അലൻ-താഹ വിഷയത്തിൽ പ്രൊഫ. ജി. ബാലമോഹൻ തമ്പി പ്രതികരിക്കുന്നു.
(പ്രൊഫ. ജി ബാലമോഹൻ തമ്പി. മുൻ കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ).

കോഴിക്കോട് അലൻ, താഹ എന്ന പേരുള്ള രണ്ടു വിദ്യാർത്ഥികളെ മാവോയിസ്‌റ്റെന്ന് ആരോപിച്ച് കസ്‌റ്റഡിയിൽ എടുത്തിട്ടു കുറെ മാസങ്ങളായി. ഏതാനും മാവോയിസ്റ് ലേഘനങ്ങൾ അവർ കൈവശം വച്ചിരുന്നു എന്നും ഒരു മാവോയിസ്റ്റിന്റെ കൂടെ ഇരുന്നു ചായകുടിച്ചെന്നും പോലീസ് പറഞ്ഞു. ഇതിന്റെ പേരിൽ UAPA ചുമത്താനും അവർ തയാറായി. UAPA ചുമത്താൻ തക്ക ഗൗരവമുള്ള കുറ്റങ്ങൾ അവർ ചെയ്‌തിട്ടുണ്ടോ എന്ന് വ്യക്‌തമല്ല. അവരുടെ കുടുംബങ്ങളാണെങ്കിൽ ദീർഘകാലമായി മാർക്‌സിസ്റ് പാർട്ടിയുമായി ബന്ധമുള്ളവരാണെന്നു വാർത്തയുണ്ടായിരുന്നു. അവരിൽ ഒരു വിദ്യാർത്ഥി പതിനഞ്ചു വയസ്സ് മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നത്രെ. അഞ്ചു കൊല്ലം നിരീക്ഷണം കഴിഞ്ഞപ്പോൾ മാവോയിസ്റ് എന്ന് ആരോപിക്കാൻ കിട്ടിയ ഏക തെളിവ് ഒരു മാവോയിസ്റ് ലഘുലേഖയാണെന്നു വരുന്നത് പണ്ട് മല എലിയെ പ്രസവിച്ചതുപോലെയാണെന്നു പോലീസിനു അഭിമാനിക്കാം.

രാജ്യത്തു പൊതുവെ അധികാരഘടനയെ വിമർശിക്കുന്നവരെ ദേശദ്രോഹികളാണെന്നു മുദ്രയടിക്കുന്ന പ്രവണത വർധിച്ചുവരുന്നുണ്ട്. റൊമീല ഥാപ്പറും രാമചന്ദ്ര ഗുഹയും അടൂർ ഗോപാലകൃഷ്‌ണനും പോലുള്ള ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും വലതുപക്ഷ വർഗീയവാദികളുടെ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയരായിട്ടുണ്ട്.

ഡൽഹിയിൽ ജെ.എൻ.യു, ജാമിയ മിലിയ, ഗാർഗി കോളേജ് മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖംമൂടി ധരിച്ചും അല്ലാതെയും പോലീസിന്റെ മുമ്പിൽ വച്ചുതന്നെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ ആക്രമിച്ചപ്പോൾ പോലീസ് നിഷ്‌ക്രിയരായി നോക്കിനിന്നു. സമാധാനപരമായി പ്രകടനം നടത്തുന്നവരുടെ നേരെ വെടിയുണ്ട ഉതിർക്കാൻ തയ്യാറായി വരുന്നവരും ശിക്ഷിക്കപ്പെടുന്നില്ല. ഡൽഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര ഗവൺമെന്റും ബിജെപി-യും തങ്ങളോടും മൃദുസമീപനം തുടരും എന്ന ആത്‌മവിശ്വാസമാണ് ഈ ആക്രമണങ്ങളുടെ സംഖ്യ വർധിപ്പിക്കുന്നത്.

മഹായോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ, ഉന്നാവിലാണെന്നു തോന്നുന്നു, തന്നെ ബലാത്‌സംഗം ചെയ്യാൻ കുറേപേർ ശ്രമിച്ചു എന്ന് പരാതിപ്പെട്ടപ്പോൾ, പോലീസ് ഉദ്യോഗസ്ഥന്മാർ ആ സ്‌ത്രീയോട്‌ പറഞ്ഞുവത്രേ, ‘ശ്രമിച്ചല്ലേ ഉള്ളു, ബലാത്‌സംഗം ചെയ്‌തുകഴിഞ്ഞിട്ടു പരാതിയുമായി വന്നാൽ കേസ്സെടുക്കുന്ന കാര്യം ആലോചിക്കാം’. യെദിയൂരപ്പ ഭരിക്കുന്ന കർണാടകത്തിൽ ഒരു സ്‌കൂൾ വിദ്യാർത്ഥിനി (9 വയസ്സ്) പൗരത്വനിയമപാലകർ തന്റെ ഐഡന്റിറ്റി രേഖകൾ പരിശോധിക്കാൻ വന്നാൽ ചെരിപ്പെടുത്തു അടിക്കുമെന്നു പറഞ്ഞതിന്റെ പേരിൽ ആ കുട്ടിയുടെ നിരക്ഷരയായ അമ്മയുടെയും സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ്സിന്റെയും പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുകയാണ് പോലീസ്.

ഇതിന്റെയെല്ലാം വെളിച്ചത്തിൽ അലൻ-താഹ കേസിന്റെ വിശദാശംസങ്ങൾ പരിശോധിക്കുമ്പോഴാണ് ഇടതുപക്ഷ ഗവൺമെന്റിന്റെ നടപടികളിലെ വൈരുദ്ധ്യം വെളിവാകുന്നത്. കോൺഗ്രസ് ഗവൺമെന്റിന്റെ കാലത്തും ‘എൻകൗണ്ടർ’ വാദങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ വധിക്കപ്പെടുന്നവരെ ഭീഗരവാദികളായും മാവോയിസ്റ്റുകളായും മുദ്രകുത്തിയിരുന്നു. ആ പതിവ് ഇപ്പോഴും തുടരുന്നുണ്ട്. പക്ഷെ, ഇടതുപക്ഷ ഗവൺമെന്റ് ഇക്കാര്യത്തിൽ സുതാര്യമായ നയം തുടരുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകളിൽ നക്‌സലൈറ്റ് പ്രസ്ഥാനം ചില സംസ്ഥാനങ്ങളിൽ രൂപംകൊണ്ടപ്പോൾ ഇതുപോലുള്ള എൻകൗണ്ടർ വാദങ്ങൾ നിരവധി നടന്നിരുന്നു. അച്യുതമേനോൻ ഗവൺമെന്റിന്റെ കാലത്താണല്ലോ രാജൻ വധം നടന്നത്. ബംഗാളിൽ കോൺഗ്രസിന്റെ പോലീസ് നക്‌സലൈറ്റ് സംഘങ്ങളിൽ നുഴഞ്ഞു കയറുകയും അവരെ ഉപയോഗിച്ചു മാർക്‌സിസ്റ് പാർട്ടി പ്രവർത്തകരെ വധിക്കുകയും ചെയ്‌ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടിഷുകാർ ഇന്ത്യക്കാരെ അടിച്ചമർത്താൻ ഉപയോഗിച്ച sedition നിയമങ്ങൾ ഇപ്പോഴും നമ്മുടെ സർക്കാരുകൾ ഉപയോഗിക്കുന്നു എന്ന കാര്യം പുനഃപരിശോധിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിൽപോലും ആ നിയമം എടുത്തുകളഞ്ഞു. UAPA പ്രാബല്യത്തിൽ വന്നപ്പോൾ മുതൽ മാർക്‌സിസ്റ്റ് പാർട്ടി അതിനെ എതിർത്തിട്ടുണ്ട്. പോലീസിന്റെ റിപ്പോർട്ട് സാധാരണഗതിയിൽ ഗവൺമെന്റ് അംഗീകരിക്കേണ്ടതുതന്നെ. പക്ഷെ പോലിസിന്റെ നടപടികളിൽ സുതാര്യത ഉറപ്പിക്കേണ്ട ചുമതല ഗവൺമെന്റിനുണ്ട്. അത് അലൻ-താഹ കേസിൽ ഉണ്ടായില്ല. കേന്ദ്രത്തിലെ ബിജെപി ഗവൺമെന്റിനു ഈ കേസ് NIA ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ട്. കേരളത്തിലെ മാർക്‌സിസ്റ്റ് പാർട്ടിയിൽ മാവോയിസ്റ്റുകൾ നുഴഞ്ഞുകയറിയിരിക്കുന്നു എന്ന് പെരുമ്പറ മുഴക്കാമല്ലൊ!

