അട്ടപ്പാടിയെക്കുറിച്ചും ആദിവാസി സമൂഹങ്ങളെക്കുറിച്ചും തന്നെയാണ് ഈയാഴ്ച്ച എഴുതേണ്ടത്.  അട്ടപ്പാടിയിലെന്നല്ല ആദിവാസി മേഖലകളിലെവിടെയും സർക്കാർ നടത്തുന്ന സേവന പ്രവർത്തനങ്ങൾ ഫലം കാണാത്തതെന്താവാം എന്നൊരു അന്വേഷണത്തിന് പ്രസക്‌തിയുണ്ട്. സ്വാഭാവികമായും ആ പ്രശ്‍നം ഒട്ടേറെ ഘടകങ്ങളുമായി കെട്ടുപിണഞ്ഞ് അതീവ സങ്കീർണമായ ഒന്നാണ് എന്നതിൽ തർക്കമില്ല.

അട്ടപ്പാടിയിലോ വയനാട്ടിലോ എന്നുവേണ്ട എല്ലാ ഗോത്രമേഖലകളിലും വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും പുറം ലോകത്തിന്റെ വീക്ഷണങ്ങൾക്കനുസൃതമായാണ്. പട്ടികവർഗ്ഗങ്ങളുടെ ക്ഷേമത്തിന് അനുവദിക്കുന്ന അനവധി കോടികൾ എവിടെപ്പോകുന്നു എന്ന പതിവു ചോദ്യവും ഉദ്യോഗസ്ഥ ഭരണവർഗ്ഗ അഴിമതി എന്ന പതിവുത്തരവും കൊണ്ടു തീരുന്നതല്ല യഥാർഥ ചോദ്യങ്ങൾ. ഇക്കഴിഞ്ഞ വർഷങ്ങളിലത്രയും ആദിവാസിക്ക് സൗജന്യങ്ങൾ നൽകൽ മാത്രമേ സംഭവിച്ചിട്ടുള്ളൂ. പരിഷ്‌കൃത ലോകത്തിന്റെ ദയാവായ്‌പും സൗജന്യങ്ങളും കൈപ്പറ്റി രണ്ടാം തരം പൗരന്മാരായി ജീവിക്കേണ്ടവരാണ് ആദിമ വർഗങ്ങൾ എന്ന ധാർഷ്‌ട്യത്തിന്റേയും ഉടമ മനോഭാവത്തിന്റേയും പ്രതിഫലനമാണ് ഇത്തരം സൗജന്യ വിതരണത്തിന്റെ പിന്നിലെ സമൂഹമനശാസ്‌ത്രം. സത്യത്തിൽ ഗോത്രമേഖലകളിലേക്ക് കടന്നു കയറാനും അവരുടെ ജീവിതത്തിനു മേൽ തങ്ങളുടെ അധീശത്വം സ്ഥാപിച്ചെടുക്കാനും വേണ്ടിയാണ് ആദ്യമാദ്യം സൗജന്യങ്ങൾ നൽകപ്പെട്ടത്. സാവധാനം ബാഹ്യലോകത്തിന്റെ മുഖ്യധാരാ ജീവിതം ആദിവാസിയുടെ സ്വത്വവും സമ്പത്തും കൈയടക്കുകയും കേവലം സൗജന്യങ്ങൾ പറ്റി ജീവിക്കുന്ന അധമ സമൂഹമായി ഗോത്രവർഗ്ഗങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്‌തു.  ഉൽപ്പാദനക്ഷമമായി ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇതുവരെയായി എന്തു ചെയ്‌തു എന്നാണ് ചോദിക്കപ്പെടേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അഹാഡ്‌സ് എന്ന് പേരിട്ട അട്ടപ്പാടി പരിസ്ഥിതി പുനസ്ഥാപന പദ്ധതി മാത്രമാണ് ഇത്തരത്തിൽ ചൂണ്ടിക്കാണിക്കാവുന്ന ഒരേ ഒരു പ്രോജക്‌ട്. ജപ്പാൻ സഹായത്തോടെ നടന്ന പദ്ധതിയായതുകൊണ്ടു മാത്രമാണ് അഹാഡ്‌സിന് അടിസ്ഥാന വികസനത്തിൽ ശ്രദ്ധയൂന്നാൻ സാധിച്ചത്. വിദേശ സഹായം തീർന്നതോടെ അഹാഡ്‌സ് നിർത്തലാക്കുകയാണ് നമ്മുടെ ഗവർമെന്റുകൾ ചെയ്‌തത് എന്നറിയുമ്പോഴാണ് ഉൽപ്പാദനക്ഷമതയോട് എത്രമേൽ വിമുഖമാണ് നാം എന്ന് ബോധ്യപ്പെടുക.

സൗജന്യ റേഷനും സൗജന്യ ചുകിത്‌സയും സൗജന്യ ഭക്ഷണവും നൽകുന്ന ഗവർമെൻറുകളൊന്നും സൗജന്യ ഭൂമി നൽകാത്തതെന്ത് എന്നാണ് അന്വേഷിക്കേണ്ടത്.

