പണ്ടുകാലങ്ങളില്‍ വീടിന്‍റെ പിന്നാമ്പുറങ്ങളില്‍ ഉമിക്കരി ഇട്ടുവച്ച പാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടിരുന്നു. കാലക്രമേണ ആ പാത്രം പിന്നാമ്പുറങ്ങളില്‍നിന്ന് അപ്രത്യക്ഷമായി. നമ്മുടെ ശീലം ടൂത്ത് പൗഡറുകളിലേക്കും ടൂത്ത് പേസ്റ്റിലേക്കും മാറിയിരുന്നു. ആധുനികതയുടെ കൂട്ടിപ്പിടുത്തത്തില്‍ ഉമിക്കരി മറഞ്ഞില്ലാതായത് നമ്മെ ബാധിച്ചില്ല, എങ്കിലും പല്ലുതേക്കുന്ന ശീലം മാറിയിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ശീലം നിലനില്‍ക്കെ ആ ശീലത്തിന്മേല്‍ ആധുനിക സംസ്കാരം കയറിപ്പിടിച്ചത് നമ്മെ ബാധിക്കാതിരുന്നതാണ് ഇപ്പോള്‍ വല്ലപ്പോഴും നൊസ്റ്റാള്‍ജിയയായി മാത്രം ഓര്‍മ്മിക്കുന്ന പഴയ ഉമിക്കരി പാത്രം.

നവോത്ഥാന കാലഘട്ടത്തില്‍ ജാതി എന്ന സാമൂഹിക ദുരാചാരം ഇല്ലാതാക്കുവാന്‍ നിരവധി നീക്കങ്ങളുണ്ടായെങ്കിലും ദളിത് ആദിവാസി വിഭാഗങ്ങളുടെ കൈവശമുണ്ടായിരുന്ന ദൈവങ്ങള്‍ കൂടി ബ്രാഹ്മണവത്കരിക്കപ്പെടുകയാണ് ഉണ്ടായത്. അതിനാല്‍ തന്നെ പൂ ഹോയ് വിളികള്‍ ഇല്ലാതായതും, കഴുത്തില്‍ തുപ്പല്‍പ്പാത്രം കെട്ടിയിട്ട് വഴിനടന്നിരുന്ന ജനങ്ങളെ കാണാനില്ലാതായതും, വഴിനടക്കുമ്പോള്‍ താന്‍ അശുദ്ധമാക്കിയ പാത വൃത്തിയാക്കുവാന്‍ അരയില്‍ ചൂല്‍കെട്ടി നടക്കേണ്ട ഗതികേടില്‍നിന്ന് ദളിത് ജനത രക്ഷപ്രാപിച്ചതുമൊക്കെ ജാതിനിര്‍മ്മാര്‍ജനമായി പൊതുജനം കണക്കാക്കി. അതുകൊണ്ടുതന്നെ വിചക്ഷണര്‍ എന്നു ഗണിക്കപ്പെടുന്നവര്‍ തന്നെ കേരളത്തില്‍ ജാതിയുണ്ടോ എന്ന് സംശയിക്കുവാനും ജാതി ഉണ്ട് എന്ന് അവകാശപ്പെടാന്‍ പണിപ്പെടുന്ന ന്യായീകരണ തൊഴിലാളികളായി ദളിത് വിഭാഗത്തെ സംശയത്തോടെ വീക്ഷിക്കുവാനും തുടങ്ങി.

യഥാര്‍ത്ഥത്തില്‍ ജാതി പഴയതിനേക്കാള്‍ പ്രബലമായി നിലവില്‍ ഉണ്ട് എന്നും പഴയ ഉമിക്കരിപാത്രം ടൂത്ത് പേസ്റ്റിലേക്കു മാറിയതുപോലെ ജാതിയും ഡിജിറ്റലായി തന്നെ ആധുനികവതത്കരിക്കപ്പെട്ടു എന്നതുമാണ് വാസ്തവം. പണ്ട് നേരിട്ട് പ്രകടമായിരുന്ന പല കാര്യങ്ങളും ഇന്ന് ബൗദ്ധികതയുടെ പരിവേഷത്തില്‍ പൊതിഞ്ഞു മറയ്ക്കപ്പെട്ടു എന്നതാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായത്. അതിലേക്ക് പൗരാണികതയുടെ പരിവേഷംകൂടി ചേരുമ്പോഴാണ് ജാതി അധികാരരൂപമായി വളര്‍ന്നതിന്‍റെ ഭീകരത നമുക്ക് മനസ്സിലാവുകയുള്ളു. വടയമ്പാടിയിലും, അനുഗ്രഹീത കലാകാരന്‍ അശാന്തന്‍ മാഷിന്‍റെ മൃതദേഹത്തോടു കാണിച്ച അനാദരവിലും ബൗദ്ധികതയ്ക്കൊപ്പം തന്ത്രിഭാഷ്യമെന്ന പൗരാണികതയും കൃത്യമായ അളവില്‍ ചേര്‍ത്തപ്പോള്‍ ജാതിഭീകരത അത്രവലിയ കാര്യമല്ലാതായി കേരളത്തിന് കൂട്ടിവായിക്കുവാന്‍ സാധിച്ചു.

