിന്റെ തിരക്കിൽ മിനി മറന്നില്ല, ‘എടീ, നീ അന്വേഷിച്ച ആളിന്റെ പേരുകിട്ടി!  പറയട്ടെ…’

എന്റെ  സർവ്വകൂപങ്ങളും സടകുടഞ്ഞെഴുനേറ്റു…

‘ആ.. പറയൂ, ആരാ എന്താ പേര്….’

‘സുരേഷ്…’

ങ്ങേ! എന്ത്  സുരേഷ്, എന്റെ  മനസ്സിൽ കിടന്ന പേരും രൂപവും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്തതുപോലെ!

ഇതേ ആളിനെ, ഈ പേരില്ലാത്താ ആളിനെ, സി  എം എസ്സ്  കോളേജിലേക്കുള്ള നടത്തിനിടയിൽ  പല തവണ  കണ്ടിട്ടും,  മനസ്സിലാക്കിയിട്ടും ഉണ്ടായിരുന്നു. അന്നൊന്നും അത്രക്ക് ആവേശമോ, താത്‌പര്യമോ എടുത്തിരുന്നില്ല.

‘എന്തിനായിരുന്നു ഇത്ര കഷ്‌ടപ്പെട്ട അന്വേഷണം എന്നൊന്ന് പറഞ്ഞാൽ കൊള്ളാം?’ മിനി വിട്ടില്ല, അവള് അവിടംകൊണ്ട് വിടുന്ന ലക്ഷണം കണ്ടീല്ല.

‘വെറും ഒരു മുഖം, ആരാന്നന്വേഷിക്കാനുള്ള ഒരു താത്‌പര്യം, അത്രെയുള്ളു! നിങ്ങളെയൊക്കെ ഞാൻ തിരിച്ചറിഞ്ഞില്ലെ, കണ്ടുപിടിച്ചില്ലെ, അത്രെയുള്ളു  മിനി! എന്തിനാ ഈ  പേരറിയാത്ത ആളിനെ  ഓർക്കുന്നു എന്ന് ഒന്ന് കണ്ടുപിടിക്കാനാ…’

‘ങൂ… അത്രെയെ ആകാവൂ’. മിനി നീട്ടി ഒന്നിരിത്തി മൂളി. ‘ഈ പറയുന്നവരൊക്കെ  ഞങ്ങളുടെ കൂടെയും പഠിച്ചതല്ലെ! ഞങ്ങക്കാർക്കും ഓർമ്മ തികട്ടി  വരുന്നില്ലല്ലോ…’

ദിവസങ്ങൾ കഴിഞ്ഞ്  ബിനുവിന്റെ ഫോൺ എത്തി, ‘ഏടീ ആരാ ഈ  സുരേഷ് ഫിലിപ്പ്?’

ഞാനും  ഓർത്തു, ആരായിരിക്കും… കൂടെ എന്റെ മറുപടി കേട്ട് ബിനുവിന്റെ കള്ളച്ചിരിയും എത്തി. എനിക്കറിയില്ല ബിനു!

‘ആ നീ അന്നു ചോദിച്ചില്ലെ, വിദ്യാർത്ഥിമിത്രത്തിനടുത്തുള്ള കട. അവിടെത്തെ ആരോ ബന്ധുക്കാരനാണെന്ന് തോന്നുന്നു. എന്തായാലും നീ വിളിക്ക്.’ ഒരു നമ്പരും കൂടെ പറഞ്ഞുതന്നു.

ആകാംഷയോടെ വിളിച്ചു …  യെസ്  ഫിലിപ്പ്  ഹിയർ! കർത്താവെ, ഇവൻ  മൊത്തം ഇംഗ്ലീഷ് ആന്നല്ലൊ! എന്തായാലും ഞാൻ പറഞ്ഞു, ‘സംഗീതയാണ് സുരേഷ്. നമ്മുടെ ബേക്കർ  സ്‌കൂളിന്റെ അലുമിനി  മീറ്റിംഗിനെക്കുറിച്ച് പറയാനാണ്  വിളിച്ചത്’.

‘ഹാ…. താനാണോ!, എന്തുണ്ടെടോ വിശേഷം?’

‘സുരേഷിനു  മനസ്സിലായോ എന്നെ?’ എന്ന എന്റെ ചോദ്യത്തിനു പുറകെ വന്ന ചിരി, പരിചയത്തിന്റെ ഒരു തണുത്ത കാറ്റ് വീശുന്നതുപോലെ തോന്നി.

