ആരോ അയച്ച മഴയും കാറ്റും മനസ്സിൽ കൂടുകൂട്ടിത്തുടങ്ങി.

ഇങ്ങനെയൊരു മഴക്കാലത്ത് എനിക്കു കൂട്ടായി ഒരു ജനാല മാത്രം. ഈ ലോകത്തേക്കുള്ള എന്റെ കിളിവാതിൽ ആയിരുന്ന നാളുകളുടെ ഓർമ്മകൾ ഓടി ഓടി എത്തി! ഈ ലോകത്തോടൂള്ള ബന്ധം നിലനിർത്തിയിരുന്ന ഒരു കാലം! അന്ന് ഈ മഴത്തുള്ളികൾ ഓരോ മണിമുത്തുകൾ ആയി മനസ്സിലും ജീവിതത്തിലും വീണുകൊണ്ടേയിരുന്നു.

ഇന്നെന്റെ വീട്ടിൽ മഴകാണാനും മഴത്തുള്ളികൾ കാണാനും എന്റെ മൂന്നു മക്കളും ഉണ്ട്. ‘അമ്മയെന്താ ഈ കാണുന്നത് ? കാറ്റും, ഇടിവെട്ടലും നിങ്ങൾ കാണുന്നില്ലെ? റ്റൂ മച്ച് ലൈറ്റ്നിംഗ്. അകത്തു കയറിക്കെ’. എന്റെ മകൾ അന്നക്കുട്ടിയുടെ പേടിച്ചരണ്ട വാക്കുകൾ. 17 ആം വയസ്സിലേക്ക്

കാലടികൾവെച്ചവൾ അടുക്കുമ്പോൾ എന്റെ മനസ്സിൽ അവളെ ഞാൻ ഭൂമിയിലേക്ക് കൊണ്ടുവന്ന കഥ വീണ്ടും വീണ്ടും മനസ്സിലോടിയെത്തി. മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം വന്ന വിശേഷങ്ങൾ രണ്ടു തവണ എന്റെ ശരീരത്തെ

വിട്ടുപിരിഞ്ഞു. പേരും നാളും മനസ്സിലുറപ്പിച്ച് കാത്തിരുന്നെങ്കിലും എണ്ണപ്പെട്ട ദിവസങ്ങളുടെ വിരുന്നുകാർ രണ്ടു പേര്‍ നടന്നകന്നു, ഒരു വാക്കും മിണ്ടാതെ! പിന്നീടുള്ള മാസങ്ങൾ ശീവേലിക്കല്ലിൽ തലയടിച്ചു  മരിക്കാൻ വിധിക്കെപ്പെട്ടിട്ടും, ജീവിച്ചെ പറ്റൂ എന്ന വരം വാങ്ങിയവളെപ്പോലെയായി ഞാൻ. സുഹൃത്തുക്കളുടെയും, ബന്ധുക്കാരുടെയും നിര്‍ദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും സഹായങ്ങൾക്കും മുന്നോടിയായി ആത്‌മധൈര്യം തരാനായി എന്റെ അമ്മ കൂടെ എത്തിച്ചേർന്നു എന്നതും, അന്ന് എനിക്ക് വളരെ അധികം ധൈര്യംതന്നിരുന്നു.ആദ്യത്തേത് എന്ന് എല്ലാവരും വിധിയെഴുതി. ‘സാരമില്ല’ എന്നൊരു വാക്കിൽ സ്വാന്തങ്ങൾ എല്ലാം തന്നെ ഒരുക്കിയൊതുക്കി. രണ്ടാമത്തെ വിരുന്നുകാരൻ ഗൾഫിലെ മണലാരണ്യത്തിലായിരുന്നു. അതും എല്ലാവരും കാത്തു കാത്തിരുന്ന വിധി പോലെ അറ്റും വളരെ നാടകീയമായിത്തെന്നെ പിരിഞ്ഞകന്നു എന്നു പറയുന്നതാവും ശരി. എന്നാൽ ഇത്തവണത്തെ പിരിച്ചുവിടലിന്റെ സംഭവത്തിൽ മറ്റുചില മഹത് വ്യക്‌തികളുമായി പരിചയപ്പെടാനുള്ള ഒരു അവസരം കൂടി ഒരുക്കിത്തന്നു. എന്റെ പിൽക്കാല ഡോക്റ്ററും മെന്ററും ആയിത്തീർന്ന ‘ഡോക്റ്റർ ലീല, അവരുടെ ഡയറ്റീഷൻ ആയ സഹോദരി, ഡോക്റ്റർ കുടുംബം. പടിപടിയായിട്ടുള്ള അവരുടെ മാനസികവും ശാരീരികവുമായ ഉപദേശങ്ങളുടെ അവസാനം, ആ നല്ല വിശേഷവും വീണ്ടും വന്നെത്തി. എന്നാൽ ഇത്തവണ പ്രകൃതിക്കനുകൂലമായി നടത്തം, ഇരുപ്പ്, ജോലികൾ, ദിനചര്യകൾ എല്ലാം തന്നെ വേണ്ടെന്നുവെച്ച്, നീണ്ടു നിവർന്നു മാത്രം കിടക്കണം എന്ന പൂർണ്ണ നിഷ്ക്കർഷ, ഏറ്റവും സന്തോഷത്തോടെയാണ് മനസ്സ് സ്വീകരിച്ചത്. മനസ്സിന്റെ ധൈര്യം ശരീരവും ഏറ്റെടുത്തു തുടങ്ങി എന്നത് പിന്നീടുള്ള എന്റെ മാസങ്ങളിൽ വളരെ വ്യക്‌തമായി മനസ്സ് കാട്ടിത്തുടങ്ങി.

