ദാന മാജിയെ ഓർക്കുന്നില്ലേ ? 2016-ൽ ഒഡീഷയിൽ, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ഭാര്യയുടെ മൃതദേഹവും ചുമന്നു നടന്ന ആദിവാസി യുവാവ്. ടിബി ബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹം വീട്ടില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിളിക്കാന്‍ പോലും ഗതിയില്ലാത്തതുകൊണ്ടാണ് പിന്നാക്ക ജില്ലയായ കലഹണ്ഡിയിലെ ഭവാനിപട്‌ന ജില്ലയിലുള്ള മേലഖര്‍ ഗ്രാമത്തിലേക്ക്, ഭാര്യയുടെ പൊതിഞ്ഞു കെട്ടിയ മൃതദേഹം തോളില്‍ ചുമന്ന് മാജി നടന്നത്; ഒപ്പം കരഞ്ഞു തളര്‍ന്ന മുഖമോടെ മകളും; ഈ വീഡിയോയും ചിത്രങ്ങളും വാർത്തയും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള അനേകരെ സംബന്ധിച്ച് ‘നടുക്കുന്ന’ ഒന്നായിരുന്നു.

പിന്നീട് 2017-ൽ ഒഡീഷയിൽ നിന്ന് തന്നെ ഞെട്ടിക്കുന്ന ഒരു വാർത്ത വന്നു; നിഗുഡ ഗ്രാമത്തിലെ ദസ്‌മൻത്‌പൂരിലെ ദയ്‌ന മുദുലി എന്ന ആദിവാസി യുവതിയ്ക്ക് ചികിത്‌സയ്ക്ക് ആവശ്യമായ രേഖകളില്ലെന്ന് പറഞ്ഞാണ് ചികിത്‌സ നിഷേധിക്കപ്പെട്ടത്. തിരിച്ചയക്കപ്പെട്ട യുവതി അവിടെയുള്ള ഒരു ഓവുചാലിൽ പ്രസവിക്കേണ്ട ഗതികേടാണ് അന്ന് വാർത്തയായത്.

ഇതിനു മുൻപും ശേഷവും ആദിവാസികൾ അനുഭവിക്കേണ്ടി വന്ന പല ദുരനുഭവങ്ങളും മാധ്യമങ്ങളിലെ ശ്രദ്ധിക്കപ്പെടാത്ത വാർത്തകളായി വന്നുപോയിക്കൊണ്ടിരുന്നു. ഇപ്പോഴിതാ സാമൂഹ്യ നവോത്ഥാനവും സമ്പൂർണ്ണ സാക്ഷരതയും മികച്ച ജീവിത നിലവാരവും ഭേദപ്പെട്ട ആരോഗ്യനിലവാരവും പറഞ്ഞ് മേനി നടിക്കുന്ന കേരളത്തിൽ നിന്ന് ഒരു അരുംകൊല റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്‌ടിക്കുന്നുവെന്ന് ആരോപിച്ചാണ് അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈകൾ ബന്ധിച്ച ശേഷം അവിടെവെച്ചു തന്നെ മര്‍ദ്ദിച്ചു. ഏറെ നേരം മര്‍ദ്ദിച്ചവശനാക്കിയ ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്‌തു. ഇതിനിടിയില്‍ മധുവിന്റെ വാരിയെല്ല് തകര്‍ന്നത് പൊലീസ് മര്‍ദ്ദനത്തിലാണെന്ന ആരോപണങ്ങളും വരുന്നുണ്ട്. ഇയാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾക്ക് മുന്നിൽ നിന്ന് ചിലർ സെല്‍ഫി എടുത്തു എന്ന റിപ്പോർട്ട് കേരളത്തെ നടുക്കിയിരുന്നു.

പിന്നെയങ്ങോട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന്റെയും സഹാനുഭൂതിയുടെയും കുത്തൊഴുക്കായിരുന്നു. പ്ലാറ്റ് ഫോമുകളിൽ മുഴുവന്‍ മധുവിനോട് മാപ്പ് പറഞ്ഞും ആള്‍ക്കൂട്ട കൊലപാതകത്തില്‍ ലജ്ജകൊണ്ട് തല താഴ്ത്തിയും മധുവിന്റെ മരണത്തിന് കാരണമായവരോടും ആ ക്രൂരതയുടെ സെൽഫി എടുത്തവരോടും ഉള്ള രോഷം പ്രകടിപ്പിച്ചും ഉള്ള പോസ്റ്റുകൾ ആയിരുന്നു ഏറെയും. പതിവ് പോലെ കുറെ പേർ ഇതിൽ നിന്ന് രാഷ്‌ട്രീയമുതലെടുപ്പിന് ശ്രമിച്ചു ശവംതീനികൾ എന്ന വിളിയും കേട്ടു. ഇതിൽ നിന്നൊക്കെ വിപരീതമായി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന ഹീനമായ പ്രവർത്തികളെ അനുകൂലിച്ചുള്ള അപൂർവ്വം പോസ്റ്റുകളും ശ്രദ്ധയിൽപ്പെട്ടിരുന്നു.

