കേരളത്തിൽ മലയാളത്തിനുള്ള പ്രാധാന്യം ഇന്ന് കുറഞ്ഞുവരുകയാണല്ലോ. നമ്മുടെ മാതൃഭാഷയെക്കുറിച്ചൊരു ഓർമ്മപ്പെടുത്തലാണീ കുറിപ്പ്.

ഞാനൊരു മലയാളം മീഡിയം വിദ്യാർത്ഥിയാണ്. പലപ്പോഴും പലരും എന്നോട് സഹതാപത്തോടെ  ചോദിക്കാറുണ്ട്: എന്തിനാ മലയാളം മീഡിയത്തിൽ പോയി ചേർന്നതെന്ന്. നമ്മുടെ ഭാഷയെ  ആ ചോദ്യത്തിലൂടെ താഴ്ത്തികെട്ടുകയാണവർ ചെയ്യുന്നത്. എന്തുകൊണ്ടാണെന്നറിയില്ല,  അവരുടെ വിചാരം മലയാള ഭാഷ തീരെ മോശമാണെന്നാണ്. മലയാളം മീഡിയത്തിൽ പഠിക്കുന്നത് അതിലും മോശം. യഥാർത്ഥത്തിൽ അവരുടെ ആ ചിന്തയാണ് വളരെ മോശം.

നമ്മുടെ മാതൃഭാഷയാണ് മലയാളം. അമ്മയിൽ നിന്ന് കിട്ടുന്നത് എന്നാണ് പൊതുവെ അതിനെക്കുറിച്ച് പറയാറ്. കാരണം ഒരു കുട്ടിയുടെ വളർച്ചയ്ക്കാവശ്യമായ പ്രഥമ കാര്യങ്ങൾ അമ്മയിൽ നിന്നാണ്  ലഭ്യമാകുന്നത്. അത് പോലെയാണ് ഭാഷയും. അമ്മയിൽ നിന്ന് തന്നെയാണ് മലയാളവും നാം ആദ്യം  സ്വായത്തമാക്കുന്നത്. അതുകൊണ്ടാണ് മലയാളം അമ്മ മലയാളമെന്നും വിശേഷിക്കപ്പെട്ടത്.  കവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് പാടിയിട്ടുണ്ടല്ലോ ‘നിൻമുലപ്പാലിന്റെ വീര്യമുൾക്കൊണ്ടതെൻ ജന്മജന്മാന്തര പുണ്യമല്ലേ’ എന്ന്. അതിൽ നിന്ന് തന്നെ വ്യക്‌തമാകും ഒരു മലയാളിയായതിൽ കവിക്കുള്ള അഭിമാനം. നമ്മളും അങ്ങനെ അഭിമാനം കൊള്ളേണ്ടവരാണ്.

ഇന്ത്യയിൽ എഴുതാൻ ഏറ്റവും വിഷമമുള്ള ഭാഷ മലയാളമാണത്രേ. തൂങ്ങി കിടക്കുന്ന ഹിന്ദി അത്ര വലിയ മുഷ്‌കിൽ (ബുദ്ധിമുട്ട്) നഹീ ഹേ! തമിഴാകട്ടെ ഇത്തിരി ബുദ്ധിമുട്ടാണ്. പക്ഷേ.ജഗജില്ലൻ നമ്മുടെ മലയാളം തന്നെയാണ്. എഴുത്തിലും, പറച്ചിലിലും.

തെക്കന്മാർ ‘എന്തര്’ എങ്ങനെ എന്നൊക്കെ ചോദിക്കുമ്പോൾ മധ്യകേരളം ‘എന്തൂട്ടാ ഗടിയേ’ എന്നാണ് കുശലാന്വേഷണം നടത്തുന്നത്. വടക്കന്മാരാകട്ടെ ‘ എന്ത് ന്നാ’ എന്നും. ഇങ്ങനെ പോകുന്നു പ്രാദേശികമായ ഭാഷാപ്രത്യേകതകൾ. തെക്കനും, വടക്കനും ഇവർക്കിടയിലുള്ളവനും ഓരോ തരം ഭാഷകളാണു മലയാളത്തിൽ.