എന്റെ മുറിയുടെ ജനാല മാത്രം പുറം ലോകത്തേക്കുള്ള എന്റെ കിളിവാതിലായി. അതിലൂടെ നമ്മുടെ നാട്ടിലെ കിളികളുടെ ചിലപ്പുകളും, കാറ്റിന്റെ ചൂളംവിളികളും, ഓട്ടോറിക്ഷാകളുടെ ശബ്‌ദങ്ങളും ഒന്നും അല്ല കാണുന്നതും കേൾക്കുന്നതും. മറിച്ച് അടുത്ത ഫ്ലാറ്റുകളിലെ കാറുകളുടെ ശബ്‌ദവും, തൊട്ടടുത്ത മണ്ണുവീടുകളിൽ താമസിക്കുന്ന പഠാന്മാരുടെ ഓലിവിളികളും, നിലവിളിച്ചോടുന്ന ആംബുലൻസുകളും മറ്റും മാത്രം, ‘പുറംലോകം’ ഈ വാതലിലൂടെ മാത്രം കാണുന്നു. എന്നും രാവിലെ നാലുമണിക്ക് ജോലിക്കു പോകുന്ന ഭർത്താവ്. രാവിലെ എന്നെ എഴുന്നേൽപ്പിച്ച്, എല്ലാ പ്രാധമിക കർമ്മങ്ങളും നോക്കി നടത്തി, എന്നെ തിരികെ കട്ടിലിൽ കിടത്തുന്നു. ഒരു ദിവസത്തിന്റെ തുടക്കം തീരാത്ത, നിലക്കാത്തതുമായ ഓക്കാനത്തിൽ മാത്രം തുടങ്ങുന്നു. അതിന്റെ ബുദ്ധിമുട്ടുകളും മറ്റൊരാളോടു പറഞ്ഞറിയിക്കാനാവില്ല,

ആരും എന്തും എതു വിധത്തിലും നമ്മുടെ നാസാതന്ത്രത്തിനെതിരായി മാത്രം ഉള്ള ഒരു കാലം. രാവിലത്തെ കാപ്പിയും മറ്റും എല്ല എന്റെ കട്ടിലിനരികില്‍ എത്തിച്ചതിനു ശേഷം മാത്രം എരിപൊരിയുന്ന വെയിലിൽ ഉള്ള വർക്ക് സൈറ്റിലേക്ക് അദ്ദേഹം പോകുന്നു. അതിനും മുന്നോടിയായി, എനിക്കു കാണാനായി, പലതരം സിനിമകളുടെ വീഡിയോ കാസറ്റുകൾ റെഡിമണിയായി വീഡിയോയിൽ ഇട്ട് റിമോട്ട് എന്നെ ഏല്‍പ്പിക്കുന്നു.

