ജാതീയമായ അതിക്രമങ്ങളും ആവിഷ്‌ക്കാര/അഭിപ്രായ സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റങ്ങളും എക്കാലത്തുമുണ്ടായിരുന്നെങ്കിലും പഴയകാലത്തേതില്‍ നിന്നും വിഭിന്നമായ രീതിയിലാണ് സമീപകാല ഇന്ത്യ അതിനെ വിവര്‍ത്തനം ചെയ്യുന്നത്. പണ്ടൊക്കെ ഒരു പരിധിവരെയെങ്കിലും അവ മോശം പ്രവര്‍ത്തികളായിരുന്നെങ്കില്‍ ഇന്നവ ജാതിഹിന്ദുക്കളും, ജാതീയചിന്ത അടിമുടി കലര്‍ന്ന ഭരണകൂടവും അതിന്റെ വിവിധ അധികാര സ്ഥാപനങ്ങളുംകൂടി കക്ഷിരാഷ്‌ട്രീയ ഭേദമന്യേ തങ്ങളുടെ ‘രാജ്യസ്‌നേഹമായും’ ‘ഹൈന്ദവധര്‍മ്മ’മായും പരിവര്‍ത്തിപ്പിച്ച് എടുത്തിരിക്കുന്നു.

മലയാളത്തിന്റെ പ്രിയ കവിയായ കുരീപ്പുഴ ശ്രീകുമാര്‍ ആക്രമിക്കപ്പെട്ടതില്‍ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യവിശ്വാസികള്‍ അപലപിക്കുമ്പോഴും ആശങ്കപ്പെടുമ്പോഴും അതുചെയ്‌തവര്‍ തങ്ങളുടെ രാഷ്‌ട്രീയഭാവനയിലുള്ള ഹിന്ദുരാജ്യത്തെ കുറച്ച് പണിതുവെന്ന് കരുതുന്നവരാണ്.

പല രാജ്യങ്ങളിലും ഫാസിസം നിലനില്‍ക്കുന്നത് പലവിധത്തിലാണെങ്കിലും ഇന്ത്യയിലത് വേരുകളാഴ്ത്തിയിരിക്കുന്നത് ജാതിയിലാണ്. ഇന്ത്യയിലെ സമ്പന്നര്‍ ഉപരി-മധ്യമ ജാതികളില്‍പ്പെട്ടവര്‍ ആയിരുന്നത് പോലെ തന്നെ ഇന്ത്യയിലെ ഫാസിസ്റ്റുകളും മേല്‍വിഭാഗത്തില്‍പ്പെട്ടവരാണ്. ഏത് കക്ഷിരാഷ്‌ട്രീയത്തില്‍ ഉള്‍പ്പെട്ടവരായിരിക്കുമ്പോഴും സാമ്പത്തികവും സാംസ്‌കാരികവുമായ മേല്‍ക്കോയ്‌മകള്‍ അവര്‍ നേടിയെടുത്തത് ജാതീയ മേല്‍ക്കോയ്‌മ ഉപയോഗിച്ചുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയും. വിവിധങ്ങളായ അധികാരവും വിഭവങ്ങളുമുള്ള സംഘടിത വിഭാഗങ്ങളാണ് തങ്ങളുടെ അധികാരവും മേല്‍ക്കോയ്‌മയും നിലനിര്‍ത്താനായി ഫാസിസ്റ്റുകളായി മാറുന്നത്. ഇന്ത്യയിലും കേരളത്തിലും അത് ഉപരി-മധ്യമ ജാതിയില്‍പ്പെട്ടവരോ അവര്‍ക്ക് പ്രാമുഖ്യമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളോ ആണ് സാധ്യമാക്കുന്നത്.

