കുറെ ദിവസങ്ങള്‍ക്കു ശേഷമാണ് ഷെയ്ഖ് സായേദിലൂടെ ഒരു യാത്ര പോയത്. കരാമ വരെ ഒന്നു പോകേണ്ടതായുണ്ടായിരുന്നു. ഹിറ്റ് എഫ്എമ്മില്‍ കോവിഡ് വിശേഷങ്ങള്‍… ആര് ജെ വളരെ ആര്‍ജ്ജവത്തോടെ സംസാരിക്കുന്നു. ദുബായില്‍ പുതിയ പുതിയ കാര്യങ്ങള്‍ വരുന്നത്രേ… അതിലൊന്ന് ഡ്രൈവ് ഇന്‍ സിനിമയാണ്. ഓര്‍മ്മകള്‍ ഒരു നാൽപ്പത്തിനാലു വര്‍ഷങ്ങള്‍ പിന്നോട്ടുപോയി. ഡാര് എസ് സലാമിലെ ദിവസങ്ങള്‍… അതില്‍ ഡ്രൈവ് ഇന്‍ സിനിമയും…
ചെറുപ്പത്തിലേതന്നെ ഇരുണ്ടഭൂഖണ്ഡത്തിനോട് വല്ലാത്ത ഒരു മമതയാണ്. അതിലെ ജനവിഭാഗങ്ങളോടും വല്ലാത്ത ഇഷ്ടം. തുടക്കം ഞങ്ങളുടെ വീട്ടിലെ ഔട്ട് ഹൌസായ പടിഞ്ഞാറേ മുറിയില്‍ നിന്നാണ്. ഇന്ദ്രജാല്‍ കോമിക്സ്… ലീ ഫാള്‍ക്ക് എന്നറിയപ്പെട്ടിരുന്ന ലിയോണ്‍ ഹാരിസണ്‍ ഗ്രൌസിന്റെ ഭാവനയില്‍ വിടര്‍ന്ന മനോഹരമായ ഒരു ചിത്രകഥാപാത്രം ഫാന്റം ബാല്യകൌമാരങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. നന്മയുടെ പ്രതീകമാണ് ഫാന്റം. വേതാളം എന്ന് മലയാളതര്ജ്ജമകളില് കണ്ടിട്ടുണ്ടെങ്കിലും എനിക്ക് ഫാന്റം എന്നു വിളിക്കാന്‍ തന്നെയാണ് ഇഷ്ടം. ദുഷ്ടന്മാര്ക്ക് തക്ക ശിക്ഷകള്‍ നല്കി, നന്മയുടെ സന്ദേശങ്ങള്‍ എങ്ങും പരത്തി, ബംഗളാ എന്ന സാങ്കൽപ്പിക ആഫ്രിക്കന്‍ രാജ്യത്തെ ഘോര വനാന്തരത്തില്‍ ആണ് “നടക്കുന്ന ഭൂതം” എന്നറിയപ്പെട്ടിരുന്ന ഫാന്റം വസിക്കുന്നത്. ഫാന്റത്തിനു മരണമില്ല എന്നാണ് പ്രാദേശികമായ വിശ്വാസം. ബംഗളാ പിന്നീട് ഇന്ത്യന്‍ എഡിഷനില്‍ ഡെന്ഗാളി ആയി.
കടല്‍കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട് ബംഗളാ തീരത്ത് എത്തിയ ഒരു ചെറുപ്പക്കാരനാണ് ക്രിസ്റ്റഫര്‍ വാക്കര്‍. ക്രിസ്തുവര്‍ഷം 1536 ല്‍ കടല്‍ കൊള്ളക്കാര്‍ കൊലപ്പെടുത്തിയ സ്വന്തം അച്ഛന്റെ തലയോട്ടി കയ്യിലെടുത്ത് തിന്മകള്ക്ക് എതിരെ താനും തന്റെ വരും തലമുറകളും പടവെട്ടും എന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്യുന്നതോടെയാണ് ആദ്യത്തെ ഫാന്റത്തിന്റെ ഉദയം. ശരീരത്തില്‍ പറ്റിക്കിടക്കുന്ന വസ്ത്രവും, മുഖം മൂടിയും അണിഞ്ഞ ഫാന്റം തിന്മകള്ക്കെതിരെ പടപൊരുതി. തലമുറകളായി ഒരേതരം വേഷമണിഞ്ഞു പൊരുതിയിരുന്നതിനാല് ഫാന്റത്തിന് മരണം ഇല്ല എന്നതാണ് പ്രാദേശികമായ വിശ്വാസം. ഇരുപത്തിഒന്നാമത്തെ ഫാന്റം ആണ് നമ്മുടെ കഥാനായകന്. ബാന്‍ഡാര്‍ എന്ന ഗോത്രത്തിന്റെ കൂടെ ഒരു തലയോട്ടി ഗുഹയില്‍ ആണ് താമസം. ബാന്ഡാറിന്റെ തലവന്‍ ഗുറാന്‍ ആണ് അടുത്ത സുഹൃത്ത്. വിഷം പുരട്ടിയ അമ്പുകള്‍ എയ്യുന്ന തീരെ പൊക്കം കുറഞ്ഞ ജനവിഭാഗമാണ് ബാന്ഡാറുകള്. ഇവര്‍ക്ക് ആകാരം കൊണ്ട് കോന്ഗോ വനാന്തരങ്ങളിലെ പിഗ്മികളോട് സാമ്യം ഉണ്ടെന്ന് പറയാം.
ഫാന്റത്തിന്റെ കുതിര ഹീറോ… ഹീറോയുടെ പുറത്താണ് ഫാന്റത്തിന്റെ സഞ്ചാരം. ഡെവിള്‍ എന്നു പേരുള്ള ഒരു വളര്‍ത്തു ചെന്നായയും എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. ബംഗളായുടെ വനസൈന്യം ജംഗിള്‍ പട്രോളിന്റെ അജ്ഞാതന്‍ ആയ കമ്മാണ്ടര്‍ കൂടിയാണ് ഫാന്റം.
വാമ്പേസി എന്ന ഗോത്രക്കാര്‍ ഫാന്റത്തിന് പ്രിയപ്പെട്ടവരാണ്. കന്നുകാലി വളര്‍ത്തലും പരിപാലനവുമാണ് വാമ്പേസി ഗോത്രക്കാരുടെ പ്രധാന പരിപാടി. ആടു വളര്‍ത്തല്‍ അവര്‍ക്ക് നിഷിദ്ധമാണ്. ലീ ഫാള്ക്കിന്റെ തന്നെ മറ്റൊരു പ്രധാന കഥാപാത്രമായ മാന്‍ഡ്രേക്കിന്റെ സന്തതസഹചാരി, അതിശക്തനായ ലോതര്‍ വാമ്പേസി രാജകുമാരന് ആണ്. മറ്റൊരു ഗോത്രക്കാരാണ് ല്ലോന്ഗോ.. വാമ്പേസി ഗോത്രക്കാരുടെ ആജന്മശതൃക്കള്. ആടു വളര്‍ത്തലാണ് പ്രധാനജോലി. പശുക്കളെ കണ്ടുകൂടാ… ഫാന്റം മികച്ച കായികാഭ്യാസിയും, ലോകനിലവാരത്തിലുള്ള കായികതാരവും ആണ്. ഫാന്റത്തിന്റെ അദ്ധ്യക്ഷതയില്‍ ജംഗിള്‍ ഒളിമ്പിക്സ് നടക്കാറുണ്ട്. വനത്തിന്റെ മക്കള്ക്കുതകുന്ന തരം അതികഠിനമായ മത്സരങ്ങള്‍… മാംസഭോജികളായ പിരാന മത്സ്യങ്ങള്‍ നിറഞ്ഞ സാംബേസി നദിയും ബംഗളായിലൂടെ ഒഴുകുന്നു… നീന്തല്‍ മത്സരം ആ നദിയിലാണ്.
ചുരുക്കിപ്പറഞ്ഞാല്‍ വല്ലാത്ത ഒരു മാന്ത്രികലോകം ആണ് ഫാന്റത്തിന്റെ ലോകം. ഫാന്റത്തിന്റെ ചിത്രകഥകള്‍ ബൈന്‍ഡ് ചെയ്തു വെച്ച വാള്യങ്ങള്‍ ഉണ്ടായിരുന്നു അന്ന് പടിഞ്ഞാറേ മുറിയില്‍. എത്ര വായിച്ചാലും മതിവരില്ല. വായിച്ചുകഴിഞ്ഞ് ആ വാള്യങ്ങള്‍ തലക്കടിയില്‍ വെച്ചു കിടന്ന് ഞാന്‍ സ്വപ്നം കാണും. സ്വയം ഫാന്റം ആയി ഹീറോയുടെ പുറത്തു കയറി ഡെവിളിനോടൊപ്പം കാട്ടിലൂടെ യാത്ര ചെയ്യുന്നതും, തലയോട്ടി സിംഹാസനത്തില്‍ ഇരിക്കുന്നതും, കള്ളന്മാരെയും കൊള്ളക്കാരെയും തലയോട്ടി മോതിരം വെച്ച് ഇടിക്കുന്നതും എല്ലാം എല്ലാം…
ആയിടക്കാണ് അച്ഛന് ആഫ്രിക്കയില്‍ ജോലി ലഭിച്ചത്. ടാങ്കനിക്കയും സാന്‍സിബാറും കൂടിച്ചേര്‍ന്ന് ഉണ്ടായ ടാന്‍സാനിയയില്‍. അവിടുത്തെ ഒരു വിദ്യാലയത്തില്‍ അദ്ധ്യാപകനായിത്തന്നെ. ടാന്‍സാനിയ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങള്‍ മൂന്നും ചേര്‍ന്ന് ഈസ്റ്റ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്ന കാലം. ഈ രാജ്യങ്ങള്‍ക്കിടയില്‍ ആയാണ് നമ്മുടെ പ്രിയപ്പെട്ട ഫാന്റത്തിന്റെ സാങ്കല്‍പ്പിക രാജ്യം ബംഗളായും. ശരിക്കും ടാന്‍സാനിയ തന്നെ ആണ് ബംഗളാ എന്ന് തോന്നിപ്പോകും. അതിനിടയിലാണ് വളരേ സന്തോഷത്തിന് ഇടയാക്കിയ ഒരു കാര്യം അറിഞ്ഞത്… മദ്ധ്യവേനല്‍ അവധിക്ക് ഞങ്ങള്‍ക്കും അഛന്റെ അടുത്ത് പോകാം… യാത്രാടിക്കറ്റ് ടാന്‍സാനിയന്‍ സര്‍ക്കാര്‍ നല്‍കും. ആനന്ദലബ്ധിക്കിനി എന്തു വേണം…
ആഫ്രിക്ക എന്ന ഫാന്റത്തിന്റെ നാട്ടിലേക്ക്… എന്റെ സ്വപ്നലോകത്തേക്ക് ഉള്ള യാത്രയെപ്പറ്റിയുള്ള ചിന്തകള്‍ തന്നെ ആവേശഭരിതം ആയിരുന്നു. നിരവധി ആദ്യാനുഭവങ്ങള്‍ക്ക് ഇടയാക്കി ആഫ്രിക്കയാത്ര എന്നു പറയാതെ വയ്യ. പാസ്സ്പോർട്ട് എടുക്കാന്‍ ഇരിഞ്ഞാലക്കുടയില്‍ നിന്ന് എറണാകുളത്തേക്ക് ആദ്യമായി തീവണ്ടിയില്‍ യാത്ര ചെയ്തത്… കല്‍ക്കരിയുടെ തരികളോ ചാരമോ എന്തൊക്കെയോ കണ്ണിലും വായിലും ഒക്കെപ്പോയെങ്കിലും ആദ്യത്തെ തീവണ്ടിയാത്ര ഒരു നല്ല അനുഭവം തന്നെ ആയിരുന്നു.
