നവംബര്‍ 8. സമയം 8 പി.എം. സംപ്രേഷണം ചെയ്യുന്നതും പി.എം.

വികാരാധീനനായി മന്ത്രിശ്രേഷ്‌ഠൻ ഭായിയോം ബഹനോം വിളിക്കുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നു. എല്ലാവരുംTV യില്‍ ഒട്ടി.

പിന്നീട് പീ.എം അത് പറഞ്ഞു…

അയാള്‍ തല കുലുക്കി. രാഷ്‌ട്രഭാഷ കഷ്‌ടിയായ സഹധർമിണി ചോദ്യരൂപത്തില്‍ അയാളെ നോക്കി.

“നോട്ട് ആന്‍ ഇഷ്യൂ“ – ആങ്കലഭാഷയെ പ്രണയിക്കുന്ന അയാള്‍ ഒന്നു മുരണ്ടു.

“എന്ന് വച്ചാല്‍?“

“നോട്ട് ഒരു പ്രശ്‌നമാണ് എന്ന്“

“നിങ്ങളൊന്നു തെളിച്ചു പറ മനുഷ്യാ… വെറുതെ ഉമ്മറെ പോലെ എവിടേം തോടാണ്ട്”

“ഇന്ന് രാത്രി പന്ത്രട് കഴിഞ്ഞാല്‍ അഞ്ഞൂറും ആയ്രിരവും നോട്ടുകള്‍ വെറും കടലാസാകും”

“ങേ …..” ശ്രീമതി അടുക്കളയിലേക്ക് ഓടി. അടുപ്പില്‍ എന്തെങ്കിലും കരിയുമ്പോഴാണ്‌ ഇങ്ങിനെ ഓടുക പതിവ്. എന്നാല്‍, തിരിച്ചു വന്നത് മൂന്ന് അഞ്ഞൂറും രണ്ട് ആയിരവുമായാണ്.

“ഇന്നാ, ഇപ്പൊ മണി ൯. ഇനീം മൂന്നു മണിക്കൂറുണ്ട്‌…എന്തെങ്കിലും അവശ്യ സാധനങ്ങള്‍ വാങ്ങി തീര്‍ക്കണം.

“ങേ …ഇന്നലെ സാരി വാങ്ങാന്‍ പണമില്ലെന്ന് പറഞ്ഞ്, പെന്‍ഷന്‍ കിട്ടിയ പണമല്ലേ നീ ചിലവാക്കിയത്?.”

അയാള്‍ ബാഗുമായി പുറപ്പെട്ടു. കുറച്ചു കാലമായി ആഗ്രഹിക്കുന്നു ഒരു ചെവാസ് റീഗല്‍ കഴിക്കണമെന്ന്. ഒന്ന് വാങ്ങിക്കളയാം . മദ്യശാലയില്‍ പതിവിലേറെ തിരക്ക് . ഊഴം എത്തിയപ്പോള്‍ ചിരകാലം പറയാന്‍ ആഗ്രഹിച്ച ആ വിശുദ്ധ നാമം ഉച്ചരിച്ചു, എത്രയെന്ന് ആരാഞ്ഞു.

“സ്റ്റോക്ക്‌ തീര്‍ന്നു. ഗ്ലെൻഫിഡിച്ച് തരട്ടെ?”

“അതാരാ?“

“കൊണ്ടുപോയി നോക്ക്”

“നോട്ട് എ പ്രോബ്‌ളം. വേണ്ട“

നാളെ ബാങ്കില്‍ പോയി മാറാം. അങ്ങിനെ ഒരു വഴിയുണ്ടല്ലോ.

പിറ്റേന്ന് നേരത്തെ തന്നെ ബാങ്കിലെത്തി. ബാങ്കിന് പുറത്തു റോഡില്‍ ആള്‍ക്കൂട്ടം.

“എന്താ ..ആരാ .എപ്പോ?? “

“അങ്കിള്‍ ലൈനില്‍ നിന്നോളൂ. കുറെ കഴിഞ്ഞാല്‍ ബാങ്കില്‍ എത്തും”

തോള്‍ സഞ്ചികളുമായി അനുസരണയോടെ നില്‍ക്കുന്ന മാന്യന്മാരുടെ കൂടെ നില്‍കുമ്പോള്‍ അന്തസ്സ് തോന്നി. അഞ്ഞൂറുകളും ആയിരങ്ങളും ഇടയ്ക്കിടെ പോക്കെറ്റിനുള്ളില്‍ ബഹളം വക്കുന്നു. കൈവച്ച് ഉറപ്പു വരുത്തി, പോക്കെറ്റില്‍ തന്നെയുണ്ട്.

“എത്ര കെട്ടുണ്ട്?” അടുത്ത നില്‍കുന്ന മാന്യന്‍ അന്വേഷിച്ചു.

“ഹേയ്, മൂന്നാലെണ്ണം”

എല്ലാവർക്കും ഈ കെട്ടുകണക്കിന് എവിടുന്ന്?

ഊഴം വന്നപ്പോള്‍ നാല് അഞ്ഞൂറും രണ്ട് ആയിരവും മാറി വിയര്‍ത്തു.

പുറത്തു കടക്കുമ്പോള്‍ ആരോ പറയുന്നു. “ഇതാ ഒരു രാജ്യസ്‌നേഹി”!!

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account