ആരംഭം മുതൽക്കുതന്നെ ഈ കേസിൽ മാർക്‌സിസ്റ്റ് പാർട്ടി നേതൃത്വം വേണ്ടത്ര ജാഗ്രത കാണിക്കാത്തതുകൊണ്ടാണ് ഇപ്പോൾ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിക്ക് പത്രക്കാരോട് അലനും താഹയും പാർട്ടി അംഗങ്ങൾ തന്നെയാണെന്ന് പറയേണ്ടിവന്നത്. ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ചെയ്യാത്തവരെ ആശയങ്ങളുടെ പേരിൽ അപരാധികളാണെന്നു പറഞ്ഞു പുകമറ സൃഷ്‌ടിച്ച് ജയിലിലടക്കുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല. സ്വന്തം പാർട്ടി നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ഏതാനും പോലീസ് ഉദ്യോഗസ്ഥന്മാരുടെ മുൻവിധിയുടെ ഫലമായി രണ്ടു വിദ്യാർത്ഥികളെ തടങ്കലിൽ പാർപ്പിക്കുന്നത് ഇപ്പോൾ കോൺഗ്രസ് പ്രതിപക്ഷ നേതാക്കൾ ഗവൺമെന്റിനു എതിരായ ഒരു ആയുധമായി ഉപയോഗിക്കുകയാണ്. കരുതൽ തടങ്കലിൽ പൗരന്മാരെ വെക്കാൻ കെട്ടിടം പണിയാൻ ഉത്തരവ് നൽകിയവർ തന്നെ ഇപ്പോൾ അത് പാസ്‌പോർട് ഇല്ലാത്തവർക്കും വിസ കാലാവധി അവസാനിച്ചവർക്കും കഴിയാനുള്ള വിശ്രമസ്ഥലമാണെന്നു അവകാശപ്പെടുന്നു. കോൺഗ്രസ് നേതൃത്വം അങ്ങിനെ പറയുന്നതിൽ അത്‌ഭുതമില്ല. സ്വയം വിമർശനം അവരുടെ നിഘണ്ടുവിൽ കാണുന്ന വാക്കല്ലല്ലോ!