ആദ്യത്തെ വിമാനയാത്ര കൊച്ചിയില്‍ നിന്ന് ബോംബെയിലേക്ക്. അന്ന് മുംബൈ ബോംബെ ആണ്. അന്തര്‍ദേശീയ വിമാനങ്ങള്‍ കൊച്ചിയില്‍ നിന്ന് അന്നില്ല തന്നെ. ബോംബെയില്‍ നിന്നാണ് ഡാര്-എസ്-സലാമിലേക്ക് വിമാനം. കൊച്ചിയില്‍ നിന്ന് ബോംബെയ്ക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ചെറിയ വിമാനം ആണ്. ഒരു വരിയില്‍ ഇരുഭാഗത്തും ഈരണ്ട് സീറ്റുകള്‍ വീതം ആകെ നാല് സീറ്റ്. നാലു മണിക്കൂര്‍ യാത്രാസമയം വേണം അന്ന്. കൊച്ചി വിമാനത്താവളം അന്ന് വില്ലിങ്ടൺ ഐലന്റിലെ നേവിയുടെ വിമാനത്താവളം ആണ്.
ബോംബെയില്‍ ഇറങ്ങിയത് വൈകുന്നേരം എതാണ്ട് ആറുമണിയോടെ ആയിരുന്നു. പിറ്റേദിവസം രാവിലെ ആണ് ബോംബെയില്‍ നിന്ന് ഡാറിലേക്കുള്ള വിമാനം… ഈസ്റ്റ് ആഫ്രിക്കന്‍ എയര്‍വേയ്സ്. ഇടക്ക് ധാരാളം സമയം. ഒരു ബന്ധുവും കുടുംബവും സ്വീകരിക്കാന്‍ വന്നിരുന്നു. അവരുടെ വീട് അടുത്തുതന്നെ ആണെന്നും, അവിടെപ്പോയി വിശ്രമിക്കാം എന്നും തീരുമാനമായി. അവിടെയാണ് മറ്റൊരു ആദ്യ അനുഭവം. ടി വി കാണുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണ് സംഭവം. ചെറിയ ഒരു ടി വി… ന്യൂസും, പിന്നെ ചലച്ചിത്രഗാനങ്ങളും എല്ലാം അന്നു കണ്ടു. പിന്നെ നല്ലൊരു ഊണ്. കുറച്ചു നേരം വിശ്രമം. തിരിച്ച് വിമാനത്താവളത്തിലേക്ക്. മുകള്ഭാഗം മഞ്ഞയും, താഴെ കറുപ്പും പെയിന്റ് അടിച്ച ബോംബയുടെ സ്വന്തം ഫിയററ് ടാക്സിയിലാണ് യാത്ര… നാട്ടിലാണെങ്കില്‍ അന്നൊക്കെ അംബാസ്സിഡര്‍ ആണ് ടാക്സി. ഫിയററ് മിക്കവാറും പ്രൈവറ്റ് കാറുകള്‍.
ഈസ്റ്റ് ആഫ്രിക്കന്‍ എയര്‍വേയ്സ് വേറിട്ടൊരു അനുഭവം തന്നെ ആയിരുന്നു അന്ന്. വാതില്ക്കല്തന്നെ നിന്ന് ഒരു ആഫ്രിക്കന്‍ സുന്ദരിയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. കുരുകുരെ ചുരുണ്ടമുടി, മുടിയുടെ ഒരു കുടം തലയില്‍ കമിഴ്ത്തിവെച്ചപോലെ തോന്നും. നല്ല ഉയരം… ഒത്ത ശരീരം, കിറ്റാന്ഗേ എന്നറിയപ്പെടുന്ന ഈസ്റ്റ് ആഫ്രിക്കന്‍ വസ്ത്രം ആണ് വേഷം. ലോതറിന്റെ കാമുകി കാര്മ്മയെപ്പോലെത്തന്നെ… അകത്ത് കയറിയപ്പോള്‍ കൊള്ളാം എന്ന് തോന്നി. ഇളംമഞ്ഞനിറത്തില്‍ മൃഗങ്ങളുടെ ചിത്രങ്ങള്‍ നിറയെ വരച്ചുവെച്ച മനോഹരമായ ക്യാബിന്… ജിറാഫും, സിംഹവും, പുലികളും, സീബ്രയും, മാനുകളും എല്ലാം ഉണ്ട്… കൊച്ചിയില്‍ നിന്ന് ബോംബെയിലേക്ക് വന്ന വിമാനത്തിനേക്കാള്‍ വളരെ വലുപ്പം കൂടുതല്‍. ഇരുഭാഗത്തും മൂന്നു സീറ്റുകള്‍വീതം ഒരു വരിയില്‍ ആറു സീറ്റുകള്‍… കയറിയ ഉടന്കിട്ടിയ പൈനാപ്പിള്‍ ജ്യൂസ് വളരെ ഇഷ്ടപ്പെട്ടു. കെനിയയുടെ തലസ്ഥാനമായ നൈറോബി വഴിയാണ് യാത്ര. ഏതാണ്ട് എട്ടുമണിക്കൂറുകള്‍ എടുത്തു നൈറോബിയില്‍ എത്താന്‍. നൈറോബിയില്‍ കുറെപേര് ഇറങ്ങി, കുറേപേര്‍ കയറി. അടുത്തലക്ഷ്യം കിളിമന്ജാരോ വിമാനത്താവളം.
