മലയാളസാഹിത്യത്തിലെ പ്രധാനപ്പെട്ട സാഹിത്യകാരന്മാരുടെ പേരുകള്‍ എടുക്കുമ്പോള്‍ അവയില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് നില്‍ക്കുന്ന വ്യക്‌തിയാണ്‌ എം മുകുന്ദന്‍. വായിച്ചു പോകുന്നവയില്‍ നിന്നും മാറി വായിച്ചവ ഓര്‍മ്മിച്ചു വയ്ക്കുന്ന കാലത്തേക്ക് വായനക്കാര്‍ സഞ്ചരിച്ച കാലഘട്ടം കൂടിയാണ് മുകുന്ദനും സേതുവും പെരുമ്പടവും ഒ വി വിജയനും മാധവിക്കുട്ടിയും ബഷീറും എം ടിയും ഒക്കെ നട്ട് നനച്ച മലയാളസാഹിത്യ ലോകം . അതിനു ശേഷം മുന്നോട്ടു വരുമ്പോഴും ഇത്രയും സൗഭഗവും ആനന്ദദായകവുമായ വായനാലോകം ഒരുക്കുവാന്‍ കഴിയാത്ത ഒരു ആള്‍ക്കൂട്ടമായി എഴുത്തുകാര്‍ മാറുന്ന കാഴ്ച്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌. ഒരുപക്ഷെ എഴുപതു എണ്‍പതുകള്‍ക്ക് ശേഷം മലയാള സാഹിത്യം പുതിയ ഒരു സത്വം തേടുന്ന കാഴ്ച്ച ആണത് എന്ന് പറയാം. പരീക്ഷണങ്ങളുടെ കാലം കൂടിയാണിത്. ഇത്തരം ഒരു കാലത്ത് നിന്നുകൊണ്ട് മുകുന്ദന്റെ ആകാശത്തിനു ചുവട്ടില്‍ വായിക്കുമ്പോള്‍ സാഹിത്യത്തിലെ മാറ്റങ്ങള്‍ ഭാഷയിലും ശൈലിയിലും ഒക്കെ പ്രകടമായ കാഴ്ച്ചകള്‍ വായനക്കാരന് ഒപ്പിയെടുക്കാന്‍ കഴിയുന്നുണ്ട് വളരെ എളുപ്പത്തില്‍. മയ്യഴിയില്‍ ജനിച്ച മുകുന്ദന്‍ മയ്യഴിപ്പുഴയും കടന്നു ഡല്‍ഹിയിലെത്തുന്ന വിശാലത ഓരോ വായനയിലും ഉണ്ടാകുന്നുണ്ട്. ഇടയില്‍ മാജിക്കല്‍ റിയലിസം പരീക്ഷിച്ച ആദിത്യനും രാധയും മറ്റു ചിലരും മലയാള സാഹിത്യത്തിനു കിട്ടിയ വലിയൊരു സമ്മാനം തന്നെയായിരുന്നു എന്ന് കാണാം .

എന്താണ് ആകാശത്തിന് ചുവട്ടില്‍ എന്ന നോവല്‍ എന്ന് പരിശോധിക്കാം. ദിനേശന്‍ എന്ന വ്യക്‌തിയുടെ ജീവിതം കുട്ടിക്കാലം മുതല്‍ യൌവ്വനം വരെ വരച്ചു കാട്ടുന്ന ഒരു പുസ്‌തകമാണ്‌ ഈ നോവല്‍. ഇതിന്റെ ആമുഖമായി പ്രസാധകര്‍ പറയുന്ന ഒരു വാചകം, ആധുനിക മലയാള നോവല്‍ സാഹിത്യത്തിലെ ഒരു മാതൃകാ ശിൽപ്പമായി കണക്കാക്കപ്പെടുന്ന നോവല്‍ ആണ് ഇത് എന്നാണ്. 1994ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ എങ്ങനെയാണ് മാതൃക ആകുന്നത് എന്ന് പരിശോധന കൂടിയാണ് ഈ നോവലിന്റെ വായന തിരഞ്ഞെടുത്തതിന്റെ ലക്‌ഷ്യം. ആധുനിക മലയാള സാഹിത്യത്തിനെ വായിച്ചുകൊണ്ട് പഴയ മലയാളവും പുതിയ മലയാളവും താരതമ്യം ചെയ്യുന്നത് തികച്ചും രസാവഹമായ ഒരു കാര്യമാണെങ്കില്‍ കൂടി ആകാശത്തിന് ചുവട്ടില്‍ എന്ന നോവലിനെ പരിചയപ്പെടുത്തുക മാത്രം ആണ് കടമ എന്നത് മനസ്സിലൂന്നി നോവലിലേക്ക് കടക്കുന്നു .

