അതിസുന്ദരം ഒരു മരണം
സിവിക് ജോൺ
നിസ്സഹായരായി സ്നേഹങ്ങൾക്കു വേണ്ടി കരയുന്ന, ഉടൽ വളർന്ന കുഞ്ഞുങ്ങളുടെ കഥകളാണ് സിവിക് ജോണിന്റെ “അതിസുന്ദരം ഒരു മരണം” എന്ന കഥാസമാഹാരം. ‘അരുന്ധതിയുടെ നഗരത്തിൽ ഒരു പകൽ’ എന്ന കഥയിൽ “സ്വാതന്ത്ര്യമാണവൾ, കലഹവും” എന്ന് ഒരു കഥാപാത്രത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ഇതിലെ കഥകളെല്ലാം സ്വാതന്ത്ര്യവും കലഹവുമാണ്. ഇവിടെയാരും ഒറ്റയായി നിൽക്കുന്നില്ല. മറിച്ച്, സ്നേഹത്തിന്റെ, മനുഷ്യബന്ധങ്ങളുടെ അവശേഷിപ്പുകളായിത്തീരുന്നു. എന്തെല്ലാമോ അവശേഷിപ്പിക്കുന്നു. പാതിയിൽ പറഞ്ഞു നിർത്തിയ പോലെ, അർദ്ധവിരാമങ്ങൾക്ക് മാത്രം ഇടം നൽകുന്നവ(ർ).
“ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിക്കാൻ പാകത്തിൽ എന്തെങ്കിലും പരാമർശങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ ഊഴവും കാത്ത് പ്രസാധകന്റെ മേശപ്പുറത്ത് ആ കയ്യെഴുത്തുപ്രതി പൊടിപിടിച്ചു കിടന്നു” – ജീവിതമെഴുത്തിന്റെ രേഖാശാസ്ത്രം
“മോഷണത്തിന് ഇറങ്ങുമ്പോൾ പുറകിൽ നിന്ന് വിളിക്കുക, കുറ്റിച്ചൂല് കാണുക, ചട്ടുകാലനെ കാണുക അങ്ങനെ പല പല കാരണങ്ങൾ കൊണ്ടാണ് തനിക്ക് ഇതുവരെ ഭേദപ്പെട്ട ഒരു തസ്കര ജീവിതം ഉണ്ടാവാത്തത് എന്ന് അയാൾ വിശ്വസിച്ചിരുന്നു” – അതിസുന്ദരം ഒരു മരണം
“മുറ്റത്ത് സുഗന്ധം പരത്തി ഒരുപാട് ചെടികൾ പൂവിട്ടു നിന്നിരുന്നു അന്ന്. രാവിലെ തിരക്കിട്ടുപോകുന്ന കുഞ്ഞിനായി കാത്തിരുന്ന് കണ്ണ് വേദനിച്ച്, വൈകീട്ടാകുമ്പോഴേക്കും തലകുമ്പിട്ട് പിണങ്ങിപ്പിരിയുന്ന പാവം പൂക്കൾ. ആ പൂവുകൾക്ക് കൂട്ടായി, വാതിലിനരികെയിരുന്നാണ് എന്റെ പരാജയങ്ങളുടെയും പരാതികളുടെയും മാറാപ്പ് തുറക്കുക പതിവ്” – അവശേഷിപ്പുകൾ
സിവിക് ജോൺ
യുവ കഥാകൃത്ത്. എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശി. ആദ്യ കഥാസമാഹാരം “അതിസുന്ദരം ഒരു മരണം”.
