കഥ എന്നത് വലിയ നുണകളാണ് എന്നാണ് സി. ഗണേഷ് എന്ന എഴുത്തുകാരന് പറയുന്നത്. അദ്ദേഹത്തിന്റെ ഐസര്‍ എന്ന കഥാസമാഹാരം ഇങ്ങനെ പറഞ്ഞു വെക്കുന്ന സത്യസന്ധമായ നുണകളുടെ ഒരു കൂട്ടമാണ്. മനുഷ്യന്റെ മാറ്റങ്ങളെ കുറ്റപ്പെടുത്തുകയും പഴയത് മഹത്തരം എന്ന് പ്രഘോഷിക്കുകയും ചെയ്യുന്ന പൊതു നിലപാടുകളെ നിരാകരിക്കുന്നു എന്നതാണ് ഐസറിലെ കഥകളുടെ പ്രാധാന്യം. നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ജീവിതങ്ങളെ സത്യസന്ധമായും സരസമായും നോക്കിക്കാണുന്നു ഈ കഥകൾ.
9 കഥകളാണ് ഐസറിലുള്ളത്. 9 വ്യത്യസ്ത ഭൂമികകളും സംഭവ പരിസരങ്ങളും അനുഭവങ്ങളുമായ 9 കഥകള്‍. അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ ഗണേഷിന്റെ കഥകളെ അനന്യവും അതിലേറെ ഗോപ്യ സുന്ദരവുമാക്കുന്നുണ്ട്. ചിരപരിചിതവും സാധാരണവുമായ കഥാസന്ദർഭങ്ങളിൽ നിന്നാണ് തികച്ചും അസാധാരണമായ ഈ കഥകൾ രൂപപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
ഐസറിലെ ഏറ്റവും മനോഹരമായ കഥ റേപ് ഡെൻ ആണെന്നു തോന്നുന്നു . ഒരേ സമയം പലരായി ജീവിക്കുന്നവരാണല്ലോ നമ്മളൊക്കെ എന്ന് റേപ് ഡെൻ നമ്മെ ഓർമിപ്പിക്കുന്നു. ഒരിക്കലും കണ്ടെത്താൻ കഴിയാത്ത ആഴമുള്ളതാണ് ഓരോ മനുഷ്യ മനസും. എത്ര സുതാര്യമാണെന്ന് നാം കരുതുന്നുവോ അത്രമേൽ അതാര്യവും സങ്കീർണവുമാണത്. നിർവചിക്കപ്പെട്ട സദാചാര നിയമങ്ങളെയൊന്നും തെല്ലും വകവക്കാതെ ജീവിക്കുന്ന വിശ്വേന്ദുവിന്റേയും ഭർത്താവിന്റേയും ജീവിതത്തിലേക്ക് ഈശ്വരി കടന്നു വരികയും തന്റെ ഭർത്താവ് അവളോടൊപ്പം ഉല്ലസിക്കുന്നത് വിശ്വേന്ദു കണ്ട് ബോധ്യപ്പെടുകയും ചെയ്തു. പക്ഷേ തങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റേയും സമ്പത്തിന്റേയും രഹസ്യങ്ങൾ ഈശ്വരി കണ്ടെത്തിയിരിക്കുന്നു എന്നതാണ് വിശ്വേന്ദുവിനെ ചൊടിപ്പിക്കുന്നത്. ഓരോ വ്യക്തിയും സ്വയം ഓരോ സ്വകാര്യ സാമ്രാജ്യങ്ങളാണ്. ഒരു പ്രയോജനവുമില്ലാത്ത തങ്ങളുടെ രഹസ്യങ്ങൾ ചോർത്തി എടുത്ത ഈശ്വരിയെ റേപ് ചെയ്തു കൊല്ലണമെന്നാണ് വിശ്വേന്ദു വിധിക്കുന്ന ശിക്ഷ. ശിക്ഷ നടപ്പാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അയാൾക്ക് ഈശ്വരിയെ റേപ് ചെയ്യേണ്ടി വരുകയേയില്ല. അതു തന്നെയാണ് കഥയുടെ സൗന്ദര്യവും. സ്വയം വിധേയയാവാൻ തയ്യാറുള്ള ഒരാളിൽ എങ്ങനെയാണ് ബലം പ്രയോഗിക്കുക. പക്ഷേ അവളെ അങ്ങനെ തന്നെ കൊല്ലണം എന്ന് വിശ്വേന്ദുവിന് നിർബന്ധമാണ്. ഒടുവിൽ ഈശ്വരി പലതവണ ആവശ്യപ്പെട്ടിട്ടും അവളെ ഒന്നു പ്രാപിക്കാൻ പോലുമാവാതെ അയാൾ (അയാൾക്ക് പേരില്ല കഥയിൽ) തിരികെ വന്ന് വിശ്വേന്ദുവിനോട് ചോദിച്ചു, എന്തിനായിരുന്നു അങ്ങനെ ആവശ്യപ്പെട്ടതെന്ന്. വെറുതെ.. നിനക്കിതൊക്കെ സാധ്യമാണോ എന്നറിയാനായിരുന്നു എന്ന് അവളുടെ മറുപടി.
കഥാകഥനത്തിന്റെ മാസ്മരികത കൊണ്ട് ഗംഭീരമായ കഥയാണ് കുഞ്ഞനീസ. ഒരു പെൺകുട്ടി അവളുടെ ഓരോ നിമിഷത്തെ ജീവിതത്തിലും എത്രമേൽ ഉപദ്രവിക്കപ്പെടുന്നുണ്ട് എന്ന കാര്യം പറഞ്ഞ് പറഞ്ഞ് ക്ലീഷേ ആയതാണ്. എന്നാൽ തങ്ങളുടെ ചെയ്തികളായിരിക്കുമോ അവളെ അപകടപ്പെടുത്തിയത് എന്ന് വേവലാതിപ്പെടുന്ന ഒട്ടനവധി ആൺജീവികൾ കഥയിൽ വന്ന് നമ്മോട് സംസാരിക്കുന്നത് വേറിട്ടൊരു അനുഭവമാണ്. നല്ലവരായിരിക്കണം എന്ന് പൊതുസമൂഹം നിശ്ചയിച്ചിട്ടുള്ള ആരും അടിസ്ഥാനപരമായി അത്തരം നിർവചനങ്ങൾക്ക് വിധേയരാവാൻ തയ്യാറല്ല എന്ന് കുഞ്ഞനീസ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം സ്ത്രീക്ക് വിശ്വസിക്കാൻ യോഗ്യരായി ആരുമില്ല എന്നും കഥാകൃത്ത് പറഞ്ഞു വക്കുന്നു. സ്കൂളിൽ അധ്യാപകൻ, വഴിയരികിൽ പാനി പൂരി വിൽക്കുന്നവൻ, തുണിക്കടയിൽ നിൽക്കുന്നവർ, ലോറി ഡ്രൈവർ എന്നു വേണ്ട, എപ്പോഴും ഒപ്പമുള്ള ഏറ്റവും വിശ്വസ്തനായ കൂട്ടുകാരൻ വരെ വേട്ടക്കാരാവുമ്പോൾ പാവം കുഞ്ഞനീസ എന്തു ചെയ്യാനാണ്.