അടുത്ത അഞ്ചാറുമണിക്കൂർ സമയം ഞാൻ ബുക്കുകളും, റ്റിവിയും, വായനയും, ഫോണും മാത്രം ഉള്ള എന്റെ മുറിയുടെ നാലുചുവരുകൾക്കുള്ളിൽ ജീവിക്കുന്നു. ചെരിഞ്ഞു കിടക്കാനായിട്ടു പോലും പത്തു പ്രാവശ്യം ചിന്തിക്കണം, വേണോ വേണ്ടയോ! ആകാശത്തിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റ് മതിലുകൾ മാത്രം സാക്ഷിയായി എന്നെ നിർന്നിമേഷമായിട്ട് നോക്കിയിരിക്കുന്നു. രാവിലെ എത്തുന്ന പത്രം പോലും പത്രക്കാരന്റെ മോട്ടോർസൈക്കളിന്റെ ഒച്ചയിൽ നില്‍ക്കുന്നു. അതു എടുത്തുതരാനും, വായിക്കാനും ഇനി ഈ വീട്ടിലേക്ക് ആരെങ്കിലും കടന്നു വന്നാൽ മാത്രം നടക്കൂകയുള്ളു. എന്റെ അടുത്ത മേശയിൽ ഇരിക്കുന്ന ലാൻഡ് ഫോണ്‍ മാത്രം ‘ക്രീം ക്രീം ക്രീം’ ശബ്‌ദം വീണ്ടും എന്റെ പ്രതീക്ഷകൾക്കു ചിറകു നല്‍കിയിരുന്നു. എന്തുണ്ട് വിശേഷം? സുഖമല്ലെ? ഡോക്റ്ററെ കണ്ടിരുന്നോ? എന്ന കുശലാന്വേണങ്ങൾ ഒരു പരിധിവരെ എന്നെ ആരുടെയോക്കെയോ അനിയത്തിയും, സുഹൃത്തും, മകളും, മരുമകളുമാക്കി. ഫോണിന്റെ അങ്ങേത്തലക്കലെ ശബ്‌ദങ്ങൾ ദൂരെ ദൂരെ നിന്നും ഈ ലോകവുമായി എന്നെ ചേർത്തു നിർത്തി. ഈശ്വരൻ പുറങ്കാലുകൊണ്ട് എനിക്കിട്ട് ചെറിയ ഒരു മുട്ടുതന്നോ എന്നൊരു തോന്നൽ ഇടക്ക് മനസ്സിൽ വരാറുണ്ട്.  ഇല്ല, എല്ലാം നല്ലതിനല്ലെ! എല്ലാത്തരം സിനിമകളും ദിനം പ്രതി കണ്ടുകൊണ്ടേയിരുന്നു. കഥാപാത്രങ്ങളുടെ ചിറകുകളിൽ ഞാൻ പറന്നു നടന്നു. മനസ്സിനെ പൂർണ്ണമായും എന്റെ പേടിച്ചരണ്ട ചിന്തകളിൽ നിന്നും പാടെ മാറ്റിനിർത്തിയിരുന്നു. കഥാപാത്രങ്ങളുടെ സങ്കടങ്ങങ്ങളും, സന്തോഷവും, പരിഭവങ്ങളും, കൊഞ്ചലുകളും എന്റേതു മാത്രമായി. കഥാപാത്രങ്ങള്‍ എനിക്കു ചുറ്റമുള്ള കോണ്‍ക്രീറ്റ് മതിലുകളിൽ നക്ഷത്രങ്ങൾ ആയി മാറി.

മാസങ്ങൾ എന്റെ കൂടെ, എന്നെ നോക്കി, എനിക്കായി ഓരൊരോ പുതിയ അനുഭവങ്ങൾ പങ്കുവെച്ചു. ഒന്ന് രണ്ട് മൂന്നു മാസങ്ങൾ ….. മനസ്സിന്റെ പേടിയും എന്റെ അരക്ഷിതബോധവും തമ്മിൽ ഒത്തു കളിച്ചു. എങ്കിലും ഏതോ ലോകത്ത് ആരൊക്കയോ എനിക്കുവേണ്ടി ചൊല്ലിയ മന്ത്രങ്ങളും, സങ്കീര്‍ത്തനങ്ങളും,  ഭഗവത്‌ഗീതയും ഈശ്വരന്റെ കാതുകളില്‍ തന്നെ ചെന്നു പതിച്ചിരുന്നു. വിചാരിച്ചതിലും വേഗത്തില്‍ ചിരിച്ചു നടന്നകന്നു മാസങ്ങള്‍. 6  ആം മാസം എന്ന വലിയ കടമ്പ ഞാന്‍ കടന്നു. ഒരു വലിയ രഥത്തില്‍ സഞ്ചരിക്കുന്ന രാജകുമാരിയുടെ ഗമയും ധൈര്യവും മനസ്സില്‍ എത്തിച്ചേര്‍ന്നു തുടങ്ങി. ഇല്ല…. ഇനി എന്നെ എന്റെ കുഞ്ഞില്‍ നിന്നു ആരും അകറ്റിമാറ്റില്ല. അനേകം നിമിഷങ്ങളും, മണിക്കുറുകളും എന്റെ മൃതിസുഷിരങ്ങളിലൂടെ കടന്നു പോയി.

