വേനലവധിക്കാലം തുടങ്ങിയല്ലോ? വെക്കേഷൻ മുതൽ ഞാൻ ടിവിക്ക് മുന്നിലായിരുന്നു. പക്ഷേ എന്തു കാര്യം, എല്ലാം കണ്ട സിനിമകൾ. അങ്ങനെ ആകെ ബോറടിച്ചിരിക്കുമ്പോഴാണ് അതിരൻ റിലീസായ വിവരം പത്രത്തിൽ കാണുന്നത്. പി.എഫ്. മാത്യൂസിന്റെ തിരക്കഥയിൽ നവാഗത സംവിധായകനായ വിവേകാണ് ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. പി.എഫ്. മാത്യൂസ് എഴുതിയ ഇ.മ.യൗ എന്ന സിനിമ ഇപ്പോഴും എന്റെ മനസിലുണ്ട്. അപ്പോൾ ഇതും മോശമാവില്ല.  കണ്ടിട്ടു തന്നെ കാര്യം. അങ്ങനെ പുറപ്പെട്ടു.

വേറൊരു കാര്യം, അതിരൻ എന്ന വാക്ക് മുമ്പ് കേട്ടിട്ടില്ല. അത് വളരെ കൗതുകകരമായി തോന്നുകയും ചെയ്‌തു. ആ വാക്കിനർത്ഥം ശബ്‌ദതാരാവലിയിൽ ഞങ്ങൾ നോക്കിയെങ്കിലും കണ്ടില്ല. എല്ലാറ്റിനെയും മറികടക്കുന്നവൻ, അതിരുകൾ ലംഘിക്കുന്നവൻ, അതിരിൽ നിൽക്കുന്നവൻ എന്നൊക്കെയാവുമോ അർത്ഥം? സൂര്യൻ എന്നാണെന്നും കേട്ടു. സിനിമ കഴിഞ്ഞപ്പോൾ അതിരുകളെ, അതിർത്തികളെ കണക്കിലെടുക്കാതെ അതിനെയെല്ലാം അവഗണിക്കുന്നവൻ എന്ന അർത്ഥമാണ് ഞാൻ സ്വീകരിച്ചത്.

ഒരു കാട്ടിനുള്ളിലെ ഭ്രാന്താശുപത്രിയുടെ പ്രവർത്തനങ്ങൾ നീരിക്ഷിക്കാനെത്തുകയാണ് ഡോക്‌ടർ എം.കെ. നായർ. ആശുപത്രിയിലെ ഏക ഡോക്‌ടറായ ബെഞ്ചമിനും, അയാളുടെ ഹിപ്പ്നോട്ടിസവും, ആശുപത്രിയിലെ ഹെൽപ്പറായ രേണുകയും അയാളിൽ പല സംശയങ്ങളും ജനിപ്പിക്കുന്നു. അവിടെയുള്ള രോഗികളിലൂടെയാണ് പ്രത്യേക തടവറയിൽ ക്രൂരതകൾക്കിരയായി കിടക്കുന്ന നിത്യ എന്ന ഓട്ടിസം ബാധിച്ച പെൺകുട്ടിയെക്കുറിച്ച് എം.കെ.നായർ അറിയുന്നത്.

സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ‘അതിരൻ’ ആദ്യം ഒരു ഭയാനകമായ പശ്ചാത്തലത്തിലാണ് ആരംഭിക്കുന്നത്. എന്നാൽ മെല്ലെ ചിത്രം മെലഡിയായ് മാറുകയാണ്. സായ് പല്ലവി അവതരിപ്പിക്കുന്ന നിത്യ, ഡോക്‌ടർ എം.കെ. നായരിലും മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. അത് അവിടെയാകെ  ഒരു മെറ്റബോളിക്ക് ചേഞ്ച് പരത്തുന്നു. പിന്നീട് രസകരമായ് കഥ പറഞ്ഞു പോകുന്നതിൽ സിനിമ വിജയിക്കുന്നു. കഥയുടെ ക്ലൈമാക്‌സും ഉശിരൻ.

