മായ്ക്കുവാനാവില്ല രണ്ടക്ഷരം അമ്മ
മാഞ്ഞുപോവില്ലേതു കാലമുദിക്കിലും,
അമ്മ തൻ വാനിൽ പറന്നു കളിച്ചതും,
അമ്മ തൻ തേരിൽ കളിച്ചു രസിച്ചതും.
അമ്മയുണ്ടെൻ ചാരെ പോവില്ലൊരിക്കലും,
അമ്മയുണ്ടെൻ കണ്ണിൽ മായുവതെങ്ങനെ,
അമ്മയില്ലാത്തൊരീ മൺകുടിലിൽ തനി-
ച്ചമ്മ തന്നോർമ്മയിൽ നീന്തി നീരാടുന്നു.
മൃത്യുവന്നെന്നമ്മ തന്നെയുറക്കിലും,
അഗ്നിവന്നെന്നമ്മ തന്നെയെരിക്കിലും,
ആഴി തൻ കെെകളാലേറ്റു വാങ്ങീടിലും,
മോക്ഷ മാർഗ്ഗത്തിലായ് താനേ ഗമിക്കിലും.
നിൻ കളിപ്പാട്ടങ്ങളെന്നോടു ചൊല്ലുന്നു,
നിൻ കളിപ്പന്തുകളെന്നോടുരചെയ്തു,
കണ്ണുനീർ വാർത്തു നീ എന്തിനായ് കേഴുന്നു,
കണ്ണുകൾ നിന്നമ്മ തൻ ഗേഹമല്ലയോ.
അച്ഛന്റെ ചാരെ നീ എത്തിയെന്നാകിലും,
അച്യുതൻ തൻ പാദം നേടിയെന്നാകിലും,
അമ്മ തൻ ശ്വാസനിശ്വാസങ്ങളേൽക്കാതെ,
അമ്മയെ വാരിപ്പണർന്നുറങ്ങീടാതെ.
ഓർത്തിടാനേരത്തിതെന്തിനായ്പോയിനീ,
ഓർമ്മ തൻ ചെപ്പിലെ വെെഡൂര്യമായി നീ,
നിന്നെപ്പിരിയുവാൻ നിന്നെമറക്കുവാൻ,
നിൻ ഗന്ധമേലാത്തൊരൂഴിയിൽ പാർക്കുവാൻ.
കൂരിരുൾ പൂണ്ടൊരീ പാതകൾ താണ്ടുവാൻ,
കൂരിരുളിൻ ശ്യാമവർണ്ണം പുതയ്ക്കുവാൻ,
കൂരതൻ കോണിലായ്, ചോർന്നൊലിച്ചീടുന്ന-
കൂരയിലന്നത്തെ പെെതലായ് ഞാനിതാ.
അമ്മയില്ലിന്നൊന്ന് വാരിപ്പുണരുവാൻ,
അമ്മയില്ലിന്നെനിക്കൂട്ടിയുറക്കുവാൻ,
അമ്മയില്ലാത്തൊരെൻ ജീവിതം ശൂന്യമായ്,
അമ്മയില്ലാത്തൊരെൻ ലോകവും ശൂന്യമായ്.
Beautiful. “Amma’ is a never ending subject on which you can go on writing and singing to your hearts content!
I am sure, still many are yet to come.
Thank you.. thank you very much…
അമ്മയില്ലാത്തൊരെൻ ലോകവും ശൂന്യമായ്…. ഇനിയെന്തുപറയാൻ … good one
Thank you…
സ്കൂള്‍ വരാന്തയിലെത്തി….
അകത്ത് കുട്ടികള്‍ മലയാളം പഠിക്കുന്ന ഓര്‍മ്മ …
പാഠപുസ്തകത്തിന് ചേരുന്ന വരികള്‍…
ഒരുപാടിഷ്ടം നന്നായിട്ടെഴുതി അഭിനന്ദനങ്ങള്‍ ….
ഹൃദയം നിറഞ്ഞ നന്ദി.
മനോഹരം!
മനോഹരമായ കവിത… അമ്മ തന്നെ എല്ലാം.. അമ്മ ഇല്ലെങ്കിൽ അന്നും ഉണ്ടാകില്ല..
നന്ദി പ്രമോദ്. അമ്മ ഇല്ലെങ്കിൽ പിന്നെ മറ്റെന്തൊക്കെ ഉണ്ടായിട്ടെന്താ കാര്യം…
നല്ല വാക്കുകൾക്ക് നന്ദി, ഹരിദാസ്…