ഇതിനെല്ലാം ഇടയിൽ മുടങ്ങാതെ എന്റെ അമ്മയുടെ നനുത്ത സ്വരം പേറി എത്തുന്ന ഫോൺ വിളികൾ… ‘മോളെ എങ്ങെനെയുണ്ട്? ഒന്നും പേടിക്കേണ്ട, സമയമാകുമ്പോൾ അമ്മ എത്തിക്കോളം’.

കിളികൾ എത്തിനോക്കാത്ത, കാറ്റുകൾ വീശിയടിക്കാത്ത എന്റെ ജനാലയിൽ ആരോ കൊത്തിയെടുത്തു ഇട്ടതുപോലെ, പ്രകാശത്തിന്റെ തുണ്ടുകൾ മാത്രം ഒളികണ്ണിട്ടു നോക്കി! നന്മയുടെ ഈശ്വരന്മാർ എന്റെ നിലവിളികളും, പ്രാർത്ഥനകളും കേട്ടു എന്നു പൂണ്ണമായും എന്റെ മനസ്സിനു ബോധ്യമായി. എന്റെ പ്രതീക്ഷകൾക്ക് അനുസൃതമായി എന്റെ കുഞ്ഞുവയറും വലുതായിക്കൊണ്ടേയിരുന്നു.

അന്ന് ആ മാസങ്ങളിൽ എനിക്കു കൂട്ടായി എത്തിയതാണ് എന്റെ ഡയറി. ഓരോ ദിവസത്തെയും ദിനചര്യകളും, വേദനകളും മനസ്സിന്റെ വിങ്ങലുകളും ഞാൻ ഈ ഡയറിയിൽ കുറിച്ചുതുടങ്ങി. കൂടെ ഒരു ഉപഹാരമായി കിട്ടിയ ‘യുവർ ബേബി ആന്റ് യു’, മാസങ്ങളും ദിവസങ്ങളും ആ ബുക്കിലൂടെ എന്റെ കൂട്ടുകാരായി. ഓരൊ മാസത്തെ വിവരങ്ങളും, ശാരീരികമാറ്റങ്ങളുമടക്കം, നമ്മുടെ സ്വന്തം വീവരങ്ങളും  രേഖപ്പെടുത്താന്‍ അതു വളരെ സഹായിച്ചു. മലയാളഭാഷയേക്കാളേറെ അന്നു ആഗലേയഭാഷയായിരുന്നു കൂട്ടുകാരി. അവ എന്റെ ചിരിയിലും സന്തോഷത്തിലും പങ്കുചേര്‍ന്നു. സാഹിത്യം എന്നത് എനിക്കു കേട്ടുകേഴ്വിമാത്രം ആയിരുന്ന നാളുകള്‍. ഡാഡിയുടെ സഹോദരി ആരോ ഒരാൾ, ഇന്നു ജീവിച്ചിരിപ്പില്ലാത്ത എന്റെ പിതൃസഹോദരിയുടെ പുസ്‌തകങ്ങളും എഴുത്തും മറ്റും കഥകളായി ഓർമ്മയിൽ ഓടിയെത്തി. സാഹിത്യത്തിന്റെ തുമ്പികൾ എന്നുതൊട്ടോ മനസ്സിൽ വട്ടമിട്ടു പറക്കാൻ തുടങ്ങിയിരിന്നു! ഇന്നിതുവരെ അവയെന്നെ വിട്ടുപിരിഞ്ഞിട്ടില്ല എന്നു തന്നെപറയാം. മനസ്സിൽ നിറയുന്ന സ്വപ്‌നങ്ങളും, വികാരങ്ങളും, സങ്കടങ്ങളും പരിഭവങ്ങളും ഞാനെന്റെ മനസ്സിന്റെ തൂലികയിലൂടെ  കുത്തിക്കുറിച്ചുകൊണ്ടേയിരുന്നു. ഇടക്കുള്ള ഈ കുത്തിക്കുറിക്കലുകൾ എന്നോതോട്ടേ ദിനചര്യയായി. പിന്നീടവ ഒരു സർഗ്ഗവാസനയായി, ശക്‌തമായി, മനസ്സിൽ ഒരു തണുത്ത മഴമേഘങ്ങളായി ആർത്തു പെയ്‌തിറങ്ങിത്തുടങ്ങി.