ആത്‌മീയത ഒരു വിശപ്പുതന്നെയാണ്. എനിക്കോ, വായനക്കാരില്‍ പലര്‍ക്കുമോ അതില്ലാതെ ജീവിക്കാം. എന്നാല്‍ മൊത്തത്തില്‍ ഒരു സമൂഹത്തിന് ആ വിശപ്പില്ലാതെ മുന്നോട്ടു നീങ്ങുക അസാധ്യമാണ്. എന്നാല്‍ അത് മറ്റുജീവിതങ്ങളെക്കൂടി അസഹ്യതപ്പെടുത്തുമ്പോള്‍ അവരുടെ സാംസ്കാരിക കര്‍മ്മമേഖലകളില്‍ വിഘാതമാകുമ്പോള്‍ ഒരു ജനാധിപത്യ വ്യവസ്ഥയിൽ  കെട്ടിപ്പെടുക്കപ്പെട്ടതെന്ന് പരക്കെ പറഞ്ഞുപരത്തിയ പൗരസമൂഹത്തില്‍ നിരവധിപേര്‍ക്ക് നഷ്‌ടമാകുന്നത് അവരവരുടെ ആത്‌മാഭിമാനമാണ്. ജൂലിയസ് സീസര്‍ എന്ന ഏകാധിപതിയെ (എല്ലാവര്‍ക്കും അദ്ദേഹം ഏകാധിപതിയായിരുന്നില്ല എന്നതും കൂട്ടിവായിക്കേണ്ടതുണ്ട്) ഇല്ലാതാക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയ ഗൂഢസംഘം അതിനു പൊതുജന പിന്തുണ കിട്ടുവാന്‍ വേണ്ടി ബ്രൂട്ടസ് എന്ന ജനാധിപത്യവാദിയെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുന്നുണ്ട്. ബ്രൂട്ടസ് ആണ് കൊല്ലുന്നതെങ്കില്‍ ജൂലിയസ് സീസറിന്‍റേത് നീചമായ കൊല ആകുന്നില്ല, മറിച്ച് നീതീകരിക്കപ്പെടേണ്ട ജനാധിപത്യ കടമയായി ജനം സ്വീകരിക്കുമെന്ന് കൊലയാളി സംഘം കണക്കുകൂട്ടുന്നു. തന്ത്രി ഭാഷ്യങ്ങള്‍ അത്തരം കര്‍ത്തവ്യമാണ് ഇപ്പോള്‍ ഏറ്റെടുത്തു ചെയ്യുന്നത്. നിസ്സഹായരായ ജനങ്ങളെ, ഒരുകാലത്തു സ്വന്തമായിരുന്ന ദൈവങ്ങളെതന്നെ, മറുവശത്തു നിര്‍ത്തി പ്രതിരോധിക്കയും അതു തെറ്റല്ല എന്ന തോന്നല്‍ അവരില്‍ ഉളവാക്കിക്കുകയും ചെയ്യുന്നു. രാമായണം സീരിയലില്‍ക്കൂടി, മഹാഭാരതം സീരിയലില്‍കൂടി, ഗംഗാ സോപ്പിന്‍റെ പരസ്യത്തില്‍കൂടി ചില ബിംബങ്ങള്‍ ഐതിഹാസികങ്ങളെന്ന് തലച്ചോറില്‍ ഉറപ്പിച്ചശേഷം ചെയ്യുന്ന ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമല്ലാതാകുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതല്ലെന്നുമുള്ള ശരിബോധം ഉറയ്ക്കുന്നത് അത്തരം തീരുമാനങ്ങളിലൂടെയാണ്.

അശാന്തന്‍ മാഷ് എന്ന അനുഗ്രഹീത കലാകാരന്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു എന്നുള്ളത് കേരളത്തിന്‍റെ ‘കലാസമൂഹം’ തിരിച്ചറിഞ്ഞതുതന്നെ അദ്ദേഹത്തിന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുവാന്‍ സാധ്യമായതുകൊണ്ടു മാത്രമാണ്. ചിലര്‍ അറിയപ്പെടുന്നത്, ഉയര്‍ത്തപ്പെടുന്നത് മരണശേഷമോ കര്‍മ്മമേഖലയില്‍നിന്ന് വിടവാങ്ങിക്കഴിഞ്ഞോ ആണ്. ജെ.സി. ഡാനിയല്‍ കൂടുതലായി വായിക്കപ്പെട്ടതും ആദരിക്കപ്പെട്ടതും മരണശേഷമാണ്. പി.കെ. റോസി കലാഭൂമികയിലേക്കു മടങ്ങിയെത്തിയത് ബഹിഷ്കൃതയായ ശേഷം ദളിത് സമൂഹം തിരിച്ചുപിടിച്ചതുകൊണ്ടുമാത്രമാണ്. ചിത്രകാരന്‍ അശാന്തന്‍ മാഷും ഏതാണ്ട് അത്തരത്തില്‍ ആവുമെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വ്യക്‌തമാക്കുന്നത്.

