അളകനന്ദ ലാൽ
എ റൂം ഓഫ് വൺസ് ഓൺ
ഹോസ്റ്റലിൽ
പാട്ടുകൾ പാടിത്തന്നിരുന്ന
ഒരു കൂട്ടുകാരിയുണ്ടായിരുന്നു.
ഒരിക്കലവളെ വീട്ടിൽ വിളിച്ച്
“ഒരു പാട്ടു പാടെടോ”ന്ന് പറഞ്ഞപ്പോ
പാടിയാലൊച്ചയുണ്ടാവുമെന്ന്,
പാടിയാൽ ചീത്ത കേൾക്കുമെന്ന്
അവൾ.
“ഈ വീട്ടിലെന്റേതായൊരിടമില്ലെടോ”
എന്നവൾ ചിരിച്ചു.
ഞാനന്ന്
എന്റെ വീടു മുഴുവൻ
എനിക്കിടമുണ്ടല്ലോ
എന്നോർത്തുറങ്ങി.
പിറ്റേന്നുച്ചക്ക്
ചോറു തിന്നുമ്പോ
അമ്മേടെ നാട്
എന്ന് ഞാനെന്തിനോ
പറഞ്ഞപ്പോ
അമ്മ തിരുത്തി,
“എനിക്ക് നാടില്ലല്ലോ” എന്ന്.
ശരിയാണ്,
അമ്മയ്ക്ക് നാടില്ല,
അമ്മയ്ക്ക് മുറിയില്ല,
ഒരിക്കലും ഉണ്ടായിട്ടുമില്ല.
എനിക്കിപ്പൊ വീടുണ്ട്,
എഴുതണമെന്ന് പറഞ്ഞ്
വാതിലടക്കാനൊരു
കുഞ്ഞുമുറിയുണ്ട്,
ജനലുകളുള്ളത്.
ഈ മുറിയിലൊരു
ബുക്ക്ഷെൽഫുണ്ടാക്കണമെന്ന്
ഇന്നലെയും അച്ഛൻ പറഞ്ഞതാണ്.
എങ്കിലും,
അമ്മയെപ്പോലെ,
സ്വന്തമായൊരു
മുറിയില്ലാതാവുന്നതോർത്ത്
അന്നു രാത്രി ഞാനുറങ്ങിയില്ല.
അമ്മവീടും അച്ഛൻവീടും
രണ്ടു വാടകവീടുകളും
മാറിക്കഴിഞ്ഞാണ്
ഈ വീടുണ്ടായത്.
ഇവിടെയൊക്കെയും
എനിക്കൊരു മുറിയുണ്ടായിരുന്നു.
അമ്മയ്ക്ക് മുറിയില്ലാത്ത
അമ്മേടെ വീട്ടിൽ
വേനലവധിക്കു മാത്രം
എനിക്കായൊരു മുറിയുണ്ടായിരുന്നു.
അമ്മയ്ക്ക് മുറിയില്ലാത്ത
അച്ഛന്റെ വീട്ടിൽ
എനിക്കു വേണ്ടി
പുതിയതായി പണിത
ഒരു മുറിയുണ്ടായിരുന്നു.
ഇവിടെയൊക്കെ
എന്റേതെന്ന് സൂക്ഷിച്ചിരുന്ന
പുസ്തകങ്ങളും
ഓർമ്മകളും
ഞാനുമുണ്ടായിരുന്നു.
അവിടന്നൊക്കെയിറങ്ങിപ്പോന്ന
അതേ ലാഘവത്തിൽ,
ഈ മുറിയും
ഉപേക്ഷിക്കാനാവുമായിരിക്കും.
പക്ഷേ, സ്വന്തമായൊരു
മുറിയില്ലാതാവുന്നത്
എനിക്കോർക്കാനേ വയ്യ.
ദേശമില്ലാത്ത,
വീടില്ലാത്ത,
മുറിയില്ലാത്ത,
പെണ്ണുങ്ങളുടെ
എഴുതപ്പെടാത്ത
ചരിത്രത്തിലേക്ക്
കയറി നിൽക്കാൻ
എനിക്ക് വയ്യെങ്കിലോ എന്ന്
ഒച്ചയുണ്ടാക്കാതെ ഒരു കരച്ചിൽ
തൊണ്ടയിൽ നിന്നിറങ്ങിപ്പോയി.
രണ്ടു തവണ
വെറുതേയിഷ്ടത്തിന്
വായിച്ചു വച്ച പുസ്തകം
വീണ്ടുമെടുത്ത്
വായിച്ചു തുടങ്ങിയപ്പോൾ
ഓരോ വരിക്കും വാക്കിനും
പുതിയ മാനങ്ങൾ കൽപ്പിച്ച്,
ഇരുപതു കഴിഞ്ഞ്
എത്രയോ പെണ്ണുങ്ങൾ
തിന്ന ആധിയൊക്കെയും,
മുറിയിൽ
പ്രേതങ്ങൾ കണക്കെ നിറഞ്ഞു.
അവരൊച്ച വെച്ചു കരഞ്ഞു,
“എ റൂം ഓഫ് വൺസ് ഓൺ”.