എന്റെ വീടിന്റെ വേരുകളത്രയും
പുഞ്ചനെല്ലിന്റെ മേനിപ്പതങ്ങളെ,
കുന്നുപോലെ പെരുക്കിയ മണ്ണിന്റെ
നെഞ്ചിലാണെന്നു ചിന്തിച്ചിരിപ്പു ഞാൻ..

പച്ചിളം മണ്ണു കുത്തിക്കുഴിയ്ക്കുമ്പോൾ
കൊച്ചു പല്ലുമായ് വിത്തുകൾ, വായ്മുള,
പൊട്ടിവീണതാണിന്നുമീ വീടിന്റെ
മച്ചകങ്ങൾ ചിലയ്ക്കുന്നു പല്ലികൾ …

എത്ര വേഗം! സിമൻറുമുരുക്കുമായ്
കൊത്തു വേലകൾ ചെയ്യും കരങ്ങളും,
ചുട്ടകട്ടകൾ കെട്ടിയുയർത്തവേ
ഒട്ടു തേങ്ങിയോ ഞാറ്റു താരാട്ടുകൾ…

പുഞ്ചനെല്ലും വിളയുമിപ്പാടത്തി-
ലന്തിയോളവും വേലയും വീറുമായ്
കന്നുപൂട്ടിയുഴുതുമറിച്ചിട്ട മണ്ണി-
ലത്രേ വളർന്നു നാം നിന്നതും..

പണ്ടു നമ്മളീ മണ്ണിൽ കരളിലെ
കണ്ണുനീരും കിനാവും വിതച്ചിട്ടു ,
മുങ്ങിവീണതും കാലം ചുവപ്പിന്റെ
ശബ്ദമേന്തും കൊടിയുമായ് നിന്നതും..

കഞ്ഞിവേവുന്ന നേരവും കാത്തു നാം
അന്നു പാതിരാവോളവും നിന്നതും
ഇന്നുമോർമ്മയിൽ തേങ്ങുന്നചിത്രമാ-
ണിന്നുമീ വീട്ടിലാർത്തലയ്ക്കുന്നുവോ ….

മണ്ണിലേക്കു നഖമാഴ്തി മാന്തുന്ന,
പൊന്നു തേടുന്ന, യന്ത്രമാകുന്നു നാം !
രമ്യഹർമ്മ്യങ്ങളേറുമാടങ്ങൾ പോൽ
മണ്ണിലൂന്നി വളരുന്ന കാലമേ,

വണ്ടി മൂരികൾ! നമ്മളീ ഭ്രാന്തിന്റെ
തണ്ടു താങ്ങും ചുമലിൻ തഴമ്പുമായ്
മണ്ണുമാന്തിപ്പണിയുന്ന വീടുകൾ
പുണ്ണുപോലെ തുരക്കുന്നു ഭൂമിയെ….

എത്ര കാറ്റുകൾ പാടിയപാടമാ-
ണെത്രകാറുകൾ കോരിയൊഴിച്ചു പോയ്,
എത്രകാലം നിറഞ്ഞവയറുമായ്
പുഷ്പവാടികൾ തൊട്ടുനടന്നു പോയ്!

എത്ര കാലുകൾ നീട്ടിയളന്നതാ-
ണെത്ര നൂറ്റാണ്ടു വേർപ്പു സൂക്ഷിച്ചതാ-
ണെത്രമാത്ര മടിമകളായി നാമിത്ര
കാലമീ പാടം മുഴുവനും ….

എന്റെ വീടിന്റെ ഭിത്തിയിൽ ഭഗ്നയാം
പച്ചനെല്ലിന്റെ രക്തം പരക്കവേ,
ചിത്രമാക്കുന്നു, വർണ്ണങ്ങളായ്തീർത്തു
സ്വപ്നഗോപുരം സ്വഛം ചിരിക്കുന്നു…..

4 Comments
 1. NBSuresh 5 years ago

  കാവ്യാത്മകം

 2. Babu Raj 5 years ago

  ഹൃത്തിലെവിടെയോ ഒരു നുള്ളു വേദന തന്നു ഈ വരികൾ… മനോഹരമായ വരികൾ. നന്ദി..

 3. Haridasan 5 years ago

  Nice lines..

 4. Meera Achuthan 5 years ago

  നല്ല കവിത.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account