കേരള ജനസംഖ്യയുടെ നൂറിലൊന്ന് മാത്രമാണ് ആദിവാസികള്‍. അതുകൊണ്ട് തന്നെ അവർ ഒരു വോട്ട് ബാങ്കല്ല. ആദിവാസി ക്ഷേമത്തിനായി മാറിമാറി വരുന്ന സര്‍ക്കാരുകൾ കോടിക്കണക്കിന് രൂപയാണ് നീക്കി വെയ്ക്കുന്നത്. എന്നിട്ടും എണ്ണത്തിൽ തുച്ഛമായ ആദിവാസികളില്‍ ഭൂരിഭാഗവും ഇന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. പല ഘട്ടങ്ങളിലായി ആദിവാസികള്‍ക്ക് കൈമോശം വന്ന ഭൂമി തിരികെ നൽകും എന്നത് എല്ലാ സര്‍ക്കാരുകളുടെയും സ്ഥിരം വാഗ്‌ദാനമാണ്. എന്നാല്‍ അധികാരത്തില്‍ കയറിക്കഴിഞ്ഞാൽ, സ്ഥലദൗർലഭ്യവും മറ്റ് സാങ്കേതിക തടസങ്ങളും പറഞ്ഞ് ഈ വാഗ്‌ദാനം സൗകര്യപൂർവ്വം വിസ്‌മരിക്കും. ആദിവാസികളുടെ പേരിൽ നടന്ന രാഷ്‌ട്രീയ പോരാട്ടങ്ങളുടെ മുഴുവൻ വേരുകളും ഈ വിഷയത്തിലൂന്നിയാണ് കിടക്കുന്നത്.

ആദിവാസി അനുഭവിക്കുന്ന അവഗണനയും വിവേചനവും ഒക്കെ പറഞ്ഞാൽ ഒരുപാട് പറയാനുണ്ടാകും. കുടിയേറ്റവും ജാതീയതയും വംശീയതയും വർണ്ണബോധവും രാഷ്‌ട്രീയവും മതപരിവർത്തനവും എല്ലാം കൂടിക്കലർന്ന സങ്കീർണ്ണ വിഷയമാണത്. നമ്മുടെ പൊതുബോധം ആദിവാസികളെ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ കുറച്ച് ഉദാഹരണങ്ങൾ നോക്കാം.

