വച്ചുകെട്ടിയ ഭാര മാറാപ്പുകളൊക്കെ ഊരിയെറിഞ്ഞ് പരിപൂർണമായ സ്വാതന്ത്ര്യത്തിലേക്കുള്ള ഇറങ്ങിനടക്കലോളം സുഖകരവും ആസ്വാദ്യവുമായ മറ്റെന്തുണ്ട് പ്രപഞ്ചത്തിൽ? തത്വചിന്തകളും ജീവിതപദ്ധതികളുമൊക്കെ ഭൗതിക നേട്ടങ്ങളുടെ നിരർഥകതയെ പലവിധേന പറഞ്ഞിട്ടുണ്ടെങ്കിലും ആദിത്യനും രാധയും മറ്റു ചിലരും എന്ന നോവൽ മുന്നോട്ടു വക്കുന്ന ഉത്തരാധുനികമായ ആത്മീയത തികച്ചും ഏകതാനവും വിചിത്രവുമത്രേ. അത് ജീവിതത്തിന്റെ എല്ലാ നിബന്ധനകളേയും നിരാകരിക്കുകയും യാഥാസ്ഥിതികമായ നിലപാടുകളെ അപനിർമിക്കുകയും ചെയ്യുന്നു.

സ്ഥൂലപ്രപഞ്ചത്തിന്റെ അസ്തിത്വം, സ്ഥലം, കാലം എന്നിവയുടെ സമ്യക് യോഗം, സ്ഥലകാലങ്ങളുടെ സൂക്ഷ്മാംശങ്ങളിലെ പാരസ്പര്യം എന്നിവയാലണ്‌ നിർണയിക്കപ്പെടുന്നത്. അതു കൊണ്ട് തന്നെ ഒന്നിനു ശേഷം മറ്റൊന്ന് എന്ന ക്രമാനുഗതികത്വം തീർച്ചയായും പ്രപഞ്ചത്തിന്റെ പുരോഗമനത്തിൽ ഉണ്ട്. ഈ ഏകമാന നേർരേഖാ ചലനത്തിലാണ് സാമാന്യമായി ജീവിതവും ലോകവും രൂപപ്പെട്ടിട്ടുള്ളത്. നോവലിൽ ആറാം അധ്യായത്തിൽ ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് രാത്രികൾ ഉണ്ടാവുന്നത്? പകലുകൾ മാത്രമുണ്ടായാൽ പോരേ എന്ന് . രാത്രിയുടെയും ഇരുട്ടിന്റേയും ആവശ്യകതയെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും നിരവധി സാധ്യതകൾ ഉപന്യസിക്കാമെന്നിരിക്കെ രാത്രി തിരുടൻമാർക്കുംജാരൻമാർക്കും വേണ്ടിയുള്ളതാണ് എന്ന ആവശ്യത്തിലധികം സത്യസന്ധവും ഋജുവുമായ തീർപ്പിലൂടെ മുകുന്ദൻ കാലചക്രത്തിന്റെ രൂപകങ്ങളെത്തന്നെ അപനിർമിക്കുന്നു. സമയ സങ്കൽപങ്ങളുടെ പുരോഗമനം മാത്രമാണ് നമുക്ക് പരിചിതം. ബാല്യത്തിന് ശേഷം കൗമാരം അതിനു ശേഷം യൗവനം എന്നിങ്ങനെ മുന്നോട്ടുള്ള സമയഗമനം മാത്രമേ നമുക്ക് സ്വീകാര്യമാവുന്നുമുള്ളൂ. ഈ ഘടനയെയാണ് മുകുന്ദൻ അട്ടിമറിക്കുന്നത്. കാലത്തിലൂടെ പശ്ചാത്ഗമനങ്ങൾ സാധ്യമാണ് എന്ന് നോവൽ നമുക്ക് കാണിച്ചു തരുന്നു.

