സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ മനസ്സിൽ ചേക്കേറിയ ഇടങ്ങളിൽ പ്രമുഖ സ്ഥാനം തന്നെയായിരുന്നു അജന്ത, എല്ലോറ ഗുഹകൾക്കും. അതുകൊണ്ടുതന്നെ ഇങ്ങോട്ടുള്ള യാത്ര ഞങ്ങളെ സംബന്ധിച്ചിടത്തോളം ആഹ്ലാദഭരിതവുമായിരുന്നു. പൂനയിൽ എത്തി അവിടെനിന്നും കാറിൽ ആയിരുന്നു ഞങ്ങൾ യാത്ര തുടർന്നത്. ഒരു മധ്യവേനൽ അവധിക്കാലമായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്.

ഔറംഗാബാദ് നഗരത്തിൽ നിന്നും നൂറു കിലോമീറ്റർ അകലെയുള്ള അജന്ത ഗുഹകളായിരുന്നു ആദ്യ ലക്‌ഷ്യം. ‘അജന്ത ലെണി’ എന്നു മറാത്തിയിൽ വിളിക്കുന്ന ഈ ഗുഹകൾ ബുദ്ധവിഹാരങ്ങളായിരുന്നു. പാറയിൽ കൊത്തിയുണ്ടാക്കിയ ഇരുപത്തിയൊൻപതു ഗുഹകളാണ് അജന്തയിലുള്ളത്. ബി. സി. 480 നും 650 നും ഇടയിലായിരിക്കണം ഇത് പണിതീർത്തിട്ടുണ്ടാകുക എന്നാണ് ചരിത്രമതം. ഇപ്പോൾ ഇത് യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി ഏറ്റെടുത്തിട്ടുണ്ട്. ശിൽപ്പചാതുര്യം പ്രകടമാണെങ്കിലും ചിത്രകലയാണ് അജന്തയിൽ മുന്നിട്ടു നില്ക്കുന്നത്. ജാതക കഥകളിൽ വിവരിച്ചിരിക്കുന്ന കഥകൾക്ക് ജീവൻ കൊടുത്തതാണെന്നു തോന്നുന്ന വിധമാണ് ഇവിടത്തെ ചിത്രാലേഖനം. ഒരു കാലഘട്ടത്തിന്റെ സംസ്‌ക്കാരവും ആചാരമുറകളും പ്രകടമാക്കുന്ന ചിത്രങ്ങൾ. എല്ലാം പ്രകൃതിദത്തമായ ചായങ്ങൾ ഉപയോഗിച്ചു മാത്രം വരയ്ക്കപ്പെട്ടതാണെന്നോർക്കണം. ഗുഹകളുടെ ഉള്ളിൽ വെളിച്ചത്തിനായി വലിയ കണ്ണാടികൾ ഉപയോഗിച്ചിരുന്നത്രെ. പല ചിത്രങ്ങളും നമുക്ക് നൽകുന്ന സന്ദേശം ആ കാലഘട്ടത്തിൽ പരിഷ്‌കൃതരായ മനുഷ്യർ ജീവിച്ചിരുന്നു എന്നു തന്നെയാണ്.

ഈ ഗുഹകളെക്കുറിച്ചു നാം അറിയുന്നത് തന്നെ 1819 ൽ ആണ്. മദ്രാസ് പ്രസിഡൻസിക്ക് കീഴിൽ ജോലി നോക്കിയിരുന്ന ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു ജോൺ സമിത്ത്. കൊടും കാട്ടിൽ കടുവാ വേട്ടക്കിറങ്ങിയ അദ്ദേഹമാണ് യാദൃശ്ചികമായി ഒരു ഗുഹ കണ്ടത്. ഇപ്പോൾ 10 ആം നമ്പർ ഗുഹയായി അറിയപ്പെടുന്നു. അദ്ദേഹം ഇത് കാണുന്ന സമയത്ത് അവിടത്തുകാരായ ചിലർ ചില പൂജകൾക്കായി ഉപയോഗിക്കുകയായിരുന്നു ഈ ഗുഹ. തുടർന്നുണ്ടായ പര്യവേഷണത്തിലാണ് മറ്റു ഗുഹകൾ കണ്ടെത്താനായത്.

