ഈ അടുത്ത കാലത്ത് അവധിക്ക് നാട്ടിൽ പോയനാളുകളിൽ ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുന്നു.

പത്ത് നാൾ അവധിക്ക് നാട്ടിലേക്ക് പോയാൽ കുറഞ്ഞത് മൂന്ന്  ദിവസമെങ്കിലും ഭാര്യാവീട്ടിൽ തങ്ങണമെന്ന് ഒരു അലിഖിത നിയമം.

തത്‍പ്രകാരം ഒരുനാൾ കൊട്ടാരക്കരയിൽ തമ്പടിച്ചു. രാവിലെ പത്രത്തിൽ  വന്ന  ‘എ ടി എം നിറച്ചു തുടങ്ങി’ എന്ന തലക്കെട്ടോടെ ഉള്ള വാർത്ത കണ്ണിലുടക്കി. അടുത്തിടെ വരാൻപോകുന്ന തുടർച്ചയായ ബാങ്ക് അവധികൾക്കുള്ള മുന്നോടിയായിട്ടായിരിന്നു ഈ ക്രമീകരണം. നമ്മുടെ ബാങ്കുകൾ ഉപഭോക്‌തൃ സേവനത്തിൽ എന്തുമാത്രം താത്‌പരരാണെന്നോർത്തു മനസ്സിൽ ഒരു സന്തോഷം തോന്നി.

അടുക്കളയിൽ നിന്നും അമ്മയുടെ വിളി പത്രവായനയിൽ നിന്നും എന്നെ ഉണർത്തി.

‘മോനെ ചന്തയിൽ പോയി ഇത്തിരി മീൻ വാങ്ങി വന്നാൽ കൊള്ളാം, ചീനി (കപ്പ) വേവിക്കുന്നുണ്ട്’. കപ്പയും വറുത്തരച്ച മീൻ കറിയും ചീനിയും.. നാവിൽ വെള്ളം ഊറിയപ്പോൾ, പത്രം മടക്കിവച്ച്  കാറും എടുത്തു കൊട്ടാരക്കര പുലമൺ മുക്കിലേക്ക്. കയ്യിൽ 300 രൂപ. ഒരുകിലോ കണമ്പിന് 350. അതിലെ ഒരു ചെറിയ മീൻ എടുത്ത് മാറ്റി 300 രൂപാ ആകാമെന്ന് കരുതിയപ്പോൾ കടക്കാരൻ സമ്മതിച്ചില്ല. കയ്യിലുള്ള 300 രൂപ സന്തോഷത്തോടെ വാങ്ങി മീൻ തന്നു. ദയാലുവായ കടക്കാരന് ആവശ്യത്തിലധികം നന്ദി രേഖപ്പെടുത്തി സ്ഥലം വിട്ടു. ഇപ്പോൾ കീശ കാലി…

പുലമൺ ജംഗ്ഷനിൽ നിന്നും കാർ ഇടത്തോട്ട് (വീട്ടിലേക്കു പോകാനുള്ള വഴി ആണ്). അവിടെ നിരനിരയായി ആറു എ ടി എം കൗണ്ടറുകൾ. കാർ അവയുടെ ഒത്ത നടുക്കായി പാർക്ക് ചെയ്‌ത ശേഷം പുറത്തേയ്ക്ക് ഇറങ്ങി നിവർന്നു നിന്നു (എൻറെ നാട്ടിൽ ആറു എ ടി എം അടുത്തടുത്ത് ഉണ്ടെന്ന അഹങ്കാരത്തോടെ). നോക്കിയപ്പോൾ നമ്മുടെ സ്വന്തം ബാങ്കെന്ന വിശ്വാസത്തോടെ സ്റ്റേറ്റ് ബാങ്ക് എ ടി എം ഒത്ത നടുക്കായി തലയെടുത്തു നിൽക്കുന്നു. ഒട്ടും അമാന്തിച്ചില്ല, കതകു തുറന്നു അകത്തേക്ക്.