പക്ഷെ ഇടതുപക്ഷത്തിനു ഇത്തരം കാര്യങ്ങളിൽ വ്യക്‌തമായ ധാരണയുണ്ട്; അല്ലെങ്കിൽ ഉണ്ടാകേണ്ടതുണ്ട്. ‘UAPA വേണ്ടേവേണ്ട; പക്ഷെ അലൻ-താഹ കേസിൽ തീർച്ചയായും വേണം’ എന്ന് ശഠിക്കുന്നത് യുക്‌തിഹീനമാണ്. സാധാരണഗതിയിൽ കേരളാ പോലീസ് കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കുന്നതിൽ വേണ്ടത്ര ജാഗ്രത കാണിക്കുന്നവരാണ്. പക്ഷെ രാഷ്‌ട്രീയമായ ഇടപെടലുകൾ ഉണ്ടാകുമ്പോൾ കുറ്റാന്വേഷണത്തിലും നീതിപരിപാലനത്തിലും പാകപ്പിഴകൾ ഉണ്ടാകുന്നു. അഴിമതി ശിരോമണികളായവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിൽ നമ്മുടെ ഭരണവ്യവസ്ഥയ്ക്ക് വലിയ ഉത്‌സാഹമൊന്നും കാണുന്നില്ല. സ്വർണക്കടത്തുകാരെയും കഞ്ചാവ് വിൽപ്പനക്കാരെയും ദിവസേന പിടിക്കുന്നുണ്ടെങ്കിൽ പോലും അതിന്റെ പിന്നിലുള്ള എത്ര മാഫിയകൾ ശിക്ഷിക്കപ്പെടുന്നുണ്ട് എന്ന് ജനങ്ങൾക്ക് അറിയാൻ വഴിയില്ല. ഒരു ‘യുവ നടിയെ’ ആക്രമിച്ചു എന്ന കേസ് എത്രമാസങ്ങളായി നമ്മുടെ മാധ്യമങ്ങളും ചാനലുകളും കൊണ്ടാടുന്നു! മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി, കുറ്റം ചെയ്‌തെങ്കിൽ ശിക്ഷിക്കുകയോ അല്ലെങ്കിൽ വെറുതെ വിടുകയോ ചെയ്യേണ്ട കേസ് എത്ര കാലമായി നീണ്ടുപോകുന്നു!

മാവോയിസ്റ്റുകളെ പുണ്യവാളന്മാരാക്കേണ്ട എന്ന് പറയുന്നത് ശരിതന്നെ. പക്ഷെ അലനും താഹയും പിശാചവൽക്കരിക്കപ്പെടേണ്ടവർ (demonise) അല്ലല്ലോ! മാർക്‌സിസ്റ്റ് പാർട്ടി അംഗങ്ങളായി അവരെ കണ്ടാൽ മതി. ഇക്കാലത്ത് മുഖലക്ഷണവും വസ്‌ത്രവും നോക്കി പൗരന്മാരെ ‘മാവോയിസ്റ്’, ‘അർബൻ ഗൊറില്ല’, ‘പാക്കിസ്ഥാൻ ഏജൻറ്’ എന്നെല്ലാം ആക്ഷേപിക്കുന്നതിൽ കുഴപ്പമൊന്നും ഇല്ല എന്ന് വന്നിരിക്കുകയാണ്. അലനും താഹയും ശിക്ഷാർഹമായ എന്ത് കുറ്റമാണ് ചെയ്‌തതെന്ന്‌ ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട്. അത് വെളിപ്പെടുത്താതെ അവരുടെ വിദ്യാഭ്യാസവും ഭാവിയിലെ ഉപജീവനവും തടസ്സപ്പെടുത്തി അനിശ്ചിതകാലത്തേക്ക് ജയിലിലടച്ചിടുന്നത് ഇടതുപക്ഷ മൂല്യങ്ങൾക്ക് നിരക്കുന്ന നടപടിയാണോ എന്ന് അധികാരികൾ പരിശോധിക്കട്ടെ. നമ്മുടെ കുറ്റാന്വേഷണ സംവിധാനവും നീതിന്യായ വ്യവസ്ഥയും സമഗ്രമായ അഴിച്ചുപണിക്കു വിധേയമാക്കാൻ ഇടതുപക്ഷ ഗവൺമെന്റ് മുൻകൈ എടുക്കേണ്ടതുണ്ട്‌. തങ്ങളുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥന്മാർ നടത്തുന്നത് തടയാനുള്ള ഒരു ജനകീയ മെഷിനറിക്ക് മാർക്‌സിസ്റ് – ഇടതുപക്ഷ പാർട്ടികൾ രൂപം നൽകണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

‘ഒന്നും എന്നും ഒരു പോലെ ആയിരിക്കുകയില്ല. കരിമ്പാറകൾ പിളർന്ന് നീരുറവകൾ പൊട്ടി പുറപ്പെട്ടേക്കാം’ – കടമ്മനിട്ട രാമകൃഷ്‌ണൻ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account