മലയാളിയുടെ പൊതുബോധത്തിന്റെ കണ്ണാടിയായ സിനിമകൾ എങ്ങനെയാണ് ആദിവാസിയെ വരച്ചു കാണിക്കുന്നത്. ആദ്യകാല ചിത്രമായ ‘നെല്ല്’ മുതല്‍ ‘ബാംബൂ ബോയ്‌സ്’ വരെയുളള നൂറുകണക്കിന് സിനിമകളില്‍ ആദിവാസികളെ പ്രാകൃതരും ഗുഹാവാസികളും നരഭോജികളും അൽപ്പവസ്‌ത്രധാരികളും കറുത്തവരും കോമാളികളും ഒക്കെ ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ആദിവാസികളെ കൃത്യമായി അടയാളപ്പെടുത്തിയ ഒരു മലയാള സിനിമ പോലുമില്ലെന്നാണ് ആദിവാസികളുടെ ഇടയില്‍ നിന്നും ‘നിഴലുകള്‍ നഷ്‌ടപ്പെടുന്ന ഗോത്രങ്ങള്‍’ എന്ന ഡോക്യൂമെന്ററിയിലൂടെയും ‘ഗുഡ’ എന്ന സിനിമയിലൂടെയും സിനിമ സംവിധാന രംഗത്തേക്ക് കടന്നു വന്ന ലീല അഭിപ്രായപ്പെടുന്നത്. കൂട്ടത്തിൽ ‘ബാംബൂ ബോയ്‌സ്’ ആണെന്ന് തോന്നുന്നു ഗോത്രീയ ഐഡന്റിറ്റിയെ കൊന്നു കുഴിച്ചു മൂടുന്നതിൽ ഏറ്റവും മുന്നിൽ നിന്നത്. വിസർജ്ജ്യം ജാം എന്ന് കരുതി കഴിക്കുന്ന ആദിവാസികൾ, സോപ്പ് തിന്നുന്ന ആദിവാസികൾ അങ്ങനെ അശ്ലീലത്തെക്കാൾ തരം താണ വളിപ്പുകൾ കുത്തി നിറച്ച ഒരു കൂതറപ്പടം. പരോക്ഷ പരാമർശങ്ങൾ കൊണ്ട് അവരെ ഹിംസിക്കുന്ന ചിത്രങ്ങളും കുറവല്ല. സൂപ്പർ ഹിറ്റായിരുന്നു ‘ഫ്രണ്ട്‌സ്’ എന്ന സിനിമയില്‍ ‘അതിനിപ്പോ കാട്ടുജാതിക്കാര്‍ക്കൊക്കെ പറ്റിയ പാട്ട്’ എന്ന് ശ്രീനിവാസനോട് മുകേഷ് കളിയാക്കി പറയുന്ന വംശീയ പരാമര്‍ശവും അത് കേൾക്കുമ്പോൾ തിയ്യേറ്ററിൽ ഉയരുന്ന കൂട്ടച്ചിരികളും ആദിവാസിയെ കുറിച്ചുള്ള നമ്മുടെ ബോധത്തെ വെളിവാക്കുന്നതാണ്. മോഹന്‍ലാലിന്റെ ‘പെരുച്ചാഴി’ എന്ന സിനിമയിലെ “ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍’ ആദിവാസി സമൂഹത്തെ അപമാനിക്കുന്നതാണെന്ന് സംവിധായകന്‍ ഡോ. ബിജു പ്രതികരിച്ചത് വലിയ ചർച്ചക്കിടനൽകിയിരുന്നു.

രാഷ്‌ട്രീയ രംഗത്തേക്ക് നോക്കിയാലും സ്ഥിതി വ്യത്യസ്ഥമല്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ഇടയിൽ ഉണ്ടായ ശിശു മരണങ്ങളെക്കുറിച്ചുള്ള അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ യുടെ ചോദ്യത്തിന് മന്ത്രി എ കെ ബാലൻ നൽകിയ മറുപടിയിൽ എല്ലാമുണ്ട്. അതിപ്രകാരമായിരുന്നു; ‘ബഹുമാനപ്പെട്ട മെമ്പര്‍ പറഞ്ഞത് പോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, അത് പോഷകാഹാരക്കുറവ് കൊണ്ട് ആയിരുന്നില്ല മരണം. ഒന്നു അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്, ഇപ്പോളാണ് ഡെലിവറി ആയത് എന്ന് മാത്രം. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാല്‍വിന്റെ തകരാറ്. അതും ഗര്‍ഭിണിയായതും നിങ്ങളുടെ കാലഘട്ടത്തിലാണ്. ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല’. ബാലന്റെ ഭാഷപ്രയോഗരീതിയെ അദ്ദേഹം ഹാസ്യം എന്നാണ് കരുതുന്നതെങ്കിലും തലയിൽ അൽപ്പം വെളിവുള്ളവർക്ക് അശ്‌ളീലപ്രയോഗമായിട്ടാണ് തോന്നിയത്; ആദിവാസികളെ അധിക്ഷേപിക്കുന്നതായിട്ടാണ് തോന്നിയത്. മന്ത്രി എ കെ ബാലന്‍ ഈ പരമാര്‍ശം നടത്തുമ്പോള്‍ സഭയില്‍ കക്ഷി ഭേദമില്ലാതെ കയ്യടികളും പൊട്ടിച്ചിരികളും കേള്‍ക്കാനുണ്ടായിരുന്നു. ആദിവാസി സ്‌ത്രീയുടെ ഗര്‍ഭത്തിന് താന്‍ ഉത്തരവാദിയല്ല എന്ന് പരിഹാസ സ്വരത്തില്‍ ഒരു മന്ത്രി പറയുമ്പോള്‍ അത് കേട്ട് പൊട്ടിച്ചിരിക്കുന്നത് ആരായാലും അത് ജനപ്രതിനിധികൾക്ക് ഒട്ടും ഭൂഷണമല്ല. മധുവിന്റെ മരണശേഷം അഡ്വ. എൻ ഷംസുദ്ദീൻ എം എൽ എ, സംഭവത്തിന്റെ സെൽഫിയെടുത്ത യുവാവിന്റെ പ്രവർത്തിയെ ലഘൂകരിച്ച് അവതരിപ്പിച്ചതും ഈ നിലക്ക് കാണാനാണ് എനിക്ക് തോന്നുന്നത്.

