ഇക്കഴിഞ്ഞ ജൂലൈയിൽ ആണ് ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃതിക് റോഷൻ അഭിനയിച്ച ‘സൂപ്പർ 30’ എന്ന ഹിറ്റ് മൂവി റിലീസ് ചെയ്‌തത്. ഹൃതിക്ക് റോഷന് യാതൊരുവിധ താരപരിവേഷവും നൽകാതെ, ഒരു നാടൻ മനുഷ്യനായാണ് ഈ സിനിമയിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത് എന്ന് സിനിമയുടെ പോസ്റ്ററുകളും, ട്രെയ്‌ലറും കാണുമ്പോൾ തന്നെ മനസിലാകും. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു വാരാന്ത പതിപ്പിൽ വന്ന ഒരു അഭിമുഖ സംഭാഷണത്തിലാണ് സൂപ്പർ 30 -യിൽ ഹൃതിക്ക് അവതരിപ്പിച്ചിരിക്കുന്നത് ‘ആനന്ദ് കുമാർ’ എന്ന ചെറുപ്പക്കാരന്റെ വിജയ കഥയാണെന്നെനിക്ക് മനസ്സിലായത്.

ബീഹാറിലാണ് ആനന്ദ് കുമാർ താമസിക്കുന്നത്. നല്ലോണം പഠിക്കുന്ന, ഐ.ഐ.ടി.യിൽ (Indian Institute of Technology) പ്രവേശനം നേടാൻ കഴിവുള്ള, സമൂഹത്തിലെ താഴെതട്ടിലുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകനാണ് ആനന്ദ് കുമാർ. ആനന്ദ് വലിയൊരു ഗണിത ശാസ്‌ത്രജ്ഞൻ കൂടിയാണ്. ബ്രെയ്ൻ ട്യൂമർ ബാധിച്ച അദ്ദേഹത്തിന് ഐ.ഐ.ടി. പ്രവേശനം നേടിയെടുക്കാൻ സാധിച്ചില്ല. എങ്കിലും മറ്റുള്ളവരുടെ പ്രതീക്ഷകൾക്കും, സ്വപ്‌നങ്ങൾക്കും ചിറകു നൽകുന്നു ആനന്ദ് കുമാർ എന്ന നാൽപ്പത്താറുകാരൻ.

ആനന്ദ് കുമാറിന്റെ വലിയൊരു ആരാധകനാണ് ഞാൻ. ഇന്ന് അറിയപ്പെടുന്ന ഗണിത ശാസ്‌ത്രജ്ഞനായ ആനന്ദ് കുമാർ ഒമ്പതാം ക്ലാസ്സ് വരെ കണക്കിൽ വളരെ മോശമായിരുന്നു. പലപ്പോഴും കണക്ക് പരീക്ഷകളിൽ തോറ്റിരുന്നു. അദ്ദേഹം ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കണക്ക് പഠിച്ചെടുക്കാൻ തീരുമാനിക്കുന്നത്. എന്തിനധികം, കണ്ണൂർ ജില്ലാ കലക്റ്ററായ സുഭാഷ് പോലും ഒമ്പതാം ക്ലാസിൽ എത്തിയപ്പോഴാണ് നല്ലോണം പഠിക്കാൻ ആരംഭിച്ചത്. കണക്ക് എനിക്കുമൊരു ശത്രുവാണെന്ന് മുൻപേ പറഞ്ഞിട്ടുണ്ടല്ലോ! പക്ഷേ ആനന്ദിന്റെ ജീവിതത്തിൽ സംഭവിച്ചതുപോലെ ഒരു മാത്തമാറ്റിക്കൽ മിറാക്കിൾ ഈ ഒമ്പതാം ക്ലാസ്സ് കഴിയുന്നതോടു കൂടി എനിക്കും സംഭവിക്കാൻ സാധ്യതയില്ലാതില്ല!

