കേട്ടിരുന്നില്ല
അതിനുമുമ്പാ ശബ്ദം
ഓരോ കരിയിലയും
പതുക്കെപ്പതുക്കെ പറന്നുവന്ന്
ഭൂമിയെ തൊടുമ്പോഴുള്ള
നേർത്ത മന്ത്രണം
ഉണങ്ങി വീണുവെങ്കിലും
നീയെനിക്കു പ്രിയപ്പെട്ടതെന്ന
ഒരടക്കം പറച്ചിൽ
മണ്ണു മുകർന്നപ്പോഴുള്ള
ഇലകളുടെ ഇക്കിളിച്ചിരി.
കണ്ടിരുന്നില്ല,
അതിനുമുമ്പാ കാഴ്ച
അവസാനയാത്ര ചൊല്ലി
അടർന്നുവീഴുമ്പോഴും
വീഴ്ചയിലുള്ള ചാരുത
വെയിലിലൊന്നു കുളിച്ചുമിന്നി
നീലാകാശം നോക്കിച്ചിരിച്ച്
ചാഞ്ഞ്, ചെരിഞ്ഞ്,
കമിഴ്ന്ന്, മലർന്ന്
ഒരു നൃത്തം പോലെ
മുകളിൽ, മാനം ചിറകൊതുക്കി
മരങ്ങളിൽ വന്നിരുന്നാക്കാഴ്ച കണ്ടു
താഴെ, ഒന്നുമുരിയാടാനാവാതെ
ശ്വാസമടക്കിപ്പിടിച്ച്
തൊട്ടുതൊട്ട്
ആ അനർഘനിമിഷങ്ങൾക്ക്
ആരോടു നന്ദിപറയണമെന്നറിയാതെ
നമ്മൾ.
-സന്ധ്യ ഇ
സ്വപ്നമോ യാഥാർത്ഥ്യമോ എന്നറിയാത്ത ചിലതുണ്ട്. ചിലപ്പോളത് സംഭവിച്ചിരിക്കാം. അല്ലെങ്കിൽ അങ്ങനെയുണ്ടായെന്ന ശക്തമായ തോന്നൽ വിശ്വസിച്ചു പോകുന്നതുമാവാം. പ്രിയപ്പെട്ട ഒരാൾക്കൊപ്പമുള്ള യാത്രയിൽ കണ്ട, അനുഭവിച്ച, ആസ്വദിച്ച ഈ ദൃശ്യം തോന്നലോ അല്ലേയോ എന്ന് അറിഞ്ഞു കൂടാ. കവിതയിൽ പകർത്താതെ വയ്യ എന്ന ഉൾവിളിയുണ്ടായതിൽ നിന്നും പിറന്ന ഒന്നാണീ വരികൾ.