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതം ആണ് കിളിമന്ജാരോ. ലോകത്തിലെതന്നെയും ഒറ്റയ്ക്ക് നില്ക്കുന്ന പര്‍വ്വതങ്ങളില്‍ ഏറ്റവും ഉയരം കൂടിയത്. യഥാര്‍ത്ഥത്തില്‍ നിഷ്ക്രിയമായ ഒരഗ്നിപര്‍വ്വതം ആണ് കിളിമന്ജാരോ. കിബോ, മവേന്സി, ഷിര എന്നീ പേരുകളുള്ള മൂന്നു ശൃംഗങ്ങളുണ്ട് കിളിമന്ജാരോയില്. ഏറ്റവും ഉയരംകൂടിയത് കിബോ ആണ്. കിളിമന്ജാരോ എന്നാല്‍ “തിളങ്ങുന്ന മല” എന്നാണ് സ്വാഹിലിഭാഷയില്‍ അര്‍ത്ഥം. വിമാനത്തില്‍ നിന്നു നോക്കുമ്പോള്‍ കിളിമന്ജാരോ മുകളില്‍ ഐസിങ്ങുള്ള ഒരു ചോക്ലേറ്റ് കേക്ക് പോലെയാണ് എനിക്കന്ന് തോന്നിയത്. അതിമനോഹരം ആയിരുന്നു ആ കാഴ്ച്ച.
ഡാര്-എസ്-സലാം വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുമ്പോള്‍ കേരളം തന്നെ ആണോ താഴെ എന്ന് ചിന്തിച്ചു പോകും. തെങ്ങ് തിങ്ങിനിറഞ്ഞു വളര്‍ന്നു നില്ക്കുന്ന തെങ്ങിന്തോപ്പുകള് മുകളിലേക്ക് നമ്മളെ സ്വീകരിക്കാന്‍ വരുന്നത് പോലെ തോന്നി, അന്ന്. ഇറങ്ങാന്‍ നേരം എയര്‍ഹോസ്റ്റസ്സുകള്‍ കൈ കൂപ്പി പറഞ്ഞു…”അസാന്റെ സാന..”. “അസാന്റെ” എന്നാല്‍ താങ്ക് യു, “സാന” എന്നാല്‍ വെരി മച്ച്.
അച്ഛനും സുഹൃത്ത് പെഗുമേനോന് എന്നറിയപ്പെട്ടിരുന്ന അങ്കിള്‍ മേനോനും ഞങ്ങളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. “കാപ്പിരികളുടെ നാട്ടില്‍” ഞങ്ങള്‍ അങ്ങിനെ ആദ്യമായി കാലുകുത്തി. എസ് കെ പൊറ്റെക്കാട്ടിന്റെ “കാപ്പിരികളുടെ നാട്ടില്‍” വായിച്ചത് പിന്നീടാണ്… “കാപ്പിരികളുടെ നാട്ടില്‍”, “സിംഹഭൂമി” ഈ രണ്ടു പുസ്തകങ്ങളിലും ടാന്സാനിയയാണ് നല്ലൊരു ഭാഗം. “ദേ നീഗ്രോകള്‍..” എന്നു പറഞ്ഞു തുടങ്ങിയ ഞങ്ങളോട് ആദ്യപാഠമായി ആ വാക്കിവിടെ ഉച്ചരിക്കാന്‍ പോലും പാടില്ല എന്ന താക്കീത് കിട്ടി. മലയാളികള്‍ “കറുമ്പന്മാര്” എന്നാണ് അവരെപ്പറ്റി പറയുമ്പോള്‍ രഹസ്യമായി സൂചിപ്പിക്കുന്നത് എന്നും അങ്കിള്‍ മേനോന് പറഞ്ഞുതന്നു. അതാവുമ്പോള്‍ അവര്‍ക്ക് മനസ്സിലാവില്ലല്ലോ.
ഓഷ്യാനിയ എന്ന് പേരുള്ള ഒരു ആറുനിലക്കെട്ടിടത്തിലാണ് അന്ന് അച്ഛന്റെ താമസം. ഏറ്റവും താഴത്തെ നിലയില്‍, ഒന്നാം നമ്പര്‍ ഫ്ലാറ്റില്‍. കോളാപ്സിബിള്‍ വാതില്‍ ഉള്ള ഒരു ലിഫ്റ്റ് ഉണ്ട് ആ കെട്ടിടത്തില്‍, ഞങ്ങള്‍ക്ക് പക്ഷേ അതിന്റെ ഉപയോഗം ഇല്ല… താഴെത്തന്നെ അല്ലേ. അത് വലിയ നിരാശയായി. ചുറ്റും മനോഹരമായ പൂന്തോട്ടം… മയിലുകള്‍, ആന മുതലായ പലരൂപങ്ങളും വെട്ടി നിര്‍ത്തിയിരിക്കുന്ന മൈലാഞ്ചിച്ചെടികള്‍, പലനിറത്തിലുള്ള അരളികള്‍, മുല്ല, പിച്ചി, വിവിധതരം റോസാപ്പൂക്കള്‍, പുല്‍ത്തകിടി, തണല്‍മരങ്ങള്‍…. വളരേ സുന്ദരം. ഓടിക്കളിക്കാനും, ഒളിച്ചുകളിക്കാനും ഇഷ്ടംപോലെ സ്ഥലം.