എടുത്തു പറയേണ്ട മറ്റൊരു കഥയാണ് ഫോൺ ഇൻ. മനുഷ്യരുടെ സ്വകാര്യങ്ങളെ വിറ്റു കാശാക്കുന്ന നിരവധി ടി.വി. പരിപാടികൾ നമുക്ക് പരിചിതമാണ്. അത്തരത്തിലൊരു സംഗതിയാണ് പറയൂ രഹസ്യ വേദനകൾ എന്ന പരിപാടി. അപരന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനുളള പ്രവണത മനുഷ്യസഹജമാണ്. ഈ സ്വഭാവ വൈകല്യത്തെ തന്ത്രപരമായി ഉപയോഗപ്പെടുത്തുകയാണ് ചാനലുകൾ ചെയ്യുന്നത്. ഈ പരിപാടിയിൽ വിളിച്ച് സ്വന്തം അച്ഛനിൽ നിന്ന് താൻ ഗർഭിണിയാണെന്ന് പറയുന്ന മകളെക്കുറിച്ച് അഭിമാനം കൊള്ളുകയാണ് അമ്മ. ഇത്രയും നമ്മളെ സംബന്ധിച്ച് ഒട്ടും ആശ്ചര്യകരമല്ല തന്നെ. ഇതിനിപ്പോ എന്താ പരിഹാരം എന്ന് ചാനൽ അവതാരകർ ആശങ്കപ്പെടുമ്പോൾ, നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിഞ്ഞോണ്ടു തന്നെയാണ് പറഞ്ഞത് എന്നവൾ നമ്മളെ ഞെട്ടിക്കുന്നു. ഈ വ്യതിരിക്തതയാണ് ഗണേഷിന്റെ കഥകളുടെ സവിശേഷത.
ആഖ്യാന സവിശേഷതകൊണ്ട് ശ്രദ്ധേയമായ മറ്റൊരു കഥയാണ് വെള്ളം ചോദിച്ചു വരുന്ന കുട്ടികൾ. എല്ലാവർക്കും എത്തിച്ചേരാൻ പറ്റാത്ത ചില നിഗൂഡ ലക്ഷ്യങ്ങളുണ്ട് പ്രപഞ്ചത്തിൽ. യഥാർഥത്തിൽ അവ ഉണ്ടായിട്ടും പലർക്കും അത് കണ്ടെത്താനാവുന്നില്ല. അവ കണ്ടെത്തണമെങ്കിൽ അനന്യസാധാരണമായ ജിജ്ഞാസയും സുതാര്യമായ മനോഭാവവും ഉണ്ടായേ തീരൂ. ഇപ്രകാരം പ്രകൃതിയുമായി ( അത് ഭൗതിക പ്രകൃതിയോ ആന്തരിക പ്രകൃതിയോ ആവാം.) അനുരണനത്തിലെത്തുവാൻ എത്ര പേർക്ക് സാധ്യമാണ് എന്നതത്രേ ഈ കഥ ഉന്നയിക്കുന്ന സമസ്യ .
ഐസറിലെ കഥകൾക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അവ നമ്മോട് സജീവമായി സംവദിക്കുന്നുണ്ട്. ഭാവുകത്വ രഹിതമായ കഥാവർത്തമാനത്തിൽ കഥയുടെ ശക്തിയും സൗന്ദര്യവും അത്രമേൽ സ്വാംശീകരിക്കുന്നുമുണ്ട്. ഐസറിന്റെ വായന തീർച്ചയായും നവീനമായ ഒരനുഭൂതി പ്രദാനം ചെയ്യും.
ഐസര്‍
സി. ഗണേഷ്
പൂർണ പബ്ലിക്കേഷൻസ്
നല്ല കുറിപ്പ്
റേപ്പ് ഡെൻ ഒരു ക്രാന്തദർശിയായ കഥാകാരന്റെ സൃഷ്ടിയാണ്. ഇന്ന് ,അതേ കഥാതന്തുവിനെ നാം വാർത്തകളിൽ യാഥാർത്ഥ്യമായി കാണുന്നു. റേപ്പ് ചെയ്ത് ശത്രുവിനെയില്ലാതെയാക്കണമെന്ന് കരുതുന്ന മറ്റൊരു സ്ത്രീ !
ശരിയാണ്, സരസമാണ് മാഷ്ടെ ഭാഷ.. ഒരു സർക്കാസത്തിന്റെ ടോൺ അതിൻറെ അടിത്തട്ടിൽ പ്രവർത്തനനിരതമാണ്.