ജീവിതത്തിൻറെ പാതയിൽ ഓടുന്ന ഒരു തീവണ്ടിയെന്ന പോലെയാണ് ചില സിനിമകൾ. അത് നമ്മുടെ ഉള്ളിലേക്ക് കയറി വരും പോലെ പതിഞ്ഞ താളത്തിൽ മുന്നിൽ വന്നു നിൽക്കുകയും കൂടെ കൂട്ടി യാത്ര തുടരുകയും ചെയ്യുന്നു.  ജീവിതത്തിൻറെ എല്ലാ ഭാണ്ഡക്കെട്ടുകളും സീറ്റിനടിയിൽ തിരുകി നമുക്ക് നടുനിവർത്തി ഇരിക്കാം. അല്ലെങ്കിൽ തിക്കിത്തിരക്കി ആൾക്കൂട്ടത്തിന്റെ ഒരു  കഷണമായി നിൽക്കാം. തീവണ്ടിയുടെ താളം നമുക്കാണോ നമ്മുടെ താളം തീവണ്ടിക്കാണോ എന്ന്  തിരിച്ചറിയാൻ തന്നെ ചിലപ്പോൾ ഒരുപാട് സമയം എടുക്കും. അവിടെയാണ് സിനിമ അതിൻറെ കലാധർമ്മം പൂർത്തിയാക്കുന്നത്.

സിനിമ എനിക്ക് താളങ്ങളുടെ കൂടി  കലയാണ്. പതിഞ്ഞതും നേർത്തതും, ഉയർന്നതും താഴ്ന്നതുമായ നടത്തങ്ങളുടെ,  പാച്ചിലുകളുടെ കുതിരക്കുതിപ്പിന്റെയൊക്കെ  താളം സിനിമകളിലൂടെ ഞാൻ എന്റെതാക്കി  അനുഭവിക്കുന്നു. അത്തരത്തിൽ എക്കാലത്തും പ്രിയപ്പെട്ട സിനിമയാണ് ലോക പ്രശസ്‌തനായ പോളിഷ്  സംവിധായകൻ കിസ്ലോ വിസ്‌കിയുടെ ‘A short film about love’. പ്രണയത്തിൻറെ നിശ്വാസങ്ങളുടെ താളമാണ് ഈ സിനിമയ്ക്ക്.

ഒരാൾ അദൃശ്യമായി തൊട്ടടുത്തുനിന്ന് നമ്മുടെ  ഓരോ ചലനവും, മൗനവും  അറിയുകയും, നമ്മുടെ  സന്തോഷവും ദുഃഖവും തമാശകളും നമ്മൾ പോലും  അറിയാതെ പങ്കുവെക്കുകയും ചെയ്യുന്നുണ്ടെങ്കിൽ നാം അത് എങ്ങനെ തിരിച്ചറിയും?

എ ഷോർട്ട് ഫിലിം എബൗട്ട് ലവ് തുടങ്ങുന്നത്, രാത്രി മുഴുവൻ തന്റെ അയൽപക്കത്തെ സുന്ദരിയായ സ്‌ത്രീയെ  ബൈനോക്കുലറിലൂടെ വീക്ഷിക്കുന്ന പത്തൊമ്പത് വയസ്സുകാരനിലൂടെയാണ്. അവളുടെ ഒരോ  രാത്രിയും അവന്  കാണാം. അവൾ പാലും റൊട്ടിയും കഴിക്കുന്നതും ഏകാന്തതയിൽ പമ്പരം കറക്കുന്നതും, എല്ലാം അവൻ നോക്കിയിരിക്കും. അവളോടൊപ്പം റൊട്ടി തിന്നും. അവളെ കാണാൻ വരുന്ന കാമുകന്മാർ,  അവരുടെ കെട്ടിപ്പിടിക്കലുകൾ, രതി, തർക്കങ്ങൾ, കരച്ചിൽ, എല്ലാത്തിനും അവനും സാക്ഷിയാവും. അങ്ങിനെ കണ്ട് കണ്ട്..  നോക്കി നോക്കി… അവൻ അവളുമായി പ്രണയത്തിലാകുന്നുണ്ട്. അമ്മ അവനോട് പറയുന്നുണ്ട്, നിനക്ക് ഏതെങ്കിലും പെൺകുട്ടികളെ വീട്ടിൽ  കൂട്ടി വരാൻ തോന്നുന്നുണ്ടെങ്കിൽ ഒട്ടും മടിക്കേണ്ടെന്ന്,  അവൻ നിശബ്‌ദനായി പറയും എനിക്ക് ആരുമില്ല.