400 വർഷം പുറകിലേക്ക് സഞ്ചരിച്ച് ദുലാരിയെ കണ്ടുമുട്ടുന്ന ആദിത്യൻ യഥാർഥത്തിൽ ഏതുകാലത്തിലാണ് നാം ജീവിക്കുന്നത് എന്ന സങ്കീർണ സമസ്യയാണ് നമുക്ക് മുന്നിലിട്ടു തരുന്നത്. അതേ സമയം താൻസനെ പിടിച്ച്‌ കൊണ്ടു പോകാൻ വരുന്നചക്രവർത്തിയുടെ കിങ്കരൻമാരുമായുള്ള മുഖാമുഖവും വെറുമൊരു കഥാ സന്ദർഭമല്ല. ശതാബ്‌ദങ്ങളിലൂടെയോ, സഹസ്രാബ്ദങ്ങളിലൂടെയോ രൂപപ്പെട്ട പൊതു ബോധത്തിന്റെ അടിസ്ഥാന ശിലയിലാണ് ഓരോ ആദിത്യനും നിർമിക്കപ്പെട്ടിട്ടുള്ളത്. ദുലാരി ഏതോ ജന്മിയാൽ ബലാൽക്കാരം ചെയ്യപ്പെട്ടേക്കാം, നല്ല സംഗീതവും സൗന്ദര്യവും രാജാവിനുള്ളതാണ് തുടങ്ങി എത്രയെത്ര രൂഢ സങ്കല്പങ്ങളെയാണ് നാം നമ്മുടെ ഉപബോധത്തിൽ ചുമന്നു നടക്കുന്നത്. ഈ പരമ്പരാഗത ധാരണകളെയാണ് മുകുന്ദൻ അപനിർമിക്കുന്നത്. ഒരാളും ചരിത്രത്തിൽ നിന്ന് മുക്തരല്ല. മുക്തരാവാനുള്ള ഒരു ശ്രമത്തേയും വച്ചു പൊറുപ്പിക്കാൻ നാം ഒരുക്കവുമല്ല. അതിനാലത്രേ ആദിത്യനും രാധയും അച്ഛനമ്മമാർക്കു വേണ്ടി പരീക്ഷയെഴുതാൻ അറവുശാലയിലേക്ക് പോകുന്നതിനു മുമ്പ് പൂന്തോട്ടത്തിൽ ചെന്ന് അവർക്ക് വേണ്ടി ജീവിച്ചത്.

സംസ്കാരം എന്ന പേരിൽ നാം അനുവർത്തിക്കുന്നതൊക്കെയും കേവലം ചരിത്രത്തിന്റെ തിരുശേഷിപ്പുകളാണ്. അവയാകട്ടെ ഓരോ കാലത്തും സൗകര്യപ്രദമായി നിർവചിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഒരിക്കലും ഉല്ലംഘിക്കാനാവാത്തവിധം പൗരജീവിതങ്ങളിൽ അവ നുഴഞ്ഞു കയറുകയും അവയെ അനുസരിച്ച് നല്ല സാമൂഹ്യജീവികളായി പെരുമാറാൻ നമ്മളെല്ലാം നിർബന്ധിതരാവുകയും ചെയ്യുന്നു. അതേ സമയംതന്നെ ഒരു സമാന്തര ധാരയിൽ പരിധികളെ അതിലംഘിക്കാനും അനന്തമായ സ്വാതന്ത്ര്യത്തിലേക്ക് നടന്നു പോകാനുമുള്ള ത്വബോധത്തിന്റെ അഭിവാഞ്ജ ശകതിപ്പെടുകയും ചെയ്യുന്നുണ്ട്. യഥാർഥത്തിൽ മനുഷ്യവർഗത്തിന്റെ നൈരന്തര്യം തന്നെ ഈ സംഘർഷമാണ്. സാമാന്യേന ഈ സംഘർഷത്തെ ഉദാത്തവൽക്കരിക്കുകയും നല്ല സാമൂഹ്യ ജീവിയായി മാതൃകാ പുരുഷോത്തമൻമാരായി കാലയാപനം ചെയ്യുകയുമാണ് നമ്മുടെ പരിചിത ഇതിവൃത്ത സങ്കല്പം. എന്നാൽ ആദിത്യൻ നിയത പന്ഥാവിൽ നിന്ന് വ്യതിചലിക്കുകയും സമൂഹ ഘടനയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ദെറിദ മുന്നോട്ട് വച്ച അപനിര്‍മാണത്തിന്‍റെ പാഠവും അതു തന്നെയാണ്. എങ്ങനെയാണ് ഒരു വ്യക്തി സമൂഹത്തോട് വ്യവഹരിക്കേണ്ടത് എന്നതിനുളള എല്ലാ ലിഖിത പാഠങ്ങളേയും മുകുന്ദൻ നിരാകരിക്കുന്നു. ഒരു പക്ഷേ അപനിർമാണ സങ്കേതത്തെ ഇത്ര ശകതമായി ഉപയോഗപ്പെടുത്തിയ മറ്റൊരു കൃതി മലയാളത്തിലില്ല.