എഴുത്തനുഭവം
കഥയ്ക്ക് പിന്നിൽ…
പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്നാണ് എനിക്ക് യോജിക്കുന്ന മേല്‍വിലാസം. അതില്‍ നിന്നും ഉറവിടുന്ന ഒന്ന് മാത്രമാണ് എനിക്ക് കഥകള്‍. ചില എഴുത്തുകള്‍ വായിക്കുമ്പോള്‍ ഇത് പോലെ എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായും തോന്നുന്ന കൊതിയുടെ പുറത്ത് സംഭവിച്ചവ. അത് തന്നെയും മൂന്നാമതൊരാള്‍ക്ക് ഇഴതിരിചെടുക്കാന് കഴിയാത്ത വിധം രണ്ടുജീവിതങ്ങളില് കെട്ടുപിണഞ്ഞവയും. അത്തരമൊരു സാഹചര്യത്തില്‍ ഓരോ കഥകളിലും ഉള്പ്പെട്ടവരെക്കുറിച്ചല്ലാതെ മറ്റൊന്നും എഴുതാന്‍ സാധിക്കരുതാത്തതാണ്. പക്ഷെ ഒരേയൊരു കഥ. എഴുതേണ്ടിയിരുന്നില്ല എന്ന് ആത്മാര്‍ഥമായും ആഗ്രഹിച്ച, എഴുതിപ്പോയതില്‍ സ്വയം പഴിച്ച ഒരു കഥ. അതിനെക്കുറിച്ച് ഇവിടെ എഴുതാം എന്ന് തോന്നുന്നു.
2018 ആണ് കാലം. അത് വരെയും എഴുതിയതില്‍ ഏറ്റവും വലിയ കഥയായിരുന്നു ചില നേരങ്ങളില്‍ ചിലര്‍. അഞ്ച് ഭാഗങ്ങളായി ഏറെ ആസ്വദിച്ചെഴുതിയ കഥ. വളരെ സന്തോഷം തരുന്ന ഒരു കഥാപരിസരമായിരുന്നു അതിന്റെത്. കുറേയധികം സമയം ആ കഥക്കുള്ളില്‍ ചിലവഴിച്ചത് കൊണ്ട് തന്നെ അതില്‍ നിന്നൊരു മാറ്റം വേണം എന്ന ചിന്തയിലാണ് കുറച്ചുകൂടി സങ്കടം തോന്നിക്കുന്ന ഒരു കഥ എഴുതാം എന്ന് തീരുമാനിക്കുന്നത്. അങ്ങനെയാണ് ഫോട്ടോഗ്രാഫര്‍ പിറവികൊള്ളുന്നത്. ഒരു ദ്വീപില്‍ പെട്ടുപോകുന്ന ചിലരാണ് ആ കഥയില്‍. കഥയുടെ ഭാഗമായി ഒരു പ്രളയത്തെക്കുറിച്ച് എഴുതുമ്പോള്‍ കൃത്യം രണ്ടാഴ്ചയില്‍ കേരളമാകെ മുങ്ങിപ്പോകുന്ന ഒരു പ്രളയം വരാനിരിക്കുന്നു എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.
മാറ്റമെന്തെങ്കിലും വേണമെങ്കില്‍ പിന്നീട് നോക്കാം എന്ന് പറഞ്ഞു കഥ എടുത്തുവെക്കുമ്പോള്‍ മഴ തുടങ്ങിയിട്ടില്ല. പക്ഷെ സാഹചര്യങ്ങള്‍ മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. വെറുതെ തുടങ്ങിയ മഴ നില്‍ക്കാതായപ്പോള്‍ ആദ്യമായി മഴയെ ഭയന്നു. മഴയില്‍ ബാധിക്കപ്പെടാത്ത അന്യനാട്ടില്‍ ഇരുന്ന് ആ കാഴ്ചകള്‍ നോക്കിക്കാണുക അത്ര സുഖകരമായിരുന്നില്ല. ആദ്യദിവസങ്ങളില്‍ അടുത്ത സുഹൃത്തുക്കള്‍ വഴി ഒന്ന് രണ്ട് കേസുകളില്‍ സഹായമാവാന്‍ കഴിഞ്ഞെങ്കിലും മഴ കനത്തതോടെ അവരില്‍ പലരും ക്യാമ്പുകളിലേക്ക് മാറുന്ന സാഹചര്യം ഉണ്ടായി. മുന്നില്‍ ഒരു ദുരിതം അക്ഷരാര്‍ത്ഥത്തില്‍ വന്നുഭവിക്കുമ്പോള്‍ തോന്നുന്ന നിസഹായത ഭീകരമാണ്. എന്തെങ്കിലും ചെയ്തേ തീരൂ എന്ന് കരുതി പരക്കം പാഞ്ഞ സമയത്താണ് ലൈഫ് ബോട്ട് റെസ്ക്യൂ മിഷന്റെ ഭാഗമാവാന്‍ അവസരം ലഭിക്കുന്നത്. ഒരു പോള കണ്ണടക്കാതെ കടന്നുപോയ രണ്ട് ദിവസങ്ങള്‍. അതിന്റെ ഭാഗമായി ഇരുന്ന സമയത്ത് ഹാന്‍ഡില്‍ ചെയ്യേണ്ടിവന്ന എണ്ണമില്ലാത്ത കോളുകള്‍. രണ്ടാം ദിവസം അവസാനിക്കുമ്പോഴേക്കും തീരെ സ്റ്റേബിള്‍ അല്ലാത്ത അവസ്ഥയിലേക്ക് മാറിയിരുന്നു മനസ്സ്.