നമ്മുടെ ഭാഷ ഇന്നത്തെ സമൂഹത്തിൽ അവഗണനകൾ നേരിടുകയാണ്. മലയാളമാണ് നമ്മുടെ  മാതൃഭാഷയെന്നുപോലും പലരും മറന്നു പോയിരിക്കുന്നു. ആധുനിക ലോകത്ത് ജീവിതം മെച്ചപ്പെടുത്തുന്നവർ മലയാളത്തെ ഉപേക്ഷിക്കുന്നു. നാവിൻതുമ്പിൽ നിന്ന് അറിയാതെ വീഴുന്ന മലയാളത്തിന് അവൻ ക്ഷമാപണം പോലും  നടത്തുന്നു. ഇങ്ങനെ പോയാൽ മലയാളം വൈകതെ ഒരോർമ്മ മാത്രമാകുമെന്ന് തീർച്ച. മലയാള ഭാഷയുടെ മാറിൽ മലർമാലയല്ല നാം ഇന്ന് ചാർത്തുന്നത്. റീത്തുകളാണ്. ഒരു വിധത്തിൽ പറഞ്ഞാൽ നമ്മുടെ ഭാഷ ഇന്ന് മരിച്ച് കൊണ്ടിരിക്കുന്നു എന്നർത്ഥം.

സ്വന്തം ഭാഷയെ ഇങ്ങനെ വിസ്‌മരിച്ച് പോകുന്നവരായി മലയാളികൾ മാത്രമേയുണ്ടാകൂ. അതിനോട് അവഗണനയും പുച്ഛവും കാട്ടുന്നതിൽ നമ്മൾ മത്‌സരിക്കുകയാണ്. പണ്ടൊരിക്കൽ മലയാളം മീഡിയത്തിലാണ് പഠിക്കുന്നതെന്ന് പറഞ്ഞ് ഒരാൾ എന്നെ വല്ലാതെയങ്ങ് കളിയാക്കി. വിഷമമൊന്നുമല്ല, ദേഷ്യമായിരുന്നു എന്റെ മനസ്സിൽ. അയാളോട് തിരിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടേ പിന്നെ ഞാൻ അവിടം വിട്ടുള്ളു. ഒരുപക്ഷേ എന്നെപ്പോലത്തെ മലയാളം മീഡിയം കുട്ടികൾ പലരും അഭിമുഖികരിച്ചിട്ടുണ്ടാകുന്ന പ്രശ്‌നമാകണം ഇത്. നമ്മുടെ സമൂഹത്തിൽ മലയാളം സംസാരിക്കുന്നവരാണിന്ന് ലോ ക്ലാസ്സുകൾ. മലയാളത്തോടുള്ള ഈ പുച്ഛ മനോഭാവം നമ്മുടെ സംസ്‌കാരത്തിന്റെ തകർച്ചയിലേക്ക് തന്നെ നയിക്കും എന്ന് തീർച്ച.

ഒരു മലയാളിയായതിൽ അഭിമാനം കൊള്ളുന്ന ഒരു വ്യക്‌തിയാണ് ഞാൻ. പക്ഷേ അതിൽ  അപമാനം കൊണ്ട് നീറിപ്പുകയുന്ന, മലയാളിയായതിൽ ദുഃഖിക്കുന്ന ഒരുപാടു പേരുണ്ട്. അവർ ഭാഷയെ അറിയുന്നില്ല . ചുരുക്കിപ്പറഞ്ഞാൽ അവർ അമ്മയെ അറിയുന്നില്ല. ഇനി എത്ര കാലം കൂടി മലയാളി ഇവിടെ ഉണ്ടാകും? അല്ല, നമ്മുടെ കേരളമോ? അല്ലെങ്കിലും കാലത്തിനൊത്ത് കോലം മാറുന്ന, നാടോടുമ്പോൾ നടുവേയും, കുറുകേയും ഓടുന്നവരാണല്ലോ മലയാളികൾ. ആധുനിക ലോകം മാതൃഭാഷയെ, അമ്മയെ അവനിൽ നിന്നും തട്ടി തെറിപ്പിച്ചു. ആ അമ്മയുടെ സ്‌നേഹം എന്നെങ്കിലും അവനറിയുമോ?

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account