അതിവൈകാരികത കൊണ്ട് അന്ധമായി പോയിരിക്കുന്നു നമ്മുടെ രാഷ്‌ട്രീയ, സാമൂഹ്യ സാംസ്‌കാരിക മേഖലയത്രയും. ആഴമേറെയുള്ളതും ഗൗരവതരമായ സമീപനം ആവശ്യമായതുമായ ഒട്ടനവധി വിഷയങ്ങളെ കേവലം ഉപരിപ്ലവമാക്കാനും ബാലിശമായ വാദമുഖങ്ങൾ കൊണ്ട് നേരിടാനും ഇപ്പോൾ നാം തയ്യാറാവുന്നത് ഇതേ മെറ്റാ ഇമോഷണൽ നിലപാടുകൾ കൊണ്ടാണ്.

അതിവൈകാരികമായി പ്രശ്‌നങ്ങളെ നേരിടുന്നതിന് ശബരിമലയിലെ ഭക്‌ത കലാപം മുതൽ ആർപ്പോ ആർത്തവം എന്ന തെരുവു നാടകം വരെ ധാരാളം ഉദാഹരണങ്ങൾ നാം കണ്ടു കഴിഞ്ഞു.

ശബരിമല യുവതീ പ്രവേശന വിധിയിലൂടെ സ്‌ത്രീ പുരുഷ സമത്വം എന്ന അത്യുന്നതമായ ഭരണഘടനാ ബാധ്യതയും ഉയർന്ന മാനവികതാ ബോധത്തിന്റെ പ്രതിഫലനവുമാണ് സുപ്രീം കോടതി ലക്ഷ്യം വച്ചത്. എന്നാൽ ആ ആശയത്തെ എത്ര തന്ത്രപരമായാണ് ഭൗതികമായ അശുദ്ധിയിലേക്കും യുക്‌തിരഹിതമായ ആചാരബദ്ധതയിലേക്കും നാം ചുരുക്കി കെട്ടിയത്! കാര്യകാരണങ്ങൾ നിരത്തി വിശകലനം ചെയ്യുകയും സമാധാനപരമായി മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യേണ്ടിയിരുന്ന ഒരു പുരോഗമനാശയത്തെ വൈകാരികമായി നേരിട്ടതിലൂടെ നമുക്കു നഷ്‌ടമായത് സാംസ്‌കാരികമായ കുതിച്ചു ചാട്ടത്തിനുള്ള അവസരമാണ്.

ചുംബന സമരം മുതൽ ആർപ്പോ ആർത്തവം വരെ നടന്ന പ്രകടനപരമായ സമത്വാവകാശ സമരങ്ങൾ യഥാർഥത്തിൽ വിപരീത ഫലമാണ്  സൃഷ്‌ടിച്ചത്. പ്രകടന പരതയായിരുന്നു ഈ പ്രഹസനങ്ങളുടെയെല്ലാം മുഖമുദ്ര. സമൂഹത്തിന്റെ പൊതു ബോധത്തിന് ആഘാതമേൽപിക്കുന്നതിലൂടെ പരിണാമങ്ങൾ സാധ്യമാക്കാം എന്ന ആശയത്തിന്റെ വികലവും അപക്വവുമായ പ്രയോഗം പരിഹാസ്യമായിപ്പോവുന്നതാണ് നാം കണ്ടത്. സ്‌ത്രീകളെ പീഡിപ്പിക്കുന്നത് പുരുഷൻമാരായതിനാൽ എല്ലാ പുരുഷൻമാരും നിന്ദ്യരാണ് എന്ന നിലപാടു സ്വീകരിക്കുന്നതു പോലെ വിചിത്രവും അശ്ലീലവുമാണ് ഇത്തരം പ്രകടനങ്ങൾ.

ആർത്തവം ഏതൊരു സ്‌ത്രീയുടെയും സ്വകാര്യതയാണ്. ഭക്ഷണം പോലെയോ ഉറക്കം പോലെയോ അവളവൾ മാത്രം അറിയേണ്ടുന്ന തീർത്തും സ്വകാര്യമായ ഒരു സംഗതി. അത് അശുദ്ധിയല്ലെന്നും അവൾ മാറ്റി നിർത്തപ്പെടേണ്ടവളല്ല എന്നും പറയുമ്പോൾ തന്നെ അത് തെരുവിൽ വലിച്ചിഴക്കപ്പെടേണ്ടതും പരസ്യമാക്കപ്പെടേണ്ടതുമല്ല എന്നു കൂടി പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് യോനീ രൂപത്തിലുള്ള പ്രവേശന കവാടം അശ്ലീലമാകുന്നത്. സ്‌ത്രീയോ അവളുടെ ശരീരത്തിലെ ഒരു ഭാഗവുമോ അശ്ലീലമല്ല. പക്ഷേ നഗ്നമായ സ്‌ത്രീ ശരീരം പൊതുവേദിയിൽ പ്രദർശിപ്പിക്കുന്നത് തീർച്ചയായും ശ്ലീലവുമല്ല. നാമെല്ലാവരും മൂത്രമൊഴിക്കാറുണ്ടെന്നത് എല്ലാവർക്കും അറിയാമെങ്കിലും ആരും അത് പരസ്യമായി ചെയ്യാറില്ലാത്തതുപോലെ വിവേകപൂർവമായ ചില ത്യാജ്യ ഗ്രാഹ്യ വിവേചനങ്ങൾ കൂടിയേ കഴിയൂ. അതാണ് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ അടയാളം.

വൈകാരികമായി നടത്തുന്ന പ്രതികരണങ്ങൾ പലപ്പോഴും യഥാർഥ പ്രതിരോധങ്ങളെ ദുർബലപ്പെടുത്തുക കൂടി ചെയ്യുന്നു. സുപ്രീം കോടതിയുടെ ശബരിമല വിധി ആർത്തവ സംബന്ധിയായതു പോലെയും കാത്തോലിക്കാ യാക്കോബായ സഭകൾ തമ്മിലുള്ള സ്വത്തു തർക്കം വിശ്വാസ പ്രശ്‌നമായതു പോലെയും യഥാർഥ വില്ലൻമാർ നായകൻമാരാവാനും തെറ്റ് ശരിയാവാനും വേണ്ടിയുള്ള തന്ത്രപരമായ പരിശ്രമങ്ങൾ കൂടിയാണ് അതിവൈകാരികമായ സമരാഭാസങ്ങൾ.

1 Comment
  1. Anil 7 months ago

    Absolutely right

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account