വീണ്ടും മാസങ്ങൾ നീങ്ങി. എന്റെ കുഞ്ഞിന്റെ തുടിപ്പുകളുടെ ശക്‌തി ദിനംപ്രതി കൂടിക്കൂടിവന്നു. ഒരു കാലിന്റെ ചവിട്ടും, തലയുടെ വലിയ മുഴുപ്പുകളും മനസ്സിലായിത്തുടങ്ങി. ആഹാരം വെച്ചുതരാനായി എനിക്ക് സൈറ്റിൽ നിന്നും  എത്തിയിരുന്ന തങ്കച്ചൻ, ഇന്ന് എന്നെക്കാളും വലിയ  പാചകക്കാരനായി മാറി. കഞ്ഞി വെന്തുവരാനെടുക്കുന്ന ആ ഒരു മണിക്കൂറും ഈ 8ആം മാസത്തിലും ഞാൻ   ഓക്കാനിച്ചുതന്നെ തീർത്തിരുന്നു. സ്വന്തം ഒരു കുഞ്ഞില്ലാത്ത തങ്കച്ചൻ പല ഡോക്റ്റർമാരെയും, വന്ധീകരണചിത്സക്കായി കണ്ടതിന്റെ ഭാഗമായിക്കിട്ടിയ സകലവിധ അറിവുകളും എന്നെ പഠിപ്പിച്ചു. തങ്കച്ചൻ ഉണ്ടാക്കുന്ന അവിയലും, മോരുകറിയും, മീൻ കറിയും ചോറും ഞാൻ കൊതിയേടെ തിന്നുമായിരുന്നു. ഒരു പന്തളം നാട്ടിന്‍പുറത്തുകാരന്റെ സകല സന്മാർഗ്ഗങ്ങളും നിറഞ്ഞുനിന്നിരുന്ന തങ്കച്ചനെ, എന്റെ 8ആം മാസത്തിൽ വല്ലാതെ സങ്കടപ്പെടുത്തേണ്ടി വന്നു. ദിവസങ്ങൾ മാത്രം ബാക്കി പ്രസവത്തിനുണ്ടായിരുന്ന എനിക്ക് കിടക്കാനും, എഴുന്നേൽക്കാനും പരസഹായം ആവശ്യമായി വന്ന സമയം. ഇന്ത്യൻ എംബസ്സിയുടെ കാര്യുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി, അറബികൾ ഉപേക്ഷിക്കുന്ന വീട്ടുജോലിക്കാരായി എത്തുന്ന ഇന്ത്യക്കാരെ അവരുടെ എഴുത്തുകുത്തുകൾ തീരുന്ന  സമയംവരെ ചില്ലറക്കാശിനു ജോലിക്കായി അയക്കുന്നു. അതുവഴി എന്റെ വീട്ടിലും ഒരു ലീല വന്നു. കണ്ണാടിവസ്‌ത്രം  പോലെ ഒരു ഉടുപ്പും, കാലിൽ ഒരു ചെരുപ്പുപോലും ഇല്ലാത്ത ഒരു മുഴുപ്പട്ടിണിക്കാരി സോമാലിയുടെ ഛായയുള്ള ലീല. വന്നുകയറിയ ഉടൻ തന്നെ തമിഴ് ചുവയിലെ ‘വണക്കം മാഡം’ എല്ലാം തന്നെ എനിക്കിത്തിരി സമാധാനം തന്നു. മുന്നോട്ടുള്ള ദിവസങ്ങളിലും എണ്ണതേച്ചുകുളിയും, കഴിക്കാൻ സാദവും സാമ്പാറും എന്നു വേണ്ട, ഞാനാകെ ഒന്നു കൊഴുത്തുരുണ്ടു എന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങി. ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ക്രിസ്തുമസ്സും, പുതുവത്സരവും വർണ്ണങ്ങൾ വാരിവിതറിനിരത്തി കടന്നുപോയി. ഇനിയുള്ള ദിവസങ്ങൾ വളരെ സൂക്ഷിച്ചു വേണം എന്ന മുന്നറിയിപ്പോടെ ഡോക്റ്ററുടെ അവസാനത്തെ അപ്പോയ്ൻറ്റ്‌മെന്റും കടന്നുപോയി. ദൈവത്തോട് അനുവാദം ചോദിച്ചു ചോദിച്ച് ദിവസങ്ങൾ എണ്ണി എണ്ണി ഇരിക്കയാണ് എല്ലാവരും. ആദ്യത്തെ വേദനക്കുതന്നെ ഹോസ്‌പിറ്റൽ എമർജെൻസിയിൽ എത്തണം എന്ന മുന്നറിയിപ്പ് ഡോക്റ്ററും തന്നു.