ആണായിരിക്കുക എന്ന അവസ്ഥക്ക് ചില അധികാരങ്ങളും പെണ്ണായിരിക്കുക എന്ന അവസ്ഥക്ക് ചില ബാധ്യതകളും കൽപിക്കപ്പെട്ടിട്ടുണ്ട്. എന്തു കൊണ്ടോ അത് യാതൊരു പ്രതിഷേധവുമില്ലാതെ അനുസരിക്കാൻ നമ്മളൊക്കെ തയ്യാറുമാണ്. പക്ഷേ ആദിത്യൻ അങ്ങനെ ആൺകുട്ടികൾക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിക്കാൻ തയ്യാറല്ല. പരീക്ഷക്ക് ഒരുമിച്ച് പഠിക്കാനിരുന്ന ദിവസങ്ങളത്രയും അവൻ രാധയെ തന്‍റെ ആണധികാരം കൊണ്ട് കീഴ്പ്പെടുത്താൻ ശ്രമിച്ചതേയില്ല. ദു:ഖം വരുമ്പോഴാണ് ആദിത്യന് രാധയെ കാണാൻ തോന്നുക. രാധക്കാവട്ടെ അവളുടെ അടിവയറ്റിൽ വേദന പൂക്കുന്ന മൂന്നു ദിവസം തല ചായ്ക്കാനുള്ള ചുമലാണ് പുരുഷൻ അഥവാ ആദിത്യൻ. ലിംഗത്വത്തെ ലൈംഗികതയുമായി സാമാന്യവൽക്കരിക്കുന്നതിനെതിരാണ് മുകുന്ദൻ. മുകുന്ദന്റെ സ്ത്രീകൾ പൊതുവെ ശക്തരാണ് . മിക്കപ്പോഴും പുരുഷൻ സ്ത്രീയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇവിടെയും രാധയാണ് കൂടുതൽ തീവ്രമായിആദിത്യനെ സ്നേഹിക്കുന്നത്. കാരണം രാധയോളം ശക്തനല്ല ആദിത്യൻ എന്നതു തന്നെ. നീ പോയാൽ നീ വരുംവരെ നിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കും എന്ന വാക്ക് പാലിക്കാൻ രാധക്കു സാധ്യമാണ്. അങ്ങനെയൊരു വാഗ്ദാനം നൽകാൻ പോലും സാധിക്കാത്തത്ര ദുർബലനാണ് ആദിത്യൻ എന്നതും ദൈവത്തിന്റെ ചില വികൃതികളത്രേ. അതേ സമയം പെണ്ണായതു കൊണ്ടു മാത്രമാണ് തന്റെ ഭ്രാന്തൻ പെയിന്റിംഗിന് നഗ്നമാതൃകയാകണമെന്ന് പ്രിൻസിപ്പാൾ രാധയോട് ശഠിക്കുന്നത്. അവൾക്കത് നിരാകരിക്കാൻ കഴിയുന്നതും അവളുടെ പെണ്ണത്തം കൊണ്ടാണ്. മറിച്ച് തന്റെ ഡിഗ്രി കോഴ്സിന്റെ പേരിൽ ഇങ്ങനെയൊരു വിലപേശൽ നടത്തുന്നത് ആദിത്യനോടായിരുന്നെങ്കിലോ എന്ന് സങ്കൽപിക്കുന്നത് നമ്മെ എവിടെയെത്തിക്കില്ല.!