പഴയകാല ബുദ്ധ മൊണാസ്റ്ററികളെപ്പോലെ തന്നെയായിരിക്കണം ഇതിന്റെയും പ്രവർത്തന രീതി. അവർ ഈ ഗുഹകളെ ആവാസത്തിനായും വിദ്യാഭ്യാസത്തിനായും പ്രാർത്ഥനക്കായും ഉപയോഗിച്ചിരുന്നു. ചിത്രകലയുടെ കേളീഗൃഹമെന്നു വേണമെങ്കിൽ നമുക്കിതിനെ പറയാം. ഇത്രയും വർഷങ്ങൾക്കു ശേഷവും ഈ ചിത്രങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നത് അത്‌ഭുതാവഹം തന്നെ. ഗൈഡുകളുടെ സഹായമില്ലാതെ ഈ ചിത്രവിസ്‌മയങ്ങൾ മനസിലാക്കുക വളരെ ബുദ്ധിമുട്ടാണ്. അവർക്കും അറിയാവുന്നതിൽ എത്രയോ അധികമായിരിക്കും അറിയാത്തത്.

കുതിരലാടത്തിന്റെ ആകൃതിയിൽ കിഴക്കേ അറ്റത്തുള്ള ഗുഹയാണ് ഒന്നാം നമ്പർ കാരൻ. ചിത്രകലയുടെ ആധിക്യം വ്യക്‌തമാക്കുന്നതാണ് രണ്ടാം നമ്പർ ഗുഹ. രണ്ടു നിലകളിലായാണ് ആറാം നമ്പർ ഗുഹ നിർമ്മിച്ചിരിക്കുന്നത്. പത്താം നമ്പർ ഗുഹയാണ് ഇവയിൽ ഏറ്റവും പഴക്കമേറിയതെന്നു കരുതപ്പെടുന്നു. ഇതുവരെ കണ്ടെത്തിയ ഗുഹയുടെ മധ്യഭാഗത്താണ് പതിനാറാം നമ്പർ ഗുഹ. പതിനേഴാം നമ്പർ ഗുഹയുടെ പ്രവേശന ഭാഗത്ത് കല്ലിൽ കൊത്തിയ രണ്ടാനകളുണ്ട്. ഇരുപത്തിയാറാം നമ്പറിൽ ഉറങ്ങുന്ന ബുദ്ധനും. ഓരോ ഗുഹയുടെയും പ്രത്യേകതകൾ ഇവിടെ വിവരിക്കുന്നത് പ്രായോഗികമാണെന്നു തോന്നുന്നില്ല.

അജന്തയിൽ നിന്നും ഞങ്ങൾ പോയത് ഔറംഗാബാദിലേക്കു തന്നെ. പിറ്റേന്ന് രാവിലെ എല്ലോറ ഗുഹകളിലേക്കും. ഇവ ഔറംഗാബാദിൽ നിന്നും മുപ്പതു കിലോമീറ്റർ മാത്രം ദൂരത്തിൽ. ഇതും യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് തന്നെ. എല്ലോറ ഗുഹകൾ പണിതീർത്തിരിക്കുന്നത് ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലായിരിക്കുമെന്നാണ് വിശ്വസിക്കുന്നത്.

ഏതാണ്ട് നൂറു ഗുഹകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും മുപ്പത്തിനാലു ഗുഹകളിൽ മാത്രമാണ് നമുക്ക് പ്രവേശനാനുമതിയുള്ളത്. ബുദ്ധ, ഹിന്ദു, ജൈന മതങ്ങളുടെ സംസ്ക്കാരം എല്ലോറയിൽ പ്രതിഫലിക്കുന്നുണ്ട്. ഒന്ന് മുതൽ പന്ത്രണ്ടു വരെയുള്ള ഗുഹകൾ ബുദ്ധമതക്കാരുടേതാണെങ്കിൽ പതിമൂന്നു മുതൽ ഇരുപത്തൊൻപതു വരെയുള്ള പതിനേഴു ഗുഹകൾ ഹിന്ദുമതക്കാരുടെയും തുടർന്നുള്ള അഞ്ചു ഗുഹകൾ ജൈനമതക്കാരുടേതുമാണ്. അജന്തയിൽ ചിത്രങ്ങളായിരുന്നുവെങ്കിൽ ഇവിടെ ശില്പങ്ങളാണ് പ്രധാന ആകർഷണം. ഇന്നത്തെക്കാലത്തു നമുക്കൊരിക്കലും സങ്കൽപ്പിക്കാനാകാത്ത ദ്രശ്യാനുഭവമാണ് നമുക്കീ ഗുഹകൾ സമ്മാനിക്കുന്നത്.