നാട്ടില്‍നിന്ന് വ്യത്യസ്തമായ രീതിയെങ്കിലും, ഫ്ലാറ്റിലെ താമസം ആകപ്പാടെ ഇഷ്ടപ്പെട്ടു. നല്ലൊരു ഭാഗം കടപ്പുറത്തിനു സമാന്തരമായി കിടക്കുന്ന ഓഷ്യന്‍ റോഡിലാണ് ഓഷ്യാനിയ. വളരെ അടുത്തായി അതിമനോഹരമായ, വിശാലമായ ബീച്ച് ആണ്. ഇന്ത്യന്‍ മഹാസമുദ്രം അതിന്റെ എല്ലാ മനോഹാരിതയോടും കൂടി നീണ്ടു പരന്നു കിടക്കുന്നത് കാണാം. ഓഷ്യന്‍ റോഡിന്റെ ഒരറ്റത്താണ് ടാന്‍സാനിയന്‍ പ്രസിഡന്റിന്റെ സ്റ്റേറ്റ്ഹൌസ്. ഏറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന, “മ്വാലിമു” എന്ന് ടാന്‍സാനിയന്‍ ജനത സ്നേഹത്തോടെ വിളിച്ചിരുന്ന ജൂലിയസ് ന്യെരേര ആയിരുന്നു അന്നത്തെ ടാന്‍സാനിയന്‍ പ്രസിഡന്റ്. “മ്വാലിമു” എന്നാല്‍ അദ്ധ്യാപകന് എന്നാണ് സ്വാഹിലിയില്‍ അര്‍ത്ഥം. ഡാര്-എസ്-സലാമില്‍ നിന്ന് ഏതാണ്ട് ഇരുപതുകിലോമീറ്ററുകള് അകലെയുള്ള പുഗു എന്ന ഒരു ഗ്രാമത്തിലാണ് മ്വാലിമു ന്യെരേര അദ്ധ്യാപകന് ആയിരുന്നത് എന്നാണ് കേട്ടിട്ടുള്ളത്. അവിടെത്തന്നെയാണ് അങ്കിള്‍ മേനോനും പഠിപ്പിച്ചിരുന്നതും… അങ്ങേര്‍ക്ക് പുഗു മേനോന് എന്ന പേരു കിട്ടിയതും അങ്ങിനെ തന്നെ.
ഓഷ്യാനിയയില്‍ പ്രധാനകെട്ടിടത്തിന് പുറകിലായി കാര്‍ഷെഡ് ആണ്. അക്കാലത്തെ മുന്തിയതരം കാറുകള്‍ നിരന്നുകിടക്കുന്നത് കാണാം. അതുവരെ അംബാസ്സിഡറും, ഫിയറ്റും മാത്രം കണ്ട ഞങ്ങള്‍ക്ക് അതും ഒരു വലിയ കൌതുകം ആയിരുന്നു. ലോകത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളും, അവരുടെയെല്ലാം അക്കാലത്തെ മുന്തിയ മോഡലുകളും ഞങ്ങള്‍ക്ക് ഇതോടെ പരിചിതമായി. അച്ഛന് അന്നൊരു വെസ്പ സ്കൂട്ടര്‍ ആയിരുന്നു. കാര്‍ഷെഡ്ഡിനോട് ചേര്‍ന്നുള്ള ഒരു കൊച്ചുവീട്ടിലായിരുന്നു തോട്ടക്കാരനും, അയാളുടെ കുടുംബവും താമസിച്ചിരുന്നത്. അധികം സംസാരിക്കാത്ത ഒരു വന്ദ്യവയോദികന്‍ ആയിരുന്നു “ഗാര്‍ഡനര്‍” എന്ന് ഞങ്ങള്‍ വിളിക്കാറുള്ള തോട്ടക്കാരന്. എണ്‍പത് വയസ്സിനു മീതെക്കാണും പ്രായം. എപ്പോഴും തോട്ടത്തില്‍ എന്തെങ്കിലും ഒക്കെ പണിയായി നടക്കുന്നത് കാണാം. ഞങ്ങള്‍ക്ക് പലപ്പോഴും മാലകെട്ടാനായി പിച്ചിപ്പൂവും, മുല്ലപ്പൂവും മറ്റും പറിച്ചുതരാറുണ്ട് ആ പാവം മനുഷ്യന്. അങ്ങേരുടെ മക്കളും, മക്കളുടെ മക്കളും ഒക്കെ ആയി പല പ്രായത്തിലുള്ള ഒരുപാടു പേര് ആ കൊച്ചുവീട്ടില്‍ അന്ന് താമസിച്ചിരിന്നു.
ഞങ്ങളുടെ തൊട്ടുമുകളില്‍ ഒരു തദ്ദേശീയൻ ഡോക്റ്ററും കുടുംബവും ആണ് താമസം. അങ്ങേരുടെ പേര് ഒരു മലയാളിപ്പേരുപോലെ തന്നെ… കുട്ട. ഡോക്റ്റര്‍ കുട്ട ലണ്ടനില്‍ ഒക്കെപ്പോയി പഠിച്ച ആളാണ്. ഭാര്യ ഒരു ഇംഗ്ലീഷുകാരി മദാമ്മ. അവര്‍ ഒരു നഴ്സ് ആണ്. ഡോക്റ്റര്‍ – നഴ്സ് പ്രേമവിവാഹം ആകണം. കറുത്ത് മെലിഞ്ഞു പൊക്കത്തില്‍ ഉള്ള ഒരു യഥാര്‍ത്ഥ ആഫ്രിക്കക്കാരനാണ് ഡോക്റ്റര്‍ കുട്ട. ലേശം കഷണ്ടികയറിത്തുടങ്ങിയ തല. പറ്റെയുള്ള ആഫ്രിക്കന്‍ ചുരുള്‍മുടി. ഒരു കട്ടിക്കണ്ണട.. എപ്പോഴും കോട്ടും സ്യൂട്ടും ആണ് വേഷം. ഭാര്യ മദാമ്മ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള തലമുടിയുള്ള ഒരു സുന്ദരി. മിക്കവാറും യൂണിഫോര്മില് ആയിരിക്കും, വെള്ള ഫ്രോക്കും വെള്ള തൊപ്പിയും.. ജോലിക്ക് പോക്കും വരവും ഒരു മോപെഡില്‍ ആണ്. ഡോക്റ്റര്‍ കുട്ടക്ക് ഒരു ടൊയോട്ട കാറാണ്. രണ്ടു മക്കള്‍… ചെറിയ കുട്ടികള്‍, മൂത്തത് പെണ്‍കുട്ടി, സലാഡി കുട്ട… അഞ്ചോ ആറോ വയസ്സുകാണും, താഴെ ആണ്‍കുട്ടി, ഷോബി കുട്ട… മൂന്നു വയസ്സുകാരന്. കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും ആഫ്രിക്കന്‍ മുഖരൂപമാണ്. മുടിയും അതുപോലെ തന്നെ ചുരുണ്ടതും. നിറം അമ്മയുടേത്. മുടി സ്വര്‍ണ്ണവര്‍ണ്ണം.. രാത്രി വഴിവിളക്കിന്റെ കീഴില്‍നിന്ന് ഈയാന്പാറ്റകളെ ശേഖരിക്കാന്‍ മത്സരിക്കാറുണ്ട് ഈ കുട്ടികള്‍. അവര്‍ അതിനെ വറുത്തുതിന്നും എന്ന് പറഞ്ഞു തന്നത് അച്ഛന്റെ സുഹൃത്ത് അങ്കിള്‍ രാജനാണ്.
