കഴിഞ്ഞ കുറച്ചുനാളുകളായി മലയാള സിനിമാരംഗത്തുനിന്ന് കേൾക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതിനപ്പുറമാണ്. ഹോളിവുഡ് ലോകം പണാധിപത്യത്തിന്റേതാണെന്ന് ഏവർക്കുമറിയാം എന്നാൽ മലയാളസിനിമയിൽ അത്തരമൊരു അധോലോകത്തിന്റെ പ്രവർത്തനമുണ്ടെന്ന് ആരും കരുതിയതല്ല. കല വ്യവസായമാവുകയും വ്യവസായം കുത്സിതവ്യാപാരം മാത്രമാവുകയും ചെയ്യുമ്പോൾ സംഭവിക്കുന്നതാണിവയെല്ലാമെന്നുപറഞ്ഞ് നമുക്ക് ഒഴിഞ്ഞുമാറാനാവുമോ? നാം ആരാധിക്കുന്ന വെളുത്ത താരങ്ങൾ വെറും കാപട്യത്തിന്റെ പുറംപൂച്ചുകൾ മാത്രമാവുന്നത് എങ്ങിനെ സഹിക്കും?

മാസങ്ങൾക്ക് മുൻപാണ് മലയാളത്തിലെ പ്രമുഖനടി കൊച്ചിയിൽ വാഹനത്തിൽ വച്ച് ആക്രമണത്തിനിടയായത്. ഉടൻ തന്നെ നടി പോലീസിൽ പരാതി നൽകി. പ്രതികളെന്ന് സംശയിച്ചവരെ പിടികൂടി. അന്വേഷണം പതിവുപോലെ ഇഴഞ്ഞും ഉരുണ്ടും നീങ്ങുന്നതിനിടെ സംഭവത്തെക്കുറിച്ച് പലരുടേയും പ്രതികരണം വന്നു. പൾസർ സുനി വെളിപ്പെടുത്തിയ കാര്യങ്ങൾ സിനിമലോകത്തെക്കുറിച്ച് ഇന്നുവരെയില്ലാത്ത സംശയങ്ങളിലേക്കാണ് നയിച്ചത്. അമ്മ എന്ന താരങ്ങളുടെ സംഘടന ജനറൽബോഡിയിൽ നടന്ന ചർച്ചകളും സംഘടനക്കാരുടെ മാധ്യമപ്രവർത്തകരോടുള്ള ആവേശമറുപടികളും സംഗതി കൂടുതൽ കുഴമറിച്ചു. പൊലീസ് കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുന്നു. അന്വേഷണം മറ്റ് നടിമാരിലേക്കും കുടുംബാംഗങ്ങളിലേക്കും വഴിതുറന്നിരിക്കുന്നു. സ്വത്തുസംബന്ധമായ ഇടപാടുകളുടെ സംശയം ബലപ്പെടുന്നു. തർക്കങ്ങൾ പ്രതികാര നടപടികളായി മാറുന്നതിന്റെ ലക്ഷണങ്ങൾ വായിക്കാൻ കഴിയുന്നു. കഷ്ടമാണ് മലയാള സിനിമേ നിന്റെ കാര്യം!

സിനിമ സർഗാത്മകമായ ആവിഷ്കാരമല്ലാതായിക്കഴിഞ്ഞുവോ? നല്ല സിനിമയേയും സിനിമക്കാരെയും സ്നേഹിക്കുന്ന കലാസ്നേഹികൾക്ക് എന്താണ് തിരിച്ചു നൽകാനുള്ളത്? ചലച്ചിത്രനടികളുടെ അവസ്ഥയെപ്പറ്റി യുവനടി പാർവതി ഈയിടെ പറഞ്ഞ അഭിപ്രായങ്ങൾ ഓർമയുണ്ടല്ലോ? പെണ്ണിനെ ചൂഷണം ചെയ്യുന്ന ഏറ്റവും വലിയ മേഖലയാണിതെന്ന് ഒരിക്കൽക്കൂടി തെളിയുകയാണ്.

കേസ് കേസിന്റേ വഴിക്കു പോകും. നിയമവും നീതിയും വിലക്കുവാങ്ങാൻ കഴിയുന്ന വ്യവസ്ഥിതിയിൽ എന്തും സംഭവിക്കാം. തെറ്റുകാർ ഉന്നതരാണെങ്കിൽ തേഞ്ഞുപോകാൻ എളുപ്പമുള്ള സോപ്പ് മാത്രമാണ് സിനിമക്കേസുകളെന്നാണ് ചരിത്രം മലയാളികളെ പഠിപ്പിച്ചിരിക്കുന്നത്. നീതിക്കുവേണ്ടിയുള്ള മുറവിളികൾ പതുക്കെ ഒടുങ്ങുന്നതാണ് ചില മുൻ കാല അനുഭവങ്ങൾ കാണിക്കുന്നത്. സിനിമരംഗത്തെക്കുറിച്ചുള്ള  തെറ്റിദ്ധാരണകൾ മാറുവാൻ നീതി നടപ്പിലാവേണ്ടതുണ്ട്. പക്ഷെ അതെങ്ങിനെയെന്ന് ആർക്കുമറിയില്ല.

എന്നാൽ മറ്റൊരു സംഗതി പ്രത്യേകം ഓർക്കാതെ വയ്യ. കുറ്റക്കാർ ഈ കേസിൽ ഉൾപ്പെട്ടവർ മാത്രമല്ല. വർഷങ്ങളായി ഈ അധോലോക പ്രവർത്തനത്തിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളികളായവർ എത്രയോപേർ. കച്ചവടമാണെങ്കിലും കച്ചവടനീതിയുണ്ട് സുഹൃത്തുക്കളേ, അത് പാലിക്കണം. തിരശ്ശീല വെളുത്തതാണ് എന്നതുകൊണ്ട് നിങ്ങളുടെ ജീവിതം സംശുദ്ധമാണെന്ന് ആരും ഇനിമേൽ കരുതുകയില്ല. ജനം വിഡ്ഡികളല്ല.

സിനിമാരംഗത്തെ സംശുദ്ധത വീണ്ടെടുക്കാൻ ആര് തയ്യാറാവുമെന്നതാണ് സിനിമസ്നേഹികളുടെ ഒരേയൊരു ചോദ്യം. ഉത്തരം തരേണ്ടവർ ഓടിയൊളിച്ചാൽ ടിക്കറ്റ്കൂലിയും നികുതിയും കൊടുത്ത് സിനിമ കാണാൻ വരുന്നവരെന്തു ചെയ്യും?

3 Comments
  1. Babu Raj 1 year ago

    തിരശ്ശീല വെളുത്തതാണ് എന്നതുകൊണ്ട് നിങ്ങളുടെ ജീവിതം സംശുദ്ധമാണെന്ന് ആരും ഇനിമേൽ കരുതുകയില്ല. ജനം വിഡ്ഡികളല്ല… absolutely right..

  2. Haridasan 1 year ago

    കണ്ണുകളെ മയക്കുന്ന കാപട്യം നിറഞ്ഞ ലോകം…

  3. Retnakaran 1 year ago

    സിനിമാരംഗത്തെ സംശുദ്ധത വീണ്ടെടുക്കാൻ ഇതൊരു തുടക്കമാവട്ടെ എന്ന് പ്രതീക്ഷിക്കാം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account