മാധ്യമങ്ങൾ ഇക്കാര്യത്തിൽ പുലർത്തുന്ന നിലപാടെന്താണ്? ഒരു ഹർത്താൽ ദിനത്തിൽ, വയനാട്ടില്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ട, പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതിയെ ബന്ധുക്കള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആശുപത്രി അധികൃതർ പരിചരിക്കാൻ വിസമ്മതിക്കുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പോകുന്നതിനിടെ യുവതി പ്രസവിക്കുന്നു. ഉദരത്തിൽ ഉണ്ടായിരുന്ന മൂന്നു കുഞ്ഞുങ്ങളിൽ രണ്ടു കുഞ്ഞുങ്ങള്‍ ആംബുലന്‍സില്‍ വെച്ചുതന്നെ പുറത്തു വരികയും മരിച്ചു പോവുകയും ചെയ്‌തു. അടുത്ത ആശുപത്രിയിലെത്തിയപ്പോള്‍ മൂന്നാമത്തെ കുഞ്ഞു പുറത്തു വന്നു. പരിഷ്‌കൃതർ എന്ന് മേനി നടിക്കുന്ന പൊതുസമൂഹം ആകമാനം തലകുനിക്കേണ്ടുന്ന ഒന്നായിരുന്നു മാനന്തവാടിയില്‍ നടന്ന ഈ സംഭവം. കൃത്യസമയത്ത് ചികിത്‌സ നല്‍കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവം മൂലം ആ യുവതിക്ക് നഷ്‌ടപ്പെട്ടത്, മനസ്സിൽ താലോലിച്ചു, മാസങ്ങളെണ്ണി കാത്തിരുന്ന തന്റെ മാലാഖക്കുഞ്ഞുങ്ങളെയാണ്. ഈ കുട്ടികളുടെ മരണം ഒരര്‍ത്ഥത്തില്‍ കൊലപാതകം തന്നെയായിരുന്നു. യുവതിയുടെ പോലും ജീവന്‍ അപകടത്തിലായിരുന്നു. വാർത്ത ശ്രദ്ധേയമാക്കാൻ തുനിഞ്ഞിറങ്ങിയ ലേഖകൻ കൊടുത്ത തലക്കെട്ടായിരുന്നു ക്രൂരം. ‘ജില്ലാ ആശുപത്രിയില്‍ നിന്നു പറഞ്ഞയച്ച ആദിവാസി യുവതിക്ക് വഴിനീളെ പ്രസവം’. ഈ തലക്കെട്ട്‌ വച്ച് നോക്കുമ്പോൾ യുവതിയെ പരിചരിക്കാതെ പറഞ്ഞുവിട്ട സർക്കാർ ആശുപത്രിക്കാർ ചെയ്‌തതിനേക്കാൾ ക്രൂരമായ റിപ്പോർട്ടിംഗ് ക്രൂരത. ആദിവാസികളെ പീഡിപ്പിച്ചു എന്ന വസ്‌തുത ഉയർത്തിക്കാണിക്കാൻ മാതൃഭൂമിയുടെ വക നാലാം കിട അശ്ലീലമെഴുത്ത്. മധുവിന്റെ കൊലപാതകവും തൊട്ടു പിറ്റേന്നിറങ്ങിയ ഭൂരിഭാഗം പത്രങ്ങളും റിപ്പോർട്ട് ചെയ്‌തത് മോഷണ ശ്രമത്തിന് നാട്ടുകാർ പിടികൂടിയ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു എന്ന നിലയിലാണ്. രണ്ടാം ദിവസമാണ് മുതലക്കണ്ണീർ റിപ്പോർട്ടിങ് പ്രത്യക്ഷപ്പെട്ടത്.