എന്തുകൊണ്ടാണ് ജനാധിപത്യവ്യവസ്ഥിതിയില്‍ ഇത്തരം ഒഴിവാക്കലുകള്‍ ഉണ്ടാകുന്നത്? ജീവിച്ചിരിക്കുമ്പോള്‍ വേണ്ടത്ര അര്‍ഹത കിട്ടാതെ പോയ ഒരു കലാകാരന് വിടവാങ്ങുമ്പോഴെങ്കിലും ആദരവ് നല്‍കണമെന്ന ബോധത്തിനുമപ്പുറം മതവും ജാതിയും ഇവിടെ പ്രസ്ഥാനങ്ങളായി വലുതാകുന്നത് എന്തുകൊണ്ട്? മതം ഒരു പൊളിറ്റിക്കല്‍ ഏജന്‍സി എന്ന നിലയില്‍ കേരളത്തില്‍ ആകെ പടര്‍ന്നുപിടിക്കുമ്പോഴും ജാതി അതിന്‍റെ ഉപോത്പന്നമെന്ന നിലയില്‍ സംഹാരതാണ്ഡവം ആടുമ്പോഴും എന്തുകൊണ്ട് മഹാദേവന്മാര്‍ മൗനികളാകുന്നു. ബിമല്‍മിത്ര എന്ന പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ അദ്ദേഹത്തിന്‍റെ വിലയ്ക്കുവാങ്ങാമെന്ന പ്രസിദ്ധ കൃതിയില്‍ പറയുന്നുണ്ട് ‘പണം വലുതാണ് വളരെ വലുതാണ് ഏറ്റവും വലുത് പണമല്ല’ എന്ന്. നിലവില്‍ കേരളത്തിന്‍റെ ജാതിരാഷ്‌ട്രീയ  ഭൂമികയിലെ ഏറ്റവും തീവ്ര പ്രശ്നങ്ങളിലൊന്നായ വടമ്പാടി ജാതിമതിലും, ഇപ്പോള്‍ കടന്നുവന്നിരിക്കുന്ന അശാന്തന്‍ മാഷിന്‍റെ മൃതദേഹത്തോടു കാണിച്ച അനാദരവും ഇവിടുത്തെതന്നെ തദ്ദേശവാസികളായ ദളിത് ജനതയുടെ ആത്‌മാഭിമാനത്തിനാണ് മുറിവേല്‍പ്പിച്ചിരിക്കുന്നത്.

സ്വന്തം ദൈവങ്ങളെ കൈക്കലാക്കിയപ്പോഴും അവയെ കാണുവാനായി ബ്രാഹ്മണിക്കല്‍ നിര്‍മ്മിതി പരിസരങ്ങളില്‍ തന്‍റെ വരുമാനത്തിന്‍റെ ഒരു വീതവുമായി അവമതിക്കപ്പെട്ടവരെപ്പോലെ കടന്നുചെന്നപ്പോഴും പ്രതികരിക്കാതിരുന്ന ജനത ചിലപ്പോള്‍ ‘മതം വലുതാണ് വളരെ വലുതാണ് ഏറ്റവും വലുത് മതമല്ല’ എന്ന് ചിന്തിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ട് എന്ന് ചിന്തിക്കേണ്ടതുണ്ട്. പേരാമ്പ്രയിലും ഗോവിന്ദപുരത്തും തങ്ങളുടെ അവസ്ഥയോട് സമരസപ്പെട്ട ജനതയല്ല വടയമ്പാടിയില്‍ പ്രതികരിച്ചത്. അളമുട്ടിയാല്‍ ചേരയും കടിക്കും എന്നോര്‍ക്കുന്നത് നല്ലതാണ്.

4 Comments
 1. Pramod 2 years ago

  വളരെ നല്ല കുറിപ്പ്. ഗൗരവമേറിയ ഒരു വിഷയം നന്നായി അവതരിപ്പിച്ചു. അളമുട്ടിയാല്‍ ചേരയും കടിക്കും. തീർച്ച….

 2. Sunil 2 years ago

  നല്ല കുറിപ്പ്. സമത്വം പ്രസംഗത്തിൽ മാത്രം ഒതുക്കാതെ നടപ്പാക്കാൻ രാഷ്ട്രീയ/സാമൂഹ്യ നേതൃത്വങ്ങൾ തെയ്യാറാകുമോ?

 3. Sreeraj 2 years ago

  അളമുട്ടിയിരിക്കുന്നു…

 4. Vijay 2 years ago

  സാമൂഹ്യനീതിയും സമത്വവുമൊക്കെ പ്രസംഗത്തിൽ തന്നെയേ ഉള്ളൂ, മാഡം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account