ഒരുദിവസത്തിന്റെ ഒടുക്കം, അന്നത്തെ ഇരുൾവീഴും മുൻപേ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്! ചിലപ്പോൾ തുടർന്നുള്ള ജീവിതഗതിതന്നെ നിർണ്ണയിക്കുക ആ ദിവസമായിരിക്കും.

അത്തരം നിർണായകമായ ഒരു ദിവസമായിരുന്നു ഫാർമസൂട്ടിക്കൽ കെമിസ്‌ട്രി അവസാനവർഷ വിദ്യാർത്ഥി രതീഷ് രാമചന്ദ്രൻ ഉറക്കച്ചടവോടെ രാവിലെ പുസ്‍തകത്തിലേക്ക് കണ്ണുതുറന്നത്‌.

അമ്മ തന്ന കട്ടൻചായയുടെ കപ്പിലേക്കു രസതന്ത്ര പരീക്ഷയുടെ മുൻകാല ചോദ്യക്കടലാസിലെ ഉത്തരങ്ങൾ അലിയിച്ചെടുക്കുമ്പോഴാണ് മുറ്റത്തേക്ക് ഒരുകെട്ട് വാരിയും കൊന്നപ്പത്തലുമായ് സോമൻചേട്ടനും അച്ഛനും വന്നത്.

‘പൊളിഞ്ഞു വീണുകിടക്കുന്ന വേലി കെട്ടണം’.

‘അവനുംകൂടെ ഇവിടെ നിൽക്കുമ്പോൾ കെട്ടിയിരുന്നെ സോമന് വെറുതെ കാശു കൊടുക്കണ്ടാരുന്നു’. അമ്മ ആരോടെന്നില്ലാതെ അടക്കം പറഞ്ഞു.

വീടിനു പുറകുവശത്തെ ശവപ്പെട്ടിക്കച്ചവടക്കാരൻ ജോസിന്റെ പറമ്പിനോട് ചേരുന്നിടം മറപുരക്കരുകിൽ സോമൻ ചേട്ടനും അച്ഛനും വേലിക്കുള്ള സാധനസാമഗ്രികളുമായി മല്ലിട്ടു നിൽക്കുമ്പോൾ രതീഷ് പരീക്ഷയ്ക്കായി കോളേജിലേക്ക് നടന്നു .

പ്രതീക്ഷിച്ച അത്ര എളുപ്പമല്ലായിരുന്നു പരീക്ഷ. എങ്കിലും, തോൽക്കില്ല എന്ന ആശ്വാസത്തിൽ, ‘കുഴപ്പമില്ല’ എന്ന് വഴിയിൽ കണ്ട ഒന്നുരണ്ടാളുകളോട് കുശലം പറഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും അവനു ഉച്ചവിശപ്പ് വീണിരുന്നു .

കഴിക്കാനെടുത്തുതരാൻ വീടിനുള്ളിൽ അമ്മയെ കാണാതെ, പിന്നാമ്പുറത്തേക്കു ഇറങ്ങിച്ചെന്നു.

പത്തൽ കുത്താനായി എടുത്ത കാലിയായ കുറച്ചു കുഴികളും ഒന്നുരണ്ടു നാട്ടിയ കുറ്റികളും പൊട്ടിയ കെട്ടുവള്ളികളുമല്ലാതെ വേലി ഇനിയും കെട്ടിയിട്ടുണ്ടായിരുന്നില്ല.

പൊളിഞ്ഞ മറപുരയ്‌ക്കുമീതെ ചിതറിത്തെറിച്ചു പത്തലുകളും വാരികളും പരന്നു കിടന്നിരുന്നു. മുടിയഴിച്ചിട്ടു നിൽക്കുന്ന അമ്മയുടെ മുഖം കരിവാളിച്ചിട്ടുണ്ട് .

ഉറപ്പായും എന്തോ പറ്റിയിട്ടുണ്ട്.

തടിച്ച വിരൽപ്പാടുകൾ പതിഞ്ഞ് ചുവന്നു തിണർത്ത അച്ഛന്റെ മുഖത്തിന് പരാജിതന്റെ ഭാവമായിരുന്നു.

‘ആ ശവംതീനി നായിന്റെ മോന്റെ പണിയാ…..’ സോമൻ ചേട്ടന്റെ വിശദീകരണത്തിനു മുന്നേ രതീഷ് നിലത്തു കിടന്ന വെട്ടരുവ കയ്യിലാക്കി അപ്പുറത്തേക്ക് ഓടി.

ജോസിന്റെ ഇളയമകൻ മൂന്നുവയസ്സുകാരൻ ടിജോ മുറ്റത്തിരുന്നു തൂറിയതു കോരിക്കളയാൻ തുടങ്ങിയ ആസ്‌മക്കാരി തെയ്യാമ്മയോടു അലറിക്കൊണ്ട് രതീഷ് ചോദിച്ചു.

‘എവിടേടി നിന്റെ കെട്ടിയോൻ കുണ്ടച്ചിമോൻ?’

തെയ്യാമ്മ ശ്വാസം കിട്ടാതെ പേടിച്ചു വിറച്ചു കണ്ണുമിഴിച്ചു. അകത്തേക്ക് പാഞ്ഞു കയറിയ രതീഷിന്റെ പരാക്രമം കണ്ട് അവർ ഉടുത്തിരുന്ന മുണ്ടിൽ മുള്ളിപ്പോയി.

അകത്തു കട്ടിലിൽ കിടന്നിരുന്ന ജോസിന്റെ പിടലിക്ക് നോക്കി അവൻ ആഞ്ഞു വെട്ടി!

മുമ്പേ ദുർബലമായിരുന്ന ആ വീട് അവസാന അലർച്ചയിൽ വിറങ്ങലിച്ചുപോയി.

നിമിഷങ്ങൾക്കുള്ളിൽ കട്ടിലും മുറിയും ചോരയിൽ കുതിർന്നു .

വായുവിൽ ഉറക്കത്തിൽ കൊല്ലപ്പെട്ടവന്റെ ചോരമണം മാത്രം ഉയർന്നു പൊങ്ങി .

ഉത്തരം ഉള്ളതും ഇല്ലാത്തതുമായ ഒരുപാടു ചോദ്യങ്ങൾക്കും സംശയങ്ങൾക്കും, വരാൻ പോകുന്ന ദിവസങ്ങളിൽ നാടിനെ കത്തിക്കാൻ പോന്ന തീക്കൊള്ളിക്കും മുകളിൽ ഇരുൾ വീഴാൻ തുടങ്ങുമ്പോൾ, ഇരുവീടുകളും ഒരുപോലെ കാണപ്പെട്ടു.

ചത്തവന്റെയും കൊന്നവന്റെയും വീടുകളിലെ ശേഷിച്ച ജീവിതങ്ങളുടെ വഴിയിൽ ഇരുട്ട് കനത്തു കുറുകി നിന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account