പൊതുസമൂഹത്തിന്റെ ഓരോ തുറകളിൽ നിന്നും ഇത്തരം ഉദാഹരണങ്ങൾ ഇനിയും അനേകം തപ്പിയെടുക്കാനാവും. ഇവിടെ പറഞ്ഞത് തികച്ചും പ്രതീകാത്മകമായ ചിലത് മാത്രമാണ്. ഒരു ആധുനികയിടത്തിന് പൊരുത്തപ്പെടാത്ത ഒന്നായി ആദിവാസിയെന്ന സ്വത്വത്തെ കാണുകയാണ് പൊതുബോധം. ഈ ‘പൊതു’ എന്നതിന്റെ വിപരീതമായിട്ടാണ് നമ്മൾ പലപ്പോഴും ‘ആദിവാസി’ എന്ന തനത് ഗോത്ര സംസ്ക്കാര രീതികളെ കാണുന്നത്. റോബിൻ ഇടിക്കുള രാജു എന്നൊരാൾ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ‘ഞാനൊരു ആദിവാസി യുവാവാണ്.  ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല കാരണം ഞങ്ങളും നിങ്ങളും ഒന്നല്ല! ഈ എഴുത്തിൽ ‘ഞങ്ങളും’ ‘നിങ്ങളും’ മാത്രമേ ഉള്ളു. എൻ്റെ കേരളം എന്നെനിക്ക് ഇന്ന് വരെ പറയാൻ തോന്നിയിട്ടില്ല. കാരണം കേരളവും സിനിമയും കലയും ഒക്കെ നിങ്ങളുടേതാണ്, വെളുത്തവരുടെ; കറുത്തതും പുഴുത്തതും ഒക്കെ ഞങ്ങളുടേതും’. ബാംബൂ ബോയ്‌സ് എന്ന കോമഡി സിനിമ കണ്ട് കരയേണ്ടി വന്ന ഒരു ആദിവാസി യുവാവിന്റെ വ്യഥകളാണ് ആ കുറിപ്പ് മുഴുവൻ. മനുഷ്യവികാസത്തിന്റേയും വികസനത്തിന്റേയും ഉത്തമ മാതൃകയായി യൂറോപ്പിലെ വെളുത്ത വര്‍ഗക്കാരെ പ്രതിഷ്ഠിക്കുമ്പോൾ ഇപ്പോഴും ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെയുള്ള ‘ഗോത്ര’ങ്ങളെ പഴയ കാലത്തിന്റെ ശേഷിപ്പുകളായി നിർത്തിക്കൊണ്ടാണ് കൊളോണിയൽ സ്വാധീനമുള്ള നരവംശപഠനങ്ങൾ നമ്മുടെ ബോധ്യങ്ങൾ നിർമ്മിച്ചത്. ഈ ബോധ്യവും ബോധവും തന്നെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പൊതുബോധത്തില്‍ നിലനില്‍ക്കുന്നത്. ‘കിരാതം’, ‘കാട്ടാളത്തം’, ‘കാട്ടുനീതി’ തുടങ്ങിയ പദങ്ങള്‍ക്ക് പൊതുഭാഷാ വ്യവഹാരങ്ങളിൽ ഇപ്പോഴും ഇടം കിട്ടുന്നതും ഇതു കൊണ്ടാണ്. നമ്മുടെ ചില തെറികൾ പോലും ഇവരുമായി ബന്ധപ്പെടുത്തിയാണ്.

മധുവിന്റെ ദയനീയ ആ നോട്ടം, മനുഷ്യത്വം അവശേഷിക്കുന്ന ഓരോരുത്തരെയും വേട്ടയാടുക തന്നെ ചെയ്യും. ഈ നാട്ടിലെ മുഴുവന്‍ ആദിവാസികളുടേയും ദയനീയവും നിഷ്‌കളങ്കവുമായ നോട്ടമാണ് കൊല്ലപ്പെടുന്നതിനു തൊട്ടു മുമ്പ് നമുക്കു നേരെ മധു നോക്കിയത്. രാഷ്‌ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും മാത്രമല്ല, പൊതുസമൂഹത്തിനും ആദിവാസികളുടെ കാര്യത്തില്‍ ശരിയായ നിലപാടുകള്‍ വേണം. കാടിന്റെ നിലനിൽപ്പ് നാടിന്റെ ആവശ്യമാണ്. ആദിവാസി ആനന്ദത്തോടെ ജീവിച്ചിരിക്കേണ്ടത് കാടിന്റെ ആവശ്യമാണ്. ഇത് പ്രകൃതിയുടെ ആവശ്യമാണ്. പ്രകൃതിയുടെ നിലനിൽപ്പ് മൊത്തം മാനവരാശിയുടെ നിലനില്‍പ്പിനും ആവശ്യമാണ്. അതിനാല്‍ നമുക്ക് ആദിവാസിയെ മനുഷ്യനായി കാണാം; അവരോട് നീതി കാണിക്കാം.

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല)

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account