സിനിമയിൽ ഉടനീളം ദൈനംദിന ജീവിതത്തെയും  അവയുടെ ശബ്‌ദങ്ങളെയും, നിറങ്ങളെയും സംവിധായകൻ സമർഥമായി സിനിമയിലേക്ക് ചേർത്ത് വയ്ക്കുന്നുണ്ട്. തട്ടി തൂത്ത പാലും,  പാൽ കുപ്പികളുടെ തമ്മിൽ തട്ടിയുള്ള ഒച്ചയും, വെള്ളത്തിലേക്ക് പടർന്ന ചോരയുമെല്ലാം  ഉപയോഗിച്ച് കൊണ്ട്  സിനിമ പ്രണയത്തെ വരച്ചു വെക്കുന്നു.

ഒരിക്കൽ അവൻ അമ്മയോട് ചോദിക്കുന്നു, ‘എന്തിനാണ് മനുഷ്യർ കരയുന്നത്?’
‘നിനക്കറിയില്ലേ? നീ ഇതുവരെ കരഞ്ഞിട്ടില്ലേ?’
അവൻ പറഞ്ഞു, ‘ഒരിക്കൽ ഒരുപാട് മുമ്പ്’.

എന്നും രാവിലെ അവളെ കാണാൻ വേണ്ടി മാത്രം വീടുകളിൽ പാൽ എത്തിക്കുന്ന അധിക ജോലി അവൻ ഏറ്റെടുക്കുന്നു. ഒരു രാത്രി മുഴുവൻ അവൾ കരയുന്നത് കണ്ട ശേഷം  പതിയെ മറനീക്കി അവൻ വെളിപ്പെടുന്നു. അവരെ കാണാൻ വേണ്ടി മണിയോഡർ ഉണ്ട് എന്ന കള്ള കത്ത് അയച്ച് അവൻ ജോലി ചെയ്യുന്ന പോസ്റ്റ്‌ ഓഫിസിൽ അവരെ എത്തിക്കുന്നു. ഒടുവിൽ കുറ്റ സമ്മതം നടത്തി തെരുവിൽ നിന്നും അവൻ വിളിച്ചു പറയുന്നു എനിക്ക് നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാനത്  ചെയ്‌തത്. ഇന്നലെ രാത്രി നിങ്ങൾ കരഞ്ഞു.

തന്റെ ഏകാന്തതകൾ കട്ടു തിന്നുന്ന അപരിചിതനായ ഒരാളുടെ സാനിധ്യം അവൾ അറിയുന്നു. അവൾ  പതിയെ അവനോട് ചോദിക്കുന്നുണ്ട്, എന്തിനാണ് എന്നെ ഒളിഞ്ഞു നോക്കുന്നത്?

എനിക്ക് നിങ്ങളെ ഇഷ്‌ടമാണ്.

അവൾ ചിരിച്ചുകൊണ്ട് ചോദിക്കുന്നു, നിനക്കെന്നെ ഉമ്മ വെക്കണോ? കൂടെ കിടക്കണമോ?

ഒറ്റ മറുപടിയെ അവനുള്ളൂ, വേണ്ട എനിക്കൊന്നും വേണ്ട.

അവന് മറ്റൊന്നും വേണ്ടിയിരുന്നില്ല. അവൻ അവളെ  പ്രണയിച്ചു കൊണ്ടേയിരുന്നു. കഴിഞ്ഞ  ഒരു കൊല്ലമായി അവനും അവന്റെ ബൈനോക്കുലറും  അവളെ  കണ്ടു കൊണ്ടിരിക്കുന്നു എന്ന് പറയുമ്പോൾ അവൾക്ക്  അത് വിശ്വസിക്കാൻ സാധിക്കുന്നില്ല. മനുഷ്യന്റെ നിഷ്‌കളങ്കതയിലേക്ക് ലൈംഗിക ഭയങ്ങളിലേക്ക്, ലൈംഗിക ഉന്മാദങ്ങളിലേക്ക്, ഏകാന്തതകളിലേക്ക് അവനവൻ തന്നെ നോക്കും പോലെ ഉള്ളിൽ നിന്ന് തുടങ്ങി ഉള്ളിൽ തന്നെ പരക്കുന്ന  കാഴ്ച്ച കൂടിയാണ് ഈ സിനിമ.