അതേ ഭാഗത്താണ് പ്രപഞ്ച ചിന്തകളിൽ നിന്ന് കുടുംബ ചിന്തകളിലേക്ക് രക്ഷപ്പെട്ട രണ്ടു കവികളെ നാം കാണുന്നത് എന്നത് യാദൃശ്ചികതയല്ല. കുടുംബത്തിൽ നിന്ന് പ്രപഞ്ചത്തിലേക്ക് പുരോഗമിക്കുന്നതിലേറെ നമുക്ക് താൽപര്യം സമഗ്രതയിൽ നിന്ന് സ്വാർഥതയിലേക്ക് അധോഗമിക്കാനാണ്.

ഏകാന്തതയല്ല ആൾക്കൂട്ടമാണ് ഇപ്പോൾ നാം നേരിടുന്ന ദാർശനിക പ്രശ്നം എന്നൊരു നിരീക്ഷണം നടത്തുന്നുണ്ട് ബൃഹസ്പതി. ആധുനികതയുടേയും ഉത്തരാധുനികതയുടേയും അടിസ്ഥാനം വൈയക്തിക ഏകാന്തതയും അതിൽ നിന്നും ഉരുവപ്പെടുന്ന അസ്തിത്വ, സ്വത്വ പ്രതിസന്ധികളുമായിരുന്നു. ഒറ്റപ്പെടലിലായിരുന്നു പൂർണത അനുഭവവേദ്യമായിരുന്നത്. എന്നാൽ വ്യകതികൾ ഏകരായപ്പോൾ സമൂഹം കേവലംആൾക്കൂട്ടമായി മാറി. ആൾക്കൂട്ടങ്ങൾക്ക് പ്രത്യയശാസ്ത്രമോ സാമൂഹ്യബോധമോ ഒട്ടും ഉണ്ടാവേണ്ടതില്ല. ശരിതെറ്റുകളെല്ലാം വസ്തുതകളെ നിരാകരിച്ച് ആൾക്കൂട്ടത്താൽപര്യങ്ങൾക്ക് വിധേയമായി നിർണയിക്കപ്പെടുന്ന വ്യവസ്ഥ സ്ഥാപിക്കപ്പെടുകയാണ് എന്ന് ബൃഹസ്പതി ദീർഘദർശനം ചെയ്യുന്നു. ആദിത്യൻ, ആദിത്യനെ തന്നെ യാത്രയാക്കുന്നതോടെ അപര താൽപര്യങ്ങളുടെ സാക്ഷാൽകാരമാണ് വ്യക്തിയുടെ ലക്ഷ്യം എന്ന പൊതു നിലപാടിനെ അപനിർമിക്കുകയും ഒരാളും ഒരാളല്ല, പലരാണ് എന്ന വിഛിന്ന വ്യക്തിസത്തയെ നിർമിച്ചെടുക്കുകയും ചെയ്യുന്നു മുകുന്ദൻ.