മുമ്പെവിടെയെല്ലാമോ കണ്ടതും, കേട്ടതുമായ ഒരു കഥയാണ് അതിരന്റേത്. എങ്കിലും പകരം വെക്കാനില്ലാത്ത ഫഹദ് ഫാസിലിന്റെ അഭിനയവും, ഒട്ടും കൃത്രിമത്വം കലരാത്ത സായിപല്ലവിയുടെ അഭിനയവും മനസ്സിൽ തൊടുന്നതാണ്. യഥാർത്ഥത്തിൽ ഒരു മാനസിക രോഗിയാണ് ഡോക്‌ടർ എം.കെ. നായർ ആയി വേഷം മാറി വന്ന വിനയൻ. തന്റെ ഭ്രാന്തിനെയും വിഭ്രമങ്ങളെയും മറച്ചുവെച്ച്  ഒരു സൈക്യാട്രിസ്റ്റായ് ശരിക്കു മാറുന്നു വിനയൻ. അയാൾക്ക് തന്റെ മുറപ്പെണ്ണായ നിത്യയെ ആ ചെകുത്താൻ കോട്ടയിൽ നിന്ന് രക്ഷിച്ചേ മതിയാവു.

യഥാർത്ഥ എം.കെ. നായർ എത്തുന്നതു വരെ നമുക്ക് സംശയമേ ഉണ്ടാവുന്നില്ല, അയാളൊരു ഡോക്‌ടറല്ല എന്ന്. ഫഹദിന്റെ അഭിനയ പാടവത്തിന്റെ ഒന്നാന്തരം ഉദാഹരണമാണ് ‘അതിരൻ’. വളരെ റിയലിസ്റ്റിക്കായി, കാൽവിരലുകളിൽ പോലും ചലനങ്ങൾ സൃഷ്‌ടിച്ച് ഒരു ഓട്ടിസ്റ്റിക്കിന്റെ സകല ഭാവങ്ങളെയും ആവാഹിച്ചുള്ള അഭിനയമാണ് സായി പല്ലവിയും സിനിമയിൽ അവതരിപ്പിക്കുന്നത്. ഡോ. ബെഞ്ചമിനും, ഹെൽപ്പർ രേണുകയായ് എത്തുന്ന ലെനയും മികച്ച അഭിനയമാണ് കാഴ്ച്ചവെക്കുന്നത്.

ഈ.മ.യൗ. എഴുതിയ പി.എഫ്. മാത്യൂസിന്റേതാണ് ‘അതിരൻ’. പക്ഷേ .ഈ.മ.യൗ പോലെ ഈ സിനിമ നമ്മളെ അതിനോടു ചേർത്തുനിർത്തുന്നില്ല എന്നു പറയാതെ വയ്യ. ഏതൊക്കെയോ പഴങ്കഥകളുടെ  തനിയാവർത്തനം. അത് പലപ്പോഴും കാഴ്ച്ചക്കാരെ മടുപ്പിക്കുന്നുണ്ട്. പക്ഷേ  ചിത്രത്തിലെ ത്രില്ലിങ്ങ് രംഗങ്ങൾ സിനിമയെ ശ്രദ്ധേയമാക്കുന്നുമുണ്ട്. പലപ്പോഴും ഭയന്നു വിറച്ചു. സിനിമയിലുടനീളം ആയൊരു ഹൊറർ അന്തരീഷം നിലനിർത്താൻ കഴിഞ്ഞത് നല്ലതു തന്നെ.

1972ലാണ് അതിരന്റെ കഥ നടക്കുന്നത്. ആ കാലഘട്ടത്തിലെ പരിസ്ഥിതിയെ മുഴുവനായ് ഒപ്പിയെടുക്കുന്നു അതിരൻ. വിജനമായ കാടും, അവിടുത്തെ പഴയ ബംഗ്ലാവിലെ ഭ്രാന്താശുപത്രിയുമെല്ലാം വല്ലാതെ ഭയം സമ്മാനിക്കും. ബെഞ്ചമിനിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകളും, രേണുകയായ് എത്തുന്ന ലെന ഒളിപ്പിക്കാൻ ശ്രമിക്കുന്ന സത്യങ്ങളും, നടക്കാൻ പോകുന്ന കാര്യങ്ങളെ മുൻകൂട്ടി ഗ്രഹിച്ച് വെക്കാൻ സാധിക്കുന്ന നിശബ്‌ദനായ ആർട്ടിസ്റ്റുമെല്ലാം സിനിമ കണ്ടിറങ്ങുമ്പോൾ നമ്മുടൊപ്പം തന്നെ ഉണ്ടാകുന്നു.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account