രാഷ്‌ട്രീയപരമായി തങ്ങള്‍ പിന്തുടരുന്ന പ്രത്യയ ശാസ്‌ത്രത്തെ വ്യതിരികതകളേയും വിസമ്മതങ്ങളേയും എതിരഭിപ്രായങ്ങളേയും തച്ചുതകര്‍ക്കുന്ന രീതിയിലാണ് ഫാസിസ്റ്റുകള്‍ ഉപയോഗിച്ച് വരുന്നത്.     വടയമ്പാടിയിലെ പുറമ്പോക്കുഭൂമി തന്ത്രപരമായി പട്ടയമുണ്ടാക്കി ഒരു പ്രബലസമുദായം സ്വകാര്യവല്‍ക്കരിച്ചതിനെ തുടര്‍ന്നുണ്ടായ സമരത്തിലും പ്രക്ഷോഭത്തിലും ദളിതര്‍ മര്‍ദ്ദിക്കപ്പെടുകയും അറസ്റ്റ്‌ചെയ്യപ്പെടുകയും ചെയ്‌ത സംഭവത്തില്‍ ജനാധിപത്യപരമായി പ്രതികരിച്ചതിനാലാണ് കുരീപ്പുഴ ശ്രീകുമാര്‍ ജാതിഹിന്ദുക്കളാല്‍ ആക്രമിക്കപ്പെട്ടത്. വടയമ്പാടിയിലെ സമരത്തില്‍ എന്‍.എസ്.എസ്.-ആർ.എസ്.എസ്. പ്രതിനിധാനങ്ങളെക്കാള്‍ ദളിതരോട് മോശമായി പെരുമാറിയിരുന്നത് അവിടുത്തെ പോലീസുകാരായിരുന്നുവെന്നതാണ് വിരോധാഭാസം. ഭരണകൂടത്തിനോ പോലീസിനോ പ്രസ്‌തുത വിഷയത്തില്‍ നീതിയുടെ ഭാഗത്ത് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല നിക്ഷ്‌പക്ഷമായി ഇടപെടാന്‍ പോലുമായില്ല. അധികാരവും ഭരണവുമൊക്കെ ഏത് കക്ഷി കയ്യാളിയാലും നിയമപരമായും ഭാവുകത്വപരമായും ഭരണകൂടവും പോലീസുമൊക്കെ ഏത്രമേല്‍ ജാതിഹിന്ദുക്കള്‍ക്ക് അനുകൂലമാണെന്ന് (സ്വാഭാവികമായി) വടയമ്പാടി സംഭവം വെളിപ്പെടുത്തുന്നു. മൈത്രി വേണ്ട, സാമാന്യ മര്യാദയെങ്കിലും അടിയന്തിരമായി ശീലമാക്കാന്‍ പോലീസ് സന്നദ്ധമാകേണ്ടതുണ്ട്.

പുനരുദ്ധാരണത്തിലൂടെ രാഷ്‌ട്രീയപരമായി ശക്‌തി പ്രാപിച്ച ജാതിഹിന്ദുക്കളുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളേയും സ്ഥാപിത താല്‍പര്യങ്ങളേയും വിമര്‍ശിച്ചതിനാലാണ് കുരീപ്പുഴ ആക്രമിക്കപ്പെട്ടത്. ജനാധിപത്യത്തിനും നീതിക്കും തുല്യതക്കും സാഹോദര്യത്തിനും സമത്വത്തിനും ആവിഷ്‌ക്കാരസ്വാതന്ത്രത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും പ്രസംഗിക്കാനും എഴുതാനും സ്വാതന്ത്രമുള്ള ഒരു ലോകമാണ് ഒരു ജനാധിപത്യ ഭരണകൂടം അന്നാട്ടിലെ ജനങ്ങള്‍ക്ക് നല്‍കേണ്ടത്. അല്ലാതെ അധീശ്ശ സാമൂഹിക/സാമ്പത്തിക/സാംസ്‌കാരിക/ സംഘടിത ശക്‌തികള്‍ക്ക് മുമ്പില്‍ അത് ബലികഴിക്കുകയല്ല വേണ്ടത്. സുതാര്യമായും സ്വാഭാവികമായും എതിരഭിപ്രായങ്ങള്‍ പറയുവാനും വിസമ്മതങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്രവുമാണ് ജനാധിപത്യം ഉറപ്പുവരുത്തേണ്ടത്. അവയുടെ നിഷേധവും അമര്‍ച്ച ചെയ്യലും ഫാസിസമാണ്. ജാതിഫാസിസത്തിന് താല്‍ക്കാലിക വിജയങ്ങള്‍ ഉണ്ടായാലും അന്തിമവിജയം ജനാധിപത്യത്തിന്റെതാണെന്ന് അതിനായി നിലകൊള്ളുന്ന അവസാന പോരാളി വരെ ഉറച്ചുവിശ്വസിക്കുക തന്നെ ചെയ്യും.

2 Comments
  1. Sunil 2 years ago

    അതേസമയം, മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ പരിഹസിക്കാൻ പാടുണ്ടോ എന്ന് കൂടി പരിശോധിക്കപ്പെടേണ്ടതാണ്…

  2. Anil 2 years ago

    Yes, we must have the right of expression, but it must not be to insult others belief. If he had spoken about other religion, what would have been the situation? There are plenty of other issues which are related to common man and daily life to be discussed. These writers should focus on such issues rather than getting into these type of controversies.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account