സൂപ്പർ 30 സിനിമ ഞാൻ കണ്ടില്ല. എങ്കിലും ആ പദ്ധതിയെക്കുറിച്ച് ഒട്ടനവധി വാർത്തകളും, ലേഖനങ്ങളും, ആനന്ദ് കുമാറിന്റെ പേഴ്‌സണൽ അഭിമുഖങ്ങളും ഞാൻ വായിക്കുകയുണ്ടായി. ഒരോ സർക്കാർ സ്‌കൂളുകളിൽ നിന്നും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, നല്ല കഴിവുള്ള പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ആനന്ദ് ഐ.ഐ.ടി. ജീ പ്രവേശന പരീക്ഷകൾ എഴുതാനുള്ള പരിശീലനങ്ങൾ നൽകാൻ തിരഞ്ഞെടുക്കുന്നത്. ഈ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും, ഭക്ഷണവും, താമസവുമെല്ലാം ആനന്ദ് തന്റെ വീട്ടിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

കോടികൾ മാറിമറിയുന്ന ഇന്നത്തെ വിദ്യാഭ്യാസ മേഖലയുടെ, വലിയൊരു ഭാഗം തന്നെയാണ് കോച്ചിങ് സെന്ററുകൾ. ഇവിടെ എല്ലാവരും പണമുണ്ടാക്കാനായ് വിദ്യയെ കച്ചവട ബുദ്ധിയോടെ കാണുന്നവരാണ്. എന്നാൽ യാതൊരു വിധത്തിലും പ്രതിഫലം വാങ്ങാതെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ട്യൂഷനെടുക്കുന്ന ആനന്ദിന് എതിരേ നിരവധി തവണ ഭീഷണികളും, ഒരു വധശ്രമവുമുണ്ടായി. അതിനു ശേഷം അദ്ദേഹത്തിന് പോലീസ് സംരക്ഷണമുണ്ട്. വിദ്യാഭ്യാസത്തെ ആദായത്തിനായുള്ള ഉപാധിയായ് കാണുന്ന ഒരു വിഭാഗം ട്യൂഷൻ സെന്ററുകൾ നമ്മുടെ നാട്ടിൽ കൂണുകൾ പോലെ ഉയർന്ന് വരുന്ന ഒരു കാലഘട്ടമാണിത്. പ്രതിഫലം പ്രതീക്ഷികാതെ നല്ലോണം പഠിപ്പിക്കുന്ന, ആനന്ദിനെ പോലുള്ള വിരളമായ വിദ്യാഭ്യാസ പരിശീലകരെ നമ്മുടെ നാട്ടിലുള്ളു. ഇങ്ങനെയുള്ള ചെറിയ ട്യൂഷൻ സെന്ററുകൾ നടത്തുന്ന ഏതൊരു അധ്യാപകനും നേരിടുന്ന പ്രശ്‌നങ്ങൾ ഒരു കാലത്ത് ആനന്ദും നേരിടേണ്ടി വന്നു. എങ്കിലും തന്റെ ഇച്ഛാശക്‌തികൊണ്ട് അദ്ദേഹം കച്ചവട വിദ്യാഭ്യാസ മേഖലയോട് ചെറുത്തു നിന്നു. ആനന്ദ് പഠിപ്പിച്ച അഞ്ഞൂറ്റിപ്പത്തുപേരിൽ, നാനൂറ്റിനാൽപ്പത് പേർ ഇന്ത്യയിലെ വിവിധ ഐ.ഐ.ടി.കളിൽ നിന്നും, ബാക്കി എഴുപത് പേർ എൻ.ഐ.ടി. പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠനത്തിനു ശേഷം ലോകപ്രശസ്‌തമായ പല കമ്പനികളിലും ഇന്ന് ജോലി ചെയ്യുന്നു.

കുടുംബത്തെ പോറ്റാൻ ആനന്ദ് ആദ്യകാലങ്ങളിൽ പപ്പടം വിറ്റിരുന്നു. ഗണിതശാസ്‌ത്രത്തിലെ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം കാരണം ആനന്ദിന് കേംബ്രിജിൽ പ്രവേശനം ലഭിച്ചു. ദാരിദ്ര്യം മാത്രം മുതൽക്കൂട്ടായ ആനന്ദിന് കേംബ്രിജ് സർവ്വകലാശാലയിൽ പഠിക്കാനുള്ള പണമില്ലായിരുന്നു. ഇന്ത്യയിലെ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനുള്ള പാവപ്പെട്ട മറ്റ് വിദ്യാർത്ഥികളുടെ കഴിവ് തിരിച്ചറിഞ്ഞ ആനന്ദ്, അവരുടെ സ്വപ്‌നങ്ങൾക്ക് പച്ചക്കൊടി വീശാനായ് പപ്പടം വിൽപ്പനയിൽ നിന്നും അധ്യാപനത്തിലേക്ക് ചുവട് വെച്ചു. അങ്ങനെയാണ് ആനന്ദിന്റെ സൂപ്പർ 30 എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ആരംഭം.