ഏറ്റവും മുകളിലെ നിലയിലെ രണ്ടു ഫ്ലാറ്റുകളും ഒന്നാക്കി അതിലാണ് കെട്ടിടത്തിന്റെ ഉടമസ്ഥന് താമസം. ഒരു ഇന്ത്യക്കാരന്, വലിയ ഒരു കച്ചവടക്കാരന്. ഭാര്യ മദാമ്മ. വേറെയും ഇന്ത്യന്കുടുംബങ്ങള് അതിലുണ്ട്. ജര്‍മന്‍, സിറിയന്‍ എംബസികളിലെ ജോലിക്കാരും അന്ന് ഓഷ്യാനിയയില്‍ താമസമുണ്ട്.
നാട്ടില്‍ വീട്ടിലൊക്കെ പാചകത്തിനും മറ്റു പണികള്‍ക്കും സ്ത്രീകള്‍ ആണ് സഹായികള്‍ ആയി കണ്ടു പരിചയം. അമ്മുമ്മയുടെ സഹായികള്‍ ആയി ശ്രീദേവിചേച്ചി, ഭാര്‍ഗവിഅമ്മ മുതലായവര്‍ ആയിരുന്നു. ഓഷ്യാനിയയില്‍ സഹായത്തിന് വന്നിരുന്നത് ആണുങ്ങളാണ്. പലപ്പോഴായി ഉണ്ടായിരുന്നവരുടെ പേരുകള്‍… ഒനാണ്ട ന്യാമ്പോച്ചി, ഏലിയാസ് മഹാക്കി, ജുമാ രമദാനി… ഇവരെല്ലാം വളരെ ഭംഗിയായി കേരളീയരീതിയില്‍ പാചകം ചെയ്യും എന്നതാണ് ഏറ്റവും രസം. സാമ്പാറും, അവിയലും, കാളനും, ഓലനും, എരിശ്ശേരിയും എന്ന് വേണ്ട, അച്ചാറുകളും, പുളീഞ്ചിയും അടക്കം എല്ലാത്തരം മലയാള വിഭവങ്ങളുടെയും ശമയല്‍ അവര്‍ക്ക് ഹൃദിസ്ഥം. കോഴിയായാലും ശരി, മീനായാലും ശരി… നമ്മുടെ രീതിയില്‍ തന്നെ പാചകം ചെയ്യും. വീട് വൃത്തിയായി അടിച്ചുവാരിത്തുടക്കും. തുണിയെല്ലാം ഭംഗിയായി അലക്കി, ഉണക്കി, ഇസ്തിരി ഇട്ടു വെക്കും.
സ്വാഹിലിയില്‍ ഞങ്ങളുടെ ആദ്യഗുരു ഒനാണ്ടയാണ്. തമ്മില്‍ കാണുമ്പോള്‍ ഉള്ള ഉപചാരപ്രകടനങ്ങള് ആണ് ആദ്യപാഠം. “ജാംബോ” എന്നാല്‍ ആംഗലേയത്തിലെ “ഹലോ” ആണ്. അതാണ് ആദ്യം പറയുക. പിന്നെ “ഹബാരി?”… എന്നുവെച്ചാല്‍ “എന്തുണ്ട് വിശേഷം?”. ഉത്തരം സാധാരണ “മുസ്സൂരി”…. അര്‍ത്ഥം “നന്നായി ഇരിക്കുന്നു…” അല്ലെങ്കില്‍ “വളരേ നല്ലത്” എന്നര്‍ത്ഥത്തില്‍ “മുസ്സൂരി സാന”… ഗാര്‍ഡനര്‍ പൂ പൊട്ടിച്ചുതരുമ്പോള് ഞങ്ങള്‍ പറയും.. “അസാന്റെ സാന..”. പ്രായമുള്ളവരെ ബഹുമാനിച്ചു പറയുന്നതാണ് “ഷീക്കാമൂ..”, പാദങ്ങളില്‍ നമിക്കുന്നു എന്നര്‍ത്ഥം. മറുപടിയായി “വെല്‍കം” എന്ന് ആംഗലേയത്തില്‍ അര്‍ത്ഥമുള്ള “മാര്ഹാബ” എന്നു പറയും. അറബിയില്‍ നിന്ന് വന്നതാണ് മാര്ഹാബ. “ബ്വാന” എന്നാല്‍ ബഹുമാനത്തിനു വിളിക്കുന്നതാണ്. ആംഗലേയത്തിലെ മിസ്റ്റർ പോലെ.