അജന്താ ഗുഹകളെപ്പോലെ ഒരേ നിരയിലല്ല ഇവിടത്തെ ഗുഹകൾ. ഇവിടെ ഇവ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നമ്പർ ഇട്ടു ക്ലിപ്‌തപ്പെടുത്തിയിട്ടുള്ളതിനാൽ നമുക്ക് സന്ദർശനം സുഖകരമാക്കാൻ കഴിയും. നമ്മുടെ തന്നെ വാഹനമോ ഓട്ടോറിക്ഷയോ ആവശ്യമായി വരും ഈ ഗുഹാ സന്ദർശനത്തിന്. ഏതാണ്ട് മൂന്നു നാലു കിലോമീറ്ററുകൾ ദൂരം വേണ്ടിവരും ഇവ മുഴുവൻ കണ്ടെടുക്കാൻ.

ഭൂമിയിൽ കുഴിച്ചെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഒറ്റക്കൽ ചരിത്രാവശിഷ്‌ടമാണ് പതിനാറാം നമ്പർ ഗുഹാക്ഷേത്രം. കൈലാസനാഥ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ശിവക്ഷേത്രം ഒരു രഥത്തിന്റെ ആകൃതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പാറയുടെ മുകളിൽ നിന്നും വെട്ടിയുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം എക്കാലത്തെയും ഒരു ശിൽപ്പകലാവിസ്‌മയം തന്നെയായിരിക്കും. ഇതിനു സമാനമായ മറ്റൊരു സൃഷ്‌ടി ലോകത്തെവിടെയും ഉണ്ടാകാനിടയില്ല. അജന്തയാകട്ടെ എല്ലോറയാകട്ടെ, മൂന്ന് വ്യത്യസ്‌ത മതങ്ങൾ, അവരുടെ പ്രാർത്ഥനകളും പ്രവർത്തനങ്ങളുമായി കഴിഞ്ഞുകൂടിയവരായിരുന്നു. പുരാതന ഭാരതത്തിന്റെ മതസഹിഷ്‌ണുതയുടെ ഒരു സ്‌മാരകം കൂടിയാകുന്നു ഈ ഗുഹാസമുച്ചയങ്ങൾ.

അജന്തക്കും എല്ലോറക്കും സമീപം കരകൗശല സാധനങ്ങൾ വിൽക്കുന്നവർ ധാരാളം. ബുദ്ധ പ്രതിമകൾ, മാലകൾ, വളകൾ, മറ്റു കൗതുക വസ്‌തുക്കൾ എല്ലാം സുലഭം. നന്നായി വിലപേശി വാങ്ങിയാൽ ഇന്ത്യയിൽ എവിടെ കിട്ടുന്നതിനേക്കാൾ ലാഭം എന്നാണ് ഞങ്ങളുടെ പക്ഷം.

മനസില്ലാമനസോടെ എല്ലോറയോട് യാത്ര പറഞ്ഞു നേരേ പോയത് ഒരു പാവപ്പെട്ട താജ് മഹൽ കാണാനായിരുന്നു. “ബീബി കാ മക്ബറ” എന്നറിയപ്പെടുന്ന ശവകുടീരം. പതിനേഴാം നൂറ്റാണ്ടിൽ ഔരംഗസീബിന്റെ ആദ്യ ഭാര്യക്കുവേണ്ടി പുത്രൻ പണികഴിപ്പിച്ചതാണിത്. ദൂരേ നിന്നും നോക്കിയാൽ താജ് മഹൽ ആണെന്നേ തോന്നൂ. താജ് മഹലിന്റെ ഒരു വിലകുറഞ്ഞ അനുകരണം തന്നെയാണിത്. അതുകൊണ്ടു തന്നെ ഇത് ഡക്കാനി താജ് എന്നും അറിയപ്പെടുന്നു. ഇതിന്റെ ഉയരം 458 മീറ്റർ ആണ്. മുൻഭാഗത്തു നല്ലൊരു നടപ്പാതയും ജല ഫൗണ്ടനും മനോഹരമായിത്തന്നെ നിർമ്മിച്ചിരിക്കുന്നു.