അഗ്നിവേശിനെ നാം പരിചയപ്പെടുന്നത് പതിനൊന്നാം അധ്യായത്തിലാണ്. അവൻ വരുന്നു എന്ന് നോവൽ ഇടക്കിടെ നമ്മെ ഓർമിപ്പിച്ചതിനു ശേഷമാണ് സ്വയം ഒരു രക്ഷകനായി ചമഞ്ഞ് അഗ്നിവേശിന്റെ രംഗപ്രവേശം. നാമെല്ലാം നിരന്തരമായി രക്ഷകനെ കാത്തിരിക്കുകയാണ്. സ്വയം ചെയ്യാൻ കഴിയുന്നതൊക്കെയും മറ്റൊരാളുടെ കൈ കൊണ്ടാവുന്നതത്രേ നമുക്ക് പഥ്യം. രാധയും മറ്റു ചിലരും അഗ്നിവേശിനോടൊപ്പം ചേർന്ന് ഒരു ചേരി നവീകരിക്കുന്നുണ്ട്. അഗ്നിവേശിന്റെ സിഗററ്റ് വാങ്ങാനുള്ള ചില്ലറ പൈസ ഉൾപ്പെടെ അവരാ ചേരിക്കു വേണ്ടി ചെലവഴിച്ചു. ഒടുവിൽ ആ ചേരിയും അവിടുത്തെ ആൾക്കാരും അപ്രത്യക്ഷരാവുകയും ചേരിയിരുന്ന സ്ഥലത്ത് വൻതോതിൽ വികസനം വരികയും ചെയ്തു. സാമാന്യത്തിൽ സാമാന്യമായ ഈ സംഭവത്തിന് നോവലിൽ എന്താണ് പ്രസക്തി? അവിടെയാണ് അഗ്നിവേശ് ഒരു സന്മാർഗിയായിരുന്നു എന്നപ്രസ്താവനയുടെ സാംഗത്യം. തന്റെ സൻമാർഗിത്തം അയാൾക്ക് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതു കൊണ്ട് മാത്രമാണ് കള്ളം പ്രവർത്തിക്കാനുള്ള ചോദന ജന്മസിദ്ധമാണ് എന്ന് ഇതേ അദ്ധ്യായത്തിൽ രേഖപ്പെടുത്തപ്പെടുന്നത്. ഒരുകള്ളം പോലും പറയാത്ത ഒരാളെ കാണിച്ചു തന്നാൽ താനയാളോടൊപ്പം കിടക്കാമെന്ന രാധയുടെ വെല്ലുവിളിക്ക് ആദിത്യന്റെ ഉത്തരം അഗ്നിവേശാണ്. അയാൾ പാർട്ടിമീറ്റിംഗുകളിൽ കള്ളമല്ലാതെ മറ്റൊന്നും പറയാറില്ല എന്ന് രാധ സാക്ഷ്യപ്പെടുത്തുമ്പോഴാണ് എല്ലാ സത്യസന്ധതയും ആപേക്ഷികമാണ് എന്നും എല്ലാ ആത്മാർഥതയും സ്വാർഥമാണ് എന്നും നമുക്കു തിരിച്ചറിയാനാവുക. കനിക് റാമിന്‍റെ ഭാര്യ കാമാസക്തിയിൽ അഗ്നിവേശിനെ ക്ഷണിക്കുമ്പോൾ അയാളിലെ സത്യസന്ധനും സദാചാരിയുമായ ഭർത്താവ് ചുംകിയോട് അനുവാദം ചോദിക്കുകയും ചുംകി യുടെ അനിഷ്ടം (!) മാനിച്ച് പിൻമാറുകയും ചെയ്യുന്നു. ഇതേ അഗ്നിവേശിനെ മറ്റൊരിക്കൽ നമ്മൾ വേശ്യാലയത്തിൽ കണ്ടുമുട്ടുന്നു. ഒടുവിൽ അയാളുടെ അന്ത്യം ഉഷ്ണപ്പുണ്ണ് പിടിച്ചാവുന്ന ആ കാലനീതിയുടെ നിർവഹണം തന്നെയാണ് നോവലിസ്റ്റിന്റെ നിലപാട്. എല്ലാ സാമൂഹ്യബോധവും വ്യാജമാണ്. സ്വയം, സ്വന്തം എന്നിവ മാത്രമാണ് യഥാർഥം . അഗ്നിവേശ് എന്ന ഖദർ ധാരിയായ കമ്യൂണിസ്റ്റ് കാരനായ പത്രപ്രവർത്തകൻ രാധയോട് ചോദിക്കുന്നുണ്ട്,അവളെന്തിനാണ് ആദിത്യനെ അവളുടെ കന്യകാത്വം കവരാൻ അനുവദിച്ചത് എന്ന്. വിവാഹം എന്ന സ്ഥാപനത്തിന്റെ പിന്തുണയില്ലാതെയുള്ള ഒരുസ്ത്രീ പുരുഷ ബന്ധവും അഗ്നിവേശിന് സ്വീകാര്യമല്ല. രാധ അഗ്നിവേശിലെ യാഥാസ്ഥിതികനായ പുരുഷനെ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ആദിത്യൻ കവർന്നതല്ലല്ലോ, ഞാൻ നൽകിയതല്ലേ എന്നവൾ അവനെ മനപൂർവം അപമാനിക്കുന്നത്.