ജനുവരി മാസവും പുതുവർഷത്തിന്റെ ആഘോഷത്തിമിർപ്പിൽ കടന്നുവന്നു. ജനാലയിൽ നിന്നുള്ള കാഴ്ച്ചകളിൽ വ്യത്യാസങ്ങൾ കണ്ടുതുടങ്ങി. പൊടിപടലങ്ങൾ  പൊടിമഴയിൽ നനഞ്ഞടങ്ങി. കാറ്റിന്റെ കാലുകളിൽ ആരോ നൂപുരങ്ങൾ അണിയിച്ചു. എന്റെ മനസ്സിന്റെ പ്രതീക്ഷകൾ പീലിവിടർത്തിയാടി. ദിവസങ്ങൾ നീങ്ങുന്നില്ല എന്നൊരു തോന്നൽ മനസ്സിൽ നിഴൽ പോലെ നടന്നെത്തി. ആകാംക്ഷ നിറഞ്ഞ ദിവസങ്ങൾ…

അങ്ങനെ ഒരു ദിവസം, ഒരുച്ചനേരം, എന്റെ പ്രതീക്ഷകൾ നീര്‍ജലധാരയായി ശരീരത്തിൽ നിന്ന് ഒഴുകിയിറങ്ങി. നേരത്തേ തയ്യാറാക്കി വെച്ചിരുന്ന ബാഗും മറ്റും എടുത്തു തയ്യാറായ ലീല, എന്നെ താങ്ങിപ്പിടിച്ച് കാറിന്റെ അടുത്തുവരെ എത്തിച്ചു. അടിവറ്റിൽ നീന്നും നീർക്കുമിളകൾ ഊളിയിട്ടിറങ്ങുന്നതുപോലെ വിട്ടുവിട്ടുള്ള വേദനയുടെ ചെറിയ മുൾമുനകൾ ശരീരത്തിൽ വന്നു തറച്ചുകൊണ്ടേയിരുന്നു. ഹോസ്‌പിറ്റൽ എമര്‍ജന്‍സിയുടെ വാതിൽ പിന്നിട്ടു കഴിഞ്ഞാൽ പിന്നെ ഈ ലോകത്തൊടും, കൂടെയുള്ള ആൾക്കാരോടും ഉള്ള സകല ബന്ധങ്ങളും വിച്ഛേദിക്കപ്പെടുന്നു. ഇന്നു രാത്രി എന്റെടുത്തേക്കെത്താനായി പ്ലൈൻ കയറുന്ന എന്റെ അമ്മ.

പ്രസവമുറിയിൽ സകല സന്നാഹങ്ങളോടും കൂടി സജ്ജമാക്കിയ മുറിയിൽ ഞാനും എന്റെ കൂടെയുള്ള ഡ്യൂട്ടി നഴ്‌സും.  പ്രസവത്തിനായുള്ള ഗൌണും മറ്റും ഇട്ട് എന്റെ  കുഞ്ഞിന്റെ ഹൃദമിടിപ്പും മോണിറ്ററിലേക്കും കണക്റ്റ് ചെയ്‌തു  ഇടക്ക്  വന്നു പോകുന്ന എന്റെ ഡോക്റ്റർ, ’ലോങ്ങ് വെയിറ്റിംഗ് റ്റൈം’ എന്ന് പറഞ്ഞു നടന്നകന്നു. വിട്ടു വിട്ടു വരുന്ന വേദനയുടെ സമയം കുറഞ്ഞു കുറഞ്ഞു വന്നു.  എന്റെ കൂടെ മനോരമ വീക്കിലി വായനയില്‍ മുഴുകിയിരുന്ന മലയാളി നഴ്‌സ്‌ പതുക്കെ എഴുന്നേറ്റ് അലമാരിയിൽ നിന്ന്, പലതരം റ്റിഷ്യൂ, ടർക്കി റ്റവ്വലുകളും, ക്രീമുകളും, മരുന്നുകളും, ഗ്ലൗസുകളും എല്ലാം എടുത്തു തയ്യാറക്കി. എന്റെ വയറിന്റെ ഭാഗത്തേക്ക് അവരുടെ കസേര വലിച്ചിട്ടിരുന്നു.  ഇന്റെർ കോമിലൂടെ മറ്റാരെയോ അവർ വിളിച്ചു വരുത്തി. ഇടക്കു വീട്ടു വിട്ടു വരുന്ന വേദക്ക്, എങ്ങനെ മാറി മാറി ശ്വാസം വലിക്കണമെന്ന്‍ അവര്‍ എന്നെ കാണിച്ചു തന്ന പ്രകാരം ഞാനും ശാശോഛ്വാസം ചെയ്‌തു കൊണ്ടേയിരുന്നു. സഹീക്കാന്‍ മേലാത്ത വേദനയിലേക്കു നടന്നടുക്കുന്ന എന്നെ ഇടക്ക് ഒന്നു തലോടി എന്റെ നെറ്റിയിൽ പൊടിയുന്ന വിയർപ്പും തുടച്ചുകൊണ്ട് എന്നോടവർ കൂടുതൽ അടുത്തു നിന്നു. ‘ആരുണ്ട് പുറത്ത്’ എന്ന അവരുടെ ചോദ്യത്തിനു മറുപടി ഞാന്‍ പറഞ്ഞു എന്നു തോന്നുന്നു, എന്റെ ചേട്ടത്തി, എന്നോ മറ്റൊ!