ഓരോ വിദ്യാർത്ഥികളെയും അവരുടെ ജീവിത സാഹചര്യങ്ങളുമായ് ബന്ധപ്പെടുത്തിയാണ് ആനന്ദ് പഠിപ്പിക്കുന്നത്. എല്ലാ വിദ്യാർത്ഥികളുടെയും ജീവിതപ്രശ്‌നങ്ങൾ ആനന്ദിനറിയാം. എന്നാൽ അവരുടെ പഠന പ്രശ്‌നങ്ങൾ പരിഹരിച്ച്, പുതിയ പ്രത്യാശകൾ അവർക്ക് സമ്മാനിച്ച്, അവരുടെ ശ്രദ്ധ ആനന്ദ് പഠനത്തിൽ മാത്രം കേന്ദ്രീകരിക്കുന്നു. സൂപ്പർ 30 പദ്ധതിയിലൂടെ പഠിച്ച് ഇന്ന് വലിയ ഉന്നതങ്ങളിലെത്തിയിരിക്കുന്ന ആനന്ദിന്റെ വിദ്യാർത്ഥികൾ തന്നെ ഇവിടെ മറ്റ് വിദ്യാർത്ഥികളെ പഠിപ്പിക്കാനെത്തുന്നുണ്ടെന്നതാണ് ഏറ്റവും വലിയ രസകരമായ കാര്യം.

ആനന്ദിന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളായിരുന്നു അനൂപും, ശിവാഗിയും. ഇവരുടെ രണ്ട് പേരുടെയും ജീവിത കഥ വ്യത്യസ്‌തമാണ്. മാവോവാദികൾക്ക് ഏറെ സ്വാധീനമുള്ള ബീഹാറിലെ ഒരു മേഖലയിൽ നിന്നായിരുന്നു അനൂപ് വന്നത്. അത്തരത്തിലുള്ള ഒരു അതിസാഹസിക മേഖലയായതിനാൽ ഒരിക്കൽ അനൂപിന്റെ അച്ഛനെ കാണാതായി. പിന്നീട് അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. അനൂപിന്റെ വീട്ടിൽ രോഗിയായ അമ്മ മാത്രമാണുണ്ടായിരുന്നത്. ഈ കഠിന ദുഃഖങ്ങളെല്ലാം കടിച്ചമർത്തിയാണ് അനൂപ് സൂപ്പർ 30 എന്ന പദ്ധതിയിൽ ചേർന്ന് പഠിച്ചത്. ഇപ്പോൾ അനൂപ്, ക്യാമ്പസ് ഇന്റർവ്യൂ വഴി ജോലി ലഭിച്ച് നല്ലൊരു കമ്പനിയിൽ ജോലിചെയ്യുന്നു. ശിവാഗിയുടെ അച്ഛൻ പത്രക്കച്ചവടക്കാരനായിരുന്നു. സൂപ്പർ 30 നെക്കുറിച്ചും, ആനന്ദിനെക്കുറിച്ചും വായിച്ചറിഞ്ഞ ശിവാഗി സൂപ്പർ 30യിൽ പിന്നീട് വന്ന് ചേരുകയായിരുന്നു. ശിവാഗിയും ഇന്ന് നല്ലൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. ഇതുപോലെ നിരവധിപേരുടെ ജീവിത്തിന് തണലായും, വെളിച്ചമായും ജ്വലിച്ച് നിൽക്കുന്നു ആനന്ദ് കുമാർ എന്ന ഈ യുവ അധ്യാപകൻ.