‘ഞാൻ എയർഫോഴ്‌സിലാണെടൊ,  ജൂലൈലെത്താം കോട്ടയത്ത്…. വിളിച്ചു അറിയിച്ചത് നന്നായി സംഗീത, താങ്ക്‌സ്!”

മനസ്സിലൂടെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കാനായി ഓർത്തെടുത്തു. അതിൽ ഏറ്റവും ആദ്യത്തേത്  വിദ്യാർത്ഥിമിത്രത്തിന്റെ അടുത്തുള്ള സ്റ്റേഷണറി ഷോപ്പ് നിങ്ങളുടെതാണോ എന്നുള്ളതായിരുന്നു.

എന്നാൽ വേണ്ട, പിന്നെയാവാം എന്ന് ഞാൻ മനസ്സിനോട് പറഞ്ഞു മനസ്സിലാ‍ക്കി!

‘എന്നാൽ അങ്ങനെ സുരേഷ്, ഞാൻ ഇമെയിലും, മെസ്സേജും അയക്കാം, മറക്കാതെ ഇമെയിൽ  നോക്കണം. ജൂലൈയിൽ കാണാം.’

അവിടെ നിർത്തി സംസാരം!

എന്നാൽ അടുത്ത ക്ലാസ്സ്മേറ്റിനെ വിളിച്ച് അലൂമിനി അറിയിക്കുന്നതിനു മുൻപ്  മിനിയെ വിളിച്ചു, ‘എടീ, സുരേഷിനെ വിളിച്ചു!’

‘ഓ അതിന്?’  മിനിയുടെ മറുപടിയുടെ ഗൌരവം കേട്ടിട്ട് ഞാൻ ഒരു ചെറിയ ഇളിയോടെ ഫോൺ നിർത്തി.

എന്തായാലും ഞാൻ വിചാരിച്ച സുരേഷ് കഥ, ഏതാണ്ട്  നല്ലരീതിയിൽ  പര്യവസാനിക്കാൻ പോകുന്നു  എന്ന് മനസ്സിൽ സമാധാനിച്ചു.

എന്റെ കൊച്ചുകൂട്ടുകാരൻ അങ്ങനെ സുരേഷ് ഫിലിപ്പ് ആയി.

………………..

വർഷങ്ങൾക്കു ശേഷം  കോട്ടയത്ത് ബേക്കർ സ്‌കൂളിലെ അലുമിനി തീരുമാനിച്ച്, ദിവസവും  കാര്യപരിപാടികളും എല്ലാം  മിനിയും, മെറിയും, രഘുവും,  ബിനുവും,  ആനന്ദും ചേർന്ന്  സംഘടിപ്പിച്ചു. വിവരങ്ങളും  എല്ലാവരെയും അറിയിച്ചു.

അങ്ങനെ ആ ദിവസം വന്നെത്തി… എല്ലാവരോടും സംസാരിച്ച് തീരുമാനിച്ചതനുസരിച്ച്  കോട്ടയത്തേക്ക് ഞാൻ  ഷേബയുടെ കൂടെ കാറിൽ തിരിച്ചു.

പോകുന്ന വഴി  ഇനി വിളിക്കാനുള്ളവരെയും, ഓമ്മിപ്പിക്കാനുള്ളവരെയും  വിളിച്ചറിയിച്ചു. കൂടെ  മിനിയുടെ ഫോണെത്തി.. ‘സംഗീത, നീ എല്ലാരെയും വിളിച്ചോ?’

‘ആ, ആൾമോസ്റ്റ് എല്ലാരെയും കിട്ടി മിനി’.

‘എടീ‍ നിന്റെ, ഇല്ലവനെ കിട്ടിയോ, വരുമൊ?’ അവളുടെ ശബ്‌ദത്തിലെ  തമാശ  എനിക്ക് മാത്രം മനസ്സിലാകുന്നതായിരുന്നു.

എല്ലാവരും എത്തിയകൂട്ടത്തിൽ കോട്ടയത്ത് ഞാനും ഷേബയും എത്തി. ആകാഷയോടെ ഏതാണ്ട് 40 വർഷത്തിനു ശേഷം 1 ആം ക്ലാസ്സിൽ പഠിച്ച കൂട്ടുകാരെ കാണാനായി എല്ലാവർക്കും തിടുക്കം ഉണ്ടായിരുന്നു. വരുന്നവർ വരുന്നവർ വിശേഷത്തിന്റെ  കെട്ടുപൊട്ടിച്ചും, കൈപിടിച്ചു കുലുക്കിയും, കെട്ടിപ്പിടിച്ചും, ഒരു നുള്ളു കണ്ണുനീർ പൊടിഞ്ഞും സ്‌നേഹപ്രകടനങ്ങൾ നടത്തി.

