അരിതായ്മകളുടെ ഒരു വലിയ കമ്പിമുൾവേലിക്കകത്താണ് നാം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങൾ സങ്കൽപ്പിയ്ക്കുന്നത്. പൊട്ടക്കിണറ്റിലെ തവളയ്ക്ക് തന്റെ ലോകവും തന്റെ ആകാശവും ഏറ്റവും മനോഹരമായി തോന്നുന്നത് പോലെ തന്നെയാണ് നമ്മളിൽ പലരുടേയും അവസ്ഥ. ജനൽപാളിയിലൂടെ നാം കാണുന്ന ഒരുതുണ്ട് ആകാശത്തിന് അപ്പുറത്തുള്ള ഒരു വിശാല ആകാശത്തെ മോഹിയ്ക്കാനോ സ്വപ്നം കാണാനോ പോലും നമ്മളിൽ പലരും ധൈര്യപ്പെടുന്നില്ല എന്നതാണ് സത്യം.
അരുതായ്മകളുടെ ഒരോ അമ്പെയ്ത്തിനെയും പ്രതിരോധിയ്ക്കുന്നതിന് പകരം അതിന് വഴങ്ങി കൊടുക്കുകയോ വഴുതി മാറുകയോ ചെയ്യുകയാണ് നാം. അരുതായ്മകളുടെ ശരിതെറ്റുകളെ കുറിച്ച് വിചിന്തനം നടത്താതെ എല്ലാ അരുതായ്മകളെയും അനുസരിച്ച് Safe Zone ൽ അഭയം പ്രാപിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന, ‘സമാധാനം’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അവസ്ഥയ്ക്ക് നൽകേണ്ടി വരുന്ന വില നമ്മുടെ സ്വാതന്ത്ര്യമാണ് എന്ന് എന്നെങ്കിലും നമ്മൾ തിരിച്ചറിയുമോ? ‘നല്ല വ്യക്തി’ എന്ന ഇമേജിന് വേണ്ടി നമ്മൾ നൽകേണ്ടി വരുന്നത് നമ്മുടെ ജീവിതം തന്നെയാണെന്ന് എന്നാണ് നാം തിരിച്ചറിയുക?
കഴുത്തിൽകെട്ടിയ കയറിന്റെ നീളം ആരമായി വരുന്ന വൃത്തത്തിനുള്ളിൽ നട്ടംതിരിയുന്ന ചക്കാട്ടുന്ന കാളകളെ കണ്ടിട്ടില്ലേ? അതുപോലെ ഒരേവൃത്തത്തിൽ, ആവർത്തനത്തിന്റെ ഒരേ താളത്തിൽ ചലിച്ച് കൊണ്ടിരിക്കുകയാണ് നമ്മൾ.
പൗലോ കൊയ്ലോയുടെ The Pilgrimage എന്ന പുസ്തകത്തിൽ പറയുന്ന പ്രശസ്തമായ ഒരു വാക്യമുണ്ട്: The ship is safest when it’s in port; but that’s not what ships were built for എന്ന്. നങ്കൂരത്തിന്റെ സുരക്ഷിതത്വത്തിൽ കിടക്കാനായിരുന്നെങ്കിൽ പിന്നെ കപ്പലുകൾ ആവശ്യമില്ലല്ലൊ!
Safe zone ൽ ജീവിതം ജീവിച്ച് തീർക്കുന്ന ഓരോരുത്തരും സ്വന്തം ആകാശങ്ങൾ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഒരു കുളിർകാറ്റിനൊപ്പം ചിറക് വിടർത്തി പറക്കാൻ കഴിയുന്ന, ഒരു നിലാമഴയിൽ നനയാൻ കഴിയുന്ന ഓരോരുത്തരുടേയും സ്വന്തം ആകാശങ്ങൾ …..! ആ ആകാശങ്ങൾ കണ്ടെത്തി, അതിന്റെ സ്വാതന്ത്യത്തിലൂടെയാണ് വിശാലമായ ലോകം നമുക്ക് മുന്നിൽ വെളിപ്പെടുക.
Safe Zone എന്നത് ഒരു പ്രഹേളികയാണെന്നും അരുതുകൾ എന്നത് പലപ്പോഴും നമ്മുടെ സ്വാതന്ത്ര്യത്തിന് മേൽ പതിക്കുന്ന മഴുവാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ആ തിരിച്ചറിവുണ്ടായാൽ മാത്രമേ സ്വന്തം മുറ്റത്തുനിന്ന് കാണാൻ കഴിയുന്ന ചതുരാകാശത്തിന് അപ്പുറത്തുള്ള സ്വാതന്ത്ര്യത്തിന്റെ വിശാല ആകാശം കാണാനാവൂ.
വരൂ… ഇനി നമുക്ക് എല്ലാ ചങ്ങലകളും പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്യത്തിന്റെ വിശാലാകാശത്തേയ്ക്ക് ചിറക് വിടർത്തി പറക്കാം…