വെയിലേറ്റ് വാടിയ സൂര്യകാന്തിക്ക് പ്രകൃതി നൽകിയ ചെറുമഴയുടെ ആശ്വാസം പോലെ, അകത്തെ ചെറുതണുപ്പിൽ തെല്ലൊരു ആശ്വാസത്തോടെ എ ടി എം മെഷീനിലേക്ക് നോക്കി…. ഒരു ശൂന്യത.. ഒരനക്കവും ഇല്ല… കറുത്ത സ്‌ക്രീൻ.. കാർഡ് ഇടുന്ന ഭാഗത്ത് ലൈറ്റ് കത്തുന്നില്ല…..കീ ബോർഡ് തട്ടി നോക്കി (ഒരു ശരാശരി മലയാളി സ്വാഭാവം..). ചെറുചൂടിലും ഉപഭോക്‌താക്കൾ കഷ്‌ടപ്പെടെരുത് എന്ന് കരുതി ചലിക്കാത്ത എടിഎം കൗണ്ടറിൽ ശീതീകരണ യന്ത്രം പ്രവർത്തിപ്പിക്കുന്ന സ്റ്റേറ്റ് ബാങ്കിന്റെ വലിയ മനസിന് മനസ്സിൽ എന്റെ ഭാഷയിൽ നന്ദി പറഞ്ഞു പുറത്തിറങ്ങി….

തൊട്ടടുത്ത് കാനറാ ബാങ്കിന്റെ എടിഎം ആണ്. അകത്തുകയറി. മാന്യമായ ഭാഷയിൽ സ്‌ക്രീനിൽ കാണാം.. എടിഎമ്മിൽ ക്യാഷ് ഇല്ല.. ‘Sorry for the inconvenience’.

അടുത്തത് സിൻഡിക്കേറ്റ് ബാങ്കിന്റെ എടിഎം. പുറത്തു നിന്നും സ്‌ക്രീനിലേക്ക് നോക്കി. കാർഡ് ഇടുന്ന ഭാഗമെല്ലാം കൃത്യമായി നിരീക്ഷിച്ചു. കടന്നു വരൂ, കടന്നു വരൂ എന്നർത്ഥതിൽ പച്ച വെളിച്ചം എന്നെ മാടി മാടി വിളിക്കുന്നു. അകത്തു കയറി കാർഡ് ഇട്ടു. പിൻ എന്റർ ചെയ്‌തു. എമൗണ്ട് ടൈപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ 2500 എന്ന് ടൈപ്പ് ചെയ്‌തു. അൽപ്പനേരത്തിനു ശേഷം വീണ്ടും എമൗണ്ട് ടൈപ്പ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട്  അതേ സ്‌ക്രീൻ. ഞാൻ കരുതി 500 രൂപാ നോട്ട് അദ്ദേഹത്തിൻ്റെ കയ്യിൽ ഇല്ലായിരിക്കും. അതിനാൽ 3000 ടൈപ്പ് ചെയ്‌തു. വീണ്ടും അതേ സ്‌ക്രീൻ… എമൗണ്ട് ടൈപ്പ് ചെയ്യാൻ….

തല്ലേണ്ടമ്മാവാ നന്നാവൂല്ലാ എന്ന ഭാവത്തോടെ ആ സ്‌ക്രീൻ എന്നെ നോക്കി പുഞ്ചിരിക്കുന്നത് നിഷ്‌ക്രിയനായി നിന്ന എൻ്റെ കണ്ണുകൾ കണ്ടു. ഓണക്കളികളിൽ ഇതും ന്യൂജൻ കളി എന്ന് മനസ്സിൽ നിനച്ചു. ഈക്കളിക്ക് ഞാനില്ലപ്പാ എന്ന് പിറുപിറുത്തു പുറത്തിറങ്ങി.