എന്റെ കാലുകള്‍ രണ്ടും കയറ്റി മുട്ടുമടക്കി ഒരു വടിത്താങ്ങില്‍ നിര്‍ത്തുന്നതു പോലെ അവരെന്നെ കിടത്തി. ‘ഇനി അധികം സമയം എടുക്കില്ല. നഴ്‌സുമാരുടെ അടക്കം പറച്ചില്‍ എന്റെ കാതിലും പറന്നെത്തി. വീണ്ടും അവര്‍ ഇന്റെര്‍ കോമിലൂടെ എന്റെ ഡോക്റ്ററെ വീളിച്ചു. ഡോക്റ്റർ വന്നയുടനെ മാസ്ക്കും ഗൌണും ഒക്കെയിടുന്നതിനിടയിൽ മിസറി നാട്ടിൽ നിന്നെത്തിയ അവർ എന്നെ നോക്കി ഒന്നു ചിരിച്ചോ എന്നെനിക്കും തോന്നാതിരുന്നില്ല.

അതേസമയം, സുഗമമായ ഒരു പേറ്റുനോവിന്റെ സമയമായി എന്നു മനസ്സിലാവുന്നതിനു മുന്നെ ചോദ്യം എത്തി, ലെറ്റ്സ് സ്റ്റാർട്ട് സബനാ… ഒന്നും മനസ്സിലായില്ലെങ്കിലും ഞാനും അവരും ഒരു കയ്യകലത്തിന്റെ വ്യത്യസത്തിൽ എത്തിയപ്പോൾ എന്റെ സമയവും ആകാംക്ഷയും അവസാനിക്കാറയി എന്നെനിക്കും മനസ്സിലായി. അവരുടെ പകുതി അറബിച്ചുവയുള്ള ഇംഗ്ളീഷിൽ പറയുന്ന ‘ബുഷ് ബുഷ്’ എന്നത് എന്താണെന്നു മനസ്സിലായത് മലയാളി നഴ്‌സിന്റെ ഒരു വളിച്ച ചിരിയില്‍ നിന്നാണ്. എന്റെ സകല ശക്‌തിയും എടുത്ത് കുഞ്ഞിനെ പുറത്തേക്ക തള്ളാനാണ് പറയുന്നത്. അടുത്ത മണിക്കൂറുകള്‍ എന്റെ ആകാംക്ഷ  പൂര്‍വ്വാധികം വര്‍ദ്ധിപ്പിച്ചതല്ലാതെ, എന്താണ്  എന്റെ ശരീരത്തിനു സംഭവിക്കുന്നതെന്നോ, ഞാൻ സഹിക്കുന്ന വേദനയോ, ഒന്നും തന്നെ അറിഞ്ഞില്ല. എന്റെ പ്രതീക്ഷ, അക്ഷമയായി ഞാന്‍ ജീവിച്ച ഈ 9 മാസം മാത്രം ഒരു ഉത്തേജനമരുന്നിന്റെ നീര്‍ക്കയത്തിലെന്നതുപോലെ എന്റെ മനസ്സു പിടഞ്ഞു. എന്റെ ശരീരത്തിൽ നിന്നും പൊടിഞ്ഞ വിയർപ്പുനീരുകളെ തുടച്ചു മാറ്റുന്ന സിസ്റ്ററിന്റെ കൈകൾ ഞാന്‍ മാന്തിക്കീറി. അയ്യോ… എന്ന എന്റെ നിലവിളിയിൽ അവരുടെ വേദനയും തിരിച്ചറിഞ്ഞു. അങ്ങനെ ശരീരത്തെ കീറിമുറിക്കുന്ന വേദനയുടെ മാറ്റൊലികൾ അനേകം കടന്നു പോയി. ഏതോ നൈമിഷികതക്കു ശേഷം ആ കരച്ചിൽ എന്റെ കാതിലും എത്തി…. മ്മേ മ്മേ മ്മേ.