സാധാരണ കുട്ടികളില്‍ നിന്നും വിഭിന്നനായ ഒരു കുട്ടിയായാണ് ദിനേശന്‍ വളര്‍ന്നു വരുന്നത്. അമ്മയും അച്ഛനും ചേട്ടനും ചേച്ചിയും മുത്തശ്ശിയും ജാനു എന്ന വേലക്കാരിയും അടങ്ങിയ വീട്ടിലെ ഏറ്റവും ഇളയവന്‍. പ്രായത്തിനു നിരക്കാത്ത പക്വതയും ശാന്തതയും ആണ് ദിനേശന്റെ മുഖമുദ്രയായി കുട്ടിക്കാലത്തു അടയാളപ്പെടുത്തുന്നത്. അതിനാല്‍ത്തന്നെ വേലക്കാരി ജാനകിയെ അവനു കെട്ടിച്ചു കൊടുക്കാമെന്ന തമാശയില്‍ പോലും അവന്റെ ഗൌരവം പാറക്കല്ല് പോലെ അമര്‍ത്തിപ്പിടിക്കുന്നത് വായനക്കാര്‍ കൌതുകപൂര്‍വ്വം നോക്കിക്കടന്നു പോകും. ക്ലാസ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് വാങ്ങുകയും ചേട്ടന്‍ രാജനെപ്പോലെ അധികപ്രസംഗിയും തല്ലുകൊള്ളിയും അല്ലാതെ വളരുകയും ചെയ്യുന്ന ദിനേശന് ഒരു കൂട്ടുകാരന്‍ ഉണ്ട്, നാരായണിയുടെ മകന്‍ ആയ മോഹനന്‍. ഒരു പനിക്കാലത്ത് മോഹനന്‍ മരിച്ചുപോകുന്നതോടെ ദിനേശന്‍ എന്ന കുട്ടി ലോകത്ത് ഒറ്റപ്പെടുകയാണ് എന്ന പ്രതീതി അവനില്‍ ഉണ്ടാകുന്നു. കളിക്കൂട്ടുകാരിയായ വസന്തയോ ജാനകിയോ അമ്മയോ അച്ഛനോ മുത്തശ്ശിയോ ഒന്നും തന്നെ അവന്റെ ശ്രദ്ധയെ ആകർഷിക്കാനോ അവനില്‍ സ്വാധീനം ചെലുത്തുവാനോ കഴിയാത്ത വണ്ണം അവന്‍ തന്റെ ലോകത്ത് ഒതുങ്ങിക്കൂടുന്നു. പഠനം മാത്രം അവന്‍ ഫോക്കസ് ചെയ്യുകയും മറ്റെല്ലാം അവനില്‍ നിന്ന് അകലുകയും ചെയ്യുന്നു . ഉറക്കമില്ലാത്ത, വേണ്ട സമയത്ത് വേണ്ട രീതിയില്‍ ഭക്ഷണം കഴിക്കാത്ത ദിനേശന്‍ ദിനം പ്രതി മെലിഞ്ഞു വരികയാണ് .