ആ നിരയിലെ മൂന്ന് എണ്ണം പൂർത്തിയായി. വാവാ സുരേഷിനെ കണ്ട മൂർഖൻ പാമ്പിനെ പോലെ ഞാനും അഹങ്കാരത്തിൻ്റെ പത്തി മടക്കി അടുത്ത കൗണ്ടറിലേക്ക്…

കാർഡ് ഇട്ടു, പിൻ ടൈപ്പ് ചെയ്‌തു, അക്കൗണ്ട് ടൈപ്പ് സെലെക്റ്റ് ചെയ്‌തു. ഉടൻ തന്നെ മറുപടി കിട്ടി.. ‘transaction cancelled’.. വിചിത്രം! എന്നാലും ഒന്നുകൂടി ശ്രമിച്ചു നോക്കി. ഫലം അത് തന്നെ. പെട്ടെന്ന് പത്താം ക്ലാസിൽ ആദ്യമായി കംപ്യൂട്ടറിനെ കുറിച്ച് പറഞ്ഞു തന്ന അദ്ധ്യാപകൻറെ വാക്കുകൾ ഓർത്തുപോയി… ‘മനുഷ്യൻറെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു യന്ത്രമാണ് കമ്പ്യൂട്ടർ…’ വളരെ ശരിയാണ്!!

പുറത്തിറങ്ങി അടുത്തുള്ള ആക്‌സിസ് ബാങ്കിൻറെ കൗണ്ടറിൽ എത്തിനോക്കിയപ്പോൾ മാന്യമായ ഭാഷയിൽ എഴുതിയിട്ടുണ്ട്, ‘Out  of  order’. നന്നായി, വളരെ ബുദ്ധിമുട്ടിച്ചില്ലല്ലോ… നന്ദി പറഞ്ഞു കുറച്ചകലെ കോ-ഓപ്പറേഷൻ ബാങ്കിൻറെ എടിഎം കണ്ടു. കാർ മുന്നോട്ട് എടുത്തു. അവിടേയും ഒന്ന് കയറിയേക്കാമെന്നു കരുതി. ഉത്രാടദിന ലോട്ടറി അടിച്ചു, മോനേ…. ഞാൻ ക്യാഷ് എടുത്തു.. കാറുമായി വീട്ടിലേക്ക്…

വളരെ ശരിയാ, ‘എടിഎം നിറച്ചു തുടങ്ങി…’

വീട്ടിൽ പോർച്ചിൽ കാർ നിർത്തി. ഡോർ ലോക്ക് ചെയ്‌തു പുറത്തിറങ്ങിയപ്പോൾ മനസിലായി, ചാവിയും മീനും  അകത്തായി പോയെന്ന്. തന്ത്രപൂർവ്വം ആരും കാണാതെ ഡ്യൂപ്ലിക്കേറ്റ് ചാവി കൈക്കലാക്കി, ഡോർ തുറന്നു മീൻ എടുത്ത് അമ്മക്ക് കൊടുത്തിട്ട് എൻ്റെ വിലപേശലിലുള്ള വൈദഗ്ധ്യം കാണിക്കാനെന്നവണ്ണം പറഞ്ഞു… ‘350 രുപയുടെ മീൻ ഞാൻ 300 രൂപയ്ക്ക് വാങ്ങി… ഹ ഹ ഹ…’ ഒരു പുച്ഛഭാവത്തോടെ എന്നെ നോക്കി അമ്മ പറഞ്ഞു ‘ഇന്നലെ 280 രൂപയ്ക്ക് ഇതേ മീൻ ഞാൻ വാങ്ങിയതാ…’

തോൽക്കുവാൻ ചന്തുവിൻറെ ജന്മം ഇനിയും ബാക്കി…

– മനോജ് മുരളി

2 Comments
  1. Vijay 2 years ago

    Good one..

  2. Swathi Sasidharan 2 years ago

    ഹ ഹ ഹ ചിരിച്ചു ഞാൻ ഒരു വഴിക്കായി…. ഇതാണ് നാം(മോഡി ) സ്വപ്നം കണ്ട ഡിജിറ്റൽ ഇന്ത്യ . കൊട്ടാരക്കരയിൽ ഇങ്ങനെ ആണെങ്കിൽ അങ്ങ് ബീഹാറിലും , യൂ .പി യിലും എന്താവും അവസ്ഥ ???

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account