ശരിക്കും ഇന്ത്യ ഇപ്പോഴതാണ്. കുറേ ആൾക്കൂട്ടങ്ങളുടെ ഒരു വിഹാര കേന്ദ്രം. പൊതുവായ ലക്ഷ്യങ്ങളോ വിശാല ദേശീയ താൽപ്പര്യങ്ങളോ ഒന്നുമില്ലാത്ത, ആർപ്പുവിളികളിലും അട്ടഹാസങ്ങളിലും അഭിരമിക്കുന്ന, അപര സ്വാതന്ത്ര്യത്തെ അശേഷം വകവക്കാത്ത, മുഖമില്ലാത്ത ആൾക്കൂട്ടങ്ങളുടെ റിപ്പബ്ലിക്‌. സഹവർത്തിത്വത്തിന്റേയോ ഐക്യപ്പെടലിന്റേയോ സൂത്രവാക്യങ്ങളല്ല നമ്മുടെ രാഷ്‌ട്രീയം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ശത്രുതയുടേയും കീഴടക്കലിന്റേയും പാഠാന്തരങ്ങൾ മാത്രം പരിഗണിക്കുന്ന ഒരു അപരിഷ്കൃത ആൾക്കൂട്ടമായിരിക്കുന്നു നമ്മളിപ്പോൾ.

നമ്മളൊരുമിച്ച് കഴിയേണ്ടവരാണ് എന്നല്ലല്ലോ ഈയിടെ നാം കേൾക്കുന്നത്. നാം തമ്മിൽ ചില വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട് എന്നും അവ ചിലരെ ഉത്തമർണരും മറ്റു ചിലരെ അധമർണരുമാക്കുന്നു എന്നും വ്യക്‌തമായി പ്രചരിപ്പിക്കപ്പെടുന്നു. നമുക്ക് നമുക്കിടയിൽ തന്നെ ശത്രുക്കളുണ്ട് എന്ന് എത്ര ലളിതമായാണ് നാം വിശ്വസിച്ചു കഴിഞ്ഞിരിക്കുന്നത്. വെറുപ്പിന്റേയും ശത്രുതയുടേയും സമവാക്യങ്ങൾ ഒരിക്കലും ഒരു ജനതയെ ഏകോപിപ്പിക്കുന്നതിനല്ല, വിഭജിച്ചു നിർത്തുന്നതിനാണ് സഹായിക്കുക എന്ന് ഭരണകൂടങ്ങൾക്ക് നന്നായറിയാം. അപ്രകാരം വിഭജിച്ചു നിർത്തുന്നതിലൂടെ മാത്രമേ അധികാരം നിലനിർത്താനാവൂ എന്നിരിക്കെ ജനങ്ങൾക്കിടയിൽ ശത്രുത ഊട്ടി വളർത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും അവ നടത്തിക്കൊണ്ടേയിരിക്കും.

പദ്മാവതി എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങൾക്കൊടുവിൽ രജപുത്ര കർണി സേന നേതാവ് പരസ്യമായി പറയുന്നു, ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു കലാപത്തിലൂടെ അധികാരം നേടിയയാളാണ്. പക്ഷേ ഇപ്പോൾ അദ്ദേഹം അതു മറന്നിരിക്കുന്നു, എന്ന്. കലാപത്തെ മറക്കുന്നത് ഒരിക്കലും ശരിയല്ല എന്നു പരസ്യമായി പറയുന്ന ഒരു ആൾക്കൂട്ടത്തെ എന്താണ് വിളിക്കേണ്ടത്? അറബ് മേഖലയിലെ ഇസ്‌ലാമിക ഭീകരവാദ പ്രവർത്തനങ്ങളുടെ ചരിത്രം പരിശോധിക്കുക. ഇസ്‌ലാമിന്റെ സ്വത്വം നിലനിർത്താനും ഇസ്‌ലാമിനെ സംരക്ഷിക്കാനുമായിരുന്നു എല്ലാ തീവ്രവാദി സംഘങ്ങളുടേയും ആവിർഭാവം. പക്ഷേ അവർ ശീലിച്ചത് കലാപങ്ങളും ശത്രുതയും മാത്രമായിരുന്നു. ഒടുവിൽ ഇസ്‌ലാം ഇസ്‌ലാമിനെത്തന്നെ കൊന്നൊടുക്കുന്ന വർത്തമാന ദുരന്തത്തിന്റെ തിരിച്ചറിവിൽ നിന്നു വേണം ശത്രുതയുടെ വക്‌താക്കളായ കപട രാജ്യസ്നേഹികളും വ്യാജ മത സംരക്ഷകരും നടത്തുന്ന കലാപാഹ്വാനങ്ങളെ വായിക്കേണ്ടത്.

ഇന്ത്യയിലെവിടെയെങ്കിലും എന്തെങ്കിലും കാര്യത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നതായി നമുക്കറിവില്ലാത്തത് തീർച്ചയായും സമരങ്ങളില്ലാഞ്ഞിട്ടല്ല. മറിച്ച് സമരങ്ങളെ കേൾക്കുന്ന, ജനങ്ങളുടെ പ്രതിഷേധങ്ങളെ മുഖവിലക്കെടുക്കുന്ന ഒരു ഭരണകൂടവും ഇന്ത്യയിലെവിടെയും നിലവിലില്ലാത്തതു കൊണ്ടാണ്. ജനങ്ങളോടു നുണ പറയുന്ന, ആസൂത്രിതമായി ജനങ്ങളെ വഞ്ചിക്കുന്ന, എന്നിട്ടും ഇതൊക്കെ ജന നന്മക്കു വേണ്ടിയാണ് എന്ന് ഉറക്കെ ഘോഷിക്കാൻ ഒരു മടിയുമില്ലാത്ത ഒരു നേതൃത്വത്താൽ നയിക്കപ്പെടുന്ന സമൂഹത്തെ മാർക്കേസ് വിളിച്ചതു പോലെ ബനാന റിപ്പബ്ലിക്‌ എന്നേ വിളിക്കാൻ തരമുള്ളൂ.