മക്കളോട് പ്രതിപത്തി ഇല്ലാത്ത, അവരെ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത അച്ഛനും അടുക്കളയില്‍ മരിച്ചു പോകുന്ന ശബ്‌ദമാകുന്ന അമ്മയും ഓരോ കുടുംബത്തിലും കുഞ്ഞുങ്ങളെ എത്രകണ്ട് ഭീതിയിലേക്കും നാശത്തിലേക്കും തള്ളിയിടും എന്നതിന് ഉദാഹരണം ആണ് ദിനേശന്‍. ലോകത്തോട്‌ മുഴുവന്‍ നിശബ്‌ദത പാലിച്ചുകൊണ്ട്‌ തന്റെ ലോകത്ത് ജീവിക്കുന്ന ദിനേശന്‍ ജാനകിയുടെ കന്നിമാസത്തിലെ രാത്രി മറവിന്റെ അവസരം എന്നില്‍ കാമം ഇല്ല എന്ന മൌന സന്ദേശത്തോടെ നിഷ്‌ക്രിയനായി ഉറങ്ങിയും, ശരീരഗന്ധത്തിന്റെ ഭ്രമിപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും വസന്തയോടുള്ള എന്നില്‍ പ്രണയമില്ല എന്ന പ്രതീകാത്മക നിസംഗതയോടും സംവദിക്കുകയാണ് ആ യുവാവ്. മറ്റുള്ളവരുടെ പ്രതീക്ഷകളെ എപ്പോഴും തകര്‍ക്കുക എന്ന ദിനേശന്റെ രീതി മെട്രിക്കുലേഷന്‍ പരീക്ഷയുടെ ടെസ്റ്റില്‍ ആദ്യമായി എല്ലാ വിഷയങ്ങള്‍ക്കും തോറ്റുകൊണ്ട് ദിനേശന്‍ അനുവര്‍ത്തിക്കുന്നു. തുടർന്ന്, ദിനേശന്‍ എന്ന കൌമാരക്കാരന്‍ യുവത്വത്തിലേക്ക് നടക്കുകയാണ്. കീറിപ്പറിഞ്ഞ ഷര്‍ട്ടും അഴുക്കും പൊടിയും നിറഞ്ഞ മുണ്ടും കാടുപിടിച്ച മുടിയും കുണ്ടിലേക്ക് ആണ്ട കണ്ണുകളും ആയി കൂനിക്കൂടി നടക്കുന്ന ദിനേശന്‍ എന്ന എകാകിയെ ആണ് നാം ഒടുവില്‍ കാണുന്നത് . സ്വയം സൃഷ്‌ടിക്കുന്ന കഥാപാത്രങ്ങളിലൂടെ അയാള്‍ ഉറങ്ങി ഉണരുന്ന ദിനരാത്രങ്ങള്‍. മരിച്ചു പോയ സ്‌നേഹിതന്‍ മോഹനനെ മണ്ണില്‍ നിന്നും പുനസൃഷ്‌ടി നടത്തിക്കൊണ്ടു വരികയും അവന്റെ അമ്മയുമായി കൂട്ടിമുട്ടിച്ച് അവരുടെ ആനന്ദം കണ്ട് സന്തോഷിക്കുകയും ചെയ്യുന്ന ദിനേശന്‍. സ്വയം ഒരു കൂട്ടുകാരിയെ സൃഷ്‌ടിച്ച്‌ അവളുമായി ചുറ്റിയടിക്കുന്ന ദിനേശന്‍. തന്റെ പെങ്ങളെയും ജാനകിയേയും പരസ്‌പരം മാറ്റിവച്ച് പരീക്ഷണങ്ങള്‍ നടത്തുന്ന ദിനേശന്‍. അങ്ങനെ ദിവാസ്വപ്‌നങ്ങളുടെ ചിറകില്‍ ഒരു ലഹരിയും ഉപയോഗിക്കാതെ ലഹരിയില്‍ മുഴുകുന്ന ദിനേശന്‍, ഒരു രാത്രിയില്‍ കോരിച്ചൊരിയുന്ന മഴയില്‍ കടപ്പുറത്ത് ഒറ്റക്കിരുന്നു നനയുകയാണ്‌ . മകനെ കാണാതെ തേങ്ങുന്ന ഒരമ്മയുടെ ദുഃഖം വായനക്കാരനെ നോവിക്കുന്ന വിധത്തില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നുണ്ട്. രാത്രിയില്‍ അച്ഛന്‍ തിരഞ്ഞു പോയെങ്കിലും കണ്ടെത്തിയില്ല. പിറ്റേന്ന് നാട്ടുകാരും വീട്ടുകാരും തിരഞ്ഞു ഒടുവില്‍ കണ്ടെത്തി തിരികെ കൊണ്ട് വരുന്ന ദിനേശനെ കോപത്തോടെ അച്ഛന്‍ മര്‍ദ്ദിക്കുകയും ഒരു കൊച്ചു മുറിയില്‍ അടച്ചു നാട്ടുകാരോട് അവന് ഭ്രാന്ത് ആണെന്ന് പറയുകയും ചെയ്യുന്നിടത്ത് നോവല്‍ അവസാനിക്കുന്നു. തനിക്കല്ല ഭ്രാന്ത്‌ ലോകത്തിന് ആണ് എന്ന ദിനേശന്റെ മൗനപ്രതികരണത്തോട് വായനക്കാരന്‍ സമ്മതം രേഖപ്പെടുത്തുമ്പോള്‍ ആകാശത്തിന് ചുവട്ടില്‍ എന്ന നോവല്‍ പൂര്‍ണ്ണമാകുന്നു .