എനിക്കും പ്രചോദനം നൽകിയ ഒരുപാട് അധ്യാപകരുണ്ട്. അതിലൊരാളാണ് അക്ഷയ് ചേട്ടൻ. രണ്ട് വർഷങ്ങൾക്ക് മുൻപ് എനിക്ക് മാത്‌സ് ട്യൂഷനെടുത്തത് ചേട്ടനാണ്. സാധാരണ രീതിയിൽ എനിക്ക് മാത്‍സ് ട്യൂഷനെടുക്കുന്നവരെല്ലാം ആദ്യ കാലങ്ങളിൽ എന്നോട് ചേർന്നു നിൽക്കുന്നവരായിരിക്കും. എന്നാൽ കുറച്ചങ്ങോട്ടെത്തുമ്പോൾ അവരുടെ അധ്യാപനവും, എന്റെ പഠന രീതിയും സമിശ്രമായ് മുന്നോട്ട് പോകില്ല. പിന്നെ അവർ എന്നെയും, വീട്ടുകാരെയും ചീത്ത വിളിച്ച് ജീവനും കൊണ്ടോടി പോകും. എന്നാൽ അക്ഷയ് ചേട്ടൻ, അത്യാവശ്യം അടിക്കുകയും, വഴക്കുപറയുകയും ചെയ്യുന്ന എന്റെ മനസ്സിലെ പതിവ് ട്യൂഷനധ്യാപക സങ്കൽപ്പത്തെ പൊളിച്ചഴുതിയ ഒരു അധ്യാപകനാണ്. ഹോംവർക്ക് ഒരു ബാഡ് കോൺസെപ്റ്റാണെന്നാണ് ചേട്ടൻ പറഞ്ഞിട്ടുള്ളത്. ഹോംവർക്കിനെ ചേട്ടൻ പ്രാക്റ്റീസ് എന്നാണ് വിളിച്ചിരുന്നത്. കണക്ക് ചെയ്യിക്കുക മാത്രമല്ല ചേട്ടൻ ചെയ്‌തത്. പ്രചോദനപരമായ നിരവധി കഥകളും ചേട്ടൻ പറഞ്ഞു പോകും. ‘ഭൂഗോളത്തിന്റെ സ്‌പന്ദനം മാത്തമാറ്റിക്‌സിലാണ്’ എന്നാണല്ലോ സ്ഫടികത്തിലെ ചാക്കോ മാഷ് പറഞ്ഞിട്ടുള്ളത്? ദൈനംദിന ജീവിതത്തിലെ കണക്കിന്റെ പ്രാധാന്യവും എനിക്ക് അക്ഷയ് ചേട്ടൻ പറഞ്ഞുതരുമായിരുന്നു. ആ ഒരു വർഷം കണക്ക് എനിക്ക് എളുപ്പമായിരുന്നു.

നമ്മുടെ ജീവിത ലക്ഷ്യം നമ്മൾ തന്നെ കണ്ടെത്തുന്നതാണ്. ആ യാത്രയിൽ ആനന്ദിനെ പോലെ ഓരോ മാർഗദർശികളുണ്ടാകും. അവരുടെ ഓരോ നിർദേശങ്ങളും വിലപ്പെട്ടതാണ്. അത് നമ്മുടെ ജീവിതത്തിൽ നിരവധി വഴിത്തിരിവുകൾ സൃഷ്‌ടിക്കും. അത്തരത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതത്തിന് വഴികാട്ടിയും, പ്രചോദനങ്ങളും നൽകിയ മനുഷ്യനാണ് ആനന്ദ് കുമാർ. ആനന്ദിനെ പോലുള്ള ഒരു അധ്യാപകനെയെങ്കിലും വിദ്യാർത്ഥി ജീവിതത്തിൽ ഒരാളെങ്കിലും കണ്ടിട്ടുണ്ടാകും. ജീവിതത്തോടും, തന്റെ അസുഖത്തോടും തോറ്റ് കൊടുക്കാത്ത ഒരു യതാർത്ഥ പോരാളിയാണ് ആനന്ദ് കുമാർ.

– സ്വരൺദീപ്

2 Comments
  1. Nidhin C P 12 months ago

    Well written Swaran. You have a good heart and got a good command over language to portray your ideas. All the best for future endeavors.

  2. Jayaraj Menon Vappala 12 months ago

    കാണേണ്ട സിനിമയാണ് മോനൂ ഹൃതിക് റോഷൻ ഒട്ടും താരപരിവേഷമില്ലാതെ ചെയ്ത സിനിമയാണ്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account