പക്ഷെ യഥാര്‍ത്ഥ പ്രശ്നം വരാനിരുന്നതേയുള്ളൂ. ഒന്ന് ഇരുന്ന് ചിന്തിക്കാനുള്ള സമയം ലഭിച്ചപ്പോഴാണ് എഴുതിവെച്ച കഥയിലെ പരിസരവും കടന്നുപോയ അനുഭവങ്ങളും തമ്മിലുള്ള സാദൃശ്യം ശ്രദ്ധയില്‍ പെടുന്നത്. ഇങ്ങനെയെല്ലാം സംഭവിക്കാന്‍ കാരണം വെറുതെയെങ്കിലും കഥയില്‍ അങ്ങനെ എഴുതിയതാണെന്ന തോന്നല്‍ ശക്തമാവാന്‍ അധികസമയം ഒന്നും വേണ്ടിവന്നില്ല. ഒരു വരി എഴുതാന്‍ കഴിയാതെ, ഒരു പുസ്തകം പോലും വായിക്കാന്‍ കഴിയാതെ വിഷാദമാര്‍ന്ന കാലം. ഭീകരമായിരുന്നു അത്. നീണ്ട ആഴ്ചകള്‍ക്ക് ശേഷം അതില്‍ നിന്നും പുറത്ത് വരാന്‍ നിങ്ങള്‍ എഴുതിയില്ലെങ്കിലും അതെല്ലാം അങ്ങനെ തന്നെ സംഭവിച്ചേനെ എന്ന് മര്‍ഫീസ് ലോ ഒക്കെ ഉപയോഗിച്ച് സുലു വിശദീകരിച്ചു തന്ന ഒരു വൈകുന്നേരം സംഭവിക്കേണ്ടിവന്നു.
തിരികെയെത്തിയ ശേഷം കഥ വീണ്ടുമെടുത്ത് നോക്കിയെങ്കിലും എഴുതിയതില്‍ എന്തെങ്കിലും ഒഴിവാക്കാനോ കൂട്ടിച്ചേര്‍ക്കാനോ തോന്നിയില്ല. അറ്റന്‍ഡ് ചെയ്ത ഫോണ്‍ കോളുകളില്‍ നിന്നും കേട്ടറിഞ്ഞ ജീവിതങ്ങളില്‍ ഒരു നൂറ് കഥകള്‍ ഉണ്ടായിരുന്നെങ്കിലും അവയില്‍ നിന്നൊന്നും കഥയിലേക്ക് ചേര്‍ക്കാന്‍ മനസ്സനുവദിച്ചില്ല. കടന്നുപോയ മാനസികസംഘര്‍ഷങ്ങളുടെ അടയാളപ്പെടലായി ആ കഥ അങ്ങനെ തന്നെ തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങനെയൊരു സംഘര്‍ഷം അസ്ഥാനത്തായിരുന്നു എന്ന് മനസിലാവുന്നുണ്ട്. എങ്കിലും ആ അനുഭവം ഒന്ന് മാത്രമാണ് മറ്റ് കഥകളെക്കാള്‍ എല്ലാം ഇതിനെ കൂടുതല്‍ വ്യക്തിപരമായ അനുഭവമാക്കി മാറ്റുന്നത്. ആ പ്രളയകാലത്തെ കൂട്ടായ്മ ഇപ്പോഴും സജീവമായി തുടരുന്നു എന്നതും വളരെ അടുത്ത സുഹൃത്തുക്കളെ സമ്മാനിക്കുന്നതിന് ആ പ്രളയം കാരണമായി എന്നതും അതിലെ നന്മയായി കണക്കാക്കുന്നു.
Publisher: Pappathi Pusthakangal
Rs.120