ഭാഷയുടെ ലാളിത്യം, ഗ്രാമീണത എന്നിവ മുകുന്ദന്റെ രചനകളെ എപ്പോഴും മാറ്റിനിര്‍ത്തി വായിപ്പിക്കുന്ന ഒരു ഘടകമാണ്. ഇവിടെയും ആ പതിവ് തുടരുന്നത് കാണാം. വായനയില്‍ രസാവഹമായി തോന്നിയ ഒരു വസ്‌തുത എടുത്ത് പറഞ്ഞു ഈ വായന അവസാനിപ്പിക്കാം. ചില കാര്യങ്ങള്‍ നാം ഭാഷയില്‍ പറയാന്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഉറപ്പിനോ പ്രാധാന്യത്തിനോ വേണ്ടി ആവര്‍ത്തിച്ചു പറയുക സാധാരണം ആണ്. ഇതേ രീതിയില്‍ ഒരു ശൈലി മുകുന്ദന്‍ ഇതില്‍ ഉപയോഗിക്കുന്നുണ്ട്. കരയാന്‍ തുടങ്ങി, കണ്ണു ചുവന്നു, കവിള് നനഞ്ഞ, ജാനകിയും രാധയും ചിരിച്ചു, അമ്മമ്മയും ചിരിച്ചു രാജനും ചിരിച്ചു, കാക്ക കരയുന്നതിനു മുന്‍പ് കുട്ടികള്‍ പഠിക്കാന്‍ തുടങ്ങിയിരുന്നു. കോഴി കൂവുന്നതിനു മുന്‍പ് പഠിക്കാന്‍ തുടങ്ങിയിരുന്നു, ദോശ തിന്നു, പഴം തിന്നു ചായയും കുടിച്ചു, കോഴിച്ചോര വായിലൂടെ ഒഴുകി, തറയിലൂടെ ഒഴുകി,  അമ്പല മുറ്റത്തൂടെ ഒഴുകി, തുടങ്ങിയ രീതികള്‍ ചലച്ചിത്രം കാണും പോലെ ഒരു കാഴ്ച്ചയെ ഉറപ്പിച്ചു നിര്‍ത്താന്‍ ഉള്ള പരത്തിപ്പറയല്‍ പോലെ അനുഭവപ്പെട്ടു. ഒരു ദൃശ്യത്തെ മനസ്സിലേക്ക് ആഴത്തില്‍ പതിപ്പിക്കുന്ന ഈ രീതി അധികം വായിച്ചു കണ്ടിട്ടില്ല എന്നതിനാല്‍ ഇത് എടുത്തുപറയേണ്ടത് ആണെന്ന് തോന്നുന്നു.

വായനകള്‍ എല്ലാകാലത്തേക്കും ഒരുപോലെ ആസ്വദിക്കപ്പെടാന്‍ വേണ്ടിയുള്ളത് ആണെന്ന് ഇന്നത്തെ പുതിയ എഴുത്തുകാര്‍ മനസ്സിലാക്കുവാന്‍ പഴയ എഴുത്തുകാരെ ഇടക്കെങ്കിലും ഓര്‍മ്മിക്കുകയും വായിക്കുകയും ചെയ്യുന്നത് നന്നായിരിക്കും.

ആശംസകളോടെ…

-ബി. ജി. എന്‍ വര്‍ക്കല

ആകാശത്തിനു ചുവട്ടില്‍ (നോവല്‍ )
എം മുകുന്ദന്‍
ഡി സി ബുക്‌സ്

1 Comment
  1. Author

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account