ഔറംഗസീബിന്റെ ശവകുടീരം കാണുക എന്നതായിരുന്നു ഞങ്ങളുടെ അടുത്ത ലക്‌ഷ്യം. ഖുൽദാബാദിൽ ഉള്ള ഒരു ചെറിയ മുറിയിലാണ് മഹത്തായ മുഗൾ വംശത്തിന്റെ അവസാന ചക്രവർത്തി ഉറങ്ങുന്നത്. ക്രൂരനെന്നും സ്വന്തം പിതാവിനെ തടവിലാക്കി രാജ്യം ഭരിച്ചവൻ എന്നെല്ലാം നമ്മൾ പഠിച്ചിട്ടുണ്ടെങ്കിലും ധൂർത്ത് ഒട്ടും തന്നെയില്ലായിരുന്ന ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം.  പ്രത്യേകിച്ചും ജനങ്ങളുടെ ധനം ദുർവിനിയോഗം ചെയ്യുന്നതിൽ. ഭരണാധികാരികളുടെ ലളിത ജീവിതം പലപ്പോഴും ചരിത്രങ്ങളാകാറില്ലല്ലോ. ഉണ്ടെങ്കിലും കുട്ടികളെ പഠിപ്പിക്കാറില്ല. നല്ലവശം ആരെങ്കിലും  മാതൃകയാക്കിയാലോ എന്ന ഇപ്പോഴത്തെ ഭരണാധികാരികളുടെ ഭയമായിരിക്കാം ഇതിനു കാരണം. ഔറംഗസീബിന്റെ ലാളിത്യം മനസ്സിലാക്കണമെങ്കിൽ നമ്മൾ ഇദ്ദേഹത്തിന്റെ ശവകുടീരം സന്ദർശിച്ചേ മതിയാകു.

പിന്നീട് ഞങ്ങൾ പോയത് പാഞ്ചക്കി അഥവാ വാട്ടർ മിൽ കാണാനായിരുന്നു. ബാബാ ഷാ മുസാഫിർ ദർഗ്ഗയോട് ചേർന്നാണ് ഇത് സ്ഥിതി ചെയുന്നത്. ദൂരസ്ഥലത്തുള്ള പുഴയിൽ നിന്നും ടണൽ വഴി വെള്ളം കൊണ്ടുവന്ന് അതിന്റെ മർദ്ദത്തിൽ കറങ്ങുന്ന, ധാന്യങ്ങൾ പൊടിക്കുന്ന ഒരു ചക്ക് ആയിരുന്നു അത്. ഇതിനോട് ചേർന്ന് ആയിരങ്ങൾക്ക് ഭക്ഷണം കഴിക്കുവാനുതകുന്ന ഒരു തീൻ മുറിയും കണ്ടു. അപ്പോഴാണ് യഥാർത്ഥത്തിൽ ഈ ചക്കിന്റെ പ്രാധാന്യം മനസ്സിലായത്.

ഞങ്ങൾ പാഞ്ചക്കിൽ നിന്ന്  മടങ്ങുമ്പോൾ പെട്ടെന്ന് ശക്‌തമായി മഴ പെയ്യാൻ തുടങ്ങി. വേനലിന്റെ കൊടും ചൂടിൽ അത് ഞങ്ങൾക്ക് പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭവമായിരുന്നു. മഴയാസ്വദിച്ചുകൊണ്ടുതന്നെ ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.

11 Comments
 1. Peter 2 years ago

  Good narration..

 2. Vishwanath 2 years ago

  Ajanta & Ellora caves are really amazing… the way the caves are built under the rock hill, the marvelous sculpture… a wonderful historical place. The Bibi Ka Maqbara is equally good, though it is a low key monument.

 3. Ashok Kumar 2 years ago

  Yes, these are amazing monuments, one should visit and understand. Thanks for the note.

 4. Babu Raj 2 years ago

  Wonders of our history!

 5. WaO,,, good narration …” like it

 6. Siji 2 years ago

  Good work..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account