അവിടെത്തന്നെയാണ് ഭരണ വർഗങ്ങളുടേയും രാഷട്രീയ നേതൃത്വങ്ങളുടേയും ഇരട്ടത്താപ്പ് കുടിൽ കെട്ടി താമസിക്കുന്നതും.  നാൽപതു വർഷത്തോളമായി ആദിവാസികൾക്ക് വിതരണം ചെയ്യാൻ വേണ്ടി അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തുകളിലായി മൂവായിരത്തോളം ഏക്കർ ഭൂമി കണ്ടെത്തിയിട്ട്. ഇന്നു വരെ അർഹതപ്പെട്ടവരെ കണ്ടെത്തി അത് വിതരണം ചെയ്യാൻ ഒരു സർക്കാരും തയ്യാറായിട്ടില്ല. ദേശീയ വനാവകാശ നിയമം ഇതുവരെ നടപ്പാക്കാൻ തയ്യാറാവാത്ത രാഷട്രീയ നേതൃത്വങ്ങളാണ്  ഇപ്പോൾ ആദിവാസിയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നത്. ഇപ്പോഴും പറയുന്നതും പ്രസംഗിക്കുന്നതുമാവട്ടെ, കൂടുതൽ സൗജന്യങ്ങളെക്കുറിച്ചും.

ആദിവാസികൾ നേരിടുന്നത് ആസൂത്രിതമായ വംശഹത്യാ ശ്രമങ്ങളാണ്. അട്ടപ്പാടിയിൽ സുലഭമായി മദ്യം ലഭിക്കുന്നുണ്ട്. കേരളത്തിലെ മയക്കുമരുന്നു കച്ചവടത്തിന്റെ പ്രധാന ഹബ്ബുകളിലൊന്നായ മണ്ണാർക്കാടിന്റെ ഏറ്റവും സജീവമായ മയക്കുമരുന്നു ഹൈവേയാണ് അട്ടപ്പാടി. റേഷൻ കടയിൽ നിന്ന് വാങ്ങുന്ന അരി തൊട്ടടുത്ത പലചരക്കുകടയിൽ മറിച്ചു വിൽക്കുന്ന ആദിവാസി അട്ടപ്പാടിയിലെ അപൂർവ്വകാഴ്ച്ചയൊന്നുമല്ല. അങ്ങനെ കിട്ടുന്ന പണംകൊണ്ട് മദ്യപിച്ച് വഴിയിൽ കിടക്കുന്ന ആദിവാസിയും യാഥാർഥ്യമാണ്. ഇങ്ങനെ സ്വന്തം ജീവിതം നഷ്‌ടപ്പെടുത്തുന്ന ആദിവാസി വംശനാശത്തിന്റെ വക്കിലാണ്. അമ്പത് വർഷം കൊണ്ട് 80 ശതമാനം ആദിവാസികൾ അപ്രത്യക്ഷമായ നാടാണ് അട്ടപ്പാടി. ഇവിടെ പുതിയ തലമുറയിലെ ആയുർദൈർഘ്യം അമ്പതു വയസിൽ താഴെയാണ് എന്നു കൂടി അറിയുക. പ്രത്യുൽപ്പാദനക്ഷമത അമ്പേ കുറഞ്ഞ ഗോത്ര സമൂഹം ഇനിയെത്ര നാൾ എന്നത് കാര്യമായി ആരും ചർച്ച ചെയ്യുന്നില്ല. ഗോത്ര ജനതയുടെ സർവനാശം ഒരർഥത്തിൽ അട്ടപ്പാടിക്കു പുറത്ത് ആഗ്രഹിക്കപ്പെടുന്നുണ്ട് എന്നു വേണം അനുമാനിക്കാൻ. ഷോളയൂർ പഞ്ചായത്തിലെ വലിയൊരു ഭാഗം ഭൂമിയും കോയമ്പത്തൂരിലും മറ്റും താമസിക്കുന്ന ആദിവാസികളല്ലാത്ത സമ്പന്നരുടേതായിക്കഴിഞ്ഞു. തെക്കെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യവസായ വാണിജ്യ നഗരമായ കോയമ്പത്തൂരിനെ സംബന്ധിച്ച് ഒരു ഉപഗ്രഹ നഗരമായി വളർത്തിയെടുക്കാൻ ഏറ്റവും ഉചിതമായ പ്രദേശമാണ് അട്ടപ്പാടി. ഇങ്ങനെ സംഭവിക്കില്ല എന്നു വിശ്വസിക്കാനുള്ള ഒരു കാരണവും കാണുന്നില്ല എന്നതാണ് സങ്കടകരം.

ഇത്തരം ഭീഷണികളൊന്നും പരിഗണിക്കാതെ, അട്ടപ്പാടിയുടെ പരോക്ഷ പ്രതിസന്ധികളെ അഭിസംബോധന ചെയ്യാതെ കൂടുതൽ കൂടുതൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്ന ഭരണകൂടങ്ങളോട് ഒന്നേ പറയാനുള്ളൂ. ഗോത്ര ജനതയ്ക്ക് വേണ്ടത് സൗജന്യങ്ങളല്ല. കൃഷിഭൂമിയാണ്. സ്വയം പര്യാപ്‌തരാവാനുള്ള അവസരമാണ്. രണ്ടാം കിട പൗരൻമാരല്ലാതിരിക്കുക എന്ന അവകാശമാണ്. വനമേഖലകൾ കേന്ദ്രീകരിച്ചു നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനോ താരതമ്യേന ദുർബലരായ ആദിവാസി ജനതയെ ചൂഷണം ചെയ്യുന്ന ബാഹ്യലോകത്തിന്റെ അക്രമപ്രവണതകളെ നേരിടാനോ ശ്രമിക്കാതെ നടത്തുന്ന വെറും ഗീർവാണങ്ങൾ ഒരു പ്രശ്‌നവും അവസാനിപ്പിക്കില്ല.

– മനോജ് വീട്ടിക്കാട്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account