എത്ര തവണ ഇത് കേട്ടിരിക്കുന്നു, ‘തുറന്ന പുസ്തകം പോലെയാണെന്റെ ജീവിതം’ എന്ന്. ആണോ? അങ്ങനെയൊരു ജീവിതത്തെക്കുറിച്ച് സങ്കൽപ്പിക്കുന്നത് തന്നെ സ്വന്തം സ്വകാര്യതയെ ഒറ്റിക്കൊടുക്കലല്ലേ? എല്ലാവരാലും വായിക്കപ്പെടാത്ത ചില പേജുകളെങ്കിലും ഉള്ളതാണ് ജീവിതപ്പുസ്തകങ്ങൾ.
ദു:ഖങ്ങളുടെ, ഭയങ്ങളുടെ, അരക്ഷിതാവസ്ഥകളുടെ, സ്വപ്നങ്ങളുടെ, നഷ്ടബോധങ്ങളുടെ ഒക്കെ രഹസ്യം പേറുന്ന താളുകൾ. ചിലപ്പോൾ ആനന്ദത്തിന്റെ അക്ഷരമാലകൾ പോലും മറ്റുള്ളവർക്ക് വായിക്കാനാകത്തവിധം അച്ചടിച്ച് അടച്ചുവച്ചിട്ടുണ്ടാകും.
ഇത്തരത്തിൽ ‘എനിക്കു മാത്രമറിയുന്നൊരു ആത്മകഥ’ ആർക്കാണ് ഇല്ലാത്തത്? ആർക്കും വായിക്കാൻ കൊടുക്കാതെ ലോകത്തിനു മുന്നിൽ മറച്ചു പിടിച്ചിരിക്കുന്ന പുസ്തകം. അത്ര കരുതലോടെ, ശ്രദ്ധയോടെ വായിച്ചാൽ ചിലർക്ക് മാത്രം ഗ്രാഹ്യമാകുന്ന ഭാഷയാകും അതിന്റേത്.
അത്രമേൽ രഹസ്യാത്മകമായ ഉള്ളറകളും പേറിയാണ് ഓരോരുത്തരും ജീവിക്കുന്നത്. നമ്മളിലേക്ക് കയറി വരുന്ന ആരെങ്കിലും ആ രഹസ്യോദ്യാനത്തിലെ പതിവുകാരായി മാറിയേക്കാം.
പലരേയും കാണുമ്പോൾ ഇത്തരമൊരു കൂട്ടാണ് കാലങ്ങളായി ആഗ്രഹിച്ചത് എന്ന് തോന്നിയേക്കാമെങ്കിലും ഉള്ളിലെ രഹസ്യങ്ങളുടെ ഖനിയിൽ നമുക്കഭിമുഖമായ കസേര അവർക്ക് പാകമാവണമെന്നില്ല. ഒടുവിലവിടെ സ്ഥാനം പിടിക്കുന്നതോ നമ്മുടെ പ്രതീക്ഷകളിൽ പോലുമില്ലാത്ത ആരെങ്കിലുമാകാം.
അവർക്ക് ആ സ്ഥാനമങ്ങ് തീറെഴുതിക്കൊടുക്കുന്നത് നമ്മൾ പോലും തീരെ പ്രതീക്ഷിക്കാതെയാകും. അവിടെ പകുത്തു വായിക്കപ്പെടുന്നത് രണ്ട് ജീവിതപ്പുസ്തകങ്ങളാണ്. അറിഞ്ഞോ അറിയാതെയോ അത്രയേറെ പരസ്പരം കാത്തിരുന്ന രണ്ട് മനസ്സുകൾക്കാവും ഒരേപോലെ ഒരിടത്ത് ഒതുങ്ങിക്കൂടാനാവുക. രണ്ടു മനസുകളും പറഞ്ഞും കേട്ടും പരസ്പരം പങ്കുവയ്ക്കുന്ന രഹസ്യ ദു:ഖങ്ങളുടേയും സന്തോഷങ്ങളുടേയും ഒരു ഒളിയിടം അവിടെ ഉരുത്തിരിയുന്നു. പതുക്കെ അത് അവരുടെ മാത്രം നിയമാവലി നടപ്പിലാക്കപ്പെടുന്ന റിപ്പബ്ലിക്കായി മാറുന്നു. പിന്നീടങ്ങോട്ടുള്ള സൗഹൃദമോ പ്രണയമോ ഒന്നിച്ച് നടക്കലുകളോ എന്തു തന്നെയായാലും അത് രസകരമാണ്. എത്ര ആൾക്കൂട്ടത്തിലും അവർക്ക് അവർ മാത്രമായി നിൽക്കാനാകും. അവർ തമ്മിൽ വിചാരങ്ങൾ വാക്കുകളില്ലാതെ കൈമാറ്റം ചെയ്യപ്പെടും. ഒരാളുടെ ഉള്ളിൽ തോന്നിയ മടുപ്പോ ചെടിപ്പോ കുറുമ്പോ കുന്നായ്മകളോ ഒക്കെത്തന്നെ മറ്റുള്ളവരുടെ മുന്നിൽ അവർക്ക് മിണ്ടാതെ മിണ്ടി പങ്കുവയ്ക്കാനാകും. മുഖംമൂടി വച്ച് മറ്റുള്ളവർക്ക് പ്രത്യക്ഷമാകുമ്പോഴും പരസ്പരം മറയില്ലാതെ കണ്ണിലേക്ക്, മനസിലേക്ക്, നോക്കുന്നവരായി പരസ്പരം അവർ മാറും. പുറംലോകത്ത് ഗൗരവ മുഖരായവർ പോലും അവരുടെയാ സ്വകാര്യ ഇടത്ത് വെറും കുട്ടികളായി മാറിയെന്നും വരാം. ഒരുപാട് കൗതുകങ്ങൾ നിറഞ്ഞ കണ്ണുകൾ കൊണ്ട് ചിരിക്കുന്ന കുട്ടികൾ. വളരെ ബാലിശമെന്ന് തോന്നുന്ന, മിട്ടായി പകുത്തു കഴിക്കുന്നതു പോലെ മധുരമുള്ള കുഞ്ഞു കൗതുകങ്ങൾ വരെ പങ്കുവയ്ക്കാവുന്നയിടം പടുത്തുയർത്തിക്കൊണ്ടിരിക്കും. അത്രമേൽ തീവ്രമായ നോവുകളും തലോടി തണുപ്പിക്കാവുന്നയിടം. ഉറക്കെ ചിരിക്കുകയും പെയ്തൊഴിയുകയും ചെയ്യാവുന്നിടമായി മാറ്റും രഹസ്യജീവിതത്തെ.