ഒരു വെള്ളക്കീറൽ തുണിയിൽ പോതിഞ്ഞെടുത്തെ ആ പഞ്ഞിക്കെട്ടിനെ ഞാൻ കാണുന്നതിനു മുന്‍പേ അവർ കോരിയെടുത്തു. ഒന്നെന്നെ കാണിച്ചിട്ട്   കൊണ്ടുപോകൂ…. എന്റെ ചോരയും, മജ്ജയും ചേർത്തു പൊതിഞ്ഞ കെട്ടിൽ നീന്നും ആ ചുവന്നു തുടത്ത മുഖവും ശരീരവും ഞാൻ എന്റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.  എന്റെ മാത്രം കുഞ്ഞ്, എന്റെ ചോര, എന്റെ ശരീരത്തിന്റെ ഭാഗം. ഇവൾക്കായി ഞാൻ കാത്തിരുന്ന മാസങ്ങൾ, ദിവസങ്ങൾ, മണിക്കൂറുകൾ, നിമിഷങ്ങൾ. സന്തോഷത്തിന്റെ ആ വലിയ ആഘാതത്തിൽ എന്റെ ശരീരത്തിൽ ഡോക്റ്റർ നടത്തിയ  കുത്തിക്കെട്ടുകളും വേദനകളും, തുടച്ചു വൃത്തിയാക്കലുകളും ഒന്നു തന്നെ ഞാൻ അറിഞ്ഞില്ല.

ഒകെ സബ്‌ന…..യു ഹാവ് സച്ച് ആന്‍ ഐഞ്ചല്‍ എ ഡോട്ടര്‍. വുഡ് യു ഗിവ് ഹെര്‍ റ്റു മീ? ഷീ ഡസ് നോട്ട് ലുക്ക് ലൈക്ക് ആന്‍ ഇന്ത്യൻ!

ഒരു വലിയ ജയം, എന്തോ പിടിച്ചടക്കിയ സന്തോഷം, എന്റെ മനസ്സില്‍ തിരതല്ലി. എല്ലം കഴിഞ്ഞ് തുടച്ചു മിനുക്കി എന്നെ വാര്‍ഡിന്റെ ഐ സി യു വിലേക്കു മാറ്റി.  ക്ഷീണം കാരണമോ മനസ്സിന്റെ സമനില തീർത്തും ഇല്ലാതെയായതിന്റെയോ ഭാഗമായി ഞാൻ   എപ്പോഴോ ഉറങ്ങിയത് അറിഞ്ഞില്ല. അർദ്ധബോധാവസ്ഥയിൽ എന്നെ വാർഡിലേക്ക് മാറ്റുന്നതും, ചിര പരിചിതമാ‍യ എന്റെ ചേട്ടത്തിയുടെയും ഭർത്താവിന്റെയും രണ്ടു മുഖങ്ങൾ കോറിഡോറിന്റെ ലൈറ്റിൽ ഞാൻ കണ്ടിരുന്നു.  ബോധം തെളിഞ്ഞിട്ടില്ല.. ഉറങ്ങട്ടെ എന്നു മാത്രം കേട്ടു,  എന്റെ അബോധമനസ്സ്.

വീണ്ടും കണ്ണുതുറന്നപ്പോള്‍ ഒരു പഞ്ഞിക്കെട്ടിൽ പൊതിഞ്ഞ്, ‘കുഞ്ഞിനു പാലു കൊടുക്കാൻ സമയമായി’ എന്നു പറഞ്ഞു എന്റെ കയ്യിൽ ഇടത്തുവശം ചേർത്തു കയ്യിൽ വച്ചുതന്നു. ഈ ലോകം പിടിച്ചടക്കിയ ചക്രവര്‍ത്തിനിയുടെ ഗമയിൽ ഞാൻ കുളിരുകോരി നിന്നു. പെട്ടെന്നെല്ലാം പാടപോലെ മറഞ്ഞു…

കണ്ണുനീരുകൾ ഇറ്റുവീഴുകയാണെന്നു പിന്നീടു മനസ്സിലായി.

2 Comments
  1. Sapna Anu B.George 9 months ago

    കഥകൾ എഴുതാനും വായിക്കാനും ഉള്ള പ്രചോദനങ്ങൾ എല്ലാവർക്കും ഉണ്ടാകട്ടെ

  2. Sathish K. Palet 9 months ago

    ആറ്റുനോറ്റു കാത്തിരുന്ന സ്വപ്നങ്ങളുടെ പിറവിയാണ് ഞാൻ വായിച്ചത്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account