സ്‌ത്രീ സ്‌പർശം ഏൽക്കാത്ത കൗമാരക്കാരൻറെ  ഭയം സിനിമയുടെ തുടക്കം മുതലേ നമുക്ക് കാണാം. അവന്റെ ബൈനോക്കുലറിന്  മുന്നിൽ അവളുടെ നഗ്നത പതിയുമ്പോൾ അവൻ കണ്ണു പിൻവലിച്ചു കളയുന്നുണ്ട്. കാമുകനോടൊപ്പം കിടക്കുന്ന അവളെ ശല്യപ്പെടുത്താൻ ഗ്യാസ് ലീക്ക് ആവുന്നുവെന്ന്  ഗ്യാസ് ഏജൻസിയിൽ  വിളിച്ചുപറഞ്ഞ്, അവളുടെ ഫ്ലാറ്റ് നമ്പർ കൊടുക്കുന്നുണ്ട്.

വലിയ ലോകവും ചെറിയ മനുഷ്യനും എന്ന് പറയുന്നതുപോലെ വലിയ രണ്ട് കെട്ടിടങ്ങൾക്കിടയിൽ നിന്ന് അവരെ മാത്രം ക്യാമറ കണ്ടെടുക്കുന്നു.

അവൻ ആദ്യമായി അവരുടെ ഫ്ലാറ്റിൽ എത്തിയ രാത്രി  അവൾ  സ്‌പർശിച്ചപ്പോഴേക്കും അവൻ  ഇറങ്ങിയോടുന്നു. ആദ്യത്തെ സ്‌ത്രീ  സ്‌പർശം അവനിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാക്കുന്നു.  പിന്നീട് അവൾ കാണുന്നത് അവന്റെ ഫ്ലാറ്റിന് മുന്നിൽ നിന്നും ഒരു ആംബുലൻസ് വേഗത്തിൽ പോകുന്നതാണ്. അവൾ  അവനെ അന്വേഷിച്ചുകൊണ്ടിരുന്നു. പതിവിടങ്ങളിൽ ഒന്നും അവനെ കണ്ടില്ല ഒടുവിൽ അവൾ അറിയുന്നു ഏതോ  പ്രണയ നൈരാശ്യത്തിൽ തന്റെ ഞരമ്പുകൾ മുറിച്ച് അവൻ  ഹോസ്‌പിറ്റലിലാണ് എന്ന്. ഒടുവിൽ അവൻറെ ഫ്ലാറ്റിലെ ബൈനോക്കുലറിലൂടെ അവൻ കണ്ടതെല്ലാം അവൾ ഒരിക്കൽ കൂടെ കാണുന്നു. അഥവാ അവളെ തന്നെ കാണുന്നു.

ത്രീ കളർസിലൂടെയും, ഡെക് ലോഗിലൂടെയും സിനിമ പ്രേമികൾക്ക് എക്കാലത്തും പ്രിയങ്കരനായ സംവിധായകൻ പ്രണയത്തെ ഒരു ചെറു കഥ പോലെ നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. ഒരു പൈങ്കിളി കഥയെന്ന് തോന്നാവുന്ന കഥാ ബീജത്തെ ലോക ക്ലാസിക്കായി അടയാളപ്പെടുത്തുന്നത് സംവിധായകന്റെ കൈയൊപ്പാണ്. ചെറിയ  സംഭാഷണങ്ങളിലൂടെ സർഗാത്മകമായ ശബ്‌ദമിശ്രണത്തിലൂടെ പായൽ പോലെ പടരുന്ന ദൃശ്യങ്ങളിലൂടെ മനുഷ്യനെ സിനിമ ഉരുക്ക് അഴിക്കുന്നു. അതുകൊണ്ട് തന്നെയാണ്‌ 1988 ൽ  ഇറങ്ങിയ  ഈ സിനിമ  ഇന്നും മനുഷ്യനെ വശീകരിക്കുന്നത്.

1 Comment
  1. Manju mj 1 year ago

    നല്ലെഴുത്ത്…. അഭിനന്ദനങ്ങൾ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account