ആൾക്കൂട്ടങ്ങളിൽ വീർപ്പുമുട്ടുമ്പോൾ നിനക്ക് മടുക്കുന്നു, ഇനിയിവിടെ നിൽക്കണ്ട, നമുക്ക് നടക്കാം എന്നു പറഞ്ഞ് കൈപിടിച്ച് ഇറക്കി സ്വസ്ഥതയുടെ ചോലത്തണുപ്പിലേക്ക് നമ്മെയെത്തിക്കുന്ന കൂട്ട്. പറയാനും പങ്കുവയ്ക്കാനും നല്ലവണ്ണമൊന്ന് ചാരാനും കൂട്ടുണ്ട് എന്ന അവസ്ഥയിൽ അസുഖകരമായ മറ്റ് പലതിൽ നിന്നും മനസിനെ മാറ്റിത്തളയ്ക്കാനും എത്ര എളുപ്പം! ഇത്തരം ഇടങ്ങളിലെ ഭാരമിറക്കലുകൾ വ്യക്തി ജീവിതത്തിന് ഊർജ്ജം പകരുന്നവയുമാകാം. ഇനിയാവില്ല എന്നു കരുതി പൊടിയടിക്കാൻ വിട്ടു കൊടുത്തിരുന്ന സർഗ്ഗശേഷികൾ വീണ്ടും നമ്മളെ തേടിയെത്തിയെന്നു വരാം. കൃത്യമായി പറഞ്ഞാൽ തൊണ്ണൂറ് വർഷം മുൻപുള്ള ഒക്ടോബറിൽ വെർജീനീയ വുൾഫ് നടത്തിയ ഒരു പ്രസംഗമുണ്ട്. ഓരോരുത്തർക്കും ഉണ്ടായിരിക്കേണ്ട സ്വകാര്യയിടത്തേക്കുറിച്ചാണ് അവർ അവിടെ പറഞ്ഞത്. എഴുതാൻ ഒരു സ്വകാര്യമുറി വേണമെന്ന് സത്യത്തിൽ അവർ അവിടെ ആവശ്യപ്പെടുകയായിരുന്നു എന്നുതന്നെ പറയാം. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ന്യൂഹാം കോളജിലെ സെമിനാറിലെ ആ പ്രസംഗമാണ് ഒൻപത് മാസത്തിന് ശേഷം എ റൂം ഓഫ് വൺസ് ഓൺ എന്നപേരിൽ പുസ്തകമായത്. അലസതയുടെ പുതപ്പെടുത്ത് വാരിച്ചുറ്റാതെ, അസമയത്ത് ഉറങ്ങാൻ പോകാതെ, ഒന്നിച്ച് ഉണർവ്വോടെയിരിക്കുന്ന ചിലയിടങ്ങൾ എല്ലാവരും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുമല്ലോ.
ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ തന്നിലേക്കൊതുങ്ങി, മുന്നിലടയുന്ന വാതിലുകളെ സ്വമേധയാ അംഗീകരിച്ച് ഒടുവിലത്തെ വാതിലുമടയാറായി എന്ന് ഓർത്തിരിക്കുമ്പോൾ പ്രതീക്ഷിക്കാത്ത വെളിച്ചം ജനൽപ്പാളികളിലൂടെ കൈ നീട്ടി തൊടുന്നു. ആ വെളിച്ചത്തിന് കടന്നു വരാൻ മാത്രമുള്ള ഒരു വിടവ് അവിടെ നമ്മളറിയാതെ ഉണ്ടായിരിക്കുകയും ചെയ്യുന്നു. അങ്ങനെ വെളിച്ചമായി കയറി വന്ന് ആ സ്വകാര്യ ഇടത്ത് കൂടെയിരുന്ന് പരസ്പരം താങ്ങായിരിക്കുന്നവർ എത്ര പുണ്യം ചെയ്തവരാണ്! പല പല രഹസ്യങ്ങളെ ഒറ്റ പാസ്സ്വേർഡ് കൊണ്ട് പൂട്ടിവയ്ക്കുന്നവർ.
Wonderful note… I could relate. Thanks,
Beautiful article….
Wonderful style of writing and very interesting content.
Thank you