ഒരേ സമയം പല കാലങ്ങളിലായിരിക്കുക എന്നതാണ് ഒരു സാധാരണ മനുഷ്യന്റെ ജീവിതാവസ്ഥ. അമേരിക്കയിൽ ശാസ്ത്രജ്ഞനായി ജീവിക്കുന്ന ആദിത്യൻ അതേ സമയത്തുതന്നെ ഓർക്കാട്ടേരിയിൽ തന്റെ അമ്മയോടൊപ്പവും ആകുന്നുണ്ട്. അഗ്നിവേശിനോടൊപ്പം പ്രവര്‍ത്തിക്കുമ്പോഴും രാധ ആദിത്യന്റെ ചുമലിൽ തലചായ്ക്കുന്നുണ്ട്. ഇതിൽ ഏതു രൂപമാണ് ശരിയായത് എന്നതാണ് നിലനിൽക്കുന്ന ഒരേഒരു ചോദ്യം. ചിത്രശലഭമാണെന്ന് സ്വപ്നം കാണുന്ന ട്സു ആണോ, ട്സു ആണെന്ന് സ്വപ്നം കാണുന്ന ചിത്രശലഭമാണോ താനെന്ന പ്രസിദ്ധമായ ടാവോ പ്രശ്നം ഓരോമനുഷ്യനെയും അലട്ടിക്കൊണ്ടേയിരിക്കുന്നു. പല കാലങ്ങളുടെ അംശങ്ങളും ഛേദങ്ങളും ചേർത്ത് നിർമിച്ചിട്ടുള്ള ഒരു വിഷമഭിന്ന സംഖ്യയാണ് ജീവിതം എന്ന് നമ്മെ ഓർമിപ്പിക്കുന്നതിനാണ് ആദിത്യൻ തെരുവിൽ കുടി നടന്ന് പോയി ഈച്ച ചത്തുകിടക്കുന്ന ചോറു വാങ്ങിത്തിന്നുന്നത്.

ഒരേ പേരു പോലും നിരന്തരമായി ഉപയോഗിച്ചാൽ മടുക്കുമെന്നത് കൊണ്ടത്രേ പന്ത്രണ്ടാം അധ്യായത്തിൽ ലീലയും ഭാസ്കരനുമായി ആദിത്യനും രാധയും വേഷ പ്രഛന്നരാവുന്നത്. പേരു പോലും മടുക്കുമ്പോൾ പിന്നെ ഒരേ ജീവിതം എങ്ങനെ ജീവിക്കാനാണ്. അതു കൊണ്ടാണ് ആദിത്യൻ ആരോടും പറയാതെ കച്ചേരി കേൾക്കാൻ പോകുന്നത്. സുദർശനൻ മറ്റുള്ളവർക്ക് സന്തോഷം നൽകുന്നതിലൂടെ സ്വയം സന്തോഷിക്കാൻ ശ്രമിക്കുന്നത്. ആദിത്യന്‍ സുധയോടൊപ്പം രാധയുടെ ചിത്രപ്രദർശനം കാണാൻ പോകുന്നത്. രാധ തന്റെ ചിത്രങ്ങളുടെ വില ക്രമാതീതമായി കുറച്ച് പണക്കാർക്ക് അവയെ അപ്രിയമാക്കുന്നത്… എല്ലാം.

