ഒന്നാന്തിപ്പടിയിൽ നിന്നും കാണാം, മലമുകളിലെ വലിയ പ്രതിമ. പാറ താഴേയ്ക്കുരുട്ടി കെെകൊട്ടിച്ചിരിക്കുന്ന വരരുചിക്കഥയിലെ ഭ്രാന്തൻ.

പാലക്കാടിനെ ചേർന്നൊഴുകുന്ന നിളാതീരത്ത് പട്ടാമ്പിയിൽ നിന്നും വളാഞ്ചേരി വഴിയിലാണ് നടുവട്ടം ഒന്നാന്തിപ്പടി. ഭ്രാന്തൻ കല്ലുരുട്ടിയ മല.

മിത്തുകളിൽനിന്ന് ഭ്രാന്തൻ നിരന്തരം കഥകളിലേക്കിറങ്ങിവരുന്നു. തലമുറകളിലൂടെ ഭ്രാന്തൻ ചിരിച്ചുകൊണ്ടേയിരിക്കുന്നു. പാലക്കാട്ടുകാരനായ കഥാകാരൻ മുണ്ടൂർ സേതുമാധവൻ ചെറുസദസ്സുകളിൽ നാറാണത്തുഭ്രാന്തൻറെ കഥപറയും. എന്നിട്ട് തന്റെ വായനയുടെ വയസ്സാംകാലത്ത് ഉമ്മറക്കോലായിലേക്കു കയറിവരുന്ന ആ ഭ്രാന്തൻ ആരായിരിക്കും എന്നൊരു ചോദ്യമെറിയും. അൽപനേരത്തിനുശേഷം ഉത്തരമില്ലാത്ത ചോദ്യത്തിനു മീതേ അതു ഞാൻ തന്നെയായിരിക്കുമെന്ന് അദ്ദേഹത്തിൻറെ മറ്റൊരു ചിരി.

ഭിക്ഷ കിട്ടുന്ന ആഹാരവുമായി ചുടലകളിലാണ് ഭ്രാന്തൻ രാത്രി ചെന്നെത്തുന്നത്. അപ്പോഴുമണയാത്ത ചിതകളിൽ നിന്ന് കത്തിത്തീരാത്ത വിറകുകൊള്ളികൾ കൊണ്ട് അന്നത്തെ അന്നത്തിന് തീ പൂട്ടുന്നു. ‘ചിതയിലെ വെളിച്ചം’ എന്ന എം.എൻ. വിജയൻ മാഷുടെ പ്രയോഗം എല്ലാ ചുടലയ്ക്കും മുകളിൽ എപ്പോഴും ജ്വലിച്ചുനിൽക്കുന്നുണ്ട്.

വലതുകാലിലെ മന്തുമായി തീകാഞ്ഞിരിക്കുന്ന ഭ്രാന്തനെയാണ് ചുടലകാളി കാണുന്നത്. തന്നെ ഭയക്കാത്ത ഇവനാര് എന്നാണ് ചുടലകാളിയുടെ ഭയം. നീ പോയിട്ടുവേണം ഞങ്ങൾക്കു നൃത്തമാടാനെന്ന് തലയോട്ടി മാലയണിഞ്ഞ കാളി. നീയൊന്നു പോയിക്കിട്ടിയാൽ എനിക്കു സ്വസ്ഥമായി ആഹാരമുണ്ടാക്കാമായിരുന്നുവെന്ന് ഭ്രാന്തൻ. ചുടലകാളിയാണ് വീണ്ടും ഞെട്ടുന്നത്. ആ ഞെട്ടലിൽ കാളി ശപിക്കുകയല്ല, നിനക്കെന്തു വരം വേണമെന്നാണ് പിന്നെ ചോദിക്കുന്നത്.

എനിക്കൊരു വരവും വേണ്ടാ പോയിത്തന്നാൽ മതിയെന്നു ഭ്രാന്തൻ. അതിനു നിർവാഹമില്ലെന്നും മനുഷ്യരുടെ കണ്ണിൽപെട്ടാൽ അനുഗ്രഹം നൽകാതെ മടങ്ങാനാവില്ലെന്നും അപേക്ഷ. എങ്കിൽ തന്റെ മരണസമയം അറിയണമെന്നായി. നിമിഷം കൊണ്ട് കാളി അതു പറഞ്ഞുകൊടുത്തു. അതിനൊരു ദിവസം മുൻപോ പിൻപോ മരിച്ചാൽ മതിയെന്നു ഭ്രാന്തൻ.

അതുസാധ്യമല്ല, മറ്റെന്തും ചോദിക്കൂ എന്നു പറയുന്ന കാളിയോട് ഭ്രാന്തൻ ദേഷ്യപ്പെടുന്നു. ഒടുവിൽ നിനക്കെന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് ആക്കിയിട്ട് പൊയ്ക്കൊള്ളൂ എന്നാണ് ഭ്രാന്തൻ ആവശ്യപ്പെടുന്നത്.

കാലങ്ങളായി കല്ലുരുട്ടുന്നവർ കഥാകാരന്റെ ഉത്തരത്തിൽ, അതിലെ ചിരിയിൽ, അൽപനേരം തൃപ്‌തരാവുന്നു. ജീവിതത്തിൻറെ ‘അടുത്ത നിമിഷമെന്ത്’ എന്ന ചോദിക്കാത്തൊരു ചോദ്യത്തിൽ പാലപൂക്കുന്ന മലമുകളിൽ നിന്ന് നാറാണത്തുഭ്രാന്തൻറെ നിലയ്ക്കാത്ത ചിരി, താഴെ നീർച്ചാലായ നിളയിലേക്കൊഴുകുന്നു. എന്തുകൊണ്ടോ, തുലാം മാസത്തിലാണത്രേ ഭ്രാന്തൻ കുന്നുകളിൽ പാലപൂക്കുന്നത്…

– രാജേഷ് മേനോൻ

 

2 Comments
  1. Anil 3 years ago

    ഉച്ചയായോടാ, ഉച്ചിയിലായോടാ, സൂര്യാ …. ഭ്രാന്തനെന്നു വിളിക്കപ്പെട്ട ഒരു മഹത്‌വ്യക്തി…
    നല്ല വായന

  2. Murali S Kumar 3 years ago

    കോലായിലിക്കാലമൊരു മന്തുകാലുമായ്‌ തീകായുവാനിരിക്കുന്നു..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account