ജനാധിപത്യ റിപ്പബ്ലിക് സമൂഹങ്ങൾ അവയുടെ നിലനിൽപ്പ് സാധ്യമാക്കുന്നത് നിയമങ്ങളുടേയും വ്യവസ്ഥകളുടേയും ഭരണഘടനയുടേയും സാക്ഷാൽക്കാരത്തിലൂടെയാണ്. വ്യവസ്ഥകൾ നടപ്പിലാവുന്നതാവട്ടെ സ്വമേധയാ ഉള്ള സ്വീകരണത്തിലൂടെയുമാണ്. വലിയ തിരക്കുള്ള ഒരു സ്ഥലത്ത് ആളുകൾ വരിയുടെ ക്രമം പാലിക്കുന്നതും ഒരിടത്തും വരിയിൽ മുന്നിൽ നിൽക്കുന്നയാളെ കായികശേഷിയുള്ള പിന്നാലെ വന്നവർ അതിക്രമിച്ചു കടക്കാത്തതും നിയമങ്ങളുടെ കാർക്കശ്യം കൊണ്ടല്ല, മറിച്ച് നമ്മളിലുള്ള പൗരബോധത്തിന്റേയും ജനാധിപത്യ ബോധത്തിന്റേയും ഫലമാണ്. ഓരോ വ്യവസ്ഥയും സ്വയം അത്രമേൽ ദുർബലമാണ്. അതിനാൽ തന്നെ സംഘടിതമായ ലംഘനങ്ങൾ ഏത് ഭരണഘടനയേയും അട്ടിമറിക്കുക തന്നെ ചെയ്യും. സംഘടിതമായ ആ വ്യവസ്ഥാ ലംഘനമാണ് മോഹൻ ഭാഗവത് റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തിയതിലൂടെയും ദേശീയ ഗാനത്തിനു പകരം വന്ദേമാതരം ആലപിക്കുന്നതിലൂടെയും രാജ്യം ഭരിക്കുന്ന ആൾക്കൂട്ടം നമുക്കു മുന്നിലവതരിപ്പിക്കുന്നത്. സുപ്രീം കോടതി പറഞ്ഞാലും പദ്‌മാവതി പ്രദർശിപ്പിക്കാനനുവദിക്കില്ലെന്ന വാശി നടപ്പിലാവുന്നതും പ്രസൂൺ ജോഷിക്ക് ജയ്പൂർ സാഹിത്യോത്‌സവം ഉപേക്ഷിക്കേണ്ടി വരുന്നതും നൽകുന്ന സൂചന മറ്റെന്താണ്? പ്രസൂൺ ജോഷിക്ക് സാഹിത്യോത്‌സവത്തിൽ പങ്കെടുക്കാൻ സാഹചര്യമൊരുക്കാൻ തയ്യാറല്ലെങ്കിൽ പിന്നെന്താണ് റിപ്പബ്ലിക്?

ഉത്തർപ്രദേശിലെ കസ്ഗഞ്ജിൽ റിപ്പബ്ലിക് ദിനത്തിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹള കൂടി പരാമർശിക്കപ്പെടേണ്ടതുണ്ട്. ദേശീയത ഞങ്ങളുടേതാണ് എന്ന് സ്ഥാപിക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ ദേശീയത ഞങ്ങളുടേതല്ല എന്ന് മറുവിഭാഗം ശഠിക്കുകയും ചെയ്യുന്ന സങ്കീർണതയാണ് കസ്ഗഞ്ജ് നൽകുന്ന തിരിച്ചറിവ്. ഈ സമീപനം ശത്രുതയുടെ ആഴം വർദ്ധിപ്പിക്കുകയേയുള്ളൂ എന്നറിഞ്ഞിട്ടും അതു തന്നെ ആവർത്തിക്കുന്നതാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ദുരവസ്ഥ. ത്രിവർണ പതാകക്കു പകരം കാവിപ്പതാക വാനിലുയരണമെന്നും വന്ദേമാതരം ദേശീയഗാനമായി അംഗീകരിക്കപ്പെടണമെന്നും ആഗ്രഹിക്കുന്ന ആൾക്കൂട്ടമുള്ള, ശരീഅത്ത് നിയമം ഇന്ത്യൻ ഭരണഘടനയുടെ മേലെയാണെന്ന് വിശ്വസിക്കുന്ന വേറൊരു ആൾക്കൂട്ടമുള്ള, ഈ രാജ്യത്തെ ആൾക്കൂട്ടങ്ങളുടെ റിപ്പബ്ലിക് എന്നല്ലാതെ എന്തു വിളിക്കാൻ…

-മനോജ് വീട്ടിക്കാട്

1 Comment
  1. Shafeeq 3 years ago

    ആൾക്കൂട്ടങ്ങളുടെ റിപ്പബ്ലിക് എന്നല്ലാതെ എന്തു വിളിക്കാൻ… ശരിയാണ്. കാവിയും പച്ചയും ചുവപ്പും എല്ലാം ചേർന്ന് ആൾക്കൂട്ടത്തെ സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണ്…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account