കാലം എന്ന കോമാളി

ഇർഷദ് ഖാന്റെ മരണവാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ദൂരദർശന്റെ വാഹനത്തെ കണ്ട് ശക്തി നാഥ് പറയുന്നു, അദ്ദേഹത്തിന് മരണമില്ല, തൊട്ടുപിന്നാലെ ശക്തി നാഥിന്റെ വീടിനു മുന്നിലും വന്ന് നിൽക്കുന്ന ദൂരദർശന്റെ വാനിനെ ബൃഹസ്പതി നമുക്ക് കാണിച്ചു തരുന്നു. അതിനു ശേഷം ആദിത്യനും സുധയും കൂടി ശക്തിനാഥിന്റെ കച്ചേരിയും രാധയുടെ ചിത്രപ്രദർശനവും കാണുന്നു. ഇരുപത്തൊന്നാം വയസ്സിൽ ആദിത്യൻ നാൽപ്പതാം വയസിലെ ജീവിതത്തെ കാണുകയും മുപ്പത്താറാം ജന്മദിനത്തിൽ നാൽപ്പത്താറിൽ നരച്ച തന്റെ തലമുടിയെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നു. അതേ സമയത്തു തന്നെ അഗ്നിവേശിനോടൊപ്പം ആദിത്യൻ നടത്തിയ ചമറുകളുടെ ഗ്രാമത്തിലേക്കുളള യാത്രയും പരാമർശവിധേയമാക്കുന്നു. യഥാർഥത്തിൽ കാലം ഒരു മരീചികയാണ്.ഓരോരുത്തരും അവനവന്റേതായ ഒരു സമയക്രമത്തിലാണ് ജീവിക്കുന്നത്. അതിനെ അളക്കാനോ നിജപ്പെടുത്താനോ പൊതുവായ ഒരു മാനദണ്ഡവും ലഭ്യമല്ലതാനും. മനസിൽ രൂപപ്പെടുത്തുന്ന ഒരു ഘടികാരത്തിന്റെ വേഗതയിലാണ് സമയം സഞ്ചരിക്കുന്നത്. കാലം ഒരു പൊതു ഏകകത്തിനു വിധേയമായിരുന്നു എങ്കിൽ എല്ലാവരും നിശ്ചിത പ്രായത്തിൽ മരിച്ചു പോകുമായിരുന്നു. അതുസംഭവിക്കുന്നില്ലാത്തതുകൊണ്ട് തന്നെ കാലം ഒരു അയഥാർഥ സങ്കല്പം മാത്രമാണ്. കാലമെന്ന ഒന്നില്ല എന്ന് സ്ഥാപിക്കപ്പെടുന്നതോടെ മറ്റെല്ലാ ഉൺമകളും അസംഗതമായിത്തീരുന്നു. കാലത്തിന്റെ ഇല്ലായ്മയെ ആവർത്തിച്ചുറപ്പിക്കാനാണ് കണ്ണാടിയിൽ നോക്കി ഭാവിയും ഭൂതവും പറയുന്ന വൃദ്ധയുടെ അടുത്തേക്ക് ശ്രീധരനേയും ആദിത്യനേയും കൊണ്ടു പോകുന്നത്. ചരിത്രവും സംസ്കാരവുമെല്ലാം കാലത്തോട് അനുബന്ധിച്ച് മാത്രമേ
നിലനിൽക്കുന്നുള്ളൂ. ആദിത്യനെ സംബന്ധിച്ച്ആ വൈയക്തിക സമയമാപിനി അമ്മയാണ്. അയാൾ അമ്മയിലൂടെയാണ് ജീവിതത്തെ അളന്നു തീർത്തത്. അതുകൊണ്ടു മാത്രമാണ് അമേരിക്കൻ പൗരത്വവും തന്റെ സാക്ഷ്യപത്രങ്ങളുമെല്ലാം അമ്മയോടൊപ്പം ചുട്ടുകളഞ്ഞത്. ഘടികാരത്തിലെ സമയം തീർന്നു പോവുക എന്ന സങ്കീർണമായ ജീവിതാവസ്ഥ അത്രയൊന്നും പരിചിതമല്ല നമുക്ക്. കാലവും സ്ഥലവും മാത്രമല്ല ജീവിതം തന്നെ അയഥാര്‍ത്ഥമാകുന്ന ഇവിടെ വച്ചാണ് മുകുന്ദൻ തന്റെ അപനിർമാണ പ്രക്രിയ പൂർത്തിയാക്കുന്നത്.