ആൺകുട്ടികളും  പെൺകുട്ടികളും ചിലർക്കെങ്കിലും പരിചയം.  സി എം എസ്സ് കോളേജിന്റെ മരങ്ങളുടെ കാറ്റുകൊണ്ട് കൂട്ടുകാരായവരും, വിശേഷങ്ങൾ കൈമാറിയവരും  ഇന്നും വന്നിട്ടുണ്ടായിരുന്നതുകൊണ്ട് ആദ്യത്തെ  ഐസ് ബ്രേക്ക് ചെയ്യാൻ  വലിയ  പ്രയാസം ഇല്ലായിരുന്നു.

ഇവിടെയും ഗൾഫിൽ നിന്ന് ഇതിനു ചുക്കാൻ പിടിച്ച എനിക്കുള്ള ഒരു  ആവേശം എല്ലാവരിലും കണ്ടതിൽ ഞാനും സന്തോഷിച്ചു!  എങ്കിലും എന്റെ മനസ്സും കണ്ണും,  ജീനയെയും, സുരേഷിനെയും ആണ് പരതിയത്!

ജീന വന്നില്ല, സംഗീത.  എന്റെ ചോദ്യത്തിനുത്തരം അന്വേഷണത്തിനു പിന്നാലെ എത്തി.

സുരേഷ് ദാ.. താഴേന്ന് നടന്നു വരുന്നു!  എന്റെ നോട്ടത്തിന്റെ അറ്റം ചെന്നു നിന്നത് , ഒരു സാധാരണ ജീൻസും ചെക് ഷർട്ടും  ധരിച്ച ഒരു എയർഫോഴ്‌സ്   ഉദ്യോഗസ്ഥൻ മാത്രം.

‘ഹായ്  സംഗീത…. എന്തൊക്കെ വിശേഷം?’

‘സുഖം, സുഖം, സുരേഷ് പറയു, എവിടെയാ  പോസ്റ്റിംഗ്’

‘ഞാൻ ഇപ്പൊ  ഡെറാഡൂണിൽ.  എന്തായാലും തന്റെ  ഈ  അലൂമിനി സംരംഭം വളരെ നന്നായി. ഇത്രേം  വർഷത്തിനു ശേഷം എല്ലാവരെയും കണ്ടുപിടിച്ച് ഒരിടത്ത് കൂട്ടിയൊരുമിച്ചു കൊണ്ടുവരിക  എളുപ്പമല്ല,  ഹാറ്റ്സ് ഓഫ്ഫ് റ്റു യു’.

ഇത്രയും സംസാരം പറഞ്ഞു പറഞ്ഞ്  ഞങ്ങൾ എല്ലാവരുടെയും അടുത്തെത്തി. എല്ലാവരുടെയും കൂടെ  മിനിയും ഉണ്ടായിരുന്നു. അവളുടെ മുഖം അത്രകണ്ട് സന്തോഷത്തിൽ അല്ലായിരുന്നെങ്കിലും, ‘ഹല്ലൊ  സുരേഷ്!’

‘സംഗീത കുറെ കഷ്‌ടപ്പെട്ടു എല്ലാവരെയും കണ്ടുപിടിക്കാൻ. പലരുടെയും  പേരും ഒന്നും അറിയില്ലായിരുന്നു,  ഇവിടെ  ഒരു കടയുണ്ടായിരുന്നു. അവിടെയുള്ള ആൾ, പിന്നെ ഇങ്ങനെയിരിക്കുന്ന ആൾ, അങ്ങനെ  തലമുടിയുള്ള കുട്ടി, ഇതൊക്കെയായിരുന്നു അവളുടെ അടയാളങ്ങൾ. എന്തായാലും സുരേഷ് നമുക്കെല്ലാവരെയും  കണ്ടുപിടിക്കാൻ  സാധിച്ചു. ആൾമോസ്റ്റ് എല്ലാവരെയും! പിന്നെ ഇവൾടെ കയ്യിൽ മാത്രമെയുണ്ടായിരുന്നുള്ള നമ്മുടെ 4 ആം ക്ലാസ്സിലെ ഗ്രൂപ്പ് ഫോട്ടോ’.