പൊതുവേ ടാന്സാനിയക്കാര് ഫുട്ബാള്‍ ഭ്രാന്തന്മാര് ആണ്… ഞാന്‍ നേരിട്ടിത് അറിഞ്ഞത് എലിയാസില് കൂടിയാണ്. ഏലിയാസും ഒരു ഫുട്ബോള്‍ ഭ്രാന്തന് ആയിരുന്നു. ടാന്‍സാനിയന്‍ പ്രീമിയര്‍ ലീഗ് നടക്കുന്ന സമയം… രണ്ടു പ്രശസ്ത ടീമുകള്‍ തമ്മിലാണ് ഫൈനല്‍. സിംബയും, യോന്ഗ എന്ന് ഏലിയാസ് വിളിക്കുന്ന യംഗ് ആഫ്രിക്കന്‍സ് എസ്.സി യും തമ്മില്‍. ഏലിയാസ് യോന്ഗയുടെ ആളാണ്. ഒരു കൊച്ചു ട്രാന്‍സിസ്റ്ററും വെച്ചു പിന്നിലെ കോണിപ്പടികളില്‍ ഇരുന്ന് ദൃക്സാക്ഷി വിവരണം മുഴുവന്‍ കേള്‍ക്കും. വാശിയേറിയ മത്സരം… അവസാനം സിംബ ജയിച്ചു. കൊച്ചുകുട്ടികളെപ്പോലെ വാവിട്ടു കരയുന്ന ഏലിയാസിനെ ഞാന്‍ അത്ഭുതത്തോടെ വായും പൊളിച്ചു നോക്കി നിന്നു. മാന്‍ഡ്രേക്കിന്റെ ലോതറിനെപ്പോലെ ഒരു ഒത്തമനുഷ്യനായിരുന്നു ഏലിയാസ്. മുള കീറുന്നതുപോലെ പൊട്ടിപ്പൊട്ടിക്കരയുന്നു.. എന്തിനാ? പന്തുകളിയില്‍ യോന്ഗ തോറ്റതിന്… വല്ലാത്ത നിഷ്കളങ്കര്‍…
ആഫ്രിക്ക ദിനങ്ങള്‍ ഭക്ഷണസമൃദ്ധം ആയിരുന്നു. നാട്ടിലെ വീട്ടില്‍ കോഴിയും, മീനുമൊക്കെ വല്ലപ്പോഴും ഉള്ള സംഭവം ആണ് അന്നൊക്കെ. ഇവിടെ നേരെ മറിച്ചാണ്. അച്ഛന് പഠിപ്പിച്ചിരുന്ന സ്കൂളില്‍ കോഴിവളര്‍ത്തല്‍ ഉണ്ടായിരുന്നത് കൊണ്ട് ഇഷ്ടം പോലെ സംഭവം കിട്ടും. പുറത്തു പോയാലും കുശാല്‍. നാട്ടില്‍ അക്കാലത്ത് നിര്‍ത്തലാക്കിയിരുന്ന കൊക്കകോളയും, ഫാന്റയും എല്ലാം യധേഷ്ടം. ഫിന്ഗര് ചിപ്സ്, കബാബ് മുതലായവരെയും പരിചയപ്പെട്ടു. പഴം പച്ചക്കറി ചന്തയില്‍ പോയാല്‍ അതെല്ലാം ഇഷ്ടം പോലെ. ഓറഞ്ചും മറ്റും കൂടയായി ആണ് കിട്ടുക. അച്ഛന്റെ ഒരു സുഹൃത്തിന്റെ കുടുംബവും അക്കാലത്ത് നാട്ടില്‍ നിന്ന് വന്നിരുന്നു. ഏറ്റവും ചെറിയ മകന്, അന്ന് അഞ്ചോ ആറോ വയസ്സു മാത്രംകാണും.. ഒരു ദിവസ്സം ഊണൊക്കെക്കഴിഞ്ഞു കിടക്കയില്‍ മലര്‍ന്നു കിടന്ന് മുകളില്‍ നോക്കി ആത്മഗതമായി മൊഴിഞ്ഞത്രേ… ”കിത്നാ സുഖ് ഹേയ്..” എന്ന്. മലയാളി എങ്കിലും ഉത്തരേന്ത്യയില്‍ ജനിച്ചുവളര്‍ന്നതുകൊണ്ട് മൂപ്പര്‍ക്ക് ഹിന്ദി ആയിരുന്നു അന്ന് കൂടുതല്‍ വഴങ്ങുന്നത്. അതുതന്നെ ഞങ്ങളുടേയും കാര്യം…. ”കിത്നാ സുഖ് ഹേയ്..”. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഉത്സവകാലം. അവധിക്കാലം ആയതുകൊണ്ട് പഠിക്കാനും ഇല്ല.
മലയാളികുടുംബങ്ങള്‍ ധാരാളം ഉണ്ടായിരുന്നു അന്ന് ഡാറില്‍. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സുഹൃത് സന്ദര്‍ശനങ്ങള്‍ പതിവായിരുന്നു. അങ്കിള്‍ മാധവന്റെ വീട്ടിലേക്കുള്ള യാത്രകള്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരം. മകള്‍ മീനു ഞങ്ങളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരി ആയിരുന്നു. വിച്ചി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന മീനുവിന്റെ അമ്മ ഒരു പാചക വിദഗ്ദ്ധ തന്നെ. വിവിധതരം പുഡിങ്ങുകൾ, കേയ്ക്കുകള്‍ മുതലായവയുടെ രുചി ഞങ്ങള്‍ ആദ്യമായി അറിയുന്നത് വിച്ചിയുടെ പാചകത്തില്‍ നിന്നാണ്. അങ്കിള്‍ മാധവന്റെ വീട്ടിലെ ഏറ്റവും ആകര്‍ഷണം അവിടുത്തെ മിനി പ്രൊജക്റ്റർ ആയിരുന്നു.. അതുപയോഗിച്ച് ചെറിയ സ്ക്രീനില്‍ ഞങ്ങള്‍ സിനിമകള്‍ കാണും. ചാര്‍ലി ചാപ്ലിന്റെയും, ലാറല്‍ ആന്‍ഡ് ഹാര്ഡിയുടേയും സിനിമകളുടെ വലിയൊരു ശേഖരം ഉണ്ടായിരുന്നു അവിടെ. കൂടാതെ ഡിസ്നിയുടെ കാര്‍ട്ടൂണുകളും. ഞങ്ങള്‍ക്കന്ന് അതൊരു വല്ലാത്ത അത്ഭുതലോകം തന്നെ ആയിരുന്നു.