രാധ ആത്മഹത്യ ചെയ്യുന്നതും അവളുടെ ചേച്ചി എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോകുന്നതും എല്ലാം സ്വന്തം കാലം തീർന്നു പോകുന്നതിനാലത്രേ. കഥയിലുടനീളം നമ്മോട് സംവദിക്കുകയും സങ്കീർണമായ സന്ധികളിൽ ഇടപെടുകയും ചെയ്തുകൊണ്ടിരുന്ന ബൃഹസ്പതിക്കു പോലും സ്വന്തം ഘടികാരത്തിലെ സമയം തീർന്നുപോകുന്നു. പ്രത്യക്ഷ രൂപത്തിന്റെ ശില്പചാതുരിയുടെയിടയിലൂടെ വിളക്കിച്ചേർത്തിട്ടുള്ള മുകുന്ദന്റേതു മാത്രമായ ജീവിത ദർശനം അതിനാല്‍ തന്നെ അപനിർമിതിയുടേയും ആത്മനിരാസത്തിന്റേതുമാണ്.

നോവൽ ബാക്കി വയ്ക്കുന്നത് …

ആദിത്യനും രാധയും മറ്റു ചിലരും ഒരു നോവലായിരുന്നില്ലല്ലോ അതിന് . നീണ്ട ഇരുപത് അധ്യായങ്ങൾ (അസംഗതമായ കാലത്തെ അടയാളപ്പെടുത്താൻ അധ്യായം എന്നഏകകവും ഉപയോഗിക്കാം). ആയുസുള്ള ഒരു കുരുത്തംകെട്ട ജന്മമായിരുന്നുവല്ലോ അത്. ജീവിതത്തിന്റെ എല്ലാ സങ്കീർണതകളും അനുഭവിച്ച്തീർത്ത് സ്വന്തം സമയം തീർന്നു പോയതിനാൽ മരിച്ചു പോകേണ്ടി വന്ന ഒരു ജീവിതമാണല്ലോ അത്. എല്ലാ വ്യവസ്ഥകളും ലംഘിക്കാനുളളതാണെന്നും അടിസ്ഥാനപരമായി നമ്മളൊക്കെ ഇല്ലായ്മകളാണെന്നും ആദിത്യനും രാധയും നമ്മെ ബോധ്യപ്പെടുത്തുന്നു.ഒരുപക്ഷേ നമ്മളിനിയൊരിക്കലും ഇതു പോലോന്ന് അനുഭവിച്ചെന്നു വരില്ല.

1 Comment
  1. Peter 4 years ago

    വളരെ നന്നായി കഥയെയും കഥാപാത്രങ്ങളെയും എഴുത്തുകാരനെയും പരിചയപ്പെടുത്തി. അഭിവാദ്യങ്ങൾ..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account