അന്നെത്തിച്ചേർന്ന പത്രക്കാരും, ടി വിക്കാരും ഒരു ചെറിയ പരിചയപ്പെടുത്തലുകളിലും, എല്ലാവരും  ചേർന്ന്  ഒപ്പിട്ടെടുത്ത്  ബ്ലാക്ക് ബോർഡും ചേർത്തെടുത്ത ഫോട്ടൊകളും എടുത്ത്, നാളെത്തെ പത്രത്തിൽ  വരും എന്നു പറഞ്ഞ്  നടന്നു നീങ്ങി. ഹെഡ്‌മിസ്‌ട്രേസിന്റെ പ്രസംഗവും, ഓരോരുത്തരുടെയും ഓർമ്മകളും ആ ദിവസത്തെ, ഒരു വലിയ സന്തോഷത്തിന്റെ ചെപ്പിൽ എല്ലാവരും സൂക്ഷിച്ചുവെച്ചു, എന്നന്നേക്കുമായി!

എങ്കിലും ഡോക്റ്റർ കോശി, 40വർഷത്തിനു ശേഷം ഇത് പ്രശംസനീയം തന്നെ…  എന്നൊരു ആത്‌മാർത്ഥമായ അഭിപ്രായ വിടവാങ്ങലും എല്ലാ പത്രക്കാർക്കും കോശി എന്ന ആനന്ദിനോട് പറയാതെ പോകാനൊക്കില്ല എന്നു തോന്നിപ്പോയി.

അങ്ങനെ  മനസ്സിൽ തോന്നിയ ഒരു ആകാംഷ ജീവിതത്തിന്റെ വെറും ഒരു  കൌതുകം മാത്രമായിരുന്നു എന്ന് മനസ്സിലായി! എന്റെ ജീവിതത്തിന്റെ  താക്കോൽ  കൈവശപ്പെടുത്തിയ ആളിനെ ദൈവം ഇതേ രീതിയിൽ ഒരു നിമിത്തമായി എത്തിച്ചിരുന്നു എന്റെ ജനനം മുതൽ തന്നെ. എന്റെ വലതു ഭാഗമായി മാറേണ്ട ആളിനെ എനിക്കു മുന്നിൽ തന്നെ പ്രതിഷ്‌ഠിച്ചിരുന്നു. ഒരു കാര്യത്തിൽ മാത്രം  ദൈവം വൈവിദ്ധ്യം കാട്ടി, എനിക്കു പോലും  മനസ്സിലാകാതെ, എന്നെപ്പോലും കാണിക്കാതെ, തയ്യാറാക്കി! ഇതാണ്..  ദൈവം മനുഷ്യന്റെ രൂപത്തിൽ  ആണ് പ്രത്യക്ഷപ്പെടുന്നത് എന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ!

സപ്‌ന അനു ബി ജോർജ്

2 Comments
 1. Madhu Nambiar 4 years ago

  ഒരു കഥ ഹൃദയസ്പർശി ആകുന്നത് അതിൽ ജീവിതാംശം കുടികൊള്ളുമ്പോൾ ആണ്. ആ അർഥത്തിൽ “ഒരു കൊച്ചുകൂട്ടുകാരൻ” എന്ന ചെറുകഥ നിലവാരം പുലർത്തുന്നു.
  ഓർമ്മകൾക്കിടയിൽ നടയിറങ്ങി തനിയെ നടന്നു പോകുന്ന നമ്മുടെ ഓരോരുത്തരുടെയും പുറകെയുണ്ട് അനേകം മുഖങ്ങൾ.
  സംഗീത എന്ന കൊച്ചു കൂട്ടുകാരിയുടെയും സുരേഷ് എന്ന കൊച്ചു കൂട്ടുകാരന്റെയും പ്രണയം ‘ഇറുക്കിയുള്ള പിടുത്തം’, ‘ബിനുവിന്റെ കള്ളച്ചിരി’, ‘നിന്റെ ഇല്ലവൻ’ എന്നീ വാക്കുകളിലൂടെ വ്യക്തമാക്കുന്നു.
  ഭാഷാസാഹിത്യത്തിൽ അന്യ ഭാഷാസ്വാധീനം, പ്രതേകിച്ചു ഇംഗ്ലീഷ്, ഒഴിവാക്കാൻ ഇക്കാലത്തു പറ്റില്ല. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് വാക്കുകൾ അരോചകം ആയി തോന്നുന്നില്ല.
  ബഹുമുഖ പ്രതിഭയായ കഥാകാരിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
  മധു നമ്പ്യാർ.

  • Sapna Anu B George 2 years ago

   നന്ദി ഒരുപാട് നന്ദി മധുചേട്ടാ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account