അങ്കിള്‍ മാധവന്റെ കൂടെയാണ് ഞങ്ങള്‍ നേരത്തെ പറഞ്ഞ “ഡ്രൈവ് ഇന്‍ സിനിമ”ക്കു പോകുക. കാറില്‍ ഇരുന്നു തന്നെ നമുക്ക് സിനിമ കാണാം. വലിയൊരു ഗ്രൌണ്ടിന്റെ ഒരറ്റത്ത് വലിയ ഒരു സ്ക്രീന്‍…. ഇടയ്ക്കിടയ്ക്ക് സ്പീക്കര്‍ തൂക്കിയിട്ടിരിക്കുന്ന പോസ്റ്റുകള്‍ കുത്തിനാട്ടിവെച്ചിരിക്കുന്നു. അതിനടുത്ത് പാര്‍ക്ക് ചെയ്ത് സ്പീക്കര്‍ കാറിന്റെ ഉള്ളിലേക്ക് എടുത്തുവെച്ചാല്‍ കാറില്‍ ഇരുന്നുതന്നെ സുഖമായി സിനിമ കാണാം. ഒന്നു രണ്ട് ജെയിംസ് ബോണ്ട് സിനിമകള്‍, കുറെ ഇംഗ്ലീഷ് ആക്ഷന്‍ ത്രില്ലറുകള്‍, സ്നോവൈറ്റിന്റെയും ഏഴു കുള്ളന്മാരുടെയും കാര്‍ട്ടൂണ്‍കഥ എന്നിവ ഡ്രൈവ് ഇന്‍ സിനിമയില്‍ കാണാന്‍ സാധിച്ചു.
ഇതിനിടെ പല പല ഗെയിംപാര്ക്കുകളിലേക്കും പോകാന്‍ ഉള്ള അവസരം കിട്ടി. മികൂമി നാഷണല്‍ പാര്‍ക്ക്, ലേയ്ക്ക് മന്യാര നാഷണല്‍ പാര്‍ക്ക്, Ngorongoro ക്രേറ്റര്‍ ഇങ്ങിനെ സാമാന്യം നീണ്ട ലിസ്റ്റാണ്. Ngorongoro -യിലേക്കുള്ള യാത്ര എസ് കെ പൊറ്റെക്കാട്ടിന്റെ സിംഹഭൂമിയിലേക്കുള്ള യാത്ര തന്നെ.. ലേയ്ക്ക് മന്യാര വഴി… ലേയ്ക്ക് മന്യാരയിലാണ് മരത്തില്‍ കയറുന്ന സിംഹങ്ങള്‍. സ്ലീപിംഗ് സിക്ക്നെസ്സ് ഉണ്ടാക്കുന്ന Tsetse ഈച്ചകളുടെ വിഹാരരംഗമാണ് മന്യാര തടാകം. ഇവയുടെ കടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പാവം സിംഹങ്ങള്‍ മരത്തിന്റെ മുകളില്‍ കയറിക്കിടക്കുന്നത്. താഴെനിന്ന് നോക്കുമ്പോള്‍ നമുക്ക് കുരങ്ങന്മാര് മരത്തില്‍ കിടക്കുന്നത് പോലെ തോന്നും. Ngorongoro നിഷ്ക്രിയമായ ഒരഗ്നിപര്‍വതത്തിന്റെ ക്രേറ്റര്‍ ആണ്. മോഷി, അരൂഷ പട്ടണങ്ങള്‍ വഴിയാണ് യാത്ര. മോഷി കിളിമന്ജാരോയുടെ അടിവാരത്തില്‍ ഉള്ള ഒരു കൊച്ചു പട്ടണം ആണ്. മസായി ഗോത്രക്കാരുടെ ഗ്രാമങ്ങളിലൂടെയാണ് യാത്ര കേട്ടോ. ധീരരായ മസായി യോദ്ധാക്കളെയും മസായിത്തരുണികളേയും വഴിനീളെ കാണാം. ദൈവം തലകീഴായി കുഴിച്ചിട്ടു എന്നു പറയുന്ന ബഓബ മരങ്ങളും നിറയെക്കാണാം. ന്ഗോറൊന്ഗോറോയില് വെച്ചാണ് ഞാന്‍ സീബ്രയുടെ ഇറച്ചി കഴിക്കുന്നത്. സീബ്രാ സ്റ്റീക്കും സ്മാഷ്ഡ് പൊട്ടാറ്റോയും… ബീഫ് പോലെയാണ് തോന്നിയത്.
വല്ലാത്ത ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്മ്മകളാണെനിക്കെന്നും ആഫ്രിക്കന്‍ ഓര്‍മ്മകള്‍. മടങ്ങി നാട്ടിലെത്തിയതിനു ശേഷം സ്കൂളിലെ കയ്യെഴുത്തു മാസികയ്ക്കായി “എന്റെ ആഫ്രിക്ക യാത്ര” എന്ന പേരില്‍ ഒരു കൊച്ചു യാത്രാവിവരണം എഴുതിയിരുന്നു. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഈയിടെ ഞാനും ഇളയമകള്‍ ലക്ഷ്മിപ്രിയ എന്ന വാവയും കൂടി ടാന്സാനിയക്ക് വീണ്ടും ഒരു യാത്രപോയി. മലാവിയില്‍ നിന്ന് പ്രിയസുഹൃത്ത് പ്രേംകുമാറും കുടുംബവും കൂടെച്ചേര്‍ന്നു… ഒരുപാട് “അസാന്റെ സാന” കള്‍ വീണ്ടും ഞാന്‍ കേട്ടു… ആ യാത്രയെപ്പറ്റി പിന